എന്റെ അപ്പൻ, മത്തായി ഡോക്ടർ തൃശൂരിൽ വന്നടിഞ്ഞു അവിടെ ജില്ലാ ആസ്പത്രിയിൽ ജോലി ചെയ്തോണ്ട് ഇരിക്കുന്നു.
ഇടയ്ക്കിടെ രാഷ്ട്രീയം പറയും. ചരിത്രം പറയും.
നിങ്ങ വിശ്വസിക്കുമോ എന്നെനിക്കു വിശ്വാസം ഇല്ല. എന്നെപ്പോലെ ചുള്ളനും, ചുർ ചുറുക്കോടെ നടക്കുന്നവനും മുറുക്കാത്തവനും, എന്നാൽ മുറുക്ക് കറു മുറെ തിന്നുന്നവനും, സുന്ദര കളേബരനും, സർവോപരി, ചെറുപ്പക്കാരനും ആയ എന്റെ സ്വന്തം അപ്പന്, ഈ ഇന്ത്യാ മഹാരാജ്യം ബ്രിറ്റീഷ് കശ്മല സായിപ്പന്മാരുടെ കൈയിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച സുന്ദര, പക്ഷെ അതിപുരാതനം ആയ കാര്യം ഓർമയുണ്ട്!
ഒന്നാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ, ചേട്ടൻ ആഹ്ലാദ പ്രകടനം നടത്തുന്നതും, ‘ മാമ്മാ കാന്തി കീ ജെ, മാമ്മാ കാന്തി കീ ജെ’ എന്ന് പറഞ്ഞു അലറി വിളിക്കുന്നതും ഓര്മെണ്ടത്രെ. ഹോ.
ആരാണാവോ ഈ മാമ്മാ കാന്തി?
ആവോ.
പിന്നെ പലപ്പോഴായി പല കഥകളും കേട്ടിട്ടുണ്ട്. കെ കരുണാകരന്റെ ഒരു ആരാധകൻ ആയിരുന്നു എന്റപ്പൻ. അതിനു കാരണവും ഉണ്ട്. അത് പിന്നെ പറയാം.
ഒരിക്കൽ കെ കരുണാകരൻ തൃശൂരിൽ നിന്നപ്പോ “എന്നാലും നീ കരുണാകരന് കുത്താതെ കമ്മ്യൂണിസ്റുകാർക്ക് കുത്തിയല്ലോടി” എന്ന് അമ്മയോട് പറയുന്ന ഒരു ഓർമയുണ്ട്.
ചില ചിന്താ ശകലങ്ങൾ, അഥവാ മീമുകൾ , അപ്പന്റെ വായിൽ നിന്ന് വീഴുന്നത് ഞാൻ കേട്ടിട്ടുണ്ട്.
“അരിയെവിടെ, തുണിയെവിടെ, പറയൂ, പറയൂ നമ്പൂരി!”
“തെക്ക് , തെക്കൊരു ദേശത്ത്,
ഫ്ലോറി എന്നൊരു ഗർഭിണിയെ,
ചുട്ട് കൊന്നൊരു സർക്കാരെ,
പകരം ഞങ്ങൾ ചോദിക്കും!”
ചുമ്മാ രാവിലെ ഷേവ് ചെയ്യുമ്പോൾ ഒക്കെ പറയുന്നതാണ്.
കുറച്ചു മുതിർന്നപ്പോ ഒരിക്കൽ അപ്പൻ പറഞ്ഞു:
“കമ്മ്യൂണിസ്റ്റുകാരെ പറ്റി ഒരു വിറ്റ് നീ കേട്ടിട്ടുണ്ടോ?
ആരൊക്കെ ആണ് കമ്മ്യൂണിസ്റ്റ്?
നശിച്ച നായൻ
മുടിഞ്ഞ മാപ്ല
ജനിച്ച ചോവൻ.”
ഞാൻ ഞെട്ടിപ്പോയി. ഇങ്ങനെ ഒക്കെ പറയാമോ?
“എന്നാ പപ്പേ ഇത്? എന്തുട്ട് അലവലാതിത്തരം ആണ് ഈ പറേണേ?”
വീട്ടിൽ തൃശൂർ ഭാഷ ബ്രെക് ടൗൺ ആവും. തെക്കൻ ഭാഷയും തൃശൂർ ഭാഷയും മിക്സ് ആവും. തെക്കൻ ആണല്ലോ പുരാതന ഭാഷ.
“അതെ. എന്താല്ലേ? പഴേ ഒരു വലിയ നേതാവ് പ്രസംഗത്തിൽ പറഞ്ഞതാ. ഇന്ന് വല്ലോം പറയാൻ പറ്റുവോ? അതാണ് കാലത്തിൽ വന്ന മാറ്റം. ഇന്ന് പറഞ്ഞാൽ ജൈലീപ്പോകും. ”
“ആരാ ഇത് പറഞ്ഞ മഹാൻ?”
അതിന് പപ്പ ഉത്തരം പറഞ്ഞില്ല.
പിന്നെ ഒരിക്കൽ, ഇപ്പൊ ബിഷപ്പ് ആയ തൃശൂർക്കാരൻ അച്ചൻ പ്രസംഗിച്ചോണ്ട് ഇരിക്കയാണ്. ഏതോ ഒരു യോഗം ആണ്. അച്ചൻ അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ എന്തോ പറയുകയാണ്.
“ഒരു രണ്ടാം വിമോചന സമരം നടത്താൻ ഞങ്ങൾ മടിക്കില്ല.”
ഇത് പറഞ്ഞതും, എന്റെ വലത്ത് വശത്തിരുന്നിരുന്ന അപ്പൻ “പഫ്റ്, പ്ഫ്” എന്ന് അടക്കി ചിരിക്കുന്നതും എന്തോ പറയുന്നതും കേട്ടു.
“പപ്പ എന്തുട്ടാ പറഞ്ഞെ?
ആരെടെ അമ്മൂമ്മേടെ എന്ത്?”
“ഏത് അമ്മൂമ്മ? എന്ത് അമ്മൂമ്മ? നീ പോടാ.”
“അല്ല, എന്താ പപ്പേ ഈ വിമോചന സമരം? ഇടക്ക് പറേണ കേക്കാല്ലോ. പപ്പ ഈ സമരത്തിന് പോയിട്ണ്ടാ?”
“പിന്നെ. ഒരു ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സമരിച്, താഴെ ഇറക്കിയവനാണീ കെ കെ ജോസപ്പ്, അല്ല, കെ സി മത്തായി.”
“ശരിക്കും?”
“പിന്നെ. ലോക്കൽ പള്ളീന്നൊക്കെ കൊണ്ട് പോയി നമ്മൾ പിള്ളേരെ ഒക്കെ മുദ്രാവാക്യം വിളിപ്പിക്കും. കത്തോലിക്ക സഭ അല്ലെ, ഭയങ്കരമായി സമരം ചെയ്തത്. കൂട്ടിനു നായന്മാരും. ൻ സ് സ്. കത്തോലിക്കരും അവരും നല്ല കൂട്ടായിരുന്നു, അന്ന്. ഞങ്ങൾ ഒരുമയോടെ ഘോര ഘോരം സമരം ചെയ്തു. കുറെ രക്ത സാക്ഷികൾ ഒക്കെ ഒണ്ടായി, കഷ്ടം.”
“ഓഹോ- ശരിക്കും?”
“പിന്നെ. നെഹ്റു വന്നപ്പോ തിരുവനന്തപുരം എയർ പോർട്ടീ അച്ചന്മാരു കൊണ്ട് പോയി. പ്ലക്കാർഡ് ഒക്കെ പിടിപ്പിച്ചു. നെഹ്റു വന്നിറങ്ങിയപ്പോ വിളിച്ചോളാൻ പറഞ്ഞു. ഞങ്ങൾ ഓറക്കെ വിളിച്ചു:
ഡൗൺ ഡൗൺ കമ്മ്യൂണിസ്റ്റ് ഗവേർണമെണ്ട്!”
ഞാൻ പുളഗിത ഗാത്രൻ ആയി. മ്മ്ടെ അപ്പൻ ആള് ഉഷാർ ഗഡീണ്. സമരൊക്കെ ചെയ്ത് വിജയിച്ച ചുള്ളൻണ്.
ഞാൻ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീടും വായിച്ചു. ഞാൻ മനസ്സിലാക്കിയിടത്തോളം ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ:
ലോകത്തിൽ ആദ്യത്തെ തിരഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാർ ആണ് മ്മ്ടെ ഇ എം സ് ന്റെ. നമ്പൂരിന്റെ ആണ്. 1958 ൽ ആണ് കച്ചറകൾ, ഡാവുകൾ, ഇടങ്ങേറുകൾ, കൊയ്പ്പങ്ങൾ, ഗലാട്ടകൾ, ആരംഭിക്കുന്നത്. ഛഗഡ, ഛഗഡ.
ജോസപ്പ് മുണ്ടശ്ശേരി എയ്ഡഡ് സ്കൂൾ, കോളേജ് നിയമനത്തിൽ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത്. അത് വരെ തോന്നിയ പോലെ ആണ്. ടീച്ചർമാർ അടിമകൾ. ശമ്പളം കൊടുക്കൂല്ല. സർക്കാരിന്റെ കാശ് വാങ്ങുകേം ചെയ്യും. സഭക്കും എൻ സ് സ് നും ആണ് ഏറ്റവും സ്ഥാപനങ്ങൾ ഉള്ളത്.
മാത്രമല്ല, ഭൂ പരിഷ്കരണ നിയമത്തിൽ ഏറ്റവും നഷ്ടം സംഭവിച്ചത് ഉയർന്ന ജാതിക്കാർക്കും സുറിയാനി ക്രിസ്ത്യാനികൾക്കും ആണ്.
എപ്പോൾ ഉള്ള പദവിയിൽ കുറവ് വരുന്നോ, അപ്പൊ ആ ഗ്രൂപ്പുകാർ വളരെ സങ്കടിതർ- സങ്കടം ഉള്ളവർ- ആകും. അപ്പൊ സംഘടിതരും ആകും.
മറ്റുള്ള ഗ്രൂപ്പുകാർ, ഉയർന്നാലും, നമ്മൾ താഴുന്നു, എന്നാണു നമ്മൾ മനസ്സിലാക്കുക. അത് മനുഷ്യ സ്വഭാവം ആണ്. ഇങ്ങനെ ആണ് സമരം തുടങ്ങുന്നത്. കോൺഗ്രസ്സും കൂടി.
കമ്മ്യൂണിസ്റ്റു കാരും മോശമില്ലല്ലോ. നല്ല മുഷ്ക്കോടെ തന്നെ നേരിട്ടു. അങ്ങനെ ആണ് കച്ചറകൾ ഇത്ര രൂക്ഷം ആവുന്നത്. നെഹ്റു വിന്റെ കേന്ദ്ര സർക്കാർ അവസാനം സർക്കാരിനെ പിരിച്ചു വിട്ടു !
അന്ന് എനിക്ക് അപ്പനോട് വലിയ ബഹുമാനം തോന്നി . അന്നൊക്കെ ഈ സമരവീരന്മാരെ ഒക്കെ ആരാധന ആണല്ലോ . സ്വാതന്ത്ര്യസമരം – അതൊക്കെ ചെയ്തിട്ടുള്ളവർ ഉഷാർ അല്ലെ ? അത് പോലെ വിമോചന സമരം – മ്മള് സുറിയാനി ക്രിസ്ത്യാനികള് സഹ മാടമ്പികൾ ആയ നായന്മാരോടും , നമ്പൂരാരോടും ഒക്കെ കൂടി നടത്തിയ സമരല്ലേ ? മ്മളും പണ്ട് നമ്പൂരാര് മാർഗം കൂടിയത് ആണേ – സംസ്കൃതത്തിനു പകരം സുറിയാനി . കർത്താക്ക് പകരം കർത്താവ് . സർവീസ് സൊസൈറ്റിക്ക് പകരം സഭ . ആത്രേള്ളോ .
ഞാൻ ആരാധനയോടെ അപ്പനെ നോക്കി . അപ്പൻ നെഞ്ചു വിരിച്ച് , മീശ പിരിച്ച് , എന്റെ ആരാധന ആസ്വദിച്ചു കൊണ്ടിരുന്നു . പിന്നെ പതുക്കെ കുനിഞ്ഞു ചെവീടെ അടുത്തേക്ക് മുഖം കൊണ്ട് വന്നു . എന്നിട്ട് പറഞ്ഞു:
“അതെ , ഇതൊന്നും ആരോടും പറയണ്ട .”
“അതെന്താ പപ്പ – ഇതൊക്കെ ഒരു വെയ്റ്റ് അല്ലെ ?”
“വെയ്റ്റ് ഒക്കെ തന്നെ . ന്നാലും നാണക്കേടാ . ”
“ങേ , അതെന്താ ?”
“അതെ , കുറെ കാലം എടുക്കും ചില കാര്യങ്ങൾ ഒക്കെ മനസ്സിലാവാൻ .”
“ങേ – ഒന്നും മനസ്സിലായില്ല .”
“ങാ – അതാ പറഞ്ഞത് . ഇനി ഒരു പത്തിരുപത് വര്ഷം എടുക്കും ഇപ്പഴത്തെ പല കാര്യങ്ങളും നിനക്ക് മനസ്സിലാകാൻ .’
“ഇല്ല , പറ്റില്ല . എനിക്ക് ഇപ്പം എല്ലാം മനസ്സിലാക്കണം .”
“പോടാ – പോയിരുന്നു പടിക്കെടാ. ഉം .”
അങ്ങനെ കാലത്തിന്റെ തികവിൽ , കാലചക്രത്തിന്റെ ഭ്രമണ പഥത്തിൽ , കാല പുരുഷന്റെ കാൽനട യാത്രയിൽ , കാലന്റെ ആഗമനാസന്ന കാലേ , പല കാര്യങ്ങളും പഠിക്കാൻ , കാലമാടൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി .
കലികാലം .
(ജിമ്മി മാത്യു )