യുക്തി ജീവികളും വികാര ജീവികളും – ചില യുക്തി ഭദ്ര ചിന്തകൾ :

യുദ്ധണ്, ജാതി യുദ്ധണ്. എന്തുട്ടാ പെട – എന്തുട്ടാ ഒരു കലക്ക് . ആരാ ജയിക്കേരാ ?

ജാതി യുദ്ധം തന്നെ . ഒരു ഗ്രൂപ് യുക്തിവാദികളും മറ്റൊരു ഗ്രൂപ്പ് യുക്തി വാദികളും ജാതി സംവരണത്തിന്റെ പേരിൽ ഘോര ഘോരം അടി പിടി നടക്കാണ്‌ എന്നത് ക്ലിയർ ആണല്ലോ .

 

യുക്തന്മാർ ആയതോണ്ട് ഈ യുദ്ധം തെരുവുകളിലേക്ക് പരന്നൊഴുകി , പൊതുജനത്തെ കഷ്ടപ്പെടുത്തി , ചോരപ്പുഴ ഒഴുക്കി പ്രശ്നം ഒന്നും ആകാൻ സാധ്യത ഇല്ല . എന്തിനു – ഒരു വിയർപ്പു പുഴ പോലും ഒഴുകാൻ ഇവിടെ സ്കോപ്പില്ല . ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ യുക്തന്മാരെ എനിക്ക് ഭയങ്കര ഇഷ്ടമാണ് . അവർ ചക്കരയാണ് , ചപ്പിക്കുടിയൻ  മാങ്ങ ആണ് , നാരങ്ങാ മിഠായി ആണ് .

 

വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞ് , മസ്തിഷ്ക കുരു പൊട്ടീരാണ് പ്രധാന പരിപാടി . നമ്മുടെ ഉള്ളിലെ അന്തരാളങ്ങളിൽ ഒളിച്ചിരിക്കുന്ന ചൊറിയാമ്പുഴുക്കളെ അഴിച്ചു വിട്ട് , അങ്ങോട്ടും ഇങ്ങോട്ടും ചൊരിഞ്ഞു മാന്തി സായൂജ്യം അടയുന്ന പുതിയ കാലത്തെ നൂതന ജൂദ്ധ രീതിയാണ് ഇത് .

 

ചൊറിയാമ്പുഴു യുദ്ധം !

 

ഈ ചൊറിയാമ്പുഴു യുദ്ധത്തിൽ ഒതുങ്ങുന്നത് കൊണ്ട് സ്‌നേഹം അതി ഭയങ്കരം ആണ് . അതിനു പുറമെ , ഗംഭീര അസൂയയുമുണ്ട് . കുശുമ്പ് എന്ന അസൂയ . ചൊറിച്ചിൽ ഉണ്ടാക്കുന്ന അസൂയ . കുരു പൊട്ടിക്കുന്ന അസൂയ – കുരസൂയ . അകിരോ കുരസൂയ .

 

എന്തിനാണ് എനിക്ക് യുക്തന്മാരോട് അകിരോ കുരസൂയ ?

 

ആർക്കും യുക്തമാരുമായി തർക്കിച്ചു ജയിക്കാൻ പാടാണ്‌ . പാടു മാത്രമല്ല , പറ്റില്ല എന്ന് തന്നെ പറയാം .

 

“യുക്തൻ കോ ജയിക്കനാ മുഷിക്കിൽ ഹീ നഹീ – നപുംസക്  ഹെയ്  – ഐ മീൻ – നേമുംകിൻ ഹേ .”

 

  ഞാൻ വിശദമാക്കാം . പ്രധാനമായും ഏതെങ്കിലും മതത്തിന്റെയോ കമ്മ്യൂണിസം പോലുള്ള ഒരു വിശ്വാസ സംഹിതയുടെയോ ആളുകളാണല്ലോ തർക്കത്തിന് വരുന്നത് . ഇവരുടെ അജണ്ട തന്നെ ആദ്യം ഒരു വിശ്വാസ പ്രമാണത്തിൽ ഉറച്ചു നിൽക്കുക , അതിനെ സപ്പോട്ടക്ക കൊടുക്കുന്ന തെളിവുകൾ അവിടന്നും ഇവിടന്നും പെറുക്കുക എന്നതാണ് . എന്നാൽ ഒരു കോണാത്തിലും വിശ്വാസം ഇല്ലാത്ത യുക്തൻ , ഈ സംഭവത്തിൽ നിന്ന് മുക്തൻ ആണ് . അതുകൊണ്ട് ഏത് തെളിവും പോയിന്റും എവിടന്നും പെറുക്കി എടുത്ത് അലക്കി കളയും .

 

രണ്ടാമത് – മിക്ക വിശ്വാസ പ്രമാണങ്ങളിലും വൈരുധ്യാല്മകത കാണും . അതിൽ കേറി പിടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല . ഉദാഹരണത്തിന് , ‘ഇസ്ലാം സമാധാനത്തിന്റെ മതമാണ് ‘ എന്ന് പറഞ്ഞാൽ , ഇതിനെതിരായ കുറെ പുസ്തക സൂക്തങ്ങൾ കൊണ്ടുവന്നാൽ വിശ്വാസി ഫ്‌ളാറ്റ. ‘ ക്രൈസ്തവ മതം സമാധാനത്തിന്റെ മതം ആണ് ‘ എന്ന് പറഞ്ഞാൽ പണ്ട് ആളുകളെ കൂട്ടമായി കൊന്നതും , ബ്രൂണോ യെ കത്തിച്ചതും , ഗലീലിയോയെ ഭീഷണിപ്പെടുത്തിയതും ഒക്കെ വച്ച് എപ്പോ തേച്ചു ഒട്ടിച്ചു എന്ന് ചോദിച്ചാൽ മതി . ഹിന്ദുത്വ വാദികളെ ഒതുക്കാൻ ജാതി , പിന്നെ ഈയം ഉരുക്കി ചെവിയിൽ ഒഴിക്കൽ , അങ്ങനെ അങ്ങനെ .

 

അതായത് ചോദ്യം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ വച്ചാണ് മിക്ക മനുഷ്യരും നടക്കുന്നത് . ജനാധിപത്യ ത്തിൽ തന്നെ ഒരു പാർട്ടിയിൽ അംഗമോ , നേതാവോ ആയ ഒരാൾക്ക് , പാർട്ടി നയങ്ങളെ ന്യായീകരിച്ചേ പറ്റൂ . ന്യായീകരിക്കാൻ കാര്യങ്ങൾ മേലെ പറഞ്ഞ പോലെ തെരെഞ്ഞെടുത്തത് പെറുക്കേണ്ടി വരും . പാർട്ടി അധ്യക്ഷനെയോ , അടിസ്ഥാന പ്രമാണങ്ങളെയോ ഒന്നും ഖണ്ഡിക്കാൻ പറ്റുകയും ഇല്ല .

 

എന്തിനെയും ചോദ്യം ചെയ്യാമെങ്കിൽ ജയിക്കാൻ ഭയങ്കര എളുപ്പം ആണ് . ഒരുദാഹരണം പറയാം :

 

ഞാൻ സിറിയൻ കത്തോലിക്കാ ആണ് . തോമാശ്ളീഹാ വന്നു ഒന്നാം നൂറ്റാണ്ടിൽ കുറെ ബ്രഹ്‌മണരെ മതം മാറ്റി ഞങ്ങൾ ഉണ്ടായി എന്നതാണ് ഞങ്ങടെ ഗോത്രത്തിന്റെ ഉത്ഭവ കഥ (origin myth ). ഇത് സത്യമാണോ അല്ലയോ എന്നതിനെ പറ്റി ഉള്ള വാദങ്ങളിലേക്ക് അധികം കടക്കുന്നില്ല . പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടായി എന്ന് പറയുന്നതും ഈ ഒറിജിൻ മിത്തും തമ്മിൽ ഒരു വ്യത്യാസമേയുള്ളൂ . തോമാശ്ലീഹാ ഇവിടെ വന്നു കൂടായ്കയില്ല എന്ന ഒരൊറ്റ കാര്യം മാത്രം . ബാക്കി ഒക്കെ ഈ കഥക്ക് എതിരാണ് .

 

ഈ കഥയെ ഹസിക്കുന്ന ഒരു ലത്തീൻ കത്തോലിക്കാ പുരോഹിതൻ ഒരിക്കൽ ഞാനുൾപ്പെടെ ഉള്ള കുറെ ആളുകളുടെ മുൻപിൽ വച്ച് പറഞ്ഞു :

 

“ഈ സെയിന്റ് തോമസ് ഇവിടെ വന്നു എന്നതിന് തെളിവില്ല . ഹി ഹി .”

 

എല്ലാ ലത്തീൻ കത്തോലിക്കരും ചിരിച്ചു . അപ്പൊ എന്റെ ഒരു സുഹൃത്ത് , സിറിയൻ , ചോദിച്ചു :

 

“അച്ചോ – അപ്പൊ യേശു ക്രിസ്തു ദൈവം ആണെന്നതിനു വല്ല തെളിവും ഉണ്ടോ ? എന്നിട്ട് നമ്മൾ വിശ്വസിക്കുന്നില്ലേ.”

 

പ്ലിങ് എന്നൊരു ശബ്ദം എവിടെന്നോ കേട്ടു .

 

അതോടെ അച്ഛൻ പൂർണമായും ഒതുങ്ങി പോയി . 

 

ഇങ്ങനെ ഒക്കെ ആണെങ്കിലും , തീവ്ര യുക്തൻ ആകാൻ ഒരു മനുഷ്യനും കഴിയില്ല . മ് മ് ….തീവ്രം ആകാൻ പറ്റും – യഥാർത്ഥ യുക്തൻ ആവാൻ പറ്റില്ല . യുക്തത്വത്തിലേക്ക് പ്രയാസപ്പെട്ട് അടി വച്ചടി വച്ച് നടക്കാൻ ചിലപ്പോൾ പറ്റിയേക്കും . പ്രധാനമായും രണ്ടു കാരണങ്ങൾ ആണ് ഇതിനുള്ളത് :

 

ഒന്നാമത് – ഒരു വിശ്വാസ പ്രമാണം ഉള്ളിൽ വച്ച് , അതിനുള്ള തെളിവുകൾ പെറുക്കുന്നവർ ആണ് മിക്ക മനുഷ്യരും എന്നത് തിരുത്തേണ്ടി വരും . ഏതാണ്ട് എല്ലാ മനുഷ്യരും ഇങ്ങനെ ആണ് . ഇതിനെ കാഠിന്യം കൂടിയും കുറഞ്ഞും ഇരിക്കും എന്ന് മാത്രം . ഒരു പെന്തക്കോസ്താ മത വിശ്വാസി ഭൂമി വെറും നാലായിരം കൊല്ലങ്ങൾക്കു മുൻപ് ഉണ്ടാക്കിയത് ആണെന്ന് വിശ്വസിച്ചെന്നിരിക്കും . നല്ല യുക്തി ബോധമുള്ള , വിശ്വാസ  കെട്ടു പാടുകളിൽ നിന്നും മോചിതൻ ആയ ഒരാൾ മിക്കവാറും മണ്ടത്തരങ്ങളിൽ നിന്ന് രക്ഷപ്പെട്ടാലും confirmatory  bias എന്ന ഈ കുണാണ്ടറിയിൽ നിന്നും  പൂർണ മോചനം ഇല്ല .

 

ഈ ബയസ് കുറെ ഒക്കെ ഇല്ലാതാക്കാൻ ശാസ്ത്രത്തിന്റെ പടി പടി ആയുള്ള പരിപാടികളിൽ കൂടി മാത്രമേ പറ്റൂ . അത് തന്നെ പാടാണ് . ‘ഓരോരോ മരണങ്ങളിലൂടെ ആണ് ശാസ്ത്രം പുരോഗമിക്കുന്നത്’ എന്ന ഒരു ചൊല്ല് തന്നെ യുണ്ട് .  ഓരോ ഭീകര ശാസ്ത്രജ്ഞന്മാരും അവരവരുടെ തീയറികളിൽ ഉറച്ചു നിൽക്കും . അവർ മരിക്കുമ്പോഴേ അതിൽ മാറ്റങ്ങൾക്കുള്ള സാധ്യത ഉള്ളു എന്നർത്ഥം . ഇങ്ങനെ ആണെങ്കിലും സത്യത്തിലേക്ക് നടക്കാൻ ഈ പരിപാടി കൊണ്ടേ പറ്റൂ . മനുഷ്യ സ്വഭാവത്തിന് എതിരെ നടക്കുന്ന ഒരു പരിപാടി ആണ് ശാസ്ത്രം.

 

ആധുനിക മനഃശാസ്ത്രം ഒരു പടി കൂടി കടന്ന് ഇതിനെ ശരി വക്കുന്നു . എന്ത് കാര്യത്തിനും നമ്മുടെ ഉള്ളിൽ ഒരു ആശയ സംഹിത (mental schema ) ഉണ്ട് . ഉദാഹരണത്തിന് , ഹോമിയോപ്പതി എന്ന് കേൾക്കുമ്പോൾ എന്റെ ഉള്ളിൽ ഉണ്ടാകുന്ന ഒരു കൂട്ടം ബന്ധപ്പെട്ട ആശയങ്ങൾ ഉണ്ട് . ഇതുമായി ഒത്തു പോകുന്ന കാര്യങ്ങൾ മാത്രം പെട്ടന്ന് എന്റെ ഓർമയിൽ നിൽക്കും എന്നും , അല്ലാത്തവ പെട്ടന്ന് മറന്നു പോകും എന്ന് ആധുനിക കണ്ടെത്തലുകൾ ഉണ്ട് . എന്തിനെയും ശാസ്ത്രീയ പഠനത്തിന് ദയ ഇല്ലാതെ വിധേയം ആക്കണ്ടത്തിന്റെ ആവശ്യം ഇതിൽ നിന്നും മനസ്സിലാകും . അതായത് , തെളിവ് പെറുക്കുന്നത്  മാത്രം അല്ല , നമ്മുടെ ഓര്മ പോലും യുക്തഭദ്രം അല്ല . ങ്ങീ ങ്ങീ – മോങ്ങാൻ തോന്നുന്നു .

 

പിന്നെ ഒന്ന് വികാരങ്ങൾ ആണ് . നമ്മൾ വികാര ജീവികൾ ആണല്ലോ . ലിംബിക് സിസ്റ്റെം എന്ന എല്ലാ സസ്തനികളിലും അത്യാവശ്യം വലിപ്പം ഉള്ള ഒരു സാധനം ആണ് , വികാരങ്ങൾ വരുന്ന ഈ വികാര മസ്തിഷ്‌കം . എന്നാൽ മനുഷ്യരിൽ ഏറ്റവും വികസിച്ചിട്ടുള്ള മസ്തിഷ്ക സ്ഥലം കാര്യങ്ങളെ കാര്യ കാരണ സഹിതം വിലയിരുത്തുന്നു എന്ന് പറയപ്പെടുന്ന പ്രീ ഫ്രോണ്ടൽ കോർടെക്സ് ആണ് .

 

ഈ പ്രീ ഫ്രോണ്ടൽ കോര്ട്ടെക്സിനെ വികാരങ്ങളുമായി ഒത്തു നോക്കുന്ന സ്ഥലം ആണ് വെൻട്രോ മീഡിയൽ പ്രീ ഫ്രോണ്ടൽ കോർടെക്സ് . ഇതിനെ നമുക്ക് വികാര മസ്തിഷ്ക അംബാസിഡർ എന്ന് വിളിക്കാം .

 

ചില ചുരുക്കം മനുഷ്യരിൽ ഈ വികാര മസ്തിഷ്ക അംബാസിഡർ സ്ട്രോക്ക് മൂലമോ , അപകടങ്ങൾ മൂലമോ അടിച്ചു പോയിട്ടുണ്ട് . ഇങ്ങനെ ഉള്ളവർക്ക് വികാരങ്ങൾ തീരെ അവരുടെ ബോധത്തെ ബാധിക്കുകയില്ല . ശരിക്കും നിർവികാരർ. പക്ഷെ ഇവരുടെ മറ്റെല്ലാ തരത്തിലും ഉള്ള ബുദ്ധിക്ക് ഒരു കുഴപ്പവുമില്ല . ശരി തെറ്റുകൾ പോലും ഒരു കുഴപ്പവുമില്ലാതെ വിവേചിച്ചറിയാം . അപ്പൊ നമ്മൾ വിചാരിക്കും ഇവർക്ക് ഒരു മാതിരി എല്ലാ കാര്യങ്ങളിലും വികാരം നോക്കാതെ യുക്തി ഭദ്രമായി മാത്രം തീരുമാനങ്ങളിൽ എത്താൻ സാധിക്കും എന്ന് .

 

എന്നാൽ കാണുന്നത് അതല്ല ! ഒരു കാര്യത്തിലും ഒരു തീരുമാനത്തിലും എത്താൻ പറ്റാത്തതാണ് അവരുടെ ഏറ്റവും വലിയ പ്രശ്നം ! പുട്ടു വേണോ അപ്പം വേണോ എന്ന് ചോദിച്ചാൽ ഇവർ ഇങ്ങനെ അന്തം വിട്ടിരിക്കും . എന്തിനു , അടുത്ത തിങ്കളാഴ്ച യാത്ര പോണോ ചൊവ്വാഴ്ച പോണോ എന്ന് ചോദിച്ചാൽ ഓരോന്നിന്റെയും മെച്ചവും കോട്ടവും പറഞ്ഞോണ്ട് ഇങ്ങനെ ഇരിക്കും . ഒരു തീരുമാനത്തിലും എത്തുക ഇല്ല !!

 

അതായത് ,  മസ്തിഷ്കമേ അങ്ങനെ ആണ് . വികാരങ്ങൾ ഇല്ലാതെ , യുക്തി മാത്രം ആയി ഒന്നും ചെയ്യാൻ നമ്മുടെ മസ്തിഷ്‌കം പ്രാപ്തമല്ല .

 

എന്നാലും യുക്തിയോടെ ചിന്തിക്കാൻ ശ്രമിക്കുന്നത് തന്നെ ആണ് യുക്തിയില്ലാതെ ബിപ്ലവ് ഉണ്ടാക്കാൻ നടക്കുന്നതിനേക്കാൾ നല്ലത് – സംശല്ല – ഉവ്വോ , ങേ ? (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .