ലൂക്ക – ഒരു അതി പുരാതന കഥ:

ഈ അടുത്ത് എന്ത് മാത്രം നല്ല സിനിമകൾ ആണ് ഇറങ്ങിയത് ! കുമ്പളങ്ങി , ഉയിരേ , തമാശ , വൈറസ് , ലൂക്ക …

പണ്ടാരം – കണ്ടു കണ്ട് ഊപ്പാട് വന്നു .

ഇതിൽ ലൂക്ക പ്രത്യേകിച്ചും കൊള്ളാം . ഒരു പുതുമ , ഒരു കുളിര്. ഹൃദയ പേശികളിൽ  എവിടെയോ ഒരു കോച്ചിപ്പിടുത്തം . അതൊക്കെയല്ലേ ഈ കല , കല എന്നൊക്കെ പറയുന്നത് .

ഞാനും ഭാര്യയും മാത്രമാണ് ലൂക്ക കാണാൻ പോയത് .

സ്‌ക്രീനിൽ ടൊവീനോയുടെയും നിഹാരികയുടെയും കാരക്ടറുകളുടെ അദമ്യ, ദൃഢ , സുന്ദര സുരഭില , കിടുക്കാച്ചി , മാക്കാച്ചി പ്രേമം പതിയെ , സ്ലോ മോഷനിൽ പൂത്തുലയുന്നു . ആയിരം പ്രേക്ഷക മനസ്സുകളിൽ ചോക്കോ ലാവാ കെയ്ക്ക് പൊട്ടി ഒഴുകുന്നു . തീയേറ്ററിൽ അടക്കിപ്പിടിച്ച ദീർഘ നിശ്വാസങ്ങൾ .

അരണ്ട വെളിച്ചം . ലൂക്ക , തന്റെ പ്രണയിനിയുടെ മുഖത്തിനടുത്തേക്ക് ചുണ്ട് അടുപ്പിക്കുന്നു . പ്രപഞ്ചം മൊത്തം ശ്വാസം അടക്കിപ്പിടിച്ച് ഇരിക്കയാണ് . മുന്നിൽ ഒരു കൊച്ചിൻറെ  മൂക്കിൽ നിന്ന് വെള്ളം ഒലിക്കുന്ന ശബ്ദം പോലും എനിക്ക് കേൾക്കാം–  ഗള് ഗള് ഗള് ….

ഞാൻ പതിയെ ഭാര്യയുടെ നേരെ തിരിഞ്ഞു . അവൾ എന്റെ നേരെ നോക്കി . ഞാൻ അവളുടെ അടുത്തേക്ക് മുഖം കുനിച്ചു . പണ്ട് ഞാൻ പലപ്പോഴും വിചാരിച്ച കാര്യം ആണ് – ആൾ സുന്ദരി ആണ് . പ്രത്യേകിച്ചും അരണ്ട വെളിച്ചത്തിൽ .

സ്റ്റോപ്പ് – ഇടവേള .

ഞാൻ പറഞ്ഞോണ്ട് വന്ന കാര്യം – ഛെ – പറയാൻ ഉദ്ദേശിച്ച കാര്യം അതല്ല .

നമ്മൾ മനുഷ്യർ ഉണ്ടായിട്ട് രണ്ടു ലക്ഷം കൊല്ലങ്ങൾ ആയിട്ടുണ്ട് . നമ്മുടെ പൂർവികർ ആയ ഹോമോ ഹാബിലിസ് ഉണ്ടായിട്ട് ഇരുപത് ലക്ഷം കൊല്ലം ആയി . നമ്മളും ചിമ്പാൻസിയും ഒരൊറ്റ പൂർവികനിൽ നിന്ന് ആണ് ഉണ്ടായത് . അറുപത് ലക്ഷം കൊല്ലങ്ങൾക്ക് മുൻപ് . രണ്ടായിരം ലക്ഷം കൊല്ലങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഏതോ ഒരു മുല ജീവി  ആണ് മുല ഉള്ള , ഏലി മുതൽ തിമിംഗലം വരെ ഉള്ള ജീവികളുടെ പൂർവികൻ . അങ്ങനെ ഒരു മരത്തിന്റെ ശാഖകൾ പോലെ ഇങ്ങനെ കിടക്കയാണ് ജന്തു സസ്യ ജാലങ്ങൾ . എന്തൊരു ഭീമാകാര അദ്‌ഭുത സത്യം !

അപ്പൊ , ഇതിന്റെ തായ് വേര് എവിടെ ? അത് ഒന്നാണോ , അതോ പലതോ .

നമ്മുടെ താടി വച്ച സദ്ഗുരുവിനെ പോലെ ഇരിക്കുന്ന , എന്നാൽ നല്ല സുബോധത്തോടെ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഡാർവിൻ ഗുരു പറഞ്ഞത് ഇതാണ് :

“ഇന്നീ കാണുന്ന കോടാനുകോടി ജീവജാലങ്ങളുടെയും പൊതു പൂർവികർ ഒരൊറ്റ ജാതി ജീവിയാകാൻ സാധ്യത ഉണ്ട് . എന്ത് അദ്‌ഭുതകരമായ കാര്യം .”

അന്ന് , ഡി ൻ എ പോയിട്ട് , ചെറു അണുജീവികളെ വരെ കണ്ടു പിടിച്ചിട്ടില്ല . ഇന്ന് ജനിതകം തലമുറകൾ വഴി കൈമാറ്റം ചെയ്യുന്നത് ഡി ൻ എ എന്ന തന്മാത്ര മൂലം ആണ് എന്ന് നമുക്കറിയാം . സെക്സ് ഉള്ള ജീവികളിൽ പകുതി ഡി ൻ എ ആണിന്റെ അവിടന്നും , പകുതി പെണ്ണിന്റെ അവിടന്നും കിട്ടും . ഏക കോശ ജീവികളിൽ അങ്ങനെ ഇല്ല . ചുമ്മാ ഡി ൻ എ ഇരട്ടിക്കും . മൊത്തം കോശം രണ്ടായി മുറിയും . രണ്ടെണ്ണം ആവും . പാർട്ടി സൂക്തങ്ങളും ഒരു ഗ്ലാസ് നാരങ്ങാ വെള്ളവും . ചടങ്ങ് കഴിഞ്ഞു . ഒരു ജാതി ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന പോലത്തെ പരിപാടി .

എന്നാൽ ഇന്നുള്ള ജീവികളിലെ ഡി ൻ എ കളുടെ വിന്യാസം നോക്കിയാൽ , നമ്മക്ക് പതിയെ പിന്നോട്ട് റീവൈൻഡ് ചെയ്യാം . അങ്ങനെ ചെയ്‌താൽ , എത്തുന്നത് ഏകദേശം കടലിന്റെ ആഴങ്ങളിൽ ഉള്ള , തിളച്ച വെള്ളം വരുന്ന അഗ്നിപാതങ്ങളിൽ ജീവിക്കുന്ന ആർകെയീ ബാക്റ്റീരിയ വിഭാഗത്തിൽ ആണ് . അതായത് , നമ്മുടെ ഒക്കെ മുത്  മുത്തച്ഛൻ, നമ്മൾ എന്ന വികാരജീവികളുടെ പൂർവികൻ , ഒരു പാതാള ജീവി ആയിരുന്നു .

നമ്മൾ ജീവികൾ – ഏലി , റംബുട്ടാൻ മരം , കണിക്കൊന്ന , പിണറായി വിജയൻ , നരേന്ദ്ര മോഡി , തൊരപ്പൻ , കോഴി , മണ്ണിര , അമീബ , സ്ട്രപ്റ്റോകോക്കസ് , ഒക്കെ ഒരു കുടി ആണ്ഇഷ്ടോ – ഒരൊറ്റ കുടി .

എല്ലാരിലും ഉള്ളത് ഡി ൻ എ . പ്രോട്ടെൻ ഉണ്ടാക്കാൻ വേണം ആർ ൻ എ . ശരീരം ഉണ്ടാക്കിയിരിക്കുന്നത് മൊത്തം പ്രോട്ടീനുകൾ കൊണ്ട് . അതും ലീവോ റോട്ടറ്റഡ് ഷെയ്പ്പ് ഉള്ള വെറും ഒരേ ഇരുപത് അമിനോ ആസിഡുകൾ കൊണ്ട് ഉണ്ടാക്കിയ പ്രോട്ടീനുകൾ . ടെക്സ്‌ട്രോ റോട്ടട്ടേഡ്‌ ആയതും അല്ലാത്തതും ആയി എത്രയോ നൂറ് കണക്കിന് അമിനോ ആസിഡുകൾ വേറെ ഉണ്ട് ? പിന്നെ – ഡി ൻ എ പോളിമേറസ് , ഡി ൻ എ ടോപ്പോ ഐസോ മെറാസ് , തുടങ്ങി ഒരു പരപ്പ് എൻസയ്മ് പ്രോട്ടീനുകൾ എല്ലാം അങ്ങനെ തന്നെ വേണം , ഡി ൻ എ വിഘടിക്കുന്നതിനും , പ്രോട്ടീനുകളെ  ഉണ്ടാക്കുന്നതിനും .

അതായത് , നമ്മുടെ എല്ലാം ഉള്ളിന്റെ ഉള്ളിലുള്ള സോഫ്ട്‍വെയർ ഒന്നാണ് . ചിലത് ലാപ് ടോപ് , ചിലത് ഡെസ്ക്ടോപ്പ് , ചിലത് കുഞ്ഞു മൊബൈൽ , ചിലത് വെല്യ ഫാക്ടറി . പക്ഷെ എല്ലാം ഓടുന്നത് ഒറ്റ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് .

ഈ മുതു മുത്തച്ഛന്റെ പേര് ആണ് ലാസ്റ്റ് യൂണിവേഴ്സൽ കോമൺ ആൻസെസ്റ്റർ ( എൽ , യൂ , സി , എ )

അപ്പൊ കഥയിലേക്ക് വരാം , ഞാൻ വൈഫിന്റെ നേരെ പതിയെ കുനിയുന്നു . പുള്ളിക്കാരി എന്നെ വിടർന്ന കണ്ണുകളോടെ നോക്കുന്നു . നായികയുടെ അത്രേം ഉണ്ടക്കണ്ണു ഇല്ലെങ്കിലും – കൊള്ളാം .

ഞാൻ പറയുന്നു :

“ഈ ലൂക്ക എന്തുട്ടാ ന്നു അറിയോ നിനക്ക് ?”

അവൾ എന്നെ നോക്കുന്നു . ഞാൻ തുടരുന്നു .

“എൽ യു സി എ – ലൂക്ക – LUCA – ലാസ്റ്റ് യൂണിവേഴ്സൽ കോമൺ ആൻസെസ്റ്റർ ! നമ്മുടെ ഒക്കെ മുതു മുത്തച്ഛൻ – ലൂക്ക വല്യപ്പൻ !”

അവൾ വിശ്വാസം വരാത്ത പോലെ എന്നെ നോക്കുന്നു .

“ഏയ് – നീയെന്തുട്ട്  പൂട്ടിനാണ് ഇങ്ങനെ നോക്കണേ . ഡി ൻ എ  ടോപ്പോ ഐസോമെറൈസ് വരെ സെയിം ആണെന്ന് ! ലീവോ റൊട്ടേറ്ററി അമിനോ ആസിഡ്സ് മറക്കണ്ട .”

സ്‌ക്രീനിൽ കിസ്സിങ് ഒക്കെ കഴിഞ്ഞു . അടുത്ത എന്തൊക്കെയോ പരിപാടികൾ തുടങ്ങി . കട്ടിലിൽ രണ്ടും കൂടി എന്തൊക്കെയോ ചെയ്യുന്നുണ്ട് . എക്സ്ചേഞ്ചിങ് പീസെസ് ഓഫ് ഡി ൻ എ . പുല്ല് . ഇതൊക്കെ തുടങ്ങിയിട്ട് അധികം കാലം ആയിട്ടില്ല. മൂന്ന് ബില്യൺ കൊല്ലങ്ങൾക്ക് മുൻപ് ലൂക്കയുടെ കാലത്ത് അതൊന്നും ഇല്ല .

പിന്നെ വേറെ വിശേഷം ഒന്നുമില്ല . മഴ ഉണ്ട് . ഭാര്യ അധികം ഒന്നും മിണ്ടുന്നില്ല . ഇപ്പൊ രണ്ടാഴ്ച ആയി . എന്താണോ എന്തോ .

അത് മാത്രമല്ല . ഞാൻ വായിച്ചോണ്ടിരുന്ന മാക്സ് ടെഗ്‌മാർക്കിന്റെ ‘ദി മാത്തമറ്റിക്കൽ യൂണിവേഴ്‌സ് ‘ എന്ന ഉഗ്രൻ സെക്സി ബുക്ക് കാണുന്നില്ല . ഞാൻ പൊന്നു പോലെ സൂക്ഷിച്ചിരുന്ന പോൽ ഡേവീസിന്റെ ‘ ഒറിജിൻ ഓഫ് ലൈഫ് ‘ ഇന്നലെ വെസ്റ്റ് ബാസ്കറ്റിൽ കിടക്കുന്നു . ഈ നഗരത്തിനു ഇതെന്ത് പറ്റി ?

ങ്ങാ – അതൊക്കെ അങ്ങനെ കിടക്കും . ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ഈ ജീവിതം . ബില്യൺസ് ഓഫ് യേർസ്‌ ആയി സഹോ – ബില്യൺസ് .

എന്നാലും എന്റെ ലൂക്ക വല്യപ്പ – നമുക്കൊരു കിസ്സടിച്ചാല? ( ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .