രണ്ടായിരം വര്ഷം മുൻപത്തെ ജൂദിയ ഒന്നാലോചിച്ചു നോക്ക് സുഹൃത്തുക്കളെ. കണ്ണിന് കണ്ണ്, പല്ലിനു പല്ല് എന്ന് പറഞ്ഞ അസൂയാലുവായ, ഏകാധിപതിയായ യഹോവ ആണ് ജൂതന്മാറുടെ ദൈവം. കല്ലെറിഞ്ഞു കൊല്ലൽ ഒക്കെ ചില കുറ്റങ്ങൾക്ക് സാദാ സംഭവമാണ്. ലിബറലിന്റെ ഓപ്പോസിറ്റ് എന്തുവാ മക്കളേ?
ഇല്ലിബറൽ. ഗോത്രീയം. കട്ട ലോക്കൽ ദൈവങ്ങൾ. പാരമ്പര്യം, മണ്ണ്, ഉടവാൾ, ക്ഷേത്രം- ഇവയിൽ നിന്ന് പ്രവഹിക്കുന്ന അധികാരം. ജൂതരാജ്യത്തെ ആക്രമിച്ചു കീഴടക്കി ഭരിക്കുന്നതോ- റോമൻ സാമ്രാജ്യം! ദൂരെയുള്ള സാമ്രാജ്യം ലോക്കൽ ഗവർണർമാരെ ഉപയോഗിച്ച് ഭരിക്കുന്നു. ജൂദന്മാർ കപ്പം കൊടുക്കുന്നു; അവരുടെ ആചാരങ്ങൾ കുറെ റോമാക്കാർ വക വെച്ച് കൊടുക്കുന്നു. അമർഷം ഉണ്ട് ജൂദന്മാർക്ക്- കൊടിയ അമർഷം. റോമാ സാമ്രാജ്യ കാല് നക്കികളായ ജൂദ പുരോഹിതവര്ഗം ഒരു അഡ്ജസ്റ്റ്മെന്റിൽ പോകുന്നു.
ഇതിനിടയിലാണ് കംപ്ലീറ്റ് ഫ്രീക്കനായ ഒരു ജൂദ സന്യാസി:
-നിന്നെപ്പോലെ അയൽക്കാരനെയും സ്നേഹിക്കുക.
- ശത്രുക്കളെ സ്നേഹിക്കുക
- നല്ല ശമര്യക്കാരനാണ് ചീത്ത ജൂദനേക്കാൾ നല്ലത്.
- പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ
- ഒരു കരണത്തടിച്ചാൽ മറ്റേ കരണം കാണിച്ചു കൊടുക്കുക
എന്നൊക്കെയുള്ള അക്കാലത്ത് ഒരു ലോജിക്കുമില്ലാത്ത ലെഫ്റ്റ് ലിബറൽ, യൂണിവേഴ്സലിസ്റ്റ് ആശയങ്ങളുമായി വന്നത്. ഗോത്രീയത തീരെ ഇല്ല! എല്ലാ മനുഷ്യർക്കും ഉള്ളതാണ് ദൈവം!!
എന്തരടേ ഇത്? ഇതെങ്ങനെ സംഭവിച്ചു?
ചെറുപ്പം മുതലേ ഉള്ള എന്റെ ഒരു സംശയം ആയിരുന്നു ഇത്. സത്യത്തിനു പുറകെ പോകുമ്പോ നമ്മൾ ഒരു കാര്യം ഓർക്കണം; പേടിക്കണം; പേടിച്ചു വിറക്കണം. കാരണം? സത്യം ചിലപ്പോൾ നമ്മൾ കണ്ടെത്തും.
അന്വേഷിപ്പിൻ; കണ്ടെത്തും!!
അവിടാണ് പ്രശ്നം. അത് നമ്മൾക്ക് വേണ്ടതാവണമെന്നില്ല. അനന്തബുദ്ധിക്കുടമയായ ദൈവത്തിൽ നിന്ന് കെട്ടിയെടുത്ത വിവരങ്ങളാൽ ഉദ്‌ബോധിതനായ ഒരു ദൈവ പുരുഷനെയാണ് നിങ്ങക്ക് കാണേണ്ടതെങ്കിൽ സോറി ബ്രോ. അത് ഒരു സുന്ദര മിത്താണ്. വിശ്വസിക്കാം- നോ പ്രോബ്ലം- നല്ലത് തന്നെ.
ആത്മസംഘർങ്ങളാൽ പീഢയനുഭവിക്കുന്ന, അഴിമതിക്കാരായ ജൂദ മതാധിപത്യത്തെ നിശിതമായി വിമർശിക്കുന്ന, റോമൻ അധിനിവേശത്തിനെതിരെ വളഞ്ഞ വഴിക്കാണെങ്കിലും ധീരമായി ശബ്ദമുയർത്തുന്ന ഒരു പോരാളിയായ ചെറുപ്പക്കാരനെയാണ് നിങ്ങൾക്ക് കാണാനാവുക.
നിഷ്കരുണം കുരിശിലേറ്റിയ റോമാ സാമ്രാജ്യം, അധികം താമസിയാതെ ജൂദിയ ആക്രമിക്കുകയും, അവരുടെ ക്ഷേത്രം തകർക്കുകയും കുറെയേറെ ജനങ്ങളെ ഇല്ലാതാക്കുകയും ബാക്കിയുള്ളവരെ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക് ഓടിക്കുകയും ചെയ്തു.
ഒരു ജൂദ മത വിഭാഗമായി മാറിയ ആദ്യ ക്രൈസ്തവരാണ് അവരുടെ സന്ദേശം ലോകം മുഴുവനുമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കാൻ ശ്രമിച്ചത് (പൗലോസ് ആണതിനു തുടക്കമിട്ടത്). ദുഷിച്ച ഒരു ലോകത്ത് ഒരു തുരുത്തായി മാറിയ ആ സമൂഹത്തിലെ മനുഷ്യരുടെ ഹൃദയങ്ങളിലാണ് ഈശോ ഉയർത്തെഴുന്നേറ്റത്.
പല ജനവിഭാഗങ്ങളുടെ ഇടക്ക് എങ്ങനെ അതിജീവിക്കാം? എന്തൊക്കെ മൂല്യങ്ങളെ ഉയർത്തിക്കാട്ടാം? എങ്ങനെ അഹിംസയിലൂടെ വളരാം? (ദൗർബല്യം ഒരു അനുഗ്രഹമാണിവിടെ)
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈശോയുടെ ലിബറലിസം. പിന്നീട് റോമാ സാമ്രാജ്യത്തിന്റെ അധികാരമുള്ള മതമാകുമ്പോൾ, ലോകത്തിലെ ഏറ്റവും ഇല്ലിബറൽ ആയ മതവും ആകുന്നുണ്ട് ക്രിസ്ത്യാനിറ്റി. അപ്പോഴേക്കും പക്ഷെ; ഈശോയുടെ അടിസ്ഥാന വ്യക്തിത്വം ഉറച്ചു പോയിരുന്നു.
അത് കൊണ്ടാണ് പലപ്പോഴും ഇത്തരം ചോദ്യങ്ങൾക്കുള്ള ഇന്നത്തെ ലോകത്തെ ഉത്തരങ്ങളും പലപ്പോഴും ഈശൊക്കറിയാവുന്നതായി തോന്നുന്നത്. അത് പണ്ടെങ്ങാണ്ടു ജനിച്ച ഒരു ജൂദ സന്യാസിയുടെ ജല്പനങ്ങൾ മാത്രമല്ല, മറിച്ച്, പലർക്ക് എങ്ങനെ ഒന്നിച്ച് ജീവിക്കാം എന്ന ചോദ്യം പലർ അന്വേഷിച്ചതിന്റെ ഫലമാണ്.
ഹാപ്പി ക്രിസ്മസ്!
(ജിമ്മി മാത്യു)