ട്രമ്പിന്റ്റെ താരിഫും മാറുന്ന ലോകവും:

നമ്മൾ വിചാരിക്കുന്നത് ട്രമ്പ് ഒരു #ട്ടൻ ആയത് കൊണ്ട് പുള്ളി പോയാൽ ചിലപ്പോ എല്ലാം പഴയ പോലെ ആവും എന്നാണ്. എനിക്ക് തോന്നുന്നില്ല. ലോകത്തും അമേരിക്കയിലും ചൈനയിലും ഇന്ത്യയിലും ഒക്കെ നടക്കുന്ന വലിയ മാറ്റങ്ങളുടെ ഒരു പ്രതിഫലനം മാത്രമാണ് ട്രമ്പ് ഫിനോമിനോൺ.

തണുത്തുറഞ്ഞ ശീതയുദ്ധത്തിൽ അമേരിക്കയും യൂറോപ്പും ഒക്കെ അടങ്ങുന്ന ‘പാശ്ചാത്യ’ (ആസ്‌ട്രേലിയ, ജപ്പാൻ, സൗത്ത് കൊറിയ, എന്തിന്, ചൈന പോലും ഇക്കാര്യത്തിൽ ഒപ്പം നിന്നു) ശക്തികൾ ജയിച്ച്, ലോകം അമേരിക്കാ കേന്ദ്രീകൃതം ആയി. അമേരിക്ക ആണ് പ്രധാന ഗുണ്ട. ആശാൻ ജയിച്ചേ!!

ആശാൻ ഈ റോൾ സർവ്വശക്ത…ഛെ…സർവാത്മനാ ഏറ്റെടുത്തു. നിയോ ലിബറലിസം തഴച്ചു വളർന്നു. പല കാര്യങ്ങളിലും ലോകത്ത് വളരെ പുരോഗതി ഉണ്ടായി.

അങ്ങനെ ഉണ്ടായപ്പോ ചൈനയൊക്കെ കണ്ടമാനം വളർന്നു. ആശാനെ പല കാര്യങ്ങളില് തോല്പിക്കാം എന്ന സ്ഥിതിയായി. ഇന്ത്യയും ഒക്കെ വളർന്നു. പക്ഷെ ഉച്ച നീചത്വങ്ങൾ കൂടി. അതിലുപരി മോഡെർണിറ്റി എന്ന ആധുനികത കടന്നു കയറി തനത് സംസ്കാര മാമൂലുകൾ പാടെ തകർന്ന് അവ ഇല്ലാതാകും എന്ന് യാഥാസ്ഥിതികർ ഭയന്നു. സോഷ്യൽ മീഡിയ ഒക്കെ വന്നപ്പോ അതുപയോഗിച്ച് അവർ തിരിച്ചടിച്ചു. പല പല വർഗീയ, രാഷ്ട്രസ്നേഹ, കൊണാണ്ടറികൾ രംഗം കയ്യടക്കി.

അതായത് പ്രതിക്രിയാ വാദക്കാരായ പാരമ്പര്യ റംബൂട്ടുകൾ തക്കം പാർത്തിരിക്കയായിരുന്നു. കോളോണിയലിസ്റ്റ് ചിന്താ സരണികൾ അസ്തമിച്ചു തന്നെ തുടങ്ങിയെങ്കിലും പ്രാദേശിക കോളോണിയലിസ്റ്റ് ശക്തികൾ ശിരസ്സ് ഉയർത്തിത്തുടങ്ങി. റാഡിക്കൽ ആയിട്ടുള്ള മാറ്റമല്ല.

ഇത് ലോകം മൊത്തം ഉണ്ടായി. ഇതിന്റെ ഒക്കെ ഒരു നേർഫലമാണ് ട്രമ്പ് ഒക്കെ. പുള്ളി പോയാലും ചിന്താസരണികൾ ഇവിടെയൊക്കെ ചുറ്റിത്തിരിയും എന്നാണ് തോന്നുന്നത്.

അത് മാത്രമല്ല. അമേരിക്കയോട് മാത്രം കച്ചവടം ചെയ്തോണ്ടിരുന്നാൽ മൂഞ്ചു മിട്ടായി തിന്നും എന്ന് എല്ലാർക്കും മനസിലായിത്തുടങ്ങി. അവരുടെ പവറും കുറെ കുറഞ്ഞു എന്ന യാഥാർഥ്യം പുറത്ത് വന്നല്ലോ. കീരിക്കാടൻ ചത്തിട്ടില്ല. ഉടൻ ചാവുകയുമില്ല. എന്നാലും നല്ല പ്രായം കഴിഞ്ഞു.

ഒത്തിരി മോഹന്ലാലുമാർ പൊങ്ങി വന്നു. അതിൽ ഏറ്റവും പ്രധാനം ചൈന തന്നെ. അപ്പൊ ചൈന, ഇന്ത്യ, ബ്രസിൽ, സൗത് ആഫ്രിക്ക, ഒന്നിച്ച് കച്ചവടം ചെയ്ത്, കുറെ ഏറെ ചെറിയ രാജ്യങ്ങൾ എന്നിവ ചേർന്ന് അങ്ങോട്ടുമിങ്ങോട്ടും സഹകരിച്ച് അമേരിക്കയെ സൈഡാക്കിയാൽ പോരെ?

തീർച്ചയായും. അതിന് ശ്രമിക്കണം. ഉടൻ അതിന് കുറെ സപ്പോർട്ടും സാദ്ധ്യതകളും ഉണ്ടാവും.

പക്ഷെ ഒരു പ്രശ്നമുണ്ട്. ഈയടുത്താണ് തമിഴ്‌നാട്ടിലും കര്ണാടകയിലുമുള്ള ഐ ഫോൺ ഫാക്ടറികളിൽ നിന്ന് മുന്നൂറ് ചൈനീസ് എഞ്ചിനീർമാരെ ചൈന തിരിച്ച് വിളിച്ചത്. മാനുഫാക്ച്ചറിങ് മേഖലയിലേക്ക് ആവശ്യമുള്ള പല മൂലകങ്ങളുടെയും ഇന്ത്യയിലേക്കുള്ള കയറ്റുമതി ചൈന നിരോധിക്കുകയും ചെയ്തു. വലിയ യന്ത്രസാമഗ്രികൾക്ക് വേണ്ട ടെക്നൊളജികൾക്ക് ചൈന പല രീതിയിലും പാര പണിയുന്നുണ്ട്.

ചുരുക്കം പറഞ്ഞാൽ ചൈന മോഹൻലാൽ അല്ല, വേറൊരു കീരിക്കാടൻ ജോസ് ആണ്. ഇന്ത്യയെ സംബന്ധിച്ച്.

ഒരൊറ്റ ഗുണ്ട വിലസുന്ന ലോകം ഇനി വരാത്ത വണ്ണം ഇല്ലാതായി. പല ഗുണ്ടകളും പൊങ്ങി വന്നു കഴിഞ്ഞു. ഷുവർ- എല്ലാ ഗുണ്ടകളുമായി അടവുനയത്തിലുള്ള സ്നേഹം, ദാമം, ഭേദം ഒക്കെ ഉപയോഗിക്കാം. ഇച്ചിരി ദണ്ഡവും വേണ്ടി വരും.

നമുക്കും ജിമ്മിൽ പോകാൻ നേരമായി. ഒരു മോഹൻലാലും ഉപാധികളില്ലാതെ സഹായിക്കാൻ വരില്ല. മസിലുകൾ പെരുപ്പിച്ചോ. കളരി അഭ്യാസം മറക്കണ്ട. ഫാക്ടറികൾ പോരട്ടെ. എ ഐ റിസേർച്ച് എന്തായി? പൗരന്മാരെ പഠിപ്പിക്കേണ്ടേ? ടൂൾസ് ഒക്കെ എടുത്തു വെച്ചോ. വേണ്ടി വരും.
(ജിമ്മിച്ചൻ)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .