സാറാസ് എന്ന ജൂഡ് സിനിമ എനിക്ക് വളരെ ഇഷ്ടമായി. ലോകോത്തര കലാസൃഷ്ടി എന്നൊന്നും അല്ല- സ്മൂത് ആയി കണ്ടിരിക്കാവുന്ന ഒരു സിനിമ. അങ്ങനത്തെ ജാഡ-ലെസ് സിമ്പിൾ സിനിമകളും ഡോണ്ട് ദേ ലൈക് ? – അയ് ലൈക്.
സാറ എന്ന പുതു ജെനെറേഷൻ യുവതിയുമായി എനിക്ക് നന്നായി താദാത്മ്യം പ്രാപിക്കനാകും; എനിക്കും ഇന്നലെ മാത്രം പ്രായപൂർത്തി ആയ ഒരു മകളുണ്ട്.
കുട്ടികൾ വേണോ വേണ്ടയോ എന്നുള്ളത് ആ രണ്ടു പേരുടെ മാത്രം തീരുമാനം ആണ്. നല്ല പാടുള്ള പണിയാണ്. പറഞ്ഞത് കറക്ടാണ്. പാശ്ചാത്യ ഗവേഷണങ്ങൾ അനുസരിച്ച്, കുട്ടികൾ ഒരു ഇരുപത് കൊല്ലത്തേക്ക് ഒരു ജോഡിയുടെ ജീവിത സംതൃപ്തി കുറയ്ക്കും. ഇന്നത്തെ കാലത്ത്, നമ്മൾ- നാല്പതുകൾ, അമ്പതുകളിൽ ഉള്ളവർ പോലും, ‘കുട്ടികൾ വലുതായിട്ട് വേണം അവർ നമ്മളെ നോക്കാൻ’ എന്ന ‘കുട്ടികൾ ആസ് ഇൻഷുറൻസ് പോളിസി’ എന്ന മൂല്യത്തോട് യോജിക്കുന്നില്ല. അവരെ വളർത്തി, പറത്തി വിടാനേ പറ്റൂ എന്ന് നമ്മൾ താത്വികമായി സമ്മതിച്ചു കഴിഞ്ഞു.
തത്കാലം മനുഷ്യരാശിക്ക് ജനസംഖ്യ കുറയുന്നത് മൂലം വംശനാശ ഭീഷണി തീരെയില്ല. ചില രാജ്യങ്ങളിൽ എണ്ണം കുറയുന്നുണ്ടാവാം. അത് മറ്റുള്ള രാജ്യങ്ങളിൽ നിന്ന് കുടിയേറ്റം അനുവദിച്ചാൽ പരിഹരിക്കാവുന്നതേ ഉള്ളു. അല്ലെങ്കിൽ അനുഭവിക്കുക; അത്ര തന്നെ.
സിനിമ നല്ലതാണു; സാറ എന്ന യുവതിയുടെ ചോയ്സുകളും. അവർ വേണം; വേണ്ട എന്ന് വെയ്ക്കുന്ന കാര്യങ്ങളും അവരുടെ മാത്രം കാര്യമാണ്. ആ കലാസൃഷ്ടി അവരുടെ കഥ പറയുന്നു; അത്രേ ഉള്ളു.
സ്റ്റോപ്പ്. ഫുൾസ്റ്റോപ്- സിനിമയെ പറ്റി.
ഇനി ഞാൻ സ്വല്പം എഴുതാപ്പുറം വായിക്കാൻ പോവുകയാണ്. ഈവഴി, ഇന്നും ഭാവിയും നേരിടാൻ പോവുന്ന ചില സാമൂഹിക ഇഷ്യൂകളിലേക്ക് വീശാൻ പറ്റിയാലോ? ഏത്?- വെളിച്ചം.
അതായത് എന്തിനാണ് സാറ ഒരു വിവാഹത്തിന് സമ്മതിച്ചത്? അത് സാറയുടെ ഇഷ്ടം.
അതല്ല. സാമൂഹ്യ കണ്ടീഷനിംഗുകൾ ഇല്ലാതെ, പാരമ്പര്യ മൂല്യ ബോധ്യങ്ങൾ ഇല്ലാതെ, യുക്തി സഹമായി ചിന്തിച്ചാൽ (അങ്ങനെയേ ചിന്തിക്കാവൂ എന്നല്ലേ വെയ്പ്പ്), വിവാഹം എന്ന സാധനത്തിലേക്ക് എന്തിനാണ് സാറ എടുത്തു ചാടിയത്?
നമ്മുടെ അറിവ് വെച്ച്, കുട്ടികളെ വളർത്താൻ ഉള്ള ഒരു സാമൂഹിക വ്യവസ്ഥിതി മാത്രം ആണ് കല്യാണം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലക്ഷക്കണക്കിന് വർഷങ്ങൾ ആയി പെണ്ണുങ്ങൾ ഗോത്രങ്ങൾ വഴി കൈമാറ്റം ചെയ്യപ്പെട്ടിരുന്നതായി, ഫോസിൽ എല്ലുകളിലെ സ്ട്രോൺഷ്യം, പോപ്പുലേഷൻ ഡി എൻ എ, പുരാതന ഡി എൻ എ , എന്നീ പഠനങ്ങൾ വഴി നമുക്കറിയാം.
ഇപ്പോഴുള്ള ശിലായുഗ ഗോത്രങ്ങളെ നോക്കിയാൽ, പണ്ട് മുതലേ നമ്മൾ എങ്ങനെ ആയിരുന്നു എന്നതിന് ഒരു സൂചന കിട്ടും. ഇപ്പോഴുള്ള ഇങ്ങനത്തെ ഗോത്രങ്ങളിൽ എൺപത് ശതമാനം കല്യാണങ്ങളും ബന്ധുക്കൾ നിശ്ചയിച്ചവ ആണ്! അതും പലപ്പോഴും പന്ത്രണ്ടും പതിമൂന്നും വയസുള്ളപ്പോൾ ആണ് ഇതൊക്കെ നടത്തുന്നത്!
അതായത്, രണ്ടു വ്യക്തികൾ തമ്മിൽ ഉള്ള ഒരു കോൺട്രാക്ട് ആയാണ് ആധുനികരും നിയമവും കല്യാണത്തെ കാണുന്നത് എങ്കിലും, യാഥാർഥ്യത്തിൽ സമൂഹം വ്യക്തികളിൽ അടിച്ചേൽപ്പിക്കുന്ന അനതിരേകം സാമാനങ്ങളിൽ ഒന്ന് മാത്രം ആണിത്!
അപ്പൊ ലവോ? “ഇൻ ലവ്’ എന്നൊരു സാധനം ഇല്ലേ?
ഉണ്ട്. പെട്ടന്ന് ഒരാണിനും പെണ്ണിനും അങ്ങോട്ടും ഇങ്ങോട്ടും ആകർഷണം തോന്നി, പിരിഞ്ഞാൽ ചത്ത് പോകും എന്ന തോന്നൽ ഉണ്ടാക്കുന്ന ഒരു നിഗൂഢ പ്രതിഭാസം ഉണ്ട്. അതിനെ പറ്റി അധികം പഠനങ്ങൾ ഒന്നും നടന്നിട്ടില്ല. ശാസ്ത്രജ്ഞർക്ക് പോലും പേടി ഉള്ള ഒരു കാര്യം ആണത്. എന്തോ നമ്മുടെ പരിണാമത്തിൽ ഉള്ളതാണ്. അതിനെ പറ്റി വേറൊരു ലേഖനത്തിൽ പറയാം.
നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം. മിക്ക കേസുകളിലും, ഈ ‘ഇൻ ലവ്’ എന്ന അവസ്ഥ താൽക്കാലികം ആണെന്നതാണ്. ഒരുമിച്ച് താമസം തുടങ്ങിക്കഴിഞ്ഞാൽ, അങ്ങേ അറ്റം ഏതാനും കൊല്ലങ്ങൾക്കുള്ളിൽ(മാസങ്ങൾ കൊണ്ട് തന്നെ) ഈ കൊണാണ്ടറിയിൽ നിന്ന് ആളുകൾ പുറത്ത് വരുന്നു. പിന്നെ വിവാഹബന്ധത്തിൽ ആളുകളെ പിടിച്ചു നിർത്തുന്നത് എന്താ? അവർ തമ്മിൽ ഉള്ള കൊടുക്കൽ വാങ്ങലുകൾ, തമ്മിൽ തോന്നുന്ന വിധേയത്വം, സമൂഹം ഒരുമിച്ചു നിർത്താൻ ചെലുത്തുന്ന സമ്മർദം, സ്വന്തം മൂല്യബോധം എന്നിവയാണ്.
ഇവിടെ സാറ, എന്ത് തേങ്ങാപ്പിണ്ണാക്കിന് ആണ് ജീവനെ കല്യാണം കഴിച്ചു കളയാൻ സമ്മതിക്കുന്നത്?
അത് കൊണ്ട് മൊത്തം പ്രശ്നങ്ങൾ അല്ലെ? ആ ഒരൊറ്റ കമ്പിയിൽ ആണ് ബന്ധുക്കൾ ഒക്കെ പിടിച്ചു കയറുന്നത്. അല്ലാതെ വെറുതെ ആഴ്ചയിൽ രണ്ടു പ്രാവശ്യം കണ്ട്, വൈകാരികവും ശാരീരികവുമായ ആവശ്യങ്ങൾ കഴിച്ചിട്ട് മിണ്ടാതെ നടന്നാൽ (അതിന് മൂല്യ ബോധം ഒരു തടസം അല്ല സാറയ്ക്ക്), ബന്ധുക്കൾ കാ പീ എന്ന് പറഞ്ഞു നടക്കും എന്നല്ലാതെ ആക്റ്റീവ് ആയുള്ള ഇടപെടൽ ഒരിക്കലും നടത്തില്ല.
കുട്ടികൾ ഉണ്ടാവുന്നതിനേക്കാൾ റിസ്ക് ആണ് ജീവന്റെ പോലുള്ള ഒത്ത സൈസുള്ള ഒരാണിനെ ഔദ്യോഗികമായി കെട്ടുന്നതിലൂടെ സാറ ചെയ്യുന്നത്. തന്നെക്കാൾ വളരെ അധികം ശാരീരിക ശക്തിയുള്ള ഒരു മൃഗത്തെ ആണ് കട്ടിലിൽ കേറ്റി കിടത്തുന്നത്. ആണുങ്ങൾക്ക് പെണ്ണുങ്ങളുടെ പത്തിരട്ടി ടെസ്റ്റോസ്റ്റിറോൺ എന്ന പ്രശ്ന ഹോർമോൺ രക്തത്തിൽ ഉണ്ട്. പെട്ടന്ന് ദേഷ്യം വരിക, അടിക്കുക, കുത്തുക. അംഗ ക്ഷയം വരുത്തുക, കൊല്ലുക ഇവയൊക്കെ ചെയ്യുന്നത് തൊണ്ണൂറു ശതമാനവും ആണുങ്ങൾ ആണ്. പങ്കാളിയെ ആക്രമിച്ച് ഗുരുതര പരിക്കുകൾ ഉണ്ടാക്കുന്നവരിൽ എഴുപത്, എൺപത് ശതമാനവും ആണുങ്ങൾ ആണ്.
അത് പോലെ തന്നെ, കല്യാണം കഴിക്കുന്ന കാലത്ത് നല്ലവൻ ആയി തോന്നി എന്നതിലും വലിയ കാര്യം ഇല്ല. കുട്ടികളുടെ കാര്യത്തിൽ തന്നെ, വളരെ പെട്ടന്ന് അഭിപ്രായം ചെറുതായി മാറിയ ആളാണ് ജീവൻ. എല്ലാ മനുഷ്യരും ഇത് പോലാണ്. മുപ്പത് വയസ്സിലെ ഉറപ്പുകളും അഭിപ്രായങ്ങളും പത്തിരുപത് വര്ഷം കഴിയുമ്പോൾ അത് പോലെ ഉണ്ടാവണം എന്നില്ല. മൊത്തം നോക്കുമ്പോൾ ആകെ റിസ്ക് ആണ്.
ആണുങ്ങൾക്ക് പൊതുവെ വായ്നാറ്റം കൂടുതൽ ആവാൻ സാധ്യത ഉണ്ട്. പുകയില, മദ്യം, ഹീറോയിൻ, കഞ്ചാവ് മുതലായവ കൂടുതൽ ഉപയോഗിക്കുന്നത് ആണുങ്ങൾ ആണ്. വൃത്തി പൊതുവെ വളരെ കുറവാണ്. പെണ്ണുങ്ങളുടെ അൻപത് ശതമാനം കൂടുതൽ എങ്കിലും വളി വിടുന്നവർ ആണ് ആണുങ്ങൾ എന്ന് പഠനങ്ങൾ ഉണ്ട്. എന്തിന് ഈ തൊല്ല ഒരു പെണ്ണ് ഏറ്റെടുക്കണം? ഈ എളിയ യുക്തി ഉപയോഗിച്ച് നോക്കിയിട്ട് എനിക്ക് മനസിലാകുന്നതേ ഇല്ല.
“ഇൻ ലവ്’ എന്ന പ്രതിഭാസം ആണെന്ന് പറയല്ലേ. ‘ഇൻ ലവ്’ എന്ന പ്രതിഭാസം എട്ടാം ക്ളാസിലും പത്താം ക്ളാസിലും, പന്ത്രണ്ടാം ക്ളാസിലും ജോലി ചെയ്യുമ്പോളും അറുപത് വയസായാലും ഒക്കെ ഉണ്ടാവുന്നത് ഒരേ പോലെ ആണ്. നമ്മൾ അതിനെ എങ്ങോട്ട് കൊണ്ട് പോവുന്നു എന്ന തീരുമാന പക്വതയിൽ മാത്രമേ വ്യത്യാസം ഉള്ളു. വളരെ പ്രായോഗികമായി വിലയിരുത്തിയിട്ട് കൂടി ആണ് സാറ, ജീവനെ തിരഞ്ഞെടുക്കുന്നത്. പിരിഞ്ഞാൽ ഏതാനും മാസങ്ങൾക്കുള്ളിൽ സാറ ഈ ബന്ധം മറക്കുകയും, അടുത്ത ആളോട് പ്രേമം തോന്നുകയും ചെയ്യും.
ജീവന്റെ ഭാഗത്ത് നിന്ന് നോക്കിയാൽ ഇതിലും ശോകമാണ് കാര്യങ്ങൾ. സാറ എന്ന ഒറ്റ പെണ്ണിനെ മാത്രമേ ഇനി പ്രേമിക്കുകയും സ്നേഹിക്കുകയും ചെയ്യൂ എന്ന് തീരുമാനിക്കുന്നതിൽ ജീവന് ഒരു നേട്ടവും ഇല്ല; കോട്ടം മാത്രമേ ഉള്ളു. അതിനെ പറ്റി കൂടുതൽ പറയുന്നില്ല.
അത് കൊണ്ട് തന്നെ, അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ അൻപത് ശതമാനം വിവാഹ ബന്ധങ്ങളും മോചനത്തിൽ ആണ് അവസാനിക്കുന്നത്. ബാക്കി അൻപത് ശതമാനവും അത്ര നല്ല രീതിയിൽ ആണ് പോവുന്നത് എന്ന് പറയാനൊന്നും പറ്റില്ല. ഒരു വ്യക്തിഗത കോൺട്രാക്ട് എന്ന രീതിയിൽ നോക്കുമ്പോൾ അമ്പേ പരാജയം ആണ് ഈ കല്യാണം എന്ന സംഭവം.
പി എസ് – പ്ലീസ് നോട്ട്. ഇത് എന്റെ വ്യക്തിപര മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു അഭിപ്രായം അല്ല. ഞാൻ വളരെ ബോറിങ് ആയ സാദാ ജീവിതം നയിക്കുന്ന ആളാണ്. യുക്തിപരമായി, വായിച്ചു ചിന്തിച്ച്, ഇപ്പൊ ചുറ്റും നോക്കിയാൽ കാണുന്ന കാര്യങ്ങളെ പറ്റി പറഞ്ഞു എന്ന് മാത്രം.
ഇക്കാര്യത്തിൽ എനിക്കും വ്യക്തത ഇല്ല. അഭിപ്രായങ്ങൾ പറയാൻ മടിക്കില്ലല്ലോ; അല്ലേ.
(ജിമ്മി മാത്യു)