ഇതൊരു ശാസ്ത്ര ലേഖനം ആണ് . വേറെ ഒന്നും വിചാരിക്കരുത് .
സത്യത്തിൽ സത്യപാൽ സിംഗിന്റെ സംശയത്തിൽ കാര്യം ഉണ്ട് . പരിണാമം എന്ന് മാത്രമല്ല – ഒരു കാര്യവുവും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല ! സംശയുമുണ്ടോ ? ഉവ്വോ ? ഉവില്ലേ ? ഉവ്വുവ്വ് .
ഒരു ഉദാഹരണം എടുക്കാം . അദ്ദേഹത്തിന്റെ അച്ഛനും അമ്മയും – അതായത് തന്തയും തള്ളയും –
അല്ലെങ്കിൽ അത് വേണ്ട – ആളോള്ക്ക് വെഷമാവും . എന്റെ തന്തയും തള്ളയും – എന്റെ തന്നെ ആണോ ?
വേണ്ട – അതും വേണ്ട . വെറുതെ എന്റെ വീട്ടിലിരിക്കുന്ന …..അതും വേണ്ട .
നമുക്ക് ഒരു സാങ്കല്പിക മനുഷ്യനെ വിചാരിക്കാം – ശശി പാൽ ശുംബ് . പാവം ശശി പാൽ ശുമ്പിന്റെ തന്തയും തള്ളയും അങ്ങേരുടെ തന്നെ ആണോ എന്ന് അങ്ങേർക്ക് സംശയം തോന്നി . അന്വേഷണം ആരംഭിച്ചു .
പ്രഥമ ദൃഷ്ട്യാ അങ്ങനെ തോന്നും . ശശി പാൽ ശുംബ് കുള്ളൻ ആണ് ! ശശിയുടെ തന്തയും കുള്ളനാണ് ! ശശിപ്പാലിന്റെ നിറം കാക്ക കറുപ്പാണ് . തള്ളയും അങ്ങനെ തന്നെ !
ചിലർ പറയും ശശിയുടെ മുഖം കണ്ടാൽ തന്തയുടെ പോലെ തന്നെ ഉണ്ടെന്നു ! മറ്റു ചിലർ പറയുന്നത് തള്ളയുടെ പോലെ ആണെന്നാണ് . അതായത് – മുഖത്തിന് എന്തോ ഒരു രൂപ സാദൃശ്യം തന്തയും തള്ളയുമായി ഉണ്ട് .
പക്ഷെ ഇതൊന്നും ഒരു തെളിവ് അല്ലെന്നു ശാസ്ത്ര ബോധം ഉള്ളവർക്കറിയാം . തന്ത കുള്ളൻ ആണെങ്കിലും തള്ള കുള്ളിയല്ല ! തള്ള കറമ്പി ആണെങ്കിലും തന്ത ഇരു നിറമാണ് . ചെറിയ രൂപ സാദൃശ്യം ഒക്കെ ചുമ്മാ രണ്ടു പേര് തമ്മിൽ യദൃശ്ചയാ ഉണ്ടാകാം എന്ന് ഏതു അപ്പോത്തിക്കിരിയുടെ തന്തക്കും അറിയാം .
ശശി പാൽ ശുംഭന്റെ ഓര്മ ഉറച്ച നാൾ മുതൽ ഈ രണ്ടു പേരാണ് എല്ലാ കാര്യങ്ങളും നോക്കുന്നതും ‘മോനെ ‘ എന്ന് വിളിക്കുന്നതും . അച്ഛാ , അമ്മെ – എന്ന് വിളിക്കാൻ പഠപ്പിച്ചതും അവർ തന്നെ . നാട്ടുകാരും വീട്ടുകാരും ഒക്കെ പറയുന്നതും ഈ തന്തയും തള്ളയും തന്നെ ആണ് ശശീടെ തന്തയും തള്ളയും എന്നാണു . ആൽബത്തിൽ തീരെ ചെറുതായിരിക്കുമ്പോളത്തെ ഫോട്ടോകളിൽ ഇവർ ശശിയെ എടുത്തു പിടിച്ചിട്ടുണ്ട് .
പക്ഷെ ശരിക്കും നോക്കിയാൽ ഇതൊക്കെ സാഹചര്യ തെളിവുകൾ മാത്രമാണ് . തീരെ ചെറിയ പ്രായത്തിലെ ദത്തെടുത്തത് ആയിക്കൂടെ ? അവരും നാട്ടുകാരും ബന്ധുക്കളും ഒക്കെ കള്ളം പറയുന്നതാവാം . ഗൂഡാലോചന . മിക്ക ഗൂഢാലോചനാ സിദ്ധാന്തങ്ങളും സത്യം ആണെന്ന് ശശിക്ക് ബോധ്യമുണ്ട് . അങ്ങനത്തെ ഒരു ഗൂഡാലോചന അല്ലെ തന്റെ പിതൃത്വം ? തന്റെ മാതൃത്വം ? ശശി വശം കെട്ടു .
അവസാനം ഒരു ശാസ്ത്രജ്ഞൻ പറഞ്ഞത് അനുസരിച്ചു ഡി ൻ എ ടെസ്റ്റ് ചെയ്തു . അതാ – ശശിയുടെ അമ്പതു ശതമാനം അപ്പന്റെ തുമായി ഒക്കുന്നുണ്ട് . അമ്പതു ശതമാനം അമ്മയുടേതും ആണ് ! സബാഷ് !
എല്ലാരും തുള്ളിച്ചാടി . ശശിയുടെ സംശയം തീരുമല്ലോ . ശശിയെ നോക്കി . പുള്ളി ഡെസ്പ് ആയി ഇരിക്കയാണ് !
“എന്നെ പറ്റിക്കാൻ ഒന്നും നോക്കണ്ടഷ്ടോ . ഇരട്ടകളുടെ ഡി ൻ എ ഒരു പോലിരിക്കും . ഇപ്പൊ ഈ കാണുന്ന വയസ്സൻറേം കെളവീടേം ഐഡന്റിക്കൽ ഇരട്ടകൾ ആണെങ്കിലോ എന്റെ ശരിക്കുള്ള തന്തേം തള്ളേം ?”
എല്ലാരും ഡിസ്കമ്പിയായി – സോറി – സ്തംഭിതരായി . ശശി ശാസ്ത്രഞ്ജനോട് ചോദിച്ചു –
“ഇതിങ്ങനെ അപ്പനും അമ്മയും അല്ലെങ്കിലും ഒത്തു വരാൻ ഉള്ള സാധ്യത പൂജ്യമാണോ ?”
“അത് പക്ഷെ വളരെ വളരെ …” ശാസ്ത്രജ്ഞൻ വിക്കി .
“പൂജ്യം ആണോ , അല്ലയോ – അത് മാത്രം പറഞ്ഞാൽ മതി . ” ശശി ചോദിച്ചു . എം സ് സി , പി ഛ് ഡി , എം ടെക് , ഇതിനൊപ്പം ൽ ൽ ബി യും കഴിഞ്ഞവൻ ആയിരുന്നു ശശി . ക്രോസ്സ് ചെയ്യാൻ ശശിയെ ആരും പഠിപ്പിക്കണ്ട .
“അല്ല ” ശാസ്ത്രജ്ഞൻ പറഞ്ഞു . അപ്പൊ പിന്നേം ഉറപ്പൊന്നുല്ല്യ – ശശി പരിഹാസത്തോടെ പറഞ്ഞു .
ശശി വിജയ ശ്രീലാളിതനായി . എല്ലാരേം തോപ്പിച്ചു . പക്ഷെ തന്തേം തള്ളേം അപ്പൊ തന്നെ പുള്ളിയെ ഇട്ടേച്ചു പോയി !
“ഇവനെ ഞങ്ങക്ക് വേണ്ട .” അച്ഛൻ ആക്രോശിച്ചു .
“ഇവൻ ഞങ്ങടെ മകനെ അല്ല ” പാവം തള്ള കയർത്തു .
“കണ്ടോ , കണ്ടോ – ഇത് തന്നെ ആണ് ഞാൻ ഇത്രേം നേരം പറഞ്ഞോണ്ടിരുന്നത് “. ശശി പറഞ്ഞു .
“ഇപ്പൊ കാര്യം എല്ലാർക്കും മനസ്സിലായല്ലോ ” ശശി ചോദിച്ചു .
ആർക്കും ഒന്നും മിണ്ടാൻ ഉണ്ടായിരുന്നില്ല . (ജിമ്മി മാത്യു )
ഇത് പോലെ തന്നെ ആണ് പരിണാമവും എന്ന് അടുത്ത പോസ്റ്റിൽ .
അതവിടെ നിൽക്കട്ടെ – നിങ്ങൾ എന്ത് സത്യം വേണമെങ്കിലും കമന്റ് ബോക്സിൽ പറഞ്ഞോളൂ . അതൊന്നും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ഞാൻ സമർഥിക്കാം . ചാലഞ്ച് ? (ജിമ്മിച്ചൻ )