അപ്പനും മുള്ളലും പിന്നെ ഞാനും :

അങ്കമാലി ഡയറീസ് , എസ്രാ , സഖാവ് , മുതലായ ചില പടങ്ങൾക്ക് പെണ്ണുമ്പിള്ളയും എളേ മോളും വരില്ല . അവർക്ക് സമയം കളയാൻ വയ്യെന്ന് . ഞാനും മൂത്ത മോളും കൂടിയാണ് ഇതിനൊക്കെ പോവാറ് . ഒരു ദിവസം ഇത് പോലെ പോയി ഇന്റർവെൽ ആയപ്പോൾ മുള്ളാനായി പുറത്തിറങ്ങി . പ്രമുഖ മാളിന്റെ ആണുങ്ങളുടെ മൂത്രപ്പുരയിൽ കയറി . നോക്കിയപ്പോൾ വരിവരിയായി ഭിത്തിയിൽ സെറാമിക് കോപ്പകൾ പോലെയുള്ള വിസർജ്ജന തളികകൾ . നല്ല അടുത്തടുത്താണ്‌ . തമ്മിൽ തിരിക്കാൻ ഭിത്തിയോ കൈവരിയോ ഒന്നും ഇല്ല . നമ്മൾ മുള്ളുമ്പോൾ പാളി നോക്കണ്ട . അറിയാതെ വീക്ഷണ കോണിൽ അടുത്തു നിക്കുന്നവന്റെ  പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സുനാപ്പി അറിയാതെ പെടും . നേരെ തിരിച്ചും സംഭവിക്കുമല്ലോ .

 

സംഭ്രമ ജനകവും ഹൃദയ താഡന ശീഘ്രതാ ജനകവുമായ ഈ തരുണത്തിൽ ഞാനെന്റെ സ്വന്തം അപ്പനെ ഓർത്തു പോയി .

 

ങേ – എന്ന് നിങ്ങൾ ആക്കണ്ട . കാര്യം പറയാം .

 

അതായത് ചെറുപ്പത്തിലേ തന്നെ എനിക്ക് പറ്റാത്ത ഒരു സംഭവം ആയിരുന്നു പരസ്യ മുള്ളൽ . പെണ്ണുങ്ങൾക്ക് സ്വകാര്യത വേണമെന്നുള്ളത് എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്‌  . ഇന്നാണെങ്കിൽ അതിനായി മുറവിളിയും ആവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ശുഷ്കാന്തിയും ഉണ്ട് . അന്നു പെണ്ണുങ്ങൾ എങ്ങനെ അഡ്ജസ്സ്റ് ചെയ്തിരുന്നു എന്നെനിക്ക് അറിയാൻ പാടില്ല .

 

ഒന്നറിയാം – എന്റെ കാര്യം കട്ടപ്പൊകയായിരുന്നു . ഒന്നാം ക്ലാസ്സ് ഭാഗ്യവശാൽ എനിക്കൊര്മയില്ല . ഉച്ച വരയെ ക്‌ളാസ്സുണ്ടായിരുന്നുള്ളു എന്ന് തോന്നുന്നു . രണ്ടാം ക്ലാസ് മുതൽ പ്രധാനമായും സർക്കാർ സ്‌കൂളുകളിലാണ് പഠിച്ചത് . ‘ആയിരം കോഴിക്ക് അര കാട ‘ എന്ന് പറഞ്ഞത് പോലെയാണ് അവിടെ കാര്യങ്ങൾ .

 

അതായത് :

“ആയിരം ആമ്പിള്ളേർക്ക് അര മൂത്രപ്പുര ”

 

ഇന്റർവെൽ ആവുമ്പോഴേക്കും ഒരോട്ടമാണ് . കുടുസ്സു ഓലപ്പുരയിലെ ഓരത്ത് ഒരോവ് ചാൽ . അതാണ് ഈ മഹത്തായ വൃക്ക ജല വിരേചന നിലയം . നല്ല ഉശിരൻ മണമാണ് . അര കിലോമീറ്റർ ചുറ്റളവിൽ ഇത് പ്രസരണം നടത്തും – നമ്മുടെ വൈഫൈ ഒക്കെ പോലെ . ഓവ് ചാലിൽ മൂത്രത്തിന് മേലെ പുട്ടിനു പീര പോലെ മറ്റവനെയും കാണാം – നമ്പർ ടു . ഓക്കാനം വരും .

 

നമ്മുടെ സുഹൃത്തുക്കൾക്ക് ഇതൊന്നും പ്രശ്നമല്ല . അകത്തു കേറലും ട്രൗസർ വലിച്ചൊരു താഴ്ത്താണ് . പിന്നെ ‘സ്ര്ര്ര്ര്ര്ർ ‘ എന്ന ഒരു സൗണ്ട് കേക്കാം . നമ്മൾ ഈ സൗണ്ട് കൊതിയോടെ കേട്ടിങ്ങനെ നിൽക്കും . ഇടതു കൈയിൽ ട്രൗസർ താഴ്ത്തി പിടിച്ചിട്ടുണ്ട് . വലതു കൈയിൽ പ്രവർത്തിപ്പിക്കേണ്ട യന്ത്രം .

 

പക്ഷെ ദൈവം സഹായിച് ഒരു തുള്ളി – ങേഹേ – പോവില്ല!

 

പിന്നെ വീട്ടിലെത്തുന്നതു വരെ പിടിച്ചങ്ങനെ നിക്കും . വല്യ സുഖോന്നൂല്യ – കേട്ടല്ലോ .

 

പിന്നെ ചില യാത്രകൾ പോകുമ്പോഴാണ് എനിക്കിങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് പപ്പയ്ക്ക് മനസ്സിലായി തുടങ്ങിയത് . പലപ്പോഴും പല ബന്ധു കുടുംബങ്ങളും കാണും . വഴിക്കൊക്കെ ചിലപ്പോൾ മുള്ളാൻ നിർത്തും . ഏതെങ്കിലും ഗ്രാമ പ്രദേശത്തായിരിക്കും . പെണ്ണുങ്ങൾ ആരും ഇറങ്ങില്ല . അവർ എങ്ങനെ മാനേജ് ചെയ്തിരുന്നു എന്ന് ഞാൻ എപ്പോഴും ചിന്തിക്കുമായിരുന്നു .

ഞാൻ ഇറങ്ങും . ഞാൻ എപ്പോഴും പാപ്പായുടെ അടുത്താണ് നിൽക്കുക . അടുത്തു വേറെയും ആൾക്കാരുണ്ട് . അത്ര ചെറിയ കുട്ടിയൊന്നുമല്ല . പതിമൂന്നു പതിനാലു വയസ്സിലൊക്കെ ഈ സംഭവങ്ങൾ ഓർമയുണ്ട്..പപ്പ – ശിര്ർ . കാര്യം കഴിഞ്ഞു . ഞാനും സാമാനം അകത്തിട്ട് നിവർന്നു നിക്കും .

 

“നീ ഒഴിച്ചോടാ ?”

 

“ഇല്ല . സാരമില്ല . പിന്നെ ഒഴിക്കാം .” സംഭവം മുള്ളാൻ മുട്ടീട്ടു വയ്യ . ഇനി എപ്പോൾ സാധിക്കും എന്നറിയില്ല . ആധിയാണ് . ഭയങ്കര ആധി .

“ഏയ് . നമുക്ക് കുറേക്കൂടി ഉള്ളിലേക്ക് നടക്കാം . എന്നിട്ടൊഴിക്കാം .”

 

“ങേ – അതിനു പപ്പാ ഒഴിച്ച് കഴിഞ്ഞില്ലേ ?”

 

“അതിനെന്താ – ഒന്നൂടി ഒഴിക്കാമല്ലോ .”

 

ഞങ്ങൾ പതുക്കെ പറമ്പുകളിലെ ചെറിയ വഴികളിലൂടെ ഇങ്ങനെ നടക്കും .

“പപ്പ – ദേ എല്ലാരും വണ്ടീ ക്കേറി ”

 

“അത് സാരമില്ല . നമ്മൾ കേറാതെ വണ്ടി പോവൂല്ലല്ലോ ”

 

“പോയാലോ ”

 

“ഹ ഹ – പോയാൽ നമ്മൾ ടാക്സി വിളിച്ചു പുറകെ പോകും . പേര്സല്ലേ എന്റെ കൈയിൽ ഇരിക്കുന്നത് . ”

“ദേ – ഇവിടെ ആരുമില്ല . ഇവിടെ നമുക്ക് ഒഴിക്കാം .”

അങ്ങനെ പിന്നെയും ശ്രമിക്കും . എന്റപ്പൻ തിരിഞ്ഞു നിന്ന് മൂത്രം ഒഴിക്കുന്നതായി അഭിനയിക്കും . ഞാൻ ചിലപ്പോൾ ഒഴിക്കും . ചുരുക്കം ചിലപ്പോൾ എന്നിട്ടും പറ്റില്ല . അപ്പോൾ വീണ്ടും നടത്തം തുടങ്ങും . ഒഴിപ്പിച്ചിട്ടേ അപ്പൻ വിടൂ .

തിരിച്ചു നടക്കുമ്പോൾ പറയും :

“എടാ – ഒരു കാര്യത്തിനിറങ്ങിയാൽ അത് നടന്നിട്ടേ തിരിച്ചു വരാവൂ ”

 

തിരിച്ചു കയറുമ്പോൾ വണ്ടിയിലുള്ളവർ നിറയെ പരിഹാസമാണ് .

“ഈ അപ്പന്റെയും മോനെയും ഒരു കാര്യം . എത്ര സമയാ ”

“ഓ . അത് ഞങ്ങൾ ഒന്ന് നടന്നതാ . നല്ല തെങ്ങും തോപ്പ് ” അപ്പൻ പറയും .

 

അങ്ങനെ പതുക്കെ സംഭവം മാറി .

 

പറഞ്ഞു വന്നത് – അന്ന് മാളിലെ തീയേറ്ററിൽ എന്റെ അപ്പുറത്തും ഇപ്പുറത്തും ആജാനു ബാഹുക്കളായ രണ്ടു രാക്ഷസ രൂപികളാണ് മുള്ളാൻ നിന്നത് . എനിക്ക് ഒരു പ്രശ്നവും തോന്നിയില്ല . പണ്ടേതോ തെങ്ങിൻ തോപ്പിൽ നിന്ന കാലം ഓർമിച്ചു .

“ശർർർർർർർർ ” – സംഭവം തീർന്നു . തടിയും തലച്ചോറും എന്ന് വേണ്ട ഇന്നൊന്ന് മര്യാദക്ക് മുള്ളാൻ പോലും ധൈര്യം തന്ന അപ്പനെ മനസ്സിൽ ധ്യാനിച്ചു സാധനം കുലുക്കി പാന്റ്  കേറ്റി . സിപ്പറും ഇട്ടു .

 

പുറത്തിറങ്ങിയപ്പോൾ ലേഡീസ് ബാത്റൂമിൽ നിന്നും ഇറങ്ങി മോൾ കാത്തു നിൽക്കുന്നു .

 

“നീ മുള്ളിയാ ?”

 

“പപ്പക്ക് വല്ല പ്രാന്തുണ്ടോ ഇത് പോലത്തെ ചോദ്യങ്ങൾ ചോദിക്കാൻ ?”

 

“ഏയ് ഇല്ല- വെറുതെ ചോദിച്ചെന്നെ ഉള്ളു .”

 

ഞങ്ങൾ തീയേറ്ററിനുള്ളുലേക്ക് നടന്നു .

 

മോൾ ചോദിച്ചു – “അപ്പാപ്പനും പപ്പയും കൂടെ ഇങ്ങനെ ഫൺ കാര്യങ്ങളൊക്കെ ഒരുമിച്ച് ചെയ്യാറുണ്ടായിരുന്നു ?”

 

“പിന്നേ ”

 

“ലൈക് ?”

 

“ഒരുമിച്ച് മുള്ളാൻ പോവാറുണ്ടായിരുന്നു . നല്ല രസാരുന്നു .”

 

“പോ – പപ്പാ “

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .