കല്യാണം- ഒരു ഗൂഢാലോചന?

ഇഷ്ടം പോലെ മണ്ടത്തരങ്ങൾ സ്വന്തം ലൈഫിൽ ലാവിഷായി ചെയ്തിട്ടുള്ള ഒരാൾ എന്ന നിലക്ക് എനിക്ക് അഹങ്കാരം തീരെ ഇല്ല സുഹൃത്തുക്കളേ. എന്നിട്ടും ഇടക്ക് ആളുകൾ എന്നെ ഉപദേശം ചോദിയ്ക്കാൻ പറ്റിയ ഒരു ബുദ്ധിജീവി ആയി കാണുന്നു. താടി നരച്ചു തുടങ്ങിയേപ്പിന്നെ ഇത് ഉച്ച……ഉച്ചസ്ഥായിയിലായിട്ടുണ്ട്. ഇതിൽ അടുത്ത് നേരിടേണ്ടി വന്ന ഒരു ചോദ്യം- “ഞങ്ങൾ കല്യാണം കഴിക്കുന്നതിനെപ്പറ്റി എന്താണഭിപ്രായം” എന്നതാണ്.

“നിങ്ങൾ എന്ത് പണ്ടാരം വേണേലും ചെയ്യ് റംബൂട്ടുകളേ….” എന്നതാണ് ശരിയായ ഉത്തരമെങ്കിലും ആ യുവ മിഥുനങ്ങളുടെ ആശങ്ക അസ്ഥാനത്തല്ല. കല്യാണം എന്നത് ആളുകൾ ആചന്ദ്രതാരം ആമോദത്തോടെ തുള്ളിച്ചാടി ആഘോഷിക്കുന്ന ഒരു സ്വർണവീടാണ് എന്ന സങ്കല്പത്തിന് എന്തോ, പഴയ ഗും ഇല്ല എന്നത് വസ്തുതയാണ്. മാത്രമല്ല, ഇന്ത്യ, പാകിസ്ഥാൻ പോലുള്ള സ്ഥലങ്ങളിലാണ് ഏറ്റവും സുസ്ഥിരമായ കല്യാണങ്ങൾ ഉള്ളത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് എടുക്കുകയാണേൽ അഞ്ഞൂറ് ശതമാനം വർദ്ധനവ് ആണ് ഇന്ത്യയിൽ വിവാഹ മോചനനിരക്കിൽ വന്നത്- ഇപ്പോൾ ഏകദേശം പത്തു പതിനഞ്ച് ശതമാനം. മധ്യവർഗ്ഗത്തെ മാത്രം എടുക്കുകയാണേൽ ഇതിലും വളരെ കൂടുതൽ ആയിട്ടുണ്ടാകും. ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് കൂടിയ സ്ഥലങ്ങളിലെല്ലാം അൻപത് ശതമാനത്തോളം വിവാഹങ്ങൾ മോചനത്തിൽ കലാശിക്കുന്നു!!!?!!

അതിന്റെ പല പല സങ്കീർണ ഇഷ്യൂകൾ ഒത്തിരി ഉണ്ട്. ഞാൻ നോക്കിയപ്പോ, സാമൂഹ്യ മനശ്ശാസ്ത്രപരമായും പരിണാമപരമായും ഒക്കെ പരിശോധിച്ചാൽ “ഈ കല്യാണം എന്ന സാധനം എങ്ങനെ ഉദ്ഭവിച്ചു?” എന്നതിന് പോലും വിവിധ അഭിപ്രായങ്ങൾ ആണുള്ളത്!! ചില പ്രധാന തിയറികൾ നോക്കാം:

  1. ആജീവനാന്ത പ്രേമത്തിയറി: ജീവശാസ്ത്രപരമായും മാനസികമായും മനുഷ്യൻ അങ്ങനാണ്. ചെറുപ്പം ഒരാണും പെണ്ണും തമ്മിൽ ഇഷ്ടമാകും. അവർ ഒന്നിച്ച് ജീവിക്കാൻ സ്വയം തീരുമാനിക്കും. അവർ ജീവിതകാലം മുഴുവൻ വിശ്വസ്തരായി അങ്ങ് ജീവിക്കും. പിള്ളേരെ ഉണ്ടാക്കി വളർത്തും. പ്രേമം എന്ന സ്നേഹം അങ്ങനാണ് സഹോ, സഹീ. ഇതിനെ സമൂഹം അങ്ങ് അംഗീകരിക്കും. പാവം സമൂഹം. പാവപ്പെട്ട തങ്കം പോലത്തെ പെണ്ണ്. പാവവും സ്നേഹുമുള്ളവനുമായ ആണ്. ആഹാ ആഹഹാ. ഇതാണ് ആ തിയറി. ഇപ്പോഴത്തെ സീരിയലുകൾ (പ്രത്യേകിച്ച് പാശ്ചാത്യം), റൊമാന്റിക് സിനിമകൾ ഒക്കെ ഈ തിയറിയെ ആശ്രയിക്കുന്നു.
  2. ആൺപന്നി പാത്രിയർക്കീസ് തിയറി: ആണുങ്ങൾ ഡാഷുകൾ ആണ്. ആൺപന്നികളുടെ മേൽക്കോയ്മയ്ക്ക് പറയുന്ന പേരാണ് പാത്രിയർക്കി. കുറെ ആണുങ്ങൾ ചേർന്ന് അടിച്ചേൽപ്പിച്ച ഒരു സാധനം ആണ് കല്യാണം. പെണ്ണുങ്ങളെ താലിയൊക്കെ കെട്ടിച്ച് അടിമകളാക്കി, സാധനങ്ങളാക്കി വെയ്ക്കുന്ന ഒരേർപ്പാട്. പെണ്ണുങ്ങൾ പിള്ളേരെ ഉണ്ടാക്കാനുള്ളതും സെക്സ് നേടാനുള്ളതുമായ ഉപകരണങ്ങൾ. വേറെ ആണുങ്ങടെ പിള്ളേരെ അറിയാതെ പോലും പോറ്റാൻ ഇടവരാതിരിക്കാൻ വേറെ ആണുങ്ങളെ കാണിക്കുക പോലും ചെയ്യാതെ വെച്ച് കളയും ചിലപ്പോൾ. മിക്ക പഴേ ആചാരങ്ങളും നോക്കിയാൽ ഇതൊക്കെ മനസിലാകും.
  3. ആഗോള പെൺഗൂഢാലോചന തിയറി: ആഗോളതരത്തിൽ പെണ്ണുങ്ങളുടെ ഒരു ഗൂഢാലോചന ആണ് കല്യാണം. സകല സ്ഥലത്തും കറങ്ങി നടന്ന്, സകല തൊലിമിനുസം, മുഖവടിവ്, ശരീര കാന്തി എന്നിവ നോക്കിയും നോക്കാതെയും പെണ്ണുങ്ങളെ ഉപയോഗിക്കാൻ തക്കം പാർത്തു കഴിയുന്ന ആളുകളാണ് ആണുങ്ങൾ. കാര്യം കാണുക, സ്‌കൂട്ടാവുക എന്ന അപകടകരമായ ഒരു ഓപ്‌ഷൻ സങ്കടകരമായ വിധം അവർക്ക് മുന്നിലുണ്ട്. ഇതിന്റെ പരിണിതഫലങ്ങൾ ആയ ഗര്ഭാവസ്ഥ, കുട്ടികളെ നോക്കൽ ഒക്കെ പെണ്ണുങ്ങളുടെ തലയിൽ വരികയും ചെയ്യും. ആദ്യം നല്ല യോഗ്യനായി കുടുംബം ഒക്കെ നോക്കിയവനും കുറെ പിള്ളേരായാൽ കുറച്ചു കൂടി ചെറുപ്പമുള്ള ഒരു പെണ്ണിന്റെ പിറകെ പോവാൻ സാദ്ധ്യത കൂടുതലാണ്. എന്താണ് പരിഹാരം? വിവാഹം എന്ന കുരുക്കിൽ അവനെ കെട്ടിയിടുക. വിവാഹമോചനം പറ്റിയാൽ നിരോധിക്കുക. ചെയ്താൽ തന്നെ പിള്ളേർക്ക് ചിലവിന് കൊടുക്കാൻ നിർബന്ധിക്കുക. അങ്ങനെ അവൻ ഒളിച്ചോടേണ്ട. ഇതാണ് ആ തിയറി.
  4. അന്താരാഷ്ട്ര അമ്മാവൻ-അമ്മായി കോൺസ്പിറസി തിയറി: വളരെ ആസൂത്രിതമായി ലോകം മുഴുവനുമുള്ള മുതുക്കമുതുക്കികൾ ഒന്നിച്ച് ചെറുപ്പം പിള്ളേരെ നിയന്ത്രിക്കാൻ ഉണ്ടാക്കിയ സാമാനം ആണ് കല്യാണം. ആണുങ്ങൾ പെണ്ണുങ്ങൾക്ക് വേണ്ടി മത്സരിച്ച് ജിമ്മിൽ പോയും, തികച്ചും അനാവശ്യമായ സിക്സ് പാക്ക് ഉണ്ടാക്കിയും അടിപിടിയൊക്കെ നടത്തിയും, അതുങ്ങളെ ഇമ്പ്രെസ് ചെയ്യാൻ പരാക്രമങ്ങൾ കാണിച്ചും പെട്ടന്ന് വെടി തീരും. ഓരോന്നിനും നന്നേ ചെറുപ്പത്തിൽ തന്നെ ഓരോ പെണ്ണുങ്ങളെ പിടിച്ചു കൊടുത്ത് ഒരു മൂലക്ക് ഇരുത്തിയാൽ വല്ല പണിയും നടക്കും, സമൂഹവും നന്നാവും. പിള്ളേരെയും വളർത്താം. പെണ്ണുങ്ങൾ ആണെങ്കിലും ഒരു സ്ഥലത്ത് അടങ്ങിയൊതുങ്ങി ഇരുന്ന് പിള്ളേരെ നോക്കണ്ടേ? അവർക്ക് വളരാൻ ഒരു സ്ഥിരത ഒക്കെ വേണ്ടേ. അങ്ങനെ സ്വതന്ത്രരായി നടന്ന് ചെറുപ്പക്കാർ അങ്ങനെ സുഖിക്കണ്ട. ചുരുക്കം പറഞ്ഞാൽ ആണിന്റെയും പെണ്ണിന്റെയും വ്യക്തിപരമായ സന്തോഷത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത ഒരു സമാനമാണ് പ്രസ്തുതസാമാനം അഥവാ കല്യാണം.

എന്താണ് നിങ്ങളുടെ അഭിപ്രായം? നിങ്ങക്ക് ബോദ്ധ്യപ്പെട്ട തിയറിയുടെ പേര് പറഞ്ഞ് കാരണം പറയുക.
(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .