പഴേ സഹപാഠിയും ഭാര്യയും തെറിയും:

ഒരു സ്ത്രീ കാരണം പഴേ സഹപാഠിയെ തെറി വിളിച്ചു ബ്ലോക്കേണ്ടി വന്ന കദനകഥ ആണിത്. അതും അവൻറ്റെ ഭാര്യ കാരണം. ദുര്ബലമനസുള്ളവർ ജസ്റ്റ് സ്കിപ്പേ….ഒന്നും നോക്കണ്ട.

പത്തുനാല്പത്തഞ്ചു വയസായി, വലിയ പ്രഫസറും ഡോക്ടറുമായി വെലസുന്ന ഞാൻ ജോലി കഴിഞ്ഞു വന്നു വീട്ടിലിരിക്കുമ്പോഴാണ് ആ ഫോൺ കോൾ വരുന്നത്:

“ഹലോ”- ഞാൻ പറഞ്ഞു.

“ഡാ മൈ…..$$$! ഇത് ഞാനാണ്ടാ, ഭൂലോക ശവിയെ.”

കറ കളഞ്ഞ തൃശൂർ ഭാഷയും തെറിയും കേട്ടപ്പോ ഉറപ്പിച്ചു- ഇത് പഴേ മാഡൽ ബോയ്സ് ടീമ്  തന്നെ. മെഡിക്കൽ കോളേജിൽ ആണെങ്കിൽ ഇങ്ങനെ തെറി കൊണ്ട് തുടങ്ങുന്നവന്മാരെ ഞൊടിയിൽ ശബ്ദം കൊണ്ട് അറിഞ്ഞേനെ. ഇത് അത്ര അടുപ്പമുള്ളവനല്ല. മനസ് ഗിയർലെസ്സായി, ഓട്ടമറ്റിക്കായി  സമയസഞ്ചാരം നടത്തി ആളെ തപ്പിയെടുത്തു- നടുമ്പുറം ലോന എന്ന മഹാ….മൈ …ൻ!!

കുറെ പഴേ വർത്താനം ഒക്കെ കഴിഞ്ഞു. “നീ അന്ന് ഇടിച്ച വേദന ഇപ്പോഴും ഉണ്ടട്ടാ, മറക്കണ്ട നിയ്യ്” അവൻ ഓർപ്പിച്ചു. സംഗതി ശരിയാണ്. അവൻ എന്റ്റെ ക്‌ളാസിൽ ഉള്ളവനല്ല. ആകെ ഞാനും അവനും തമ്മിലുള്ള ബന്ധം ഒരു പ്രത്യേക സാഹചര്യത്തിൽ അവൻ എന്റ്റെ കണ്ണിൽ തുപ്പുകയും അതിനെത്തുടർന്ന് ഞാൻ അവനെ കുനിച്ചു നിർത്തി ബ്ലങ്കാട്ട് ഭും, ബ്ലിങ്കട്ട് ഭം  എന്ന് ഒരു ഡസൻ ഇടി അവൻറ്റെ നടുമ്പുറത്ത് കൊടുത്തു  എന്നതുമാണ്.  അതിനെത്തുടർന്നാണ് മോഡൽ നാട്ടുകൂട്ടം വെറും ലോനയായ അവനെ നടുമ്പുറത്ത് ലോന എന്ന പദവി കൊടുത്ത് ആദരിച്ചത്.

ഇപ്പൊ വിളിക്കാൻ കാര്യമെന്താ? അത് ഞാൻ അവൻറ്റെ ഭാര്യയോട് ഒന്ന് സംസാരിക്കണം. ഫോൺ കൊടുക്കാം. ങേ- ഓക്കേ.

“ഹാലോ… ഞാനണ് ഡെയ്‌സി. അതേ ഡോക്ട്രേ, ങ്ങള്ടെ ഇടി കാരണണ് ന്നാ തോന്നണേ- ലോനയ്ക്ക് നല്ല മാനസിക വേഷമണ്ട്‌. പിന്നെ കുറ്റപ്പേരും ങ്ങള് കാരനണല്ലോ വന്നേ. അത് കൊണ്ട് കുടി തന്നെ കുടി. ജോലിക്കും പോവില്ല്യ. ആകെ ഒരു കൊച്ചൊള്ളതിനെ എങ്ങനെയോ കെട്ടിച്ചു വിട്ടു. ഇങ്ങേരെ ഇനി എന്തുട്ടാ ചെയ്യാ? അവടെ ങ്ങടെ ഹോസ്പിറ്റലില് ഈ കുടിക്ക് ചികിത്സ ഇല്യേ.”

ഞാൻ അന്തം വിട്ടു കുന്തം കുറുങ്ങനെ വിഴുങ്ങിയ ജാതി നിന്ന് പോയി. പെമ്പറന്നോരു നിർത്താൻ ഭാവമില്ല:

“ങ്ങള് ഫ്രണ്ട്സ് ഒക്കെ ചേർന്നാണ് ഇങ്ങേരെ കുടിപ്പിച്ച് വഴിക്കാക്കിയേ. എനിക്ക് വയ്യ. എങ്ങോട്ടെങ്കിലും കൊണ്ട് പോയി നേരെ ആക്ക്.”

ങേ- ബെസ്റ്റ്. പത്താം ക്‌ളാസ് കഴിഞ്ഞ് ഇന്നേ വരെ കണ്ടിട്ടില്ല- എന്നിട്ടാണ്. മൈ%%%^!

ചുരുക്കം പറഞ്ഞാൽ ഞാൻ വളരെ കഷ്ടപ്പെട്ട് ഉടൻ സൈക്കിയാട്രിയിൽ അഡ്മിഷൻ ആക്കി. ആദ്യം കാണാൻ വന്നപ്പോ തന്നെ പുള്ളിയെ ഒപിയിൽ ഇരുത്തി എന്റെ മുറിയിൽ വന്ന് ഡെയ്‌സി ഒച്ച തുടങ്ങി:

“എനിക്ക് വയ്യട്ടാ. ഇങ്ങനെ കുത്തിരിക്കാൻ. വേഗം കാണാൻ പറ, ങ്ങടെ സൈക്കാട്രിസ്റ്റിനോട്.”

പിന്നെ ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയെപ്പറ്റി കുറെ കുറ്റം പറഞ്ഞു. ഞാൻ ഒക്കെ കുറ്റബോധത്തോടെ കേട്ട് നിന്നു. ആശുപത്രിയുടെ എല്ലാ നടത്തിപ്പും എന്റ്റെ കയ്യിലാണെന്നാണ് പുള്ളിക്കാരിയുടെ വിചാരം. ഞാൻ ഒരു മൂലയ്ക്ക് ജീവിച്ചു പോവ്വാണെന്ന് ഈ മറുതായോട് ആരേലും ഒന്നു…….

ഒക്കെ സഹിച്ചു. കുറ്റബോധം ഉണ്ടേ. ഊതി വീർപ്പിച്ച മനസാക്ഷി എപ്പോഴും എന്റ്റെ ഒരു വീക്നെസ് ആയിരുന്നു- സത്യായിട്ടും.

അങ്ങനെ എങ്ങനെയോ ലോന അവിടെ ഒരു മാസം കിടന്നു. ഇത്രേം തങ്കപ്പെട്ട ഒരു പേഷ്യന്റിനേം പ്രത്യേകിച്ച് കൂട്ടിരിപ്പിന് ഇത് പോലുള്ള ഭാര്യെനേം കൊടുത്തതിന് സൈക്കാട്രിസ്റ്റ് എന്റ്റെ പൂർവ പിതാക്കന്മാരെ സ്മരിച്ചു. ഡേയ്സിഅമ്മായി സ്ഥിരം എന്റ്റെയടുത്ത് വന്ന് ചീത്ത പറഞ്ഞു. ഞാൻ കുറെ തേരാ പാരാ ഓടി. ഞാൻ കാരണമാണല്ലോ. ഇതിനിടക്ക് ലോന ചാടിപ്പോയി. പോലീസിനെ വിളിപ്പിച്ചു. അടുത്ത ബാറിൽ നിന്ന് ഫുൾ വീലായി ആളെ കിട്ടി. പാമ്പിനെ റെസ്ക്യൂ ചെയ്ത് പിന്നേം വാർഡിലാക്കി.

അവസാനം ഡിസ്ചാർജ് ആയപ്പോ ഞാൻ മറ്റേ സാധനം വലിച്ചു വിട്ടു. അയ്യേ അതല്ല- ദീർഘനിശ്വാസം-  അതാണ്. ഛെ, ഛേ.

ഒരു മൂന്നു മാസം കഴിഞ്ഞ് പിന്നേം ഡെയ്‌സി വിളിച്ചു:

“ഡോ…..ഡോക്ട്രേ- ങെടെ ലോന പിന്നേം തൊടങ്ങീട്ടാ….ഞാൻ ഒന്നും പറയുന്നില്ല. അല്ല പിന്നെ..”

അങ്ങനെ പിന്നേം അഡ്മിഷൻ. പിന്നേം പിതൃസ്മരണ. പിന്നേം ഒളിച്ചോട്ടം. പിന്നേം കുറ്റബോധം. പിന്നെം ഡെയ്‌സിയമ്മായി വക കള്ളക്കടിപ്പ്- ഛേ- കട്ടക്കലിപ്പ്‌. ഒരിക്കൽ റൂമിന്റെ പുറത്ത് അവർ എന്റ്റെ രോഗികളോട് പറയാണ്:

“ഫ്രണ്ട് ആണത്രേ. കൊണ്ട് പോയി ചീത്ത ആക്കുന്നതും പോരാ, തിരിഞ്ഞു നോക്കുന്നതും ഇല്ല!”

മൈ$$$$^! കാക്കതൊള്ളായിരത്തി എൺപതിനായിരം മയിലുകൾ പീലി വിടർത്തിയത്!!

പിന്നേം ഡിസ്ചാർജായപ്പോ ഞാൻ പിന്നേം മറ്റേ സാനം വലിച്ചു വിട്ടു.

ഇപ്പൊ മൂന്നാലു മാസമായി. ദേ അടുത്ത ദിവസം ഫോൺ കോൾ. ഡെയ്‌സി!

“ഹാലോ…. ലോന പിന്നേം….”

“തുടങ്ങി, അല്ലേ?”

“അതേ. നിങ്ങടെ ഇടിയും പിന്നെ…”

“ഒരു മിനിറ്റ്. ഡെയ്‌സി ഞാൻ പറയാൻ പോകുന്നത് ശ്രദ്ധിച്ചു കേൾക്കണം-” ഞാൻ തുടർന്നു –

“കഴിഞ്ഞ പ്രാവശ്യം ലോന പോയേപ്പിന്നെ അവൻ ഇനി ഒരിക്കലും നേരെയാവില്ലല്ലോ എന്നോർത്ത് ഞാൻ ഫുൾ ഡെസ്പാണ്. അങ്ങനെ കുറ്റബോധവും ഒക്കെക്കൂടി ഞാൻ കുടി തുടങ്ങി. ഇപ്പൊ എല്ലാ ദിവസവും അരക്കുപ്പി തീർക്കും. അങ്ങനെ പ്രശ്നമുള്ള ഞാൻ എങ്ങനെ നിങ്ങടെ ഭർത്താവിന്റെ അതെ പ്രശ്നം സോൾവാക്കും? ഇനി ആകെ ചെയ്യാവുന്നത്, ഞാൻ അവനെയും വിളിച്ച് ഒരു ബാറിൽ പോയി പത്തു ലാർജൊക്കെ അടിച്ച് പ്രശ്നത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം എന്നതാണ്. കൂടെ കുറെ നിരീക്ഷകരേം വിളിക്കാം. വേറെ ഫ്രണ്ട്സ് ഉണ്ടല്ലോ.”

കുറെ നേരം സമ്പൂർണ നിശബ്ദത. അത് തളം കെട്ടിയില്ല. അതിനു മുൻപേ ഡെയ്‌സി അതിനെ ഭുജിച്ചു, അല്ല, ഭഞ്ജിച്ചു:

“താൻ ആക്കിയതാണല്ലേ. $$ !”

അവർ പറഞ്ഞ വാക്കിന്റ്റെ ആദ്യാക്ഷരം കുരുവിയിലുണ്ട്, പരുന്തിലില്ല. രണ്ടാമക്ഷരം എണ്ണയിലുണ്ട്, എറണാകുളത്തിൽ ഇല്ല. എനിക്ക് തൃപ്‌തിയായി. ഞാൻ ഫോൺ വെച്ചു.

ഇക്കഴിഞ്ഞ ദിവസം അവൻ വിളിച്ചിരിക്കുന്നു, ലോന.

“ഡാ, ഡാഷേ. എന്നെ ഡെയ്‌സി വീട്ടന്ന പുറത്താക്കി. ഞാൻ അങ്ങോട്ട് വന്നാലാ? ഡെയ്‌സി പറഞ്ഞല്ലോ നമുക്ക് രണ്ടെണ്ണം അടിച്ചിട്ട് ഡിസ്കസ് ചെയ്യന്നു? നിന്നെ അവള്  കൊറേ തെറി പറഞ്‍ട്ടാ.”

“പോടാ മൈ$$ !” ഞാൻ ഫീലിങ്‌സോടെ പറഞ്ഞു. അന്ന് നമ്പർ ബ്ലോക്കിയതാണ്. പിന്നെ ഒരു വിവരവുമില്ല. വീട് കണ്ടുപിടിച്ച് വരുമോ ആവോ.

മൈ $$ !

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .