൧൨൩൪൫൬൭൮൯൦- ഒരു ആചാര തിരുത്ത് പ്രൊപോസൽ :

സഹൃദയരെ ,

എന്റെ നല്ലവരായ സുഹൃത്തുക്കൾ മിക്കവരും , ഈ ആചാരങ്ങളിൽ വലിയ കാര്യം ഇല്ല എന്ന് വിചാരിക്കുന്നവരാണ് . ഞാനും ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ . മിക്ക ആചാരങ്ങളും വലിയ അർത്ഥമൊന്നും ഇല്ലാത്തവയും , മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ പോന്നവയുമാണ് . ചിലതെങ്കിലും ക്രൂരവും മനുഷ്യത്വത്തിന്‌ എതിര്ക്കാന് താനും .

മിക്ക സുഹൃത്തുക്കളും ഇങ്ങനെ ആയതാണ് ഇങ്ങനെ ഒരു പ്രൊപോസൽ നിങ്ങടെ മുന്നിൽ വക്കാൻ ഞാൻ ധൈര്യപ്പെട്ടത് തന്നെ . ഇല്ലെങ്കിൽ പേടി കൊണ്ട് ഞാൻ ഈ സാഹസത്തിനു മുതിര …ഐ മീൻ , മുതിരില്ലായിരുന്നു .
നമ്മുടെ മലയാള ഭാഷയെ പറ്റി ആണ് പ്രൊപോസൽ . ഈ ഭാഷ തന്നെ ഒരാചാരം ആണെന്ന് എത്ര പേർക്ക് അറിയാം ? ഒരുത്തൻ ദേഷ്യം കൊണ്ട് വിറച്ച് , കൈ ചുരുട്ടി നമ്മുടെ നേരെ വന്നാൽ , ലോകത്തിൽ ഏത് ഭാഗത്ത് ആണെങ്കിലും നമുക്ക് കാര്യം മനസ്സിലാകും . അതായത് , ശരീര ഭാഷ കുറെ അധികം , മനുഷ്യന്റെ മൗലിക സ്വഭാവങ്ങളിൽ പെട്ടതാണ് . പലതും ആചാരം ആയി കണക്കാക്കാൻ പറ്റില്ല . എന്നാൽ ,

നീ പോടാ പട്ടീ – എന്നൊരാൾ പറഞ്ഞാൽ , മലയാളം അറിയാവുന്ന ഒരാൾക്കേ മനസ്സിലാവൂ !

ഹോക്‌ , ഭട്ടി മക

ജാ കുത്തെ

ഗോ , യു ഡോഗ് .

സംഭവം മനസ്സിലായോ ? ഇതിൽ കന്നഡ ഒരു സാമ്യം ഉള്ള (റിലേറ്റഡ് ) ഭാഷ ആയത് കൊണ്ട് മാത്രം നമുക്ക് ചില സാമ്യത കൾ തോന്നുന്നു . എന്നാൽ മറ്റു രണ്ടും ഭാഷ അറിയില്ലെങ്കിൽ ഒരു മലയാളിക്ക് മനസ്സിലാവുകയേ ഇല്ല !

അതായത് , ആ പ്രദേശത്തെ ആ ഭാഷക്കാരുടെ മാത്രം ആചാരം ആണ് ഓരോ ഭാഷയും ! അവർ തമ്മിൽ പറയാതെ തന്നെ ഒരു ഉടമ്പടി ഉരുത്തിരിഞ്ഞു വന്നിരിക്കയാണ് . ” ആ നാല് കാലുള്ള , ബൗ ബൗ എന്ന് കരയുന്ന സാധനം ഇല്ലേ – അതിനെ നമക്ക് ‘പട്ടി ‘ എന്ന് വിളിക്കാട്ടാ , പന്നീ .” ഇതാണ് സംഭവം .

ഇങ്ങനെ പറയാനാണെങ്കിൽ കുറെ ഉണ്ട് . ലിംഗയ്സ്റ്റിക്സ് , സയ്‌ക്കോ ലിംഗയ്സ്റ്റിക്സ് ഒക്കെ പറഞ്ഞു ഞാനും നിങ്ങളും സൈക്കോ ആയിപ്പോകും .

പക്ഷെ വളരെ ശക്തിയേറിയ ആചാരങ്ങൾ ആണ് ഓരോ ഭാഷയും . മലയാള നാടിന്റെ ആത്മാവ് തന്നെ ഭാഷയിൽ ആണെന്ന് പറയാം . ഓരോ നാടിന്റെയും അതെ .

പക്ഷെ , മനുഷ്യർ തമ്മിൽ കൂടുതൽ ഇടപെട്ട് , ലോകം ചെറുതാകുമ്പോൾ , ഭാഷകൾ ചറ പറ മരിച്ചു കൊണ്ടിരിക്കയാണ് .

നമ്മുടെ മലയാള ഭാഷയും മരിച്ചു കൊണ്ടിരിക്കയാണ് !

എന്നെ തല്ലരുത് . ഓരോ ഭാഷയുടെയും അവസ്ഥ അറിയണമെങ്കിൽ, പുതിയ തലമുറയെ നോക്കണം . എന്റെ പോലെ തന്നെ പച്ച മലയാളി ആയ ദീപു , മകൻ വീട്ടിൽ സംസാരിക്കുമ്പോൾ ഇംഗ്ളീഷ് പറയുന്ന വിവരണം കേട്ടപ്പോൾ തോന്നിയതാണ് ഈ ലേഖനം എഴുതാൻ . മരിച്ചു കൊണ്ടിരിക്കുന്ന ഒരു ഭാഷയുടെ ലക്ഷണം ആണ് , പകരം വേറെ ഭാഷ ഉപയോഗിക്കുന്ന കുഞ്ഞുങ്ങൾ .

ഇതൊന്നും നമ്മൾ , ങ്ങാവൂ , ങ്ങീ ങ്ങീ , എന്നൊന്നും മോങ്ങി , കുറെ ഗീർവാണ ഉപദേശങ്ങൾ കൊണ്ടൊന്നും മാറാൻ പോവുന്നില്ല . ഒരു ശരാശരി മലയാളി കുഞ്ഞു , ഭാവിയിൽ ഉന്നം വക്കുന്നത് , കാനഡയിലും , ഓസ്‌ട്രേലിയയിലും , ന്യൂ യോർക്കിലും , ഡൽഹിയിലും ഉള്ള ജോലികൾ ആണ് , ഇല്ലെങ്കിൽ കൊച്ചിയിൽ ഉള്ള , അമേരിക്കൻ ക്ലയന്റിന് വേണ്ടി പണി ചെയ്യുന്ന കമ്പനിയിലെ ജോലിയിൽ ആണ് .

എന്നാൽ , വാമൊഴി ഭാഷ പഠിക്കാൻ വലിയ പണിയില്ല . ഒരു വലിയ പ്രശ്നം എഴുത്ത് ഭാഷ ആണ് . എഴുത്ത് ഭാഷ അറിഞ്ഞാൽ , ഫ് ബി സാഹിത്യം എങ്കിലും വായിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് പറ്റും , ഭാഷയുടെ ആയുസ്സ് കൂട്ടുകയും ചെയ്യാം .

ഈ എഴുത്ത് ലിപി , ഭാഷയെ ക്കാൾ വളരെ ശക്തി കുറഞ്ഞ ഒരു ആചാരം ആണ് .

നമ്മുടെ നാട്ടിൽ ഇപ്പോഴുള്ള ഈ കോലെഴുത്തിനു മുൻപേ വട്ടെഴുത്ത് ഉണ്ടായിരുന്നു , എന്നാണു ഞാൻ മനസ്സിലാക്കുന്നത് . അതോ തിരിച്ചോ .

ഉറുദു , ഒക്കെ , അങ്ങനെ പല ഭാഷകളും , അറബി ലിപിയിലും , ദേവനാഗരി ലിപിയിലും എഴുതാറുണ്ട് .

ലിപി തന്നെ ഇല്ലാത്ത കൊടഗി പോലത്തെ ഭാഷകൾ ഉണ്ട്. വേറെ ഭാഷകളിലെ ലിപികൾ , എടുക്കുക ആണ് അവർ ചെയ്തിട്ടുള്ളത് .

എന്റെ പ്രൊപോസൽ വളരെ സിംപിൾ ആണ് . ഇപ്പോഴത്തെ പല കുട്ടികൾക്കും മലയാളം സംസാരിക്കാൻ അറിയാം , പക്ഷെ , എഴുതാനും വായിക്കാനും അറിയില്ല ! അത് കൊണ്ട് തന്നെ , ആ സാഹിത്യം മൊത്തം അവർക്ക് അന്യമാകുന്നു .

എന്റെ പ്രൊപോസൽ വളരെ സിംപിൾ ആണ് . എഴുത്ത് ഇംഗ്ളീഷ് ലിപിയിൽ ആക്കുക !!

എങ്ങനുണ്ട് > എങ്ങനുണ്ട് ?

“ente peru jimmi ennaanu”

എന്തെ – മനസ്സിലായല്ലോ അല്ലെ ? അത്രേ ഉള്ളു , പ്രൊപോസൽ .

വായിക്കാൻ വിഷമം തോന്നുന്നത് പരിചയക്കുറവു കൊണ്ടാണ് . ഇംഗ്ലീഷ് ഇങ്ങനെ വായിക്കാൻ പ്രശ്നം ഒന്നുമില്ലല്ലോ ?

“odada patteede mone , kandam vazhi” എന്ന് പറയരുത് . അതിനർത്ഥം , നിങ്ങൾ വെറും “ആചാരിഷ്ട്ട്” ആണെന്നാണ് .

പിന്നെ എന്താണ് ൧ ൨ ൩ ൪ ൫ ൬ ൭ ൮ ൯ ൦ ?

1 2 3 4 5 6 7 8 9 0 . അത്രേ ഉള്ളു . പണ്ടത്തെ മലയാള അക്ക അക്ഷരങ്ങൾ ആണ് . ഇത് തന്നെ മാറിയതാ . എന്നിട്ട് വല്ലോം പറ്റിയാ ? ഇത്രേ ഉള്ളു . (ജിമ്മി മാത്യു ?

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .