കറുത്ത ജൂതന്മാരും വെളുത്ത ജൂതന്മാരും പിന്നെ നെയി മേനാശേകളും:

ഈയടുത്ത് മ്മ്‌ടെ ഇൻഡ്യാരാജ്യത്തിലുള്ള മണിപ്പൂരിലും മിസോറാമിലും ഒക്കെയുള്ള നെയ് മേനാശേ (Bnei Menashe) എന്ന കുറെ ഗോത്രവർഗക്കാർ അവർ ജൂതർ ആണെന്ന പേരിൽ ഇസ്രായേലിലേക്ക് കേറി പോവുകയുണ്ടായി. ഇപ്പൊ ഒരു അയ്യായിരത്തോളം പേര് ഇവരിൽ നിന്ന് ഇസ്രായേലിൽ എത്തിയിട്ടുണ്ട്.

ജൂതന്മാർ മിഡിൽ ഈസ്റ്റിൽ ഉത്ഭവിച്ച ഹീബ്രൂ സംസാരിക്കുന്ന ഒരു ഗോത്രക്കൂട്ടം ആണ്. യഹോവ എന്ന ഏകദൈവം. എബ്രഹാം എന്ന കാരണവരുടെ സന്തതിപരമ്പരകൾ. (എന്നൊക്കെയാണ് വെയ്പ്പ്).

ഇതൊന്നും ഒരു പുത്തരിയല്ല. മനുഷ്യർ ഇങ്ങനത്തെ ഒരു ഗോത്രക്കൂട്ടങ്ങളുടെ ഒരു ഇമ്മിണി വലിയ കൂട്ടം ആണ്. ജൂതർ അവരുടെ ഗോത്ര ഐഡൻറ്റിറ്റി എന്ന അസ്തിത്വം 500 ബി സി മുതൽ ഇത്രേം നാൾ കൊണ്ട് നടന്നു- ലോകം മൊത്തം ചിതറി തെറിച്ചിട്ടും. ഇത് ഒരു സംഭവമാണെന്ന് വേണേൽ വാദിക്കാം. അപ്പൊ അബ്രഹാമിന്റെ രക്തം- ജീനുകൾ ആണല്ലോ ഈ അസ്തിത്വത്തിന്റെ കാതൽ. അത് കൊണ്ട് ജന്മനാ ജൂതൻ അഥവാ ജൂത ആവണം. ഒരു ജൂതനെയോ ജൂതയെയോ കല്യാണം കഴിച്ചും മറ്റുമൊക്കെ വലിയ പാട് പെട്ട് ചില പ്രത്യേക സാഹചര്യങ്ങളിൽ ജൂതൻ ആവാം. വളരെ വിരളമായി.

മ്മ്‌ടെ കേരളാവിൽ നല്ല എണ്ണങ്ങളിൽ ഈ ജൂതസമൂഹം ഉണ്ടായിരുന്നു. രണ്ടു തരം:

ഒന്ന്- കറുത്ത ജൂതന്മാർ- ഇച്ചിരി കറുത്തൊക്കെ ഇരിക്കും. നമ്മുടെയൊക്കെ പോലെ. സൂക്ഷിച്ചു നോക്കിയാൽ ഇച്ചിരി ഛായ വ്യത്യാസമൊക്കെ കണ്ടെന്നിരിക്കും.

രണ്ട്- വെളുത്ത ജൂതന്മാർ- ഇച്ചിരി വെളുത്ത് ചെറിയ യൂറോപ്യൻ ഛായ ഉള്ളവർ.

കറുത്തവർ പണ്ട് വന്നവരാണ്. ബാബിലോൺ സാമ്രാജ്യം ജൂത ദേശം ബി സി യിൽ പിടിച്ചടക്കിയപ്പോ ജൂതന്മാരെ കുറെ ഓടിച്ചല്ലോ. പിന്നെ 70 എ ഡി യിൽ റോമാക്കാർ ഓടിച്ചിട്ടുണ്ട്. നല്ല ഓട്ടവീരന്മാർ ആണിവർ. അന്നൊക്കെ വന്നവരായിരിക്കും കറുത്ത ജൂതർ. സ്വാഭാവികമായി മ്മ്‌ടെ വെയിലൊക്കെ കൊണ്ട് കരുവാളിച്ചു എന്നേയുള്ളു. അല്ലാതെ..ഛെ..ഛെ.

പിന്നീട് കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ യൂറോപ്യൻ ക്രിസ്ത്യാനികൾ 15 , 16 നൂറ്റാണ്ടിൽ ഒക്കെ ഓടിച്ചവർ ആണ് വെളുത്ത ജൂതർ എന്നനുമാനിക്കാം. ഓട്ടം ആണ് സാറെ, ഇവരുടെ മെയിൻ. പക്ഷെ എവിടെപ്പോയാലും അസ്തിത്വം- അത് നില നിർത്തിയിരിക്കും.

എങ്കിലും വെളുത്ത ജൂതർ കറുത്ത ജൂതരെ അത്ര അടുപ്പിക്കില്ലായിരുന്നു. താഴ്ന്ന ജാതികൾ ആണത്രേ അവർ! വേറെ പള്ളി, വേറെ ശ്‌മശാനം. തമ്മിൽ കല്യാണവും കഴിക്കില്ല. വംശശുദ്ധി നോക്കണ്ടേ? ണ്ടേ, ണ്ടേ?

ജനിതക പഠനങ്ങൾ ആണ് രസകരം. സംഭവം ഇത്രേം കഷ്ടപ്പെട്ട് സ്വത്വം നിലനിർത്തിയിട്ടും വംശ ശുദ്ധി നോക്കിയിട്ടും എഴുപത്- എൺപത് ശതമാനവും ഇവരിൽ നല്ല ശുദ്ധമായ ദക്ഷിണ ഇന്ത്യൻ ജനിതകം ആണ്! ഒരു ഇരുപത് ശതമാനം ഒക്കെ മിഡിൽ ഈസ്റ്റ് ലക്ഷണം കാണാൻ ഉണ്ട് കേട്ടോ. അപ്പൊ കറുത്തവരും വെളുത്തവരും തമ്മിൽ? കാര്യമായ വ്യത്യാസം ഒന്നും കാണാൻ ഇല്ല!

ഇതിൽ നിന്ന് എന്ത് മനസിലായി?

  1. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്ന ചെറിയ വ്യത്യാസങ്ങളെ (തൊലിനിറം, മുഖാകൃതി etc) പെരുപ്പിച്ച് കാട്ടി ഗോത്രവ്യത്യാസങ്ങൾ ചമയ്ക്കാൻ മനുഷ്യർ ബഹുമിടുക്കർ ആണ്. അടി കൂടി കൊല്ലലും തല്ലലും ഇല്ലാതായാൽ ബോറടിക്കൂല്ലേ? അല്ല പി. (പരിണാമപരമായ ചില വളരെ ഇന്റെരെസ്റ്റിംഗ് ആയ കാരണങ്ങൾ കണ്ടേക്കാം- അത് പി)
  2. ഈ വംശശുദ്ധി ഒക്കെ പറയാനും ഊറ്റം കൊള്ളാനുമൊക്കെ കൊള്ളാം. ശരിക്കും നിലനിർത്താൻ ഒക്കെ പാടാണെന്നേ. മനുഷ്യനല്ലേ പുള്ളേ- ഹഹഹ്ഹഹിഹിഹി.

പിന്നെ മ്മ്‌ടെ സിറിയൻ ക്രിസ്ത്യാനികളുടെ ജനിതക പഠനങ്ങൾ നോക്കി കേട്ടോ. ക്നാനായക്കാർ ഉൾപ്പെടെ. അധികം പഠനങ്ങൾ കാണാനില്ല. ഉള്ളത് വെച്ച് അവരും ഏതാണ്ട് മൊത്തം ദക്ഷിണ ഇന്ത്യൻ മക്കൾ തന്നെ. വല്ല ചില്ലറ ശതമാനം മിഡിൽ ഈസ്റ്റ് കാണാനുണ്ട് കേട്ടോ. ഇവിടെ ഉള്ള ദക്ഷിണ ഇന്ത്യൻ ജാതികളിൽ ഒരു ജാതിയായി കൂട്ടാം. ഇനിയും പഠനങ്ങൾ വരട്ടെ. (ഞെട്ടിപ്പിക്കുന്ന ഒന്നും കാണാൻ സാധ്യത ഇല്ല)

അപ്പൊ നമ്മടെ നോർത്ത് ഈസ്റ്റിലെ നെയ്‌ ജൂതർ? ആ. അവർ ക്രിസ്ത്യാനികൾ ആരുന്നു. പെട്ടന്ന് അവരുടെ ഒരു പാസ്റ്റർക്ക് 1950 ൽ ഒരു വെളിപാട് തോന്നി- ഞങ്ങൾ ജൂതർ ആണ്!! അപ്പൊ തന്നെ ജൂതരുടെ എല്ലാ സംസ്കാര, മത ശീലങ്ങളും സ്വീകരിച്ചു. അത്രേയുള്ളു.

അവരുടെ ജനിതകം ഒക്കെ പഠിച്ചു നോക്കി.

ദോഷം പറയരുതല്ലോ- കമാ ..ന്നൊരു ജൂത ജനിതകം ങേഹേ- ഇവരിൽ ഇല്ല!! എന്നാലും 2005ൽ ഇസ്രായേലിലെ പ്രധാന ജൂത പുരോഹിതന് ഒരു വെളിപാട് കിട്ടി- ഇവർ ജൂതർ ആണ്. അപ്പൊ തന്നെ പ്ലെയിനിൽ കേറ്റി കൊണ്ടുപോക്ക് തുടങ്ങി. ആഹാ ആഹഹാ.

ഇതിൽ നിന്ന് എന്ത് മനസിലായി?

ആഞ്ഞു പിടിച്ചാൽ ഇവിടെ ഇസ്രയേലിനെ ഘോര ഘോരം പിന്തുണക്കുന്ന ചില ഗ്രൂപ്പുകാർക്കൊക്കെ ഹോപ്പ് ഉണ്ട് മക്കളെ ഹോപ്പ് ഉണ്ട്. പോകാൻ ഇച്ചിരി കഞ്ഞീം ചമ്മന്തീം മാത്രം. കിട്ടിയാലോ- വലിയ കുറെ ബോംബുകളും മിസ്സയിലും. (ജിമ്മി മാത്യു)

Ref:

Behar, D. M., et al. (2010).
The genome-wide structure of the Jewish people. Nature, 466(7303), 238–242.

Chaubey, G., et al. (2016).
Genetic affinities of the Jewish populations of India. Scientific Reports, 6, 19166.

Encyclopaedia Britannica. (n.d.).
Cochin Jews.

Fernandes, E. (2008).
The last Jews of Kerala. Portobello Books.
Katz, N. (2000).

Who are the Jews of India? University of California Press.
Slapak, O. (Ed.). (1995).

The Jews of India: A story of three communities. Oxford University Press.
Thomas, R., et al. (2006).

A crypto-Dravidian origin for the non-tribal communities of Kerala. Human Biology, 78(3), 301–321.

Waldman, Y. Y., et al. (2016).
The genetic history of Cochin Jews from India. Human Genetics, 135(10), 1127–1143.

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .