സമാധാനം വരുന്നത് ചിരിയിലൂടെയും അഹിംസാ ഗീർവാണങ്ങളിൽ കൂടിയും മാത്രമല്ല-
സ്വാർത്ഥ കച്ചവട താല്പര്യങ്ങളിലൂടെയും, പൊട്ടാൻ റെഡി ആയ ബോംബുകളിൽ കൂടെയും കൂടിയാണ്:
“We are in favor of tolerance, but it is a very difficult thing to tolerate the intolerant and impossible to tolerate the intolerable.”
സംഭവം അധികം ആരും മനസിലാക്കാത്ത ഒരു കാര്യം, ഇന്നത്തെ ലോകം സമാധാനം ഉള്ളതാണ് എന്നതാണ്. അന്തം വിടേണ്ട. ചോര ഒഴുകിയിരുന്ന ഇന്നലെകൾ, ശവശരീരങ്ങൾ കുമിഞ്ഞു കൂടിയ പോയ നാൾകൾ, ആർത്തനാദങ്ങൾ ഉയർന്നു കേട്ട കഴിഞ്ഞ കാലങ്ങൾ നമ്മൾ മറന്നു എന്നതാണ് സത്യം.
ഇത് പക്ഷെ സമാധാനപ്രേമികൾ സന്തോഷത്തോടെ ഇരു കവിളുകളൂം കാണിച്ചു കൊടുത്തത് കൊണ്ടോ, ദലൈ ലാമകൾ സൗമ്യസ്വരത്തിൽ ഉദ്ഘോഷിച്ചത് കൊണ്ടോ മാത്രമല്ല. മനുഷ്യർ എല്ലാം ഒരു പോലെയാണ് എന്നുള്ള ശാസ്ത്രസത്യം കിനിഞ്ഞിറങ്ങിയത് കൊണ്ടും, വികാരങ്ങളുടെ മേൽ യുക്തിവിചാരങ്ങൾ എങ്ങനെയോ നേടിയ മേൽകൈ കൊണ്ടും കൂടിയാണ്.
അത് മാത്രമല്ല, ഗഡികളെ, ഗഡിച്ചികളെ- വ്യവസ്ഥാപിതവും അല്ലാത്തതുമായ അക്രമ ഭീഷണി കൊണ്ട് കൂടിയാണ് എന്ന് പറഞ്ഞാൽ, എന്റ്റെ നേരെ അക്രമം അഴിച്ചു വിടരുത്.
ഈ പാക്സ് റോമാനാ എന്ന് കേട്ടിട്ടുണ്ടോ? “റോമൻ സമാധാനം!”. ചെറു ഗോത്രങ്ങളായി തമ്മിലടിച്ച് പണ്ടാരമടങ്ങി നടന്ന നാളുകൾ ചെറു രാജ്യങ്ങൾ തമ്മിലുള്ള അടികൾക്ക് വഴി മാറി. പിന്നെ വലിയ സാമ്രാജ്യങ്ങൾ ആയപ്പോ, സമാധാനം ആകെ മൊത്തം നോക്കിയാൽ, കൂടി വന്നു എന്നതാണ് സത്യം. ഇറാഖിലെയും സിറിയയിലേയും പവർ വാക്വം എന്ന ‘അധികാര-അഭാവം’ എന്താണ് ഉണ്ടാക്കിയത് എന്ന് നോക്കിയാൽ മതി. ഇടപ്പള്ളിയും തൃക്കാക്കരയും തമ്മിൽ അടിച്ചു മരിച്ചിരുന്നു. നമ്മൾ ഇപ്പൊ തമിഴനുമായും കര്ണാടകക്കാരുമായും പോലും തുറന്ന ആക്രമണം നടത്തുന്നില്ലല്ലോ? അതിനുള്ള വകുപ്പ് പോലും ഇല്ലാതായി, ഇല്ല്യേ? -അദ്ദാണ്.
റോഡുകൾ, ജലസേചനം, അമ്പലങ്ങൾ, കൃഷി, കച്ചവടം, സംസ്കാരം- ഒന്നും റോമൻ ചക്രവർത്തിമാർ യുദ്ധം ചെയ്യാതെ നേടിയതൊന്നും അല്ല എന്നറിയാമല്ലോ. അതായത് വലുതാവുന്ന, ശക്തമായ, സ്വയം പ്രതിരോധിക്കാൻ കഴിവുള്ള, രാഷ്ട്രങ്ങൾ പോലെയുള്ള അധികാര കേന്ദ്രങ്ങളാണ് സമാധാനത്തിന്റെ ഒരു പ്രധാന കാരണം!
പിന്നെ ഉള്ളത് കച്ചവടമാണ്. സ്വാർത്ഥ താല്പര്യങ്ങളിലൂന്നിയ കച്ചവടം. കൃഷിയല്ല ഇപ്പൊ സമ്പത് സ്രോതസ്സ്. മൈക്രോചിപ്പും മക്ഡൊണാൾഡ്സും ചാറ്റ് ജീ പി റ്റിയും സാംസങും മ്യൂസിക്കും ശാസ്ത്രജ്ഞന്റെ തലച്ചോറുമാണ്. അക്രമം അതില്ലാതെ ആക്കുകയേയുള്ളു.
ഇപ്പോഴത്തെ ലോകക്രമ സമാധാനം അങ്ങോട്ടുമിങ്ങോട്ടും തോക്ക് ചൂണ്ടി നിക്കുന്നവരുടെ ഇടയിലുള്ള കഠിന കഠോര സമാധാനം കൂടിയാണ് എന്ന് നമ്മൾ മറക്കരുത്. അങ്ങോട്ടുമിങ്ങോട്ടും തൊടുത്തു നിക്കുന്ന ന്യൂക്ലിയർ ബോംബുകളുടെ മുൾമുനയിൽ പതുങ്ങിയിരിക്കുന്ന സമാധാനം കൂടിയാണ് ഇന്നത്തെ സമാധാനം.
അപ്പൊ യോഗയും സമാധാന സൂക്തങ്ങളും കൊണ്ട് മാത്രമല്ല- പേടി കൊണ്ട് കൂടിയാണ് സമാധാനം പുലരുന്നത്. ലോകനേതാക്കൾ ചിരിച്ചും കെട്ടിപ്പിടിച്ചും സമാധാനമായി ചർച്ചകൾ നടത്തുമ്പോൾ ഈ ലോകം മൊത്തം നശിപ്പിക്കാൻ പ്രാപ്തിയുള്ള അനേകായിരം ന്യൂക്ലിയർ മിസൈലുകൾ ഘടിപ്പിച്ച അന്തർവാഹിനികൾ ആഴക്കടലുകളിൽ ആരും കാണാതെ അനുസ്യൂതം റോന്ത് ചുറ്റുന്നു.
ഇതിനൊക്കെ ഒരവസാനം ഇല്ലേ? എന്നാണ് നിത്യമായ, ശരിക്കുള്ള സമാധാനം വരിക?
ആ. ആർക്കറിയാം. തല്ക്കാലം മനുഷ്യരാശി അത്രേം വളർന്ന് എത്തിയിട്ടില്ല എന്ന് മാത്രമേ നമുക്ക് പറയാൻ പറ്റൂ.
അത് വരെ, അധികാരത്തിനും ശക്തിക്കും സമാധാനത്തിൽ ഒരു റോൾ ഉണ്ട്. വളരെ സൂക്ഷ്മമായി മാത്രം നടിക്കേണ്ട ഒരു റോൾ (ജിമ്മി മാത്യു)