ആണുങ്ങളും പെണ്ണുങ്ങളും ഒന്നല്ല – സോറീട്ടോ.

നമ്മുടെ ഇടയിലുള്ള ഒരു സാധാരണ ധാരണയാണ് പെണ്ണുങ്ങളും ആണുങ്ങളും തമ്മിൽ ശാരീരിക വ്യത്യാസങ്ങൾ മാത്രമേയുള്ളു; മാനസിക, മസ്തിഷ്ക  വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല- ഉണ്ടെങ്കിൽ തന്നെ അത് സമൂഹം അടിച്ചേൽപ്പിക്കുന്നതാണ് എന്നൊക്കെ.

അത് തെറ്റാണ് എന്നാണ് തോന്നുന്നത്, പിള്ളേച്ചാ.

ആദ്യം തന്നെ പറയട്ടെ- ജീനുകളും ബയോളജിയും സമൂഹവും ഒക്കെ ചേർന്നാണ് മനസ്സ്, മസ്തിഷ്ക      പ്രത്യകതകൾ ഒക്കെ രൂപപ്പെടുന്നത്. പക്ഷെ എല്ലാം സമൂഹം അടിച്ചേൽപ്പിക്കുന്നതാണ് എന്നൊക്കെ പറഞ്ഞാ- സോറി സഹോ- അതങ്ങോട്ട് വിഴുങ്ങാൻ നിവർത്തിയില്ല.

രണ്ടാമതായി പറയട്ടെ- മിക്ക ആണുങ്ങളും പെണ്ണുങ്ങളും ഒരു പോലെയൊക്കെ തന്നെയാണ്. പക്ഷെ ശരാശരികൾ തമ്മിൽ മാറ്റങ്ങൾ ഉണ്ട്, അതിന് വലിയ ഒരളവിൽ ജീനുകളും, ഹോർമോണുകളും ബയോളജിയും എപിജിനെറ്റിക്ക്‌സും ജീൻ-എൻവിറോണ്മെന്റ് ഇന്റെറാക്ഷനുകളും ഒക്കെ കാരണമാണ്.

ഓവർലാപ്പിങ് ഡിസ്ട്രിബ്യുഷനുകളാണ് ബെൽ കർവിൽ എന്നർത്ഥം- റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല! പക്ഷെ കർവിന്റ്റെ വാലുകൾ വരുമ്പോ വ്യത്യാസങ്ങൾ കൂടി വരും. ഇതും പ്രായോഗികമായി വളരെ പ്രധാനമാണ് സഹോ.

അനിയാ നിൽ. സംഭവം എന്താണെന്ന് സിംപിൾ ആയി പറഞ്ഞാലെന്താ? ടെയിൽ ഏൻഡ് വാതകവും ഡിസ്ട്രിബൂഷൻ കൊണാണ്ടറിയും ഒഴിവാക്കിക്കൂടെ എന്നല്ലേ?

സോറി. നിർത്തി. അടുത്ത വാചകം മുതൽ നന്നായിക്കോളാം.

വളരെ വ്യക്തമായിട്ടുള്ള ഒരുകാര്യം, താല്പര്യങ്ങളിൽ ഉള്ള വ്യത്യാസമാണ്. ശരാശരി നോക്കിയാൽ ( ഇനി അങ്ങോട്ട് എല്ലാറ്റിനും കാര്യം ഓർക്കണം- ശരാശരി നോക്കിയാൽ- നോ) ആണുങ്ങൾക്ക് സാധനങ്ങളോടാണ് കൂടുതൽ താല്പര്യം; പെണ്ണുങ്ങൾക്ക് മറ്റു മനുഷ്യരോടും. ആൺകുട്ടികൾ ലോറി, കട്ടകൾ, തോക്കുകൾ തുടങ്ങിയവ വെച്ച് കൂടുതൽ കളിക്കുമ്പോൾ പെണ്ണുങ്ങൾ പാവകൾ മുതലായവ വെച്ചാണ് കളിക്കുന്നത്. എൻജിനീയറിങ്, സോഫ്റ്റ്‌വെയർ പോലത്തെ ജോലികൾ ആണുങ്ങൾ കൂടുതൽ തിരഞ്ഞെടുക്കുമ്പോൾ പെണ്ണുങ്ങൾ സൈക്കോളജി, സർജിക്കൽ അല്ലാത്ത വൈദ്യം, അദ്ധ്യാപനം, മുതലായവയിൽ ഇടി കൂടുന്നു (നോ). അഞ്ചു ലക്ഷം പേരെ വെച്ചുള്ള വളരെ വലിയ ഒരു മെറ്റാ അനാലിസിസ് ഇത് ശരി വെയ്ക്കുന്നു. വളരെ വലിയ എഫെക്ട് സൈസ് ആയ d= ൦.93 ആണുള്ളത് (Su et al, 2009 )

നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം, സാധനം-ആളുകൾ വൈവിദ്ധ്യം (people-things difference), പലതരം കുരങ്ങന്മാരിലും കാണുന്നു എന്നതാണ്! ആൺ കുരങ്ങുകുട്ടികൾ  ട്രക്കിടിപ്പിച്ചും ബോൾ എറിഞ്ഞും കളിക്കുമ്പോ പെൺ കുരങ്ങുകുട്ടികൾ പാവകളെ ഒമനിക്കുന്നു 😀 . (Alexander and Hines, 2002; Hassett et al, 2008)

 ദേഷ്യം കായികമായി പുറത്തെടുക്കുന്നത് കൂടുതലും ആണുങ്ങളാണ്. പ്രത്യേകം ശ്രദ്ധിക്കുക- പെണ്ണുങ്ങൾക്ക് ആണുങ്ങളെപ്പോലെ തന്നെ ദേഷ്യം വരും- ഒട്ടും തന്നെ കുറവല്ല. പക്ഷെ തടി കേടാക്കുന്ന രീതിയിൽ പുറത്തെടുക്കുന്നത് ആണുങ്ങളാണ്! (Archer, 2004)

 ടെസ്റ്റുകൾ കൊണ്ട് അളക്കുന്ന ബുദ്ധിശക്തിയിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരു പോലാണ്. പക്ഷെ ചില വ്യത്യാസങ്ങൾ ഉണ്ട്. മെന്റൽ റൊട്ടേഷൻ, സ്‌പേസ്, നാവിഗേഷൻ തുടങ്ങിയ ചില കഴിവുകൾ ആണുങ്ങൾക്ക് കൂടുതലാണെങ്കിൽ സംസാരം, ഭാഷാ നൈപുണ്യം അങ്ങനെ ചില കാര്യങ്ങളിൽ പെണ്ണുങ്ങൾ മുന്നിട്ട് നിൽക്കുന്നു. (നോ) (Halpern & LaMay, 2000)

ഗർഭാവസ്ഥയിൽ ഈസ്ട്രജൻ മുതലായ പെൺ ഹോർമോണുകളും, ടെസ്റ്റോസ്റ്റിറോൺ പോലുള്ള ആൺ ഹോർമോണുകളും മസ്തിഷ്ക വികാസത്തെയും ഘടനയെയും പല രീതിയിൽ സ്വാധീനിക്കുന്നുണ്ട്. (Tobet et al., 2009).

മസ്തിഷ്ക ഘടനയിലും ഒക്കെ ശരാശരി വ്യത്യാസങ്ങൾ ഉണ്ടളിയാ – അളിയീ. ജീന റിപ്പൺ ഒക്കെ ഇതിനെതിരെ എഴുതിക്കൂട്ടിയിട്ടുണ്ട്. പക്ഷെ ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെയാണ് മനസിലാകുന്നത് (Ruigrok et al, 2014)

അപ്പൊ ഇതൊക്കെ സമൂഹ ഇടപെടൽ മൂലമല്ലേ?

അല്ലെന്നാണ് തോന്നുന്നത്-

ഹെറിറ്റബിലിറ്റി പഠനങ്ങൾ 40-50 ശതമാനം ജീൻ, ജീൻ-എൻവിറോ ഇന്റെറാക്ഷൻ എന്നിവ കാണിക്കുന്നുണ്ടല്ലോ, ഏത്? മാത്രവുമല്ല, ബാക്കി 50- 60 ശതമാനം ഷെയേർഡ് ഫാമിലി എൻവിറോ യിൽ അല്ല, നോൺ ഷെയേർഡ് എൻവിറോയിൽ ആണ്, അപ്പൊ…. സോറി, സോറി.

പിന്നെ പല കൾച്ചറുകളിലെ പഠനങ്ങളും ഒരേ പോലെ ഉള്ള എഫെക്റ്റ് സൈസ് കാണിക്കുന്നു.

പല കോഹോർട്ടുകളും (പല സമയങ്ങളിൽ ഉള്ള ആളുകൾ) അങ്ങനെ തന്നെ,

എല്ലാ കാര്യങ്ങളിലും വ്യത്യാസങ്ങൾ ഇല്ല, ചിലതിൽ മാത്രം

ബയോളജി മെക്കനിസങ്ങൾ നമുക്കറിയാവുന്നതാണ് കുറെ.

അങ്ങനെ പലതും

ഏറ്റവും വലിയ വ്യത്യാസങ്ങൾ ഉള്ളത് സെക്സ് ഓറിയെന്റേഷൻ, ജെൻഡർ ഐഡന്റിറ്റി, പങ്കാളികളെ തിരഞ്ഞെടുക്കുന്നത്, സ്റ്റാറ്റസ് നോക്കൽ, നേതാവാകാൻ ഉള്ള വാഞ്ഛ ഇങ്ങനെ പലതിലും ആണ്. അങ്ങനെ കുറെ ഉണ്ട്. ലേഖനത്തിന്റെ പേരിൽ കിട്ടുന്ന അടി കിട്ടി കഴിഞ്ഞ് ബാക്കിയുണ്ടെങ്കിൽ പിന്നെ പറയാം.

സംഭവം ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേ മൂല്യമാണ്. അത് കൊണ്ട് തന്നെ തുല്യരുമാണ്. പക്ഷെ മുഴുവനായും ഒരു വ്യത്യാസവുമില്ല എന്ന രീതിയിൽ മനസിലാക്കിയാൽ പല പ്രശ്നങ്ങളുമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. സത്യത്തിന്റെ പുറത്ത് കേറി നിന്നിട്ടേ പുരോഗമനവും ഉന്നമനവും സാധ്യമാകൂ എന്നാണ് ഈയുള്ളവന്റെ എളിയ …ഒരിത്. ഇടിക്കണ്ട; തെറി പറഞ്ഞാ മതി- ഞാൻ നന്നായിക്കൊള്ളാം.(ജിമ്മി മാത്യു)

References (APA)

Alexander, G. M., & Hines, M. (2002). Sex differences in response to children’s toys in nonhuman primates (Cercopithecus aethiops sabaeus). Evolution and Human Behavior, 23(6), 467–479.

Archer, J. (2004). Sex differences in aggression in real-world settings: A meta-analytic review. Review of General Psychology, 8(4), 291–322.

Halpern, D. F., & LaMay, M. L. (2000). The smarter sex: A critical review of sex differences in intelligence. Educational Psychology Review, 12(2), 229–246.

Hassett, J. M., Siebert, E. R., & Wallen, K. (2008). Sex differences in rhesus monkey toy preferences parallel those of children. Hormones and Behavior, 54(3), 359–364.

Ruigrok, A. N. V., Salimi-Khorshidi, G., Lai, M.-C., Baron-Cohen, S., Lombardo, M. V., Tait, R. J., & Suckling, J. (2014). A meta-analysis of sex differences in human brain structure. Neuroscience & Biobehavioral Reviews, 39, 34–50

Su, R., Rounds, J., & Armstrong, P. I. (2009). Men and things, women and people: A meta-analysis of sex differences in interests. Psychological Bulletin, 135(6), 859–884.

Tobet, S. A., Knoll, J. G., Hartshorn, C., Aurand, E., Stratton, M., Kumar, P., Searcy, B., & McClellan, K. (2009). Brain sex differences and hormone influences: A moving experience? Journal of Neuroendocrinology, 21(4), 387–392.

Williams, C. L., & Pleil, K. E. (2008). Toy story: Why do monkey and human males prefer trucks? Hormones and Behavior, 54(3), 355–358. https://doi.org/10.1016/j.yhbeh.2008.05.003

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .