മരിക്കും ഹേ – എല്ലാരും. ആരും ജീവനോടെ പുറത്ത് കടക്കില്ല .

ഈയടുത്ത് എഴുതിയ അവറാച്ചന്റെ ജീവന്മരണ യുദ്ധം എന്ന കഥ ആണ് വളരെ ആളുകൾ വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്‌തെങ്കിലും കുറെ അധികം എതിർ അഭിപ്രായങ്ങൾ ഉളവാക്കിയ ഒന്ന് .

മരണത്തിനെതിരെ ഘോര ഘോരം പോരാടുന്നത് തന്നല്ലേ വൈദ്യശാസ്ത്രത്തിന്റെ ഡ്യൂട്ടി ? ഇതാണ് ചിലർ ഉന്നയിച്ച ഒരു ചോദ്യം .

മറ്റു ചിലർ , ഒരു രോഗത്തിനും ചികിത്സ തേടരുത് എന്ന ഉടായിപ്പ് വാദത്തിനു താങ്ങായി ഈ കഥയെ കണ്ടു . ഒരാൾ ഇത് ഷെയർ ചെയ്തത് – ‘ ആൻജിയോപ്ലാസ്റ്റിയും ഒരു കുന്തവും വേണ്ട ‘ എന്ന സ്വന്തം തലക്കെട്ടോടെ  ആണ് .

ഈ ലാസ്റ്റ് പാർട്ടിയോട് എനിക്ക് പറയാനുള്ളത് പോയി പണി നോക്കെടോ എന്നാണ് . പോയി ചത്തൂടെടോ എന്ന് ചില മര്യാദയില്ലാത്തവർ മാത്രമേ പറയൂ . എന്നെക്കൊണ്ട് അതിനു കഴിയില്ല .

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ഒരു ഡോക്ടർ എന്ന നിലക്കുള്ള പ്രൊഫെഷണൽ അഭിപ്രായങ്ങൾ അല്ല . ഒരു സാധാരണ , ജനിച്ച , ജീവിക്കുന്ന , എന്നാൽ ഒരിക്കൽ മരിക്കും എന്ന് നല്ല ബോധ്യം ഉള്ള ഒരു മനുഷ്യന്റേത് മാത്രമാണ് .

ആരോഗ്യം നോക്കേണ്ടെന്നും ആധുനിക വൈദ്യശാസ്ത്രം ഉടായിപ്പാണെന്നും ഞാൻ ഒരിക്കലും പറയില്ല .

വൈദ്യശാസ്ത്ര ചരിത്രത്തെ പ്രധാനമായും മൂന്നായി തിരിക്കാം .

ഒന്ന് – ഉടായിപ്പ് കാലം .- ചരിത്രാതീത കാലം മുതൽ , ഒരു അഞ്ഞൂറ് കൊല്ലം മുൻപ് വരെ , പ്രാർത്ഥന , പൂജകൾ , ആർക്കും എന്താണെന്ന് പോലും അറിയില്ലാത്ത , ഫലിക്കുമോ എന്ന് ഒരു പഠനവും നടത്തിയിട്ടില്ലാത്ത കുറെ ചികിത്സകൾ . ഇരുപതിനും മുപ്പതിനും ഇടയ്ക്കായിരുന്നു ശരാശരി ആയുസ്സ് . എന്നാൽ വയസ്സന്മാർ ഉണ്ടായിരുന്നു . വയസ്സികളും . അൻപത് വയസ്സൊക്കെ നല്ല മുതിർന്ന വയസ്സ് ആണ് . അറുപത് ഒക്കെ മരണം അടുത്തു എന്ന മട്ടിൽ ആളുകൾ കണ്ടു .

പിന്നീട് രോഗാണുക്കളെ കണ്ടു പിടിച്ചു . അണുവിമുക്ത ജലവും , പൊതുജനാരോഗ്യ പദ്ധതികളും കണക്കില്ലാതെ മനുഷ്യനെ കൊന്നൊടുക്കിയിരുന്ന രോഗാണു ജന്യ രോഗങ്ങളെ തളച്ചു . ആയുസ്സ് കൂടി തുടങ്ങി .

കഴിഞ്ഞ ഒരു നൂറിൽ താഴെ കൊല്ലങ്ങൾ ആണ് മൂന്നാമത്തെ സ്റ്റേജ് . എന്ത് രോഗത്തെയും ചികിൽസിച്ചു നോക്കാം എന്ന സ്ഥിതി ആയി . ഏത് കാൻസറിനും മരുന്ന് ഉണ്ട് . മിക്ക അസുഖങ്ങളെയും തല്ക്കാലം എങ്കിലും പിടിച്ചു നിർത്താം എന്ന സ്ഥിതി ഉണ്ടായി . ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദ്രോഗവും മസ്തിഷ്കാഘാതവും കാരണം ആണെന്ന് വന്നു . പകർച്ച വ്യാധികളും ശൈശവ , ബാല രോഗങ്ങളും നിയന്ത്രണത്തിൽ വന്നത് മൂലം ആണിത് .

ഈ ഹൃദ്രോഗത്തിന്റെ (മസ്തിഷ്കാഘാതത്തിന്റെയും ) പ്രധാന കാരണക്കാർ  രക്തത്തിലെ കൊഴുപ്പ് ഘടകങ്ങൾ , രക്താതി മർദം , പുകവലി , തുടങ്ങിയ കാര്യങ്ങൾ ആണെന്ന് കണ്ടു പിടിക്കയും അവയെ നിയന്ത്രിക്കാൻ ഉള്ള മരുന്നുകൾ നിലവിൽ വരികയും ചെയ്തു . പ്രമേഹം നിയന്ത്രിക്കാൻ സാധിച്ചു .

ഇതൊക്കെ മൂലം മനുഷ്യ ആയുസ്സ് മാത്രമല്ല , ജീവിതത്തിന്റെ മൂല്യവും , ജീവിത സംതൃപ്തി തന്നെയും കൂടി, എന്നത് നിസംശയം പറയാം .

എന്നാൽ എല്ലാറ്റിനും സൈഡ് ഇഫക്ടുകൾ ഉണ്ട് എന്ന് പറയുന്നത് പോലെ , ഈ സ്ഥിതി വിശേഷത്തിന് ഒരു പാർശ്വ ഫലം ഉണ്ടായി .

എന്താണാ പാർശ്വ ഫലം ?

മരണം ഉണ്ടാവുകയില്ല എന്ന മിഥ്യാ ധാരണ!

മരണത്തെ തമസ്കരിക്കാൻ ഉള്ള വ്യഗ്രത !

എന്റെ പൊന്നു മർത്യരെ – മരിക്കുന്നവരേ , മരിക്കാനായി ജനിച്ചവരേ –

ഒരിക്കൽ ജനിച്ചാൽ നമ്മൾ മരിക്കും . മരിച്ചേ മതിയാകൂ .

ബൈബിളിൽ പറയുന്നു – അറിവിന്റെ പഴം തിന്ന മനുഷ്യനോട് ദൈവം പറഞ്ഞു – “ഇനി നീ മരിക്കും !”

സത്യമാണ് . പുഴുവിനോ , ബാക്ടീരിയത്തിനോ , ബാക്ട്രിയൻ ഒട്ടകത്തിനോ , സിംഹത്തിനോ സിംഹവാലൻ കുരങ്ങിനോ , എന്തിന് – ആൾക്കുരങ്ങിനു പോലും ഒരു ഐഡിയയും ഇല്ല , ഞാൻ ഒരിക്കൽ മരിക്കുമെന്ന് .  ഇങ്ങനെ നടക്കുന്നു , തീറ്റ എടുത്ത് അണ്ണാക്കിൽ തിരുകുന്നു , രമിക്കുന്നു , ശത്രുവിനെ കണ്ടാൽ ഓടുന്നു . അനതി വിദൂരമല്ലാത്ത ഭാവിയിൽ , എന്നെങ്കിലും ഒരിക്കൽ – ഉറപ്പായും , നിശ്ചയമായും , രക്ഷപ്പെടാമെന്നുള്ള പ്രതീക്ഷ സ്വല്പം പോലും നൽകാത്ത , അവസാനം , ഫുൾ സ്റ്റോപ്പ് , അഥവാ ദി ഏൻഡ് എന്ന മരണം കാത്തിരിക്കുന്നു എന്ന ബോധം ഇല്ലാതെ ജോളിയായി കാലം കഴിക്കുന്ന സഹ ജീവികളോട് നമുക്ക് അസൂയപ്പെടാം .

നമ്മൾ തിരിച്ചറിവിന്റെ പഴം തിന്നു കഴിഞ്ഞിരിക്കുന്നു . ഇനി കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല . എന്തൊക്കെ മരുന്നുകളും ചികിത്സകളും കണ്ടു പിടിച്ചാലും , ഇന്നല്ലെങ്കിൽ നാളെ , ഈ ജീവിതത്തിനു ഒരവസാനം ഉണ്ടാകും .(മരണത്തെ തോൽപ്പിക്കാൻ  ഉള്ള ഗവേഷണം ഒക്കെ നടക്കുന്നുണ്ട് . തല്ക്കാലം അതൊരു സ്വപനം മാത്രമായി നീണ്ടു പോകാൻ ആണ് സാധ്യത )

വികസിത രാജ്യങ്ങളിൽ ഒരാളുടെ മൊത്തം ജീവിതത്തതിന്റെ ആരോഗ്യ ചിലവിന്റെ ഇരുപത്തഞ്ചു ശതമാനം അവസാനത്തെ ആറു മാസത്തെ ചികിത്സക്കാണത്രെ . മരണാസന്ന ചികിത്സക്ക് .

നടന്നെന്നോ നടന്നിട്ടില്ലെന്നോ നിങ്ങളോട് പറയാൻ പറ്റാത്ത ഒരു കഥ ഞാൻ പറയാം :

ഒരു വളരെ ആദരണീയൻ ആയ രാഷ്ട്രീയ നേതാവ് , അത്യാവശ്യം വയസ്സൊക്കെ ആയപ്പോൾ , ഹൃദയ പേശീ ബലക്കുറവ് ഉണ്ടെന്നും , അതിനാൽ പതിയെ അത് മൂർച്ഛിച്ച് മരിക്കും എന്നും മനസിലാക്കുന്നു . ഹൃദയം മാറ്റി വക്കൽ ശസ്ത്രക്രിയ ആണ് ഒരു  പരിഹാരം . അത് എന്തായാലും വേണ്ട , മരിക്കാൻ തയാറാണ് എന്ന് അദ്ദേഹം പറയുന്നു . അങ്ങനെ സാധാരണ ചികിത്സ തുടരുന്നു .

പെട്ടന്ന് രോഗം മൂർച്ഛിക്കുന്നു . സ്വന്തം അഭിപ്രായം പറയാൻ പറ്റാത്ത വിധം ബോധം കുറയുന്നു . നാട്ടുകാർ ഇടപെടുന്നു . സർക്കാർ ഇടപെടുന്നു . അന്യസംസ്ഥാന പഞ്ചനക്ഷത്ര ആശുപത്രിയിൽ കൊണ്ട് പോകുന്നു . ആ സ്ഥിതിയിൽ അതീവ അപകട സാദ്ധ്യത ഉള്ള അവയവം മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തുന്നു . ആറു  മാസം വെന്റിലേറ്ററിൽ കിടന്നു മരിക്കുന്നു . സർക്കാർ ചിലവഴിച്ചത് ആറു കോടി രൂപ .

സമാധാനമായി, രോഗത്തെ മനസിലാക്കി , അതിനെ ഉൾക്കൊണ്ട് , എല്ലാം അറിഞ്ഞ് , മര്യാദക്ക് വീട്ടിൽ കിടന്നു മരിക്കാൻ സർവാത്മനാ തയാർ ആയ ഒരു വലിയ മനുഷ്യന്റെ ദുര്യോഗം ആണ് ഇത് എന്ന് ഓർക്കണം .

ഇന്ന് , ഈ നിമിഷത്തിൽ , ചെറിയ രക്താതിമർദത്തിനു മരുന്ന് കഴിക്കുന്ന ആൾ ആണ് ഞാൻ . മുപ്പത്തഞ്ചു വയസ്സിൽ തുടങ്ങിയതാണ് . പൂർണമായും നിയന്ത്രണത്തിൽ ആണ് . ഇനി കൊളസ്‌ട്രോൾ , ൽ ഡി ൽ , ഒക്കെ കൂടിയാൽ അതിനും മരുന്ന് കഴിക്കും . ഇങ്ങനെ ആണ് വേണ്ടത് . നമ്മുടെ മിക്ക അസുഖങ്ങളുടെയും കാരണങ്ങൾ ആയ ഇവയൊക്കെ ചെറു പ്രായം തൊട്ടേ നിയന്ത്രിച്ചാൽ മാത്രമേ കാര്യമുള്ളൂ . പക്ഷെ നമ്മൾ പലപ്പോഴും ചെയ്യുന്നത്, അറുപതും എഴുപതും വയസ്സാകുമ്പോൾ ഇതിനൊക്കെ മരുന്ന് കഴിച്ചു തുടങ്ങുക എന്ന താരതമ്യേന വ്യർത്ഥ വ്യായമം ആണ് . അപ്പോഴേക്കും ഉണ്ടാവാനുള്ളതെല്ലാം ഉണ്ടായിക്കഴിഞ്ഞിരിക്കും .

അതായത് , എല്ലാറ്റിനും ഒരു സമയമുണ്ട് . നമ്മുക്ക് ജനിക്കാൻ ഒരു സമയം . വളരാൻ ഒരു സമയം .

ജീവിക്കാൻ ഒരു സമയം . എല്ലാം വെട്ടിപ്പിടിക്കാൻ , ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ , പൂർത്തിയാക്കാൻ ഒക്കെ സമയം . സൂക്ഷിച്ചു ജീവിക്കാൻ ഒരു സമയം .

എന്നാൽ , നമ്മുടെ എല്ലാ കഴിവുകളും , ആരോഗ്യവും , ബോധം തന്നെയും, പതിയെ മങ്ങുന്ന ഒരു സമയവും വരും . മരിക്കാനും ഉണ്ട് ഒരു സമയം . ആകസ്മികമായി മരിക്കാം . എന്നാൽ കണക്കുകൾ കാണിക്കുന്നത് , നമ്മൾ എൺപത് ശതമാനം പേരും , കിടപ്പു രോഗികൾ ആയി , കുറെ നാൾ ചിലവഴിച്ച ശേഷം ആണ് മരിക്കുന്നത് എന്നാണ് .

രോഗിയുടെ ആവശ്യങ്ങൾ എന്താണ് ? അവർ എന്തൊക്കെ അറിയണം ? അതിനനുസരിച്ച് എങ്ങനെ ചികില്സിക്കണം ? ഇതിനൊന്നും ഒരു അവബോധവും ഇല്ലാത്തവർ ആണ് നമ്മുടെ സമൂഹവും , ആരോഗ്യസംവിധാനവും , ഡോക്ടർമാരും , നിയമ ചട്ടക്കൂടും .

ഐസക്കിയേൽ ഇമ്മാനുവേൽ എന്ന പ്രസിദ്ധ ഡോക്ടർ , ഇത്തരം കാര്യങ്ങളിൽ വിദഗ്ദ്ധൻ , അദ്ദേഹത്തിന്റെ സ്വന്തം  ജീവിതത്തെ പറ്റി പറയുന്നു :

“എഴുപത്തഞ്ച് വയസ്സ് ആണ് എന്റെ ഒരു കണക്ക് . അത് കഴിഞ്ഞാൽ ജീവൻ സുഖകരം ആക്കാൻ ഉള്ളതല്ലാതെ , ജീവൻ തുടർന്ന് കൊണ്ട് പോകാൻ മാത്രമായി യാതൊരു ചികിത്സയും സ്വീകരിക്കുന്നതല്ല “

ഇങ്ങനെ കൃത്യം വയസ്സ് പറയാൻ പറ്റില്ലെങ്കിലും , ഞാനും ഇത് തന്നെ എന്നെ പറ്റി പറയുന്നു . ചിലപ്പോൾ നാളെ തന്നെ ഒരു പക്ഷെ പറയേണ്ടി വന്നേക്കാം .

ഉദാഹരണത്തിന് , എപ്പോൾ വേണമെങ്കിലും ഒരു കാൻസർ എന്റെ ശരീരത്തിൽ ഉണ്ട് എന്ന് കണ്ടെത്തിയേക്കാം . നല്ല ചികിത്സ എടുത്താൽ , രോഗം മാറാനോ , ദീർഘകാലം ശമനം ഉണ്ടാകാനോ സാധ്യത ഉണ്ടെങ്കിൽ , തീർച്ചയായും ഞാൻ എല്ലാ ചികിത്സകളും എടുക്കും .

എന്നാൽ , ശരീരത്തിന്റെ പല സ്ഥലത്തേക്ക് പടർന്ന് , രക്ഷപ്പെടാന്  സാദ്ധ്യത വളരെ വിദൂരം ആണെങ്കിലോ ? അഥവാ , ചുരുക്കം കാലത്തേക്ക് കൂടി മാത്രമേ ആയുസ്സുള്ളൂ എന്ന സ്ഥിതി ആണെങ്കിലോ ?

എനിക്ക് ഒരു എൺപതോ , എൺപത്തഞ്ചോ വയസ്സ് ഉണ്ടെങ്കിലോ ? രോഗം നിശ്ശേഷം മാറാൻ ഉള്ള ചികിത്സ മൂലം എന്റെ ബാക്കി ഉള്ള ജീവിതം ദുസ്സഹം ആകും എന്നാണെങ്കിലോ ?

ഇവിടെ ആണ് കാര്യങ്ങൾ പ്രശ്നം ആകുന്നത് . രോഗികൾക്ക് വേണ്ടത് , ആരെങ്കിലും എന്തെങ്കിലും ഉറപ്പായി – “നിങ്ങൾ ഇങ്ങനെ ചെയ്യൂ – അത് മതി ” എന്ന് പറയണം എന്നുള്ളതാണ് .

എന്നാൽ ഞാൻ നിങ്ങളോട് പറയട്ടെ – ആരും നിങ്ങളോട് അങ്ങനെ പറയില്ല . അതിനുള്ള വകുപ്പുകൾ കുറവാണ് . നിയമങ്ങൾ ഡോക്ടർമാരുടെ ഭാഗത്തല്ല . ഈ സ്ഥിതി വിശേഷത്തെ ചൂഷണം ചെയ്യുന്നവർ വേറെ .

എന്റെ കൈയിൽ മാത്രമാണ് ഇപ്പോൾ ഇതിന്റെ ഉത്തരം ഉള്ളു .

എനിക്ക് എല്ലാം അറിഞ്ഞേ പറ്റൂ .

എന്താണ് രോഗം ?

എത്രത്തോളം ശമന സാധ്യത ഉണ്ട് ?

എന്തൊക്കെ പ്രശ്നങ്ങൾ വരാം ?

ഏകദേശം എത്ര നാൾ ജീവിച്ചേക്കും – ചികിത്സ എടുത്താലും ഇല്ലെങ്കിലും ?

ശമന ചികിത്സ എടുത്തില്ലെങ്കിൽ എന്തൊക്കെ സാന്ത്വന ചികിത്സകൾ സാദ്ധ്യമാണ് ?

എന്റെ ആവശ്യങ്ങൾ എന്തൊക്കെയാണ് ?

എങ്ങനെ ഒക്കെ ബാക്കി കാലം ജീവിക്കണം ?

ഇതിനൊക്കെ നമ്മൾ തന്നെ ഉത്തരങ്ങൾ അന്വേഷിച്ച് കണ്ടെത്തുകയും , കർശനമായി നിർദേശങ്ങൾ കൊടുക്കുകയും വേണം . നമ്മുടെ ബോധം പോയാൽ എന്തൊക്കെ ചെയ്യാം , എന്തൊക്കെ ചെയ്യരുത് എന്ന് എഴുതി ഒപ്പിട്ട് ബന്ധുക്കൾക്ക് കൊടുക്കണം . നമുക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കാൻ ഇത് അവരെ പ്രാപ്തരാക്കും . ഒരു പ്രശ്നം ഇതിനൊന്നും നിയമപരമായ ചട്ടക്കൂട് നമ്മുടെ നാട്ടിൽ ഇല്ല എന്നുള്ളതാണ് . അത് അടിയന്തിരമായി ഉണ്ടാവേണ്ടതാണ് . എന്തൊക്കെ ചെയ്യാം , എപ്പോൾ , എന്ന ഡോക്ടർമാർക്കുള്ള പൊതു നിർദേശങ്ങളും. ഇപ്പോൾ ഇതൊന്നും തന്നെ ഇല്ല . ഒക്കെ ഒരു പുക മറക്കുള്ളിൽ ആണ് . മരണത്തെ നമ്മൾ ഒളിപ്പിച്ചു പുതപ്പിച്ചു കിടത്തിയിരിക്കയാണ് . എന്നാൽ ഇത് കൊണ്ടൊന്നും ഒരു കാര്യവുമില്ല . അത് വരുകേം ചെയ്യും , നമ്മളെ കൊണ്ട് പോവ്വേ ചെയ്യും . എങ്ങനെ പോകണം എന്ന് നമ്മൾ തീരുമാനിക്കണം . മണലിൽ ഒളിപ്പിച്ച തലകൾ പുറത്ത് എടുക്കണം . യാഥാർഥ്യം എന്ന സൂര്യനെ ധൈര്യത്തോടെ നോക്കണം .

അഭിപ്രായങ്ങൾ വ്യക്തിപരം (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .