Organisms at the start
Were not complex.
Then they tore themselves apart
And started sex
(Arther Guiterman)
ജന്തുക്കൾ, അങ്ങാദ്യം
ജസ്റ്റ് സിമ്പിൾ ആരുന്നു.
ഡാഷുകൾ, സ്വയം രണ്ടായി
തുടങ്ങീ, മറ്റേ പരിപാടി.
(ഡോക് ജിമ്മിച്ചൻ)
സെക്സ് എങ്ങനെയുണ്ടായി? അതൊരു പ്രശ്നചോദ്യമാണ് സുഹൃത്തുക്കളേ.
അപ്പൊ പിള്ളേർ വേണ്ടേ? തലമുറകൾ ഉണ്ടാവണ്ടേ? സെക്സ് ഉണ്ടായാലല്ലേ തൽമുറാസ് ണ്ടാകു?
അല്ല. മൂന്നര ബില്യൺ വർഷങ്ങൾക്ക് മുൻപ് ലൂക്കാ അമ്മൂമ്മ പെറ്റു പെറ്റു ഫൂമി നിറച്ചത് കെട്ടിയോൻ ഇല്ലാണ്ടാണ്. നമ്മൾ ജീവികൾക്ക് അടിസ്ഥാനപരമായി തന്ത വേണ്ട. പക്ഷെ നമ്മൾ കോമ്പ്ലെക്സ് ആയ സങ്കീർണജീവികൾ ആയപ്പോ തന്തേം വേണം തള്ളേം വേണം. പോരാത്തതിന് ഇണയെ തേടി കടാപ്പുറത്ത് പാടി പാടി നടക്കണം. കൊച്ചുമുതലാളി കഷ്ടപ്പെടണം. കറുത്തമ്മയും സഹകരിക്കണം. എന്തൊരു തൊല്ല!
ഒരു ബില്യൺ എന്നാൽ ആയിരം മില്യൺ. ഒരു മില്യൺ എന്നാൽ പത്തുലക്ഷം.
നാലര ബില്യൺ വർഷങ്ങൾക്ക് മുന്നേ സൂര്യൻ പ്രകാശിച്ചു തുടങ്ങി. ചുറ്റിനും ഭൂമി തിരിയാനും. ഭൂമി ഒന്ന് ചൂടൊക്കെ മാറി വെള്ളം നിറഞ്ഞ് സുന്ദരനായപ്പോഴേക്കും തന്നെ ലൂക്ക അമ്മാമ്മ ഉണ്ടായി. അദ്‌ഭുതം എന്താണെന്നു വെച്ചാൽ, ലൂക്ക (ലാസ്റ്റ് യൂണിവേഴ്സൽ കോമൺ അൻസെസ്റ്റർ) ഒരു അതി സങ്കീർണ സാധനം ആണെന്നുള്ളതാണ്. ചുറ്റും ബൈ ലേയർ പാടയുള്ള, അകത്ത് ഡി എൻ എ എന്ന അതിസങ്കീര്ണ തന്മാത്രയിൽ അനേക അമിനോആസിഡുകൾ കോർത്തുണ്ടാക്കുന്ന പ്രോട്ടീൻ തന്മാത്രകൾ ഉണ്ടാക്കാനുള്ള സോഫ്ട്‍വെയർ കോഡ് ഒളിപ്പിച്ച, അനേക കുനുഷ്ടു പിടിച്ച കെമിക്കൽ സൈക്കിളുകൾ അനുസ്യൂതം അതിധ്രുതം നടക്കുന്ന, അതി ബ്രഹത്തായ മോളികുലാർ മെഷീനുകൾ നിറഞ്ഞ ഒരു ഭീകര ഫാക്ടറി. അതിബ്രഹത്തായ ഒരു തന്മാത്രാ പരിണാമം അവിടെ ഉണ്ടായിട്ടുണ്ടാവണം- നമുക്കറിഞ്ഞൂടാ.
പക്ഷേ- നമുക്ക് ഏകദേശം കൃത്യമായി അറിയാവുന്ന കാര്യങ്ങൾ നടക്കുന്നത് ലൂക്ക അമ്മൂമ്മ ഉണ്ടായിക്കഴിഞ്ഞാണ്. അമ്മൂമ്മയുടെ പലതരം വേർഷനുകൾ ഇങ്ങനെ പുരാതന കടലിൽ നീന്തി നടന്നു കാണണം. ചിലവ സൂര്യപ്രകാശത്തിൽ നിന്ന് ക്ലോറോഫിൽ ഉപയോഗിച്ച് പഞ്ചാര ഉണ്ടാക്കി അത് ഉപയോഗിച്ച് കൊഴുത്ത് തടിച്ച് ഇങ്ങനെ നടന്നു. വേറെ ചിലവ ഭൂമിയുടെ അകത്തുള്ള ചൂടും അമോണിയയും സൾഫറും ഇരുമ്പും ഒക്കെ തിന്ന് നടന്നു. വേറെ ചിലവ ഇവയെ പിടിച്ചു കടിച്ചു തിന്ന് നീന്തി. സ്വസ്ഥം, സമാധാനം.
ഇങ്ങനെ പ്രോകാരിയോട്ടുകൾ ഒരു ബില്യൺ വർഷക്കാലം എതിരില്ലാതെ ഭൂമി അടക്കി വാണു. ബാക്ടീരിയ, ആർക്കെയി ബാക്ടീരിയ എന്നീ രണ്ടു ഗ്രൂപ്പുകളാണ് പ്രോകാരിയോട്ടുകളായി ഉള്ളത്. താരതമ്യേന സിംപിൾ സെല്ലുകളാണ് ഈ ഒറ്റ സെൽ ജീവികൾക്കുള്ളത്. ഒരു ഓയിൽ പാടക്കകത്ത് കുറെ തന്മാത്രകൾ ജീവഡാൻസ് കളിക്കുന്നു. അതായത് പ്രകാശം എടുക്കുന്നു, കാർബൺ ഡയോക്സൈഡും വെള്ളവും ചാലിച്ച് പഞ്ചാര ഉണ്ടാക്കുന്നു. ഈ ഊർജം ഉപയോഗിച്ച് ജീവിക്കുന്നു. അതിനു പറ്റാത്തവ വേറെ ജീവികളെ അകത്താക്കുന്നു. ദഹിപ്പിച്ച് ജീവിക്കുന്നു. സെല്ലിന്റ്റെ ഒരു മൂലക്ക് നീണ്ട ഒരൊറ്റ ഡി എൻ എ തന്മാത്ര എല്ലാം നിയന്ത്രിച്ചു കൊണ്ട് ഇരിക്കുന്നു.
ഇത് മാത്രം പോരല്ലോ. പ്രത്യുമറ്റെസാധനം നടത്തണ്ടേ? പ്രത്യുത്പാദനം? ഇതെന്നാ ചുമ്മാവാ? കുറെ ചെറു മാറ്റങ്ങൾ ഉള്ള ഏകദേശം ഒരേ പോലിരിക്കുന്ന കുറെ എണ്ണത്തിനെ ഉണ്ടാക്കിയാലേ ഡാർവിൻ സാർ പറഞ്ഞ മറ്റേ സംഭവം നടക്കു- നാച്ചുറൽ സെലെക്ഷൻ. അത് നടന്നാലല്ലേ പുതിയ പുതിയ ജീവികൾ പരിതസ്ഥിതി മാറുന്നതിനനുസരിച്ച് ഉണ്ടാവൂ? അതിന് മറ്റേ പരിപാടി- സെക്സ് വേണ്ടേ?
വേണ്ടാ 🙁
ഈ ഡി എൻ എ തന്നെ മ്മ്‌ടെ പാൻറ്റ്സിന്റ്റെ സിബ് പോലുള്ള ഒരു സാനമാണ്. ഒന്നിച്ച് ചേർന്ന രണ്ടു ചങ്ങലകൾ ആണത്. രണ്ടും തമ്മിൽ ന്യൂക്ളിയോടൈഡുകൾ എന്നെ കാന്തങ്ങൾ വെച്ചാണ് ഒട്ടിച്ചിരിക്കുന്നത്. സിബ് അഴിച്ചാൽ സെല്ലിന്റെ ഉള്ളിൽ ഉള്ള കാന്തങ്ങൾ വെച്ച് ഈ ഒരു കോണിനൂലിനെ രണ്ടാക്കാം. ഒരെണ്ണം സെല്ലിന്റെ ഒരറ്റത്തേക്ക് പോകുന്നു. മറ്റേത് മറ്റേ അറ്റത്തേക്കും. നടുവിൽ പിളർന്ന് സെൽ രണ്ടാകുന്നു. ഒരു രണ്ടു രക്തഹാരം, രണ്ടു ഗ്ലാസ് നാരങ്ങാവെള്ളം- ചടങ്ങു കഴിഞ്ഞു. എന്ത് സിംപിൾ. ഒരു മാതിരി ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന പരിപാടി. ബോർ- അറുബോർ.
അടുത്ത ഞെട്ടിക്കുന്ന മാറ്റം നടക്കുന്നത്, രണ്ടര ബില്യൺ വർഷങ്ങൾക്ക് മുന്നാണ്. ചില ആർകെയ ബാക്ടീരിയ കോശങ്ങൾക്കകത്ത് ചില ബാക്ടീരിയ കോശങ്ങൾ കേറിപ്പറ്റി. എല്ലാം കൂടി ഒരു കൂട്ടുകച്ചവടം തുടങ്ങാൻ തീരുമാനിച്ചു. ഒരു ബിസിനസ് മെർജർ!! അങ്ങനെ യൂക്കാരിയോട്ടിക് സെല്ലുകൾ ഉണ്ടായി. നമ്മൾ ഒക്കെ യൂക്കാരിയോട്ടുകൾ എന്ന വിഭാഗത്തിൽ പെട്ടതാണ്. പ്രോട്ടിസ്റ്റുകൾ എന്നെ ഏകകോശ യൂക്കാരിയോട്ടുകൾ ആണ് ആദ്യം ഉണ്ടായത്. ഈ സെല്ലുകൾക്കകം കുറെ കൂടി സങ്കീർണമാണ്. ബാങ്കിനകത്ത് സേഫ് വെയ്ക്കാൻ മുറി ഉള്ളത് പോലെ നടുക്ക് ന്യൂക്ലിയസ് ഉണ്ട്. അതിനകത്താണ് ഡി എൻ എ. അതും പലപ്പോഴും രണ്ടു കോപ്പി ഉണ്ട്(ഡിപ്ലോയിഡ്). പിന്നെ അകത്ത് കേറിയ ബാക്ടീരിയകൾ മൈറ്റോകോൺഡ്രിയ, ക്ലോറോപ്ലസ്റ്റുകൾ തുടങ്ങിയ കുഞ്ഞു ഫാക്ടറികൾ ആയി ഇരിപ്പുണ്ട്. ഈ യൂക്കാരിയോട്ടുകൾ പെറ്റു പെരുകി നിറഞ്ഞു.
നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം, ഇവിടെയും തിന്നുന്നു, വലുതാകുന്നു- മറ്റേ ഫോട്ടോസ്റ്റാറ്റ് പരിപാടി വഴി പെരുകുന്നു. ഇത് തന്നെ ഇപ്പോഴും സംഭവം. പക്ഷെ, ചില ഇളക്കങ്ങൾ തുടങ്ങി!!
“സുന്ദര സെൽ ഞാനും. സുന്ദര സെൽ നീയും,
ചേർന്നിരുന്നാൽ ഷെയർ ചെയ്യാം…..
ഡി എൻ എ രണ്ടാക്കി താ നീ
എന്റേതും ഞാനങ്ങു കേറ്റാം….”
ഇങ്ങനത്തെ ചില പാട്ടുകൾ കേൾക്കാൻ ആരംഭിച്ചു എന്നതാണ്.
സത്യം പറഞ്ഞാൽ, ഇന്നത്തെ ബാക്ടീരിയകളും ഇങ്ങനെ ഡി എൻ എ അങ്ങോട്ടും ഇങ്ങോട്ടും മാറാറുണ്ട്. പക്ഷെ അതും പ്രത്യുല്പാദനവുമായി ബന്ധം ഇല്ലെന്ന് മാത്രം. ചുരുക്കിപ്പറഞ്ഞാൽ ഏകകോശ ജീവികളിൽ മറ്റേ പരിപാടി വേണ്ട- പെരുകാൻ. എന്നാലും ഇടയ്ക്കിടെ മറ്റേ പരിപാടി ചെയ്യാൻ ഒരു വാഞ്ഛ!!
എന്താണീ വാഞ്ഛയുടെ പൊരുള്?
പൊതുവെ പറഞ്ഞാൽ രണ്ടു കാര്യങ്ങൾ ആണെന്ന് തോന്നുന്നു. പിള്ളേർ തള്ളയുടെ പോലെ തന്നെ ഇരുന്നാൽ പരിതസ്ഥിതിയിൽ മാറ്റങ്ങൾ വരുമ്പോൾ എല്ലാം ഒന്നിച്ച് ചത്തു പോകും. ഉദാഹരണത്തിന് പെട്ടന്ന് ആ കുളത്തിലെ ഉപ്പിന്റെ അംശം കൂടി എന്നിരിക്കട്ടെ. എല്ലാം ഒന്നിച്ച് ചാകും. എന്നാൽ ചിലതിന് ഉപ്പിനെ പ്രതിരോധിക്കാൻ കഴിവ് ഉണ്ടെങ്കിലോ? അവ ജീവിക്കും.
അതായത് ജനിതക വൈവിദ്ധ്യം ഉണ്ടാക്കാനുള്ള ഒരു വിദ്യ ആണ് ഇത്. അത് മാത്രമല്ല, പെട്ടന്ന് മ്യൂട്ടേഷനുകൾ വന്ന് സ്വന്തം ജനിതകം കോഞ്ഞാട്ട ആകാതിരിക്കാൻ സെക്‌സും ഡിപ്ലോയിടിയും, സെക്സ് സെല്ലുകൾ ഉണ്ടാകാൻ ഉള്ള മീയോസിസും ക്രോസിംഗ് ഓവറും ഒക്കെ സഹായിക്കും.
സോറി. ഇങ്ങനത്തെ ഒത്തിരി പറയുന്നില്ല. നിങ്ങൾ വായന നിർത്തി മറ്റേ പരിപാടിക്ക് പോകും. ഛെ….മറ്റു പല പരിപാടികൾ എന്നാണ് ഉദ്ദേശിച്ചത്.
നമ്മൾ വളരെ കൂലംകഷണമായി മനസിലാക്കേണ്ട ഒരു കാര്യം, ഇത് വരെ ആണുങ്ങൾ, പെണ്ണുങ്ങൾ എന്നീ രണ്ടു വർഗ്ഗങ്ങൾ പൊതുവെ ഇല്ല എന്നുള്ളതാണ്. അതെങ്ങനെ ഉണ്ടായി?
അതായത് രണ്ടര ബില്യൺ വർഷങ്ങൾക്ക് മുന്നേ ഉണ്ടായ യൂക്കാരിയോട്ടിക് ഒറ്റ സെൽ ജീവികൾ ഇങ്ങനെ ഒന്നര ബില്യൺ കൊല്ലങ്ങളോളം നീന്തി നടന്നു. ഒരു ബില്യൺ വർഷങ്ങൾക്ക് മുന്നേ അടുത്ത മേജർ സംഭവം നടന്നു- പല യൂക്കാരിയോട്ടിക് സെല്ലുകൾ ചേർന്ന് ഒരു കൂട്ട് കച്ചവടം തുടങ്ങി! പലസെൽ ജീവികൾ! ചെടികൾ, മരങ്ങൾ, കൂണുകൾ, പുഴുക്കൾ, വിരകൾ, പ്രാണികൾ, ഒച്ചുകൾ, തവളകൾ, പാമ്പുകൾ, മുയലുകൾ, കാക്കകൾ, …..
മനുഷ്യന്മാർ!!
എല്ലാരും എപ്പോഴും സെക്സിലൂടെ മാത്രമല്ല പിള്ളേരെ ഉണ്ടാക്കുന്നത്. ചില ചെടികളും, ഉഭയജീവികളും ഒക്കെ സ്വയം തന്നെ പരിപാടി അവസാനിപ്പിക്കും. എങ്കിലും മിക്കവരും, മിക്കപ്പോഴും സെക്സ് ചെയ്യും. സെക്സ് സെല്ലുകൾ ഉണ്ടാക്കും- ഓരോന്നിലും പകുതി കോപ്പി ഡി എൻ എ. മറ്റേ സെക്സ് സെല്ലുമായി ചേർന്നാൽ മുഴുവൻ സെറ്റ് ഡി എൻ എ ആയി. ആദ്യം ആൺ-പെൺ എന്നൊന്നുമില്ല. ചുമ്മാ അങ്ങ് സെക്സ് സെല്ലുകൾ ചാമ്പി വിടും. അവ തമ്മിൽ യോജിച്ച് മുട്ടകൾ ആവും.
ഇടക്ക്, ചില ജീവികൾ ഭാവി ജീവിക്കായി കൊഴുപ്പ് ശേഖരിച്ച്, തടിയൻ, വലിയ മുട്ടകൾ ഉണ്ടാക്കാൻ തുടങ്ങി!!
ടാണ്ടടാ- വല്ല കാര്യവുമുണ്ടോ? അതോടെ ഓരോ ജീവികളിലും രണ്ടു തരക്കാർ ഒരു പരിണാമമത്സരത്തിനു തുടക്കമിട്ടു. ഒരു ഗ്രൂപ്പ് വലിയ, വലിയ സെക്സ് സെല്ലുകൾ ഉണ്ടാക്കി- അണ്ഡങ്ങൾ. ചിലവ മത്സരിച്ചോടി അണ്ഡങ്ങളെ കണ്ടെത്തി ആദ്യം ലയിക്കാനായി എന്തിനും പോന്ന ബീജങ്ങളെ ഉണ്ടാക്കി!!
അടുത്ത കഥയുടെ തുടക്കം മാത്രം. ആണുങ്ങൾ തേടുന്നു, ഓടുന്നു, തല്ലുന്നു, മത്സരിക്കുന്നു. പെണ്ണുങ്ങളെ തിരഞ്ഞെടുക്കുന്നു. ഈ ഒരു ഡയനാമിക്സിന്റെ തുടക്കം ആയി.
ആദ്യം ഈ സെക്‌സ്‌ചേഞ്ച് ത്വര ഉണ്ടായ ജീവി കേട്ടിരിക്കാൻ സാദ്ധ്യത ഉള്ള ഒരു പാട്ട്:
“”അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുന്ന കുലുമാൽ…..
കുലുമാൽ …” (ജിമ്മി മാത്യു)