മ്മള് ചുറ്റും നോക്കിയാ ഒരു കാര്യം മനസിലാവും . ലോകം മൊത്തം ഇംഗ്ളീഷാണ് ! ലോകത്തിലെ എൺപത് ശതമാനം സമ്പത്തും , യൂറോപ്യൻ അപ്പനമ്മൂമ്മമാർ ഉള്ളോരുടെ ആണ് . ആളോഹരി വരുമാനം പി പി പി വച്ച് നോക്കുമ്പോ നമ്മൾ ലോകത്തിൽ നൂറ്റി ഇരുപതാമത് ഒക്കെയേ വരുന്നുള്ളു ! ചൈന പോലും എൺപതാമത് ഒക്കെയേ ഉള്ളു .
ഈ പാശ്ചാത്യർ എന്ന് പറയുന്നവർ ആണിപ്പോഴും ലോക ഗതി നിയന്ത്രിക്കുന്നത് ! എന്താ ഗതി !
ലോകത്തിന്റെ വീക്ഷണകോൺ തന്നെ യൂറോപ്യൻ പാരമ്പര്യം ഉള്ളവരുടെ കണ്ണിലൂടെ ആണ് . എന്ത് കോണത്തിലെ ഏർപ്പാട് ആണത് ?
ലുക് , ഗയ്സ് . ശാസ്ത്ര ചിന്ത , യുക്തി ചിന്ത , പാരമ്പര്യ കൊണാണ്ടറികളോടുള്ള മുഖം തിരിക്കൽ , പുതുമയെ പുൽകൽ , അറിവിന് വേണ്ടിയുള്ള അദാനിയായ ….
…ഛെ ….അദമ്യമായ വാ , വാ ….. എന്തുവാ മക്കളെ ?
ങ്ങാ – വാഞ്ഛ . അതാണ് ഒരു പ്രധാന കാരണം . അതല്ല ഈ ലേഖനത്തിലെ പ്രതിപക്ഷ വിഷയം . അയ് മീൻ , പ്രതിപാദ്യ വിഷയം.
അത് ഉള്ള യൂറോപ്യൻ വെളുമ്പൻമാരുടെ മോഡസ് ഓപ്പറണ്ടി എന്ന അണ്ടി എന്തായിരുന്നു ? അതാണ് .
പതിനഞ്ചാം നൂറ്റാണ്ടോടെ ആണല്ലോ റിനൈസൻസ് , പിന്നെ എൻലൈറ്റൻമെൻറ് മുതലായ കൃമികടികൾ ഒക്കെ തുടങ്ങുന്നത് . അതോടെ യൂറോപ്യൻമാർക്ക് ആസനത്തിൽ ഇരുപ്പൂറക്കുന്നില്ല സുഹൃത്തുക്കളേ , ഉറക്കുന്നില്ല .
അവർ കുരുമുളകിന് വേണ്ടി ചെയ്തത് എന്തെന്നറിഞ്ഞാൽ , നിങ്ങൾ ഞെട്ടും !
അതായത് , ഇറച്ചി കേടാവാതെ എടുത്തു വെയ്ക്കാൻ കുരുമുളക് വേണം . പിന്നെ , ഈ കുരുമുളക് , ഗ്രാമ്പൂ , ഏലക്ക , ജാതി , ഈ ജാതി സാധനങ്ങൾ ഒക്കെ പല കാര്യത്തിനും , യൂറോപ്യന്മാർക്കും , അറബികൾക്കും ഒക്കെ വേണം . പിന്നെ ചൈനയിൽ നിന്ന് പട്ടും , മൺപാത്രങ്ങളും മട്ടും ഇന്ത്യയുടെ തീരത്ത് വരും ! ഇതൊക്കെ അവർക്ക് വേണം .
അറബികൾ കപ്പലിൽ വരുവല്ലോ . കുറച്ചു ജൂതന്മാരും പൂർവദേശ ജൂത ക്രിസ്ത്യാനികളും വരും . നമ്മുടെ കേരളം അടക്കം ഉള്ള സ്ഥലങ്ങളിൽ നിന്ന് ചരക്ക് ഒക്കെ വാങ്ങി കൊണ്ട് പോവും . ഈജിപ്തിലും മറ്റും കൊണ്ടിറക്കും . നൈൽ നദി വഴി മെഡിറ്ററേനിയൻ കടലിലൂടെ , സിറിയ ഒക്കെ വഴി ഇപ്പൊ
തുർക്കിയിലുള്ള ഇസ്താൻബുളിന്റെ പഴയ റോമൻ അവതാരമായ കോൺസ്റ്റാന്റിനോപ്പിളിൽ ചെല്ലും . അവിടന്ന് യൂറിപ്പിലേക്ക് . ഇതൊക്കെ എവിടന്നു വരുന്നു എന്ന് പോലും യൂറോപ്യൻ സായിപ്പ്സിനു അറിയില്ല .
1453 ൽ കോൺസ്റ്റാന്റിനോപ്പിൾ ഓട്ടോമൻ തുർക്കികൾ പിടിച്ചെടുത്തതോടെ കച്ചവടം പൂട്ടി !
ഖതം ! നോ കുരുമൊളക് , നോ ജാതി , നോ പട്ട് , നോ ചായ .
നോ ഗ്രാസ് – ഒരു പുല്ലും കിട്ടാനില്ല .
സംഭവം ഇന്ത്യയിൽ എവിടെയോ ആണെന്നറിയാം . പിന്നെ ഒരു കപ്പലോട്ടം ആയിരുന്നു മൈ ഗഡീസ് . ഒടുക്കത്തെ കപ്പലോട്ടം .
ഭൂമി ഉരുണ്ടത് ആയ കൊണ്ട് നേരെ പടിഞ്ഞാട്ട് പോയാ കിഴക്ക് ഇന്ത്യയിൽ എത്തും എന്ന് പറഞ്ഞ് , കൊളംബസ് എന്നൊരു ചുള്ളൻ സ്പെയിൻ രാജാവിന് വേണ്ടി , ഒറ്റപ്പോക്കാണ് . നേരെ അമേരിക്കയിൽ ചെന്ന് നിന്ന് . കൊറേ ഉരുളക്കിഴങ്ങും , ടോമാറ്റോയും , പച്ചമുളകും ഒക്കെയായി തിരിച്ചു വന്നു .
അപ്പൊ സായിപ്പന്മാർ – (നാടോടിക്കാറ്റിലെ തിലകന്റെ പോലെ )- “എവിടെ ? കുരുമുളക് എവിടെ ?”
1497 ൽ വാസ്കോ ഡി ഗാമ എന്ന ചുള്ളൻ അങ്ങനാണ് ആഫ്രിക്ക പടിഞ്ഞാറു തീരം കറങ്ങി , അറ്റ്ലാന്റിക്കിൽ നിന്ന് ഇന്ത്യൻ ഓഷ്യൻ വഴി , ഏതോ ഒരു സൗത്ത് ആഫ്രിക്കയിൽ നിന്ന് കിട്ടിയ ഇന്ത്യൻ കച്ചവടക്കാരൻ പറഞ്ഞ വഴി കപ്പലോട്ടി , മ്മ്ടെ കോഴിക്കോട് വന്നു ചാടണെ . രണ്ടു മൂന്ന് മാസം എടുക്കും ഇവിടെ എത്താൻ . സായിപ്പിന്റെ ഒരു ശുഷ്കാന്തി നോക്കണേ . ഒടുക്കത്തെ ശുഷ്കാന്തി ആണവന്മാരുടെ .
ദൈവമേ – അവരടെ ശുഷ്കാന്തിക്ക് നല്ലത് മാത്രം വരുത്തണെ ……..
അപ്പൊ രണ്ടു സ്ഥലങ്ങൾ അവർക്ക് കിട്ടി . അമേരിക്ക , പിന്നെ ഇന്ത്യ . അമേരിക്കക്കാർ ശിലായുഗത്തിൽ ആയത് കൊണ്ട് അവരെ ഒക്കെ യുദ്ധം ചെയ്തു കൊന്നൊടുക്കി , അടിമകൾ ആക്കി . ഇന്ത്യയിലെ രാജാക്കന്മാരെ ചേരി തിരിഞ്ഞ് അടിപ്പിച്ച്, ആ പക്ഷം ചേർന്ന് , ഈ പക്ഷം ചേർന്ന് അവരെയും കീഴ്പ്പെടുത്തി .
പിന്നെ കൊന്നൊടുക്കൽ , കീഴടക്കൽ , കച്ചവടം . അവിടെ കൊന്നൊടുക്കുമ്പ ഇവിടെ കച്ചവടം ചെയ്യും . ഇവിടെ കീഴടക്കുമ്പോ , അവിടെ കച്ചവടം ചെയ്യും .
എന്നിട്ട് ചരിത്രത്തിൽ അവരതിന് ഇട്ട പേരോ – കച്ചവടം !
അങ്ങനെ ശക്തന്മാരായാൽ , നമുക്ക് ലാഭം ഉണ്ടാക്കുന്ന രീതിയിൽ കച്ചവടം ചെയ്യാൻ എല്ലാരേയും നിർബന്ധിതർ ആക്കാല്ലോ .
അതായത് , ഇൻഡ്യാക്കാരെ കൊണ്ട് മരിച്ചു പണി എടുപ്പിക്കുക . എന്നിട്ട് ദയ ഇല്ലാതെ നികുതി പിരിക്കുക . എന്നിട്ട് ഇവിടെ ഉണ്ടാക്കുന്ന പരുത്തി , മറ്റു സാധനങ്ങൾ ഒക്കെ അങ്ങോട്ട് ചുളുവിൽ കൊണ്ട് പോവുക . അവിടെ , യന്ത്രങ്ങൾ ഉപയോഗിച്ച് , ഉടുപ്പുകളും , മറ്റു സാധനങ്ങളും ഉണ്ടാക്കുക . അതൊക്കെ തിരിച്ച് , നമ്മക്ക് തന്നെ വലിയ വിലയിൽ വിക്കുക ! എന്താല്ലേ ?
അമേരിക്കകളിൽ പഞ്ചസാര , പുകയില ഒക്കെ കൃഷി ചെയ്യുക . അവിടെ അടിമകൾ പോരാതെ വരുമ്പോ , ആഫ്രിക്കയിൽ പോയി , അവിടെ ചിലർക്ക് കാശ് കൊടുത്ത് , ആളുകളെ പിടിച്ചോണ്ടേ വന്നു പണി എടുപ്പിക്കുക . ഇതേ അടിമകൾ ഉണ്ടാക്കുന്ന വിളകൾ , യൂറോപ്പിൽ കൊണ്ട് വന്ന് സാമാനങ്ങൾ ആക്കി മാറ്റുക . ഇതേ സാമാനങ്ങൾ ആഫ്രിക്കയിൽ കൊണ്ട് പോയി കൊടുത്തിട്ട് , പാവം മനുഷ്യമ്മാരെ അടിമകൾ ആക്കി വാങ്ങുക . എന്നിട്ട് പിന്നേം ….ഇത് തന്നെ .
ചൈന , ജപ്പാൻ ഇവരെ ഒക്കെ ഇത് പോലത്തെ കച്ചവടം ചെയ്യാൻ നിർബന്ധിക്കുക . മയക്ക് മരുന്ന് ഒപ്പിയം നിർബന്ധിച്ച് ഇന്ത്യയിൽ കൃഷി ചെയ്യിക്കുക . അത് ചൈനയിൽ കൊണ്ട് പോയി വിറ്റ് അവടത്തെ ആൾ ക്കാരെ വെടക്കാക്കി , പകരം അവരുടെ സാധനങ്ങൾ വാങ്ങുക . പ്രതിഷേധിച്ചപ്പോ യുദ്ധം ചെയ്തു തോൽപ്പിച്ച് ചൈനയെ ഒപ്പിയം കച്ചവടത്തിന് നിർബന്ധിച്ചു , സായിപ്പന്മാർ !
അങ്ങനെ ഒരു ഇരുനൂറു മുന്നൂറു കൊല്ലം ഇങ്ങനെ പോയി .
ഇങ്ങനെ ആണ് , സായിപ്പ് ലോകത്തിലെ പണക്കാർ ആയത് .
ഇപ്പൊ പക്ഷെ ലോകം ഒത്തിരി മാറി കേട്ടോ . ഇനി അടിച്ചമർത്തി , മറ്റുള്ള ആളുകളെ കൊള്ള അടിച്ചൊന്നും സമ്പത് വ്യവസ്ഥ കൊണ്ടുപോവാൻ പറ്റില്ല .
നമ്മക്ക് വലിയ ആൾക്കാർ ആവണോ ? ഒറിജിനൽ ആയി സായിപ്പിനെ സഹായിച്ച ശാസ്ത്രം , യുക്തി , ഒറിജിനൽ ചിന്ത , മുന്നോട്ട് നോക്കൽ എന്നിവ തൊട്ട് തുടങ്ങണം .
മ്മളെ കൊണ്ട് പറ്റുവോ ഷാജിയേട്ടാ ?
പറ്റണം . ചൈനക്കാർക്ക് പറ്റുന്നുണ്ട് . ജപ്പാൻകാർക്കും സൗത്ത് കൊറിയക്കും ഒക്കെ പറ്റുന്നുണ്ട് . പറ്റില്ലെങ്കിൽ നമ്മൾ സ്വാഹാ .
(ജിമ്മി മാത്യു )