മനുഷ്യൻ ഇല്ലാത്ത ലോകം- എന്ത് സുന്ദര, ഊച്ചാളി ലോകം.

അപ്പം ദേ ഇവിടൊരാൾ പറയാണേ- മനുഷ്യൻ എണ്ണൂറു കോടി ഉണ്ടല്ലോ, കടുവ ആകെ ആയിരങ്ങളെ ഒള്ളൂ. കടുവയെ മാത്രം സംരക്ഷിച്ചാ മതീത്രെ. എന്തുട്ടിന  ഇത്രയധികം ജനങ്ങൾ? ശല്യങ്ങൾ?

ഫോർ വാട്ട്? ക്യോമ്?

സംഭവം ശരിയാണേ. ആഗോള താപനം ഉണ്ട്. മുൻപ് അധികം ഉണ്ടായിട്ടില്ലാത്ത വിധത്തിൽ ജീവജാലങ്ങൾ ഒടുങ്ങുന്നു. ഇനിയും തലമുറകൾക്ക് ഇവിടെ ജീവിക്കണം.

സത്യം ആൻഡ് നൂറു ശതമാനം പരമാർത്ഥം.

പക്ഷേ ചിലർ അങ്ങ് കടത്തി പറയുന്നുണ്ട്. മാട്രിക്സിലെ ഒരു യന്ത്ര ബുദ്ധിജീവി പറയുന്നുണ്ട്:

‘ഹ്യൂമൻസ് ആർ എ വൈറസ് ഇൻ ദിസ് പ്ലാനറ്റ്.

വി ആർ ദി ക്വുവർ!”

അത് തന്നെ ആണ് ചില കാല്പനിക മനുഷ്യ ബുദ്ധിജീവികളും പറയുന്നത്: മനുഷ്യൻ പ്രകൃതിയിൽ ഒരു വൈറസ് ആണ്- ഭീകര രോഗാണു! മനുഷ്യൻ നശിച്ചാൽ പ്രകൃതി ശ്വാസം വിടും; പൂത്ത് പരിലസിക്കും! ഭൂമിദേവി പുഷ്പിണി ആകും. കടുവയും മാനും കങ്കാരുവും ത്രീ ടോഡ് സ്ലോത്തും, കാക്കയും എലിയും, മരയോന്തും മലയണ്ണാനും മാക്രിയും കൊതുകും ഒക്കെ ഇങ്ങനെ ആചന്ദ്രതാരം വാഴും. പ്രപഞ്ചം ധന്യമാകും!

അറിഞ്ഞൂടാ. ഓരോരുത്തരുടേം വീക്ഷണ കോണകം അനുസരിച്ച് ഇരിക്കും. എന്റ്റെ കോണകം അനുസരിച്ച് ആ ലോകം അത്ര പോരാ….

അതായത്, അധികപ്പറ്റായ ആളോളായ നീയേ, ഞാനേ, സകലമാന ഹോമോ സാപിയൻസേ,

നാളെ നിങ്ങൾ, അതായത് നമ്മൾ- ഇല്ലാതായി എന്ന് വിചാരിക്കുക. എന്താ സീൻ എന്ന് നോക്കാം.

ജീവികൾ ആടുന്നു, പാടുന്നു, രമിക്കുന്നു, കൊല്ലുന്നു, തിന്നുന്നു- ആവാസവ്യവസ്ഥ നിർബാധം ചലിക്കുന്നു. പക്ഷേ- ഇതങ്ങനെ കാലാ കാലത്തോളം തുടരുകയൊന്നും ഇല്ല.

അതായത് നാനൂറ്റന്പത് കോടി കൊല്ലങ്ങൾ ആയല്ലോ ഭൂമി ഉണ്ടായിട്ട്. മുന്നൂറ്റന്പത് കോടി കൊല്ലങ്ങൾ എങ്കിലും ആയിട്ട് ഇവിടെ ചെറു ജീവികൾ ഒക്കെ ഉണ്ട്. ഒരു ആറു പ്രാവശ്യം എങ്കിലും ഒരു മാതിരി എല്ലാ ജീവികളും ചത്തൊടുങ്ങാൻ പോന്ന മഹാ ചാവ് സംഭവങ്ങൾ (extinction events) ഇവിടെ ഉണ്ടായിട്ടുണ്ട്.

മുപ്പത്തഞ്ചു കോടി കൊല്ലങ്ങൾക്ക് മുൻപുള്ള ഹാൻഗെൻബെർഗ് സംഭവം നോക്കു. കടലിൽ ആദിമ നട്ടെല്ലുജീവികളായ മീനുകൾ പിച്ച വെച്ച്….ഛേ….പിച്ച നീന്തി തുടങ്ങിയെ ഉണ്ടായിരുന്നുള്ളു. അവയിൽ തൊണ്ണൂറ്റഞ്ചു ശതമാനം ഇനങ്ങളും ടപ്പോ എന്നങ്ങു ചത്ത്! എന്താണ് കാരണം എന്ന് പോലും ശരിക്കറിയില്ല.

പിന്നെ കുറെ ഉണ്ട്. ദിനസോറുകൾ ഒക്കെ ചത്ത കെ ടി സംഭവം (KT event)- വെറും ആറു കോടി കൊല്ലങ്ങൾ മുൻപ്? അതൊന്നു നോക്കിയാലോ?

അന്നത്തെ ആ ജിയോളജിക്കൽ ലേയറിൽ ഉൾക്കകളിൽ കാണുന്ന ഇറിഡിയം ഭൂമി മൊത്തം ഉണ്ട്. 180 കിലോമീറ്റർ വ്യാസമുള്ള അന്നത്തെ ഉൽക്ക പതിച്ച ഗർത്തം മെക്സിക്കോയിൽ ചിക്‌സലുബ് എന്ന സ്ഥലത്തുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ, വലിയ ഒരു പാറ ഭൂമിയിൽ അടക്കി വാണിരുന്ന ദിനോസറുകളുടെ അണ്ണാക്കിൽ ടമാർ, പടാർ എന്ന് പതിക്കുക ആയിരുന്നു സുഹൃത്തുക്കളെ, പതിക്കുകയായിരുന്നു.

അന്നുണ്ടായിരുന്ന വലിയ ജീവികൾ എല്ലാം ചത്ത്. ചെറിയ കുറെ എണ്ണം- നമ്മുടെ പൂർവിക പീക്കിരി മുലജീവികൾ ഒക്കെ- രക്ഷപ്പെട്ടു.

ഇത്രേം വലിയ ടമാർ പടാർ ഇല്ലാതെ തന്നെ, ഇടയ്ക്കിടെ ഭൂമി തണുക്കും, ചൂടാകും. ലക്ഷക്കണക്കിന് കൊല്ലങ്ങൾ നീണ്ടു നിക്കുന്ന മഞ്ഞു യുഗങ്ങൾ ഉണ്ടാവും, വരൾച്ച ഉണ്ടാകും, ഭൂമി കുലുങ്ങും, ബ്രഹ്മാണ്ഡ അഗ്നിപർവ്വതങ്ങൾ പൊട്ടും- പിന്നെ  മാട, കോട ഒക്കെ ഉണ്ടാകും.

അതായത്, ഇന്ന് വരെ ഉണ്ടായിട്ടുള്ള തൊണ്ണൂറ്റൊന്പത് പോയിന്റ് ഒൻപത് ഒൻപത് ശതമാനം ജീവി വർഗ്ഗങ്ങളും ഇപ്പൊ ഇല്ല. ഗയാ. മർ ഗയാ ആൻഡ് ഗോൺ. ഇനിയും അങ്ങനെ ഒക്കെ ഉണ്ടാകും. പിന്നേം വേറെ ജീവികൾ വരും.

ഒരു ഗമണ്ടൻ ഉൽക്ക വന്നു വീണാൽ ഭൂമി അങ്ങനെ തന്നെ ജീവ വിമുക്തമായി, പിന്നെ ഒന്നും ഉണ്ടാകാതെയും ഇരിക്കാം.

അങ്ങനൊന്നും ഉണ്ടായില്ലെങ്കിലും, സൂര്യൻ പ്രശ്നമാണ്!

ഗഡി ഇങ്ങനെ ഉള്ളത് കൊണ്ടാണല്ലോ ജീവികൾ ഇങ്ങനെ ജീവിക്കുന്നത്? അങ്ങേര് ഇനി ഒരു നാനൂറു കോടി കൊല്ലങ്ങൾ കൂടിയേ കത്തൂ, അപ്പോഴേക്കും പെട്രോൾ തീർന്നു ഫ്യൂസാകും!!

അപ്പൊ നമ്മൾ വിചാരിക്കും ഇത് വരെ കിട്ടിയ അത്രേം നാള് കൂടെ കിട്ടുവല്ലോ ന്ന്. വേറെയും ബുദ്ധിയുള്ള ജീവികൾ ഉണ്ടായി വരാല്ലോ.

സോറി ഗുയ്‌സ്. മുന്നൂറു കോടി കൊല്ലങ്ങളായി ചെറു മൈക്രോസ്കോപിക് കുഞ്ഞന്മാർ ഉണ്ടെങ്കിലും, വെറും അൻപത് കോടി കൊല്ലങ്ങളെ ആയുള്ളൂ, ഇച്ചിരി വലിയ പലകോശ ജീവികൾ ഉണ്ടായിട്ട്! എന്നിട്ട് നമ്മുടെ പോലെ ബോധം ഉള്ള, പ്രപഞ്ചത്തെ മനസിലാക്കാൻ നോക്കിയ നമ്മൾ ഉണ്ടായത് വെറും രണ്ടു മൂന്നു ലക്ഷം കൊല്ലങ്ങളും. അത്രേം കൊല്ലങ്ങൾ ഇനി കിട്ടില്ല!

അങ്ങേ അറ്റം ഒരു അൻപത് കോടി കൊല്ലം കൂടി. അപ്പോഴേക്കും സൂര്യന്റെ ചൂട് കണ്ടമാനം കൂടും. കടലുകൾ ഒക്കെ തിളച്ച് ആവിയായി പോകും! ഒരു ഓട്ടോക്ലേവിൽ വെച്ച് സ്റ്റെറിലൈസ് ചെയ്ത ശസ്ത്രക്രിയ ഉപകരണങ്ങൾ പോലെ, കംപ്ലീറ്റ് ജൈവ വിമുക്തമാകും മ്മ്‌ടെ ബൂമി! ങ്ങീ ങ്ങീ.

പിന്നെയോ?

പിന്നെ ഒന്നൂല്ല. പ്രപഞ്ചം വികസിക്കും. മറ്റുള്ള ഗാലക്സികൾ ഒക്കെ ഓടിപ്പോകും. നമ്മുടെ ഗാലക്‌സി കൂട്ടം മാത്രം ബാക്കി ആകും. ഡാർക്ക് എനർജി ഇന്നത്തെ പോലെ തുടർന്നാൽ എല്ലാ നക്ഷത്രങ്ങളും കത്തി തീരും. മൊത്തം ബ്ലാക്ക് ഹോളുകൾ ആകും. ഹോക്കിങ് റേഡിയേഷൻ മൂലം അവയും തീരും.

പിന്നെ കുറ്റാ കൂറ്റിരുട്ട്. കുറ്റാ കുറ്റ് അനന്തത, ദി ഏൻഡ്.

നമ്മൾ എങ്ങനെ ഉണ്ടായി? എന്താണീ ബിഗ് ബാംഗ്? ഇതൊക്കെ എന്താ ഹേ സംഭവം?

അങ്ങനെ ഓർക്കാൻ പോലും ആരും ഇല്ല!

എന്ത് സുന്ദരമായ, ഊച്ചാളി ലോകം? എന്ത് കീഴ്വായു സമാനമായ നിരർത്ഥകത?

ഇത് മാത്രമേ ഉള്ളു എന്നാണോ പറയുന്നത്? ഒന്ന് പോടോ ഹേ. ഞാൻ സമ്മതിക്കില്ല.

ഇതൊക്കെ എന്താണെന്ന് അന്തം വിട്ട് നിക്കാനും പതിയെ ഒരു ഐഡിയ ഉണ്ടാക്കാനും അനന്ത ഭാവിയിൽ ഭൂമിയെ സംരക്ഷിക്കാനും, ഭൂമിയിൽ നിന്ന് പ്രപഞ്ചത്തിലേക്ക് ബുദ്ധിയെ പടർത്താനും, ഡാർക്ക് എനെർജിയെ ചങ്ങലക്ക് ഇടാനും, പ്രപഞ്ച നിഷ്‌ഫലതയെ മറികടക്കാനും മനുഷ്യനും അവൻറ്റെ സുബോധമുള്ള പിൻതലമുറ ജൈവ ജാതികൾക്കും സാധിക്കുമോ?

അറിഞ്ഞൂടാ. പക്ഷെ ഒരു പ്രത്യാശ എങ്കിലും ഉണ്ട്. ഇല്ലേൽ എന്താ? ഒന്നുമില്ല. ഒരർത്ഥവുമില്ല. പോയി ചത്തൂടെ നമുക്കൊക്കെ?

(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .