രണ്ടായിരം എന്ന ഒരാണ്ടുണ്ടായിരുന്നു . നിങ്ങൾക്കോര്മയുണ്ടോ എന്നെനിക്കൊര്മയില്ല . വെറും രണ്ടായിരം . രണ്ടായിരത്തൊന്നല്ല – ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്പതുമല്ല . രണ്ടും കെട്ട ഒരു വര്ഷം .
അന്ന് ഞാൻ ജിപ്മെർ എന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സർജൻ ആകാൻ പരിശീലിക്കുന്നു . മുപ്പത്താറു മണിക്കൂർ അടുപ്പിച്ചു ഡ്യൂട്ടി, ആഴ്ചയിൽ രണ്ടു പ്രാവശ്യം . ഉറങ്ങാൻ പറ്റില്ല . ഒരാഴ്ച ഏകദേശം നൂറു നൂറ്റി ഇരുപതു മണിക്കൂറൊക്കെ ജോലി ചെയേണ്ടി വരും . അതും നല്ല സമ്മർദം ഉള്ള സാഹചര്യങ്ങളിൽ . അത്യാഹിത വിഭാഗം എപ്പോഴും തിരക്കാണ് . ജീവന്മരണ പോരാട്ടങ്ങൾ ആണ് ഓരോ ദിവസവും .
മൂന്നു സർജറി റെസിഡന്റ് സുഹൃത്തുക്കളെ ഞാൻ ഓർക്കുന്നു . സുരേഷ് , വത്സരാജ് , ജിഷ്ണു – ഇവരാണ് അവർ . വല്ലപ്പോഴും ഫ്രീ ടൈം കിട്ടുമ്പോൾ ബാറിലേക്ക് ഓടൽ ആണ് രാജിന്റെയും ജിഷ്ണുവിന്റേയും പണി . മുപ്പത്താറു മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞു ഉച്ചക്ക് ഊണും കഴിക്കാതെ , വൈകിട്ട് ആറു മണിക്ക് വെറും വയറ്റിലേ ബാറിലേക്ക് പോവുകയുള്ളു . കാശ് അധികം മുടക്കേണ്ട എന്നതാണ് അത്രേ ഇതിന്റെ ഒരിത് .
സുരേഷ് മദ്യപിക്കില്ല . മാത്രമല്ല , മദ്യപിക്കുന്നവരെ പുച്ഛവുമാണ് . അത് പിന്നെ നല്ല ആളുകൾ അങ്ങനെ ആണല്ലോ . ഞാൻ ഒക്കെ അങ്ങനെ ആണ് . ഒരു തുള്ളി പോലും കഴിക്കുന്നത് എനിക്കിഷ്ടമില്ല . ചിലർ അങ്ങനെ ചെയ്യുന്നത് കാണുമ്പഴേ എനിക്ക് എന്തോ പോലെ തോന്നും . ഞാൻ പിന്നെ അങ്ങോട്ട് നോക്കാറേ ഇല്ല . സുരേഷും അങ്ങനെ തന്നെ .
സുരേഷിന് വേറെയും പ്രത്യേകതകൾ ഉണ്ട് . കഴിയുന്നതും പണി ഒന്നും ചെയ്യില്ല . മുങ്ങും . പഠിക്കാൻ ആണത്രേ . സീ – ഈ റെസിഡൻസി എന്ന് കേൾക്കുമ്പോൾ ആളുകൾ വിചാരിക്കും ഫുൾ ടൈം കട്ട പഠിപ്പാണെന്ന് . അങ്ങനെ അല്ല . ഡ്യൂട്ടി എടുക്കണം . അത്യാഹിത വിഭാഗത്തിൽ തേരാ പാരാ മുള്ളാൻ പോലും സമയം ഇല്ലാതെ ഓടണം . അതിരാവിലെ ഒരു ആറ് – ആറര മണിയാകുമ്പോൾ സ്വല്പം സമയം കിട്ടിയാൽ നമുക്ക് മുൻപിൽ ഒരേ ഒരു ചോദ്യമേയുള്ളു –
“അര മണിക്കൂർ ഉറങ്ങണോ അതോ കക്കൂസിൽ പോകണമോ ? ”
അവസാനം ഉറങ്ങുന്നത് ആണ് നല്ലത് എന്ന് നിശ്ചയിക്കും . രാവിലെ ഏഴരക്ക് റൗണ്ട്സിനു എത്തണമല്ലോ .
സുരേഷ് എങ്ങനെ എങ്കിലും ഉറങ്ങും . വല്ല കട്ടിലിനു അടിയിലോ മറ്റോ ചുരുണ്ടു കിടക്കും . അപകടം ഒക്കെ ആയി പത്തു രോഗികൾ അടുപ്പിച്ചു ക്യാഷലിറ്റിയിൽ വന്നാൽ അപ്പം സുരേഷിന് ചായ കുടിക്കാൻ മുട്ടും . പിന്നെ ചായ – സോറി – മഷി ഇട്ടു നോക്കിയാൽ കാണില്ല ! അങ്ങനെ അടിസ്ഥാന തൊഴിലാളി ലെവലിൽ ഉള്ള പണി ഒക്കെ ജിഷ്ണുവും രാജുമാണ് ചെയ്യുന്നത്.
പക്ഷെ സുരേഷ് മിടുക്കനാണ് . ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം അറിയാമല്ലോ . പഠിപ്പിസ്റ് ആണേ . പിന്നെ യൂണിറ്റ് ചീഫിന്റെ നാട്ടുകാരനാണ് . മയിൽവാഹനൻ എന്നാണ് യൂണിറ്റ് ചീഫിന്റെ പേര് . ചീഫിനെ എപ്പോഴും സോപ്പിട്ട് പതപ്പിച്ചു നിർത്തും . വീട്ടിൽ വേണ്ട പച്ചക്കറി ഒക്കെ വാങ്ങി കൊടുക്കും . കുട്ടിയെ അപ്പിയിടീപ്പിച്ചു കുളിപ്പിക്കും . രോഗികളെ തിരിഞ്ഞു നോക്കില്ല .
സുരേഷ് പാവമാണ് . സാത്വികനാണ് . വെള്ളം അടിക്കൂല്ലല്ലോ . പിന്നെ സിഗരറ്റും വലിക്കൂല്ല . പച്ചവെള്ളം കിട്ടിയാൽ ചവച്ചരച്ചു തിന്നും . മയിൽ വാഹനന്റെ കണ്ണിൽ ഉണ്ണിയാണ് സുരേഷണ്ണൻ .
ജിഷ്ണുവിനും രാജിനും അമർഷമുണ്ട് . ദേഷ്യമുണ്ട് . ഇത്തിരി പോക – അല്ല – പക – അതും ഇണ്ടെന്നു കൂട്ടിക്കോളൂ . പക്ഷെ എന്ത് ചെയ്യാൻ – ഉണ്ണിയല്ലേ . മറ്റേ ; ഏത് ?
അതന്നെ – കണ്ണിൽ ഉണ്ണി .
ഇത്ര ഒക്കെ പണി ചെയ്തിട്ടും ചിലപ്പോൾ തെറി കിട്ടും . അത് പിന്നെ പതിവാണല്ലോ . ഒരു ദിവസം മൂവരെയും ഒന്നിച്ചു നിരത്തി നിർത്തി മയിൽ സാർ തെറി തുടങ്ങി . വാർഡ് ഒക്കെ കുഴഞ്ഞു മറിഞ്ഞു കിടക്കുക ആണത്രേ . ഡ്രസിങ് സമയത്തിന് ചെയ്യുന്നില്ല . കേസ് ഷീറ്റ് മര്യാദക്ക് എഴുതുന്നില്ല .
തന്നെയും ഉൾപ്പെടുത്തിയതിൽ അതിയായ കുണ്ഠിതം തോന്നിയ സുരേഷണ്ണൻ അവസാനം സാറിനോട് ഉണർത്തിച്ചു :
“സാർ – ഇവുങ്ക രണ്ടും റൊമ്പ കുടികാര് സാർ . ഇന്നെലെയും പോട്ടിട്ടു വന്നത് സാർ . അപ്പറം വേല ഒന്നും ഷെയ്‌യാമെ നടക്കും സർ .”
ങേ – ലജ്‌ജാവാഹം. ഇവന്മാർ കുടിക്കാരാ ? പിന്നെ രണ്ടിനും പുളിച്ച തെറി ആയിരുന്നു . പിന്നെ അപ്പൊ മുങ്ങിയ സുരേഷിനെ വൈകിട്ട് എട്ടു മണിക്കാണ് ഹോസ്റ്റലിലേക്കുള്ള വഴിക്കിട്ടു ജിഷ്ണുവും വത്സരാജ്ഉം പിടിക്കുന്നത്.
വത്സരാജ് ഭീകര തടിയനും പൊക്കകാരനും ആണ് . അവൻ സുരേഷണ്ണനെ കോളറിൽ പിടിച്ചു അങ്ങനെ തന്നെ പൊക്കി എടുത്തു . ജിഷ്ണു ഇടി തുടങ്ങി . സിനിമ സ്റ്റൈൽ ഇടി ഒന്നും അല്ല – സുരേഷ് ആക്ഷനിൽ ഒന്നും പങ്കടുക്കുന്നില്ലല്ലോ . വെറും വാങ്ങൽ മാത്രമേ ഉള്ളു.
അവസാനം സുരേഷിന്റെ നിറഞ്ഞ വയറിനിട്ടു ഒന്ന് മുട്ടുകാല് കൊണ്ട് തലോടിയിട്ടാണ് രാജ് താഴെ വച്ചത് . വച്ചതും സുരേഷ് ചുമയും ശർദിയും തുടങ്ങി . അത്ര ഉഷാർ ഇടി ആയിരുന്നല്ലോ .
കറക്ട് ആ സമയത് ആണ് മയിവാഹനൻ സാർ സ്‌കൂട്ടറിൽ ക്വർട്ടേഴ്സിൽ നിന്നും ആ വഴി വന്നത് . സുരേഷ് വഴി വക്കിൽ ഇരുന്ന് ഗ്വായ് വയ്ക്കുന്ന കണ്ട് സാർ വണ്ടി നിർത്തി .
“നമ്മ സുരേഷ്‌ക്ക് എന്നാ ആച്ചു ഡാ ?”
ഞൊടി ഇടയിൽ സുരേഷിന്റെ പുറം ഉഴിഞ്ഞു കൊടുതു കൊണ്ട് ജിഷ്ണു മൊഴിഞ്ഞു :
“ഒരു ഫുൾ വൈറ്റ് റം അപ്പടിയെ അടിച്ചാച് സാർ . ഒരേ വാന്തി താൻ . ”
സുരേഷിന് മിണ്ടാൻ പറ്റുന്നില്ല ശ്വാസം കിട്ടണ്ടേ.
“ഇവൻ അപ്പടി ശെയ്യുമോ ?”
“ആമാ സാർ – ഡെയിലി ഇത് താൻ , സാർ . നീങ്കെ പൊങ്കേ സാർ . നാൻകെ പാത്തുക്കേറേൻ ”
സാർ പോയി . എല്ലാ ഇമ്പ്രെഷനും പോയില്ലേ ! “ഗ്വാ” സുരേഷണ്ണൻ ഓക്കാനിച്ചു .
ഈ കഥ ഓർക്കാൻ കാരണം ഉണ്ട് . നമ്മുടെ ആരോഗ്യ രംഗത് പല പ്രശ്നങ്ങളും ഉണ്ട് . നമ്മൾ ഏറ്റവും നല്ല അമേരിക്കയിലും മറ്റുമുള്ള അത്രയും ഉന്നതമായ ചികിത്സ വേണം എന്ന് ആഗ്രഹിക്കുന്നവർ ആണ് . ലോകത്തെ ഏറ്റവും കാശുള്ള രാജ്യമായ അമേരിക്ക 20 ശതമാനത്തോളം രാജ്യ വരുമാനം ആരോഗ്യ കാര്യങ്ങളിൽ ആണ് ചിലവാക്കുന്നത് . അതിൽ പകുതി – പത്തു ശതമാനത്തോളം സർക്കാർ മേഖലയിൽ ആണ് .
നമ്മൾ പ്രതിശീർഷ വരുമാനത്തിൽ അമേരിക്കയുടെ ഏഴയലത്തു വരികയില്ല . നമ്മുടെ വരുമാനത്തിന്റെ വെറും ഒരു ശതമാനം ആണ് സർക്കാർ മേഖലയിൽ ചിലവാക്കുന്നത് . ആനക്ക് ഒരു ഉണക്ക മുന്തിരി കൊടുക്കുന്നത് പോലെ ആണ് ഇവുടുത്തെ ആരോഗ്യ പ്രദാനം .
ഭീകര ആരോഗ്യ അസമത്വങ്ങളാണ് നമ്മെ കാത്തിരിക്കുന്നത് . അത് കൊണ്ട് തന്നെ ഡോക്ടർമാർ സ്വയം എന്ത് ചെയ്യണം എന്നും ആരോഗ്യ പോളിസിയിൽ എന്തൊക്കെ ചെയ്യണം എന്നും ആലോചിക്കേണ്ട സമയം ആണല്ലോ .
കട്ട് കൊടുക്കുന്നതിനു എതിരെ എന്ത് ചെയ്യാം ? മരുന്നുകൾ , ഉപകരണങ്ങൾ എന്നിവയുടെ അനിയന്ത്രിതം ആയ വില എങ്ങനെ തടയാം ? ചിലവ് എങ്ങനെ നിയന്ത്രിക്കാം ? ഇത് വരെ ക്രിയാത്‌മകം എന്നതിന്റെ നേരെ എതിര് മാത്രം ചെയ്ത കൊണ്ടിരിക്കുന്ന മെഡിക്കൽ കൗൺസിലിനെ എങ്ങനെ സ്വാധീനിനിച്ച നേർവഴിക്കു നടത്താം .?
ഇങ്ങനെ എന്ത് മാത്രം കാര്യങ്ങൾ ആണ് . ഈ ഓരോ കാര്യത്തിലും ഡോക്ടർമാരുടെ പങ്കെന്ത് ? ഇത് തമാശ അല്ല . യുദ്ധ കാലം വന്നു കഴിഞ്ഞു . പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കുഴയും . ഐ എം എ എന്ന അഖിലേന്ത്യ സംഘടനയുടെ നേതാവ് എന്തിപ്പോൾ പറഞ്ഞാലും ആളുകൾ ശ്രദ്ധിക്കും . അത്ര അധികം ഇഷ്യുകൾ ഉണ്ടല്ലോ . അത് കൊണ്ടാണ് അതിന്റെ തലപ്പത്തുള്ള ഒരു വാള് എന്തോ പറഞ്ഞപ്പോൾ ആളുകൾ ചെവി കൂർപ്പിച്ചത് .
“ഡോക്ടർമാർ ഡോക്ടർമാർ അല്ലാത്തവരും ആയി ചേർന്നു മദ്യപിക്കാൻ പാടില്ല . അല്ലാതെ തന്നെ മദ്യപിക്കുക ആണെങ്കിൽ പതിനെട്ടു മില്ലി ആണുങ്ങളും ഒൻപതു മില്ലി പെണ്ണുങ്ങളും അടിക്കാം . അത്ര നിർബന്ധം ആണെങ്കിൽ . അതായത് ഒരു പെഗ്ഗിന്റെ മൂന്നിലൊന്നും ആറിലൊന്നും .” ഹാവൂ ആശ്വാസമായി .
അതായത് – ഡോക്ടർമാർ മരുന്ന് കമ്പനിക്കാരുടെ ചിലവിൽ വെള്ളം അടിക്കരുത് , അവരുടെ കട്ട് വാങ്ങരുത് , കാശ് വാങ്ങിച്ച റെഫർ ചെയ്യരുത് , ടെസ്റ്റുകളിൽ നിന്നും സ്കാനുകളിൽ നിന്നും കട്ട് വാങ്ങരുത് , ആവശ്യമില്ലാത്തവ ചെയ്യരുത് എന്നൊക്കെ പറഞ്ഞു വ്യക്തമായ മാർഗ നിർദേശങ്ങൾ നൽകി മെഡിക്കൽ കൗൺസിലിനെ സ്വാധീനിച്ചു ഇതൊക്കെ എങ്ങനെ നടപ്പാക്കാം എന്ന് പറഞ്ഞാൽ അത് ശരിയാണ്. അങ്ങനാണ് വേണ്ടത് . ഇതിപ്പം ഐ എം എ ആരാ ? എല്ലാ ഡോക്ടർമാരുടെയും അപ്പനോ ? അതോ അപ്പാപ്പനോ ?
പിന്നെ നല്ല മാതൃക കാണിക്കാൻ നമ്മുടെ രാജ്യത്തിൽ അത്യാവശ്യം വേണ്ട കാര്യങ്ങൾ പറയാം :
എല്ലാവരും ഇൻകം ടാക്സ് ഒട്ടും വെട്ടിക്കാതെ കൊടുക്കണം , മറ്റു സാമ്പത്തിക വെട്ടിപ്പുകൾ നടത്താൻ പാടില്ല , ബെൻസും ഫെറാരിയും വാങ്ങി നാട്ടുകാരെയും മറ്റു പാവപ്പെട്ട ഡോക്ടർമാരെയും കൊതിപ്പിക്കരുത് … അങ്ങനെ എത്ര എത്ര ..
ഈ തലപ്പത്തുള്ള വാൾ – നമുക്ക് അദ്ദേഹത്തെ അറക്ക വാൾ എന്ന് വിളിക്കാം – വെള്ളം അടിക്കാത്തവനും ശുദ്ധ ആഹാരിയും ഒക്കെ ആണെന്നാണ് കേട്ടത് . അതൊക്കെ അദ്ദേഹത്തെ സംബന്ധിച്ചു നല്ലതു തന്നെ ആയിരിക്കും . അദ്ദേഹം ഒരു പൂറിട്ടാൻ (PURITAN) ആണെന്ന് വ്യക്തം . എന്ന് വച്ചാൽ ശുദ്ധ ജീവിതത്തിന്റെ വക്താവ് എന്നാണു അർഥം .അല്ലാതെ …. അത് നല്ലതല്ലേ ?
പിന്നേ – നല്ലത് ആണെന്ന് മാത്രമല്ല – ഇപ്പൊ ഫാഷനും ആണ് . ഒരു കുറ്റവുമില്ല
കുറചു കാര്യങ്ങൾ ഈ കുറ്റമില്ലാത്ത നമ്മുടെ അണ്ണൻ മറന്നു എന്ന് തോന്നുന്നു :
ഡോക്ടർമാർ കല്യാണത്തിന് മുൻപ് സെക്സിൽ ഏർപ്പെടാമോ ?
കല്യാണം ആരെ ഒക്കെ കഴിക്കാം ?
(പിന്നെ ചെവിയിൽ ): ‘എ ‘ പടം കാണാൻ പാടുണ്ടോ ?
സ്വയം ഭോഗം പാടുണ്ടോ – ഉണ്ടെങ്കിൽ മാസം എത്ര തവണ ?
ഭാര്യ അല്ലെങ്കിൽ ഭർത്താവും തമ്മിൽ ഉള്ള കിടപ്പറയിലെ പ്രവർത്തികളുടെ പരിധി എന്താണ് ?
അല്ല – അറിഞ്ഞിരിക്കണമല്ലോ . മയിലുകൾ കരയുമ്പം മയിൽ കുഞ്ഞുങ്ങൾ പൊഴിയുന്ന ഈ കാലത് എന്തൊക്കെ ആവാം എന്നു അറിഞ്ഞിരിക്കുന്നത് ആരോഗ്യത്തിനു നല്ലത് ആയിരിക്കുമല്ലോ .
ഗ്വാ- വാള് വെക്കാൻ തോന്നുന്നു – ക്ഷമിക്കണം.