ഞങ്ങൾ കത്തോലിക്കരുടെ ആചാര സംരക്ഷണം കൂടി സർക്കാർ ഏറ്റെടുത്ത് നിയമം മൂലം പരിരക്ഷിക്കണം എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു .കത്തോലിക്ക സഭ നല്ല കലക്കനായി , ഗിണ്ടൻ ഗിണ്ടനായി ഇരുന്ന കാലത്ത് , അന്നത്തെ രാജാക്കന്മാരുടെ സർക്കാരുകളുടെ നിയമ പരിരക്ഷ ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ , നന്നായി ആചാരങ്ങൾ ഞങ്ങക്ക് സംരക്ഷിക്കാൻ പറ്റിയിരുന്നു .ഞങ്ങൾ നിയമപരിരക്ഷയോടെ സംരക്ഷിച്ച മുഴുവൻ ആചാരങ്ങളും പറഞ്ഞാൽ തീരില്ല . അത് കൊണ്ട് ചില ഉദാഹരണങ്ങൾ മാത്രം പറയാം . എപ്പോഴും പറയാറുള്ള ഗലീലിയോ കേസ് ഇന്ന് എടുക്കുന്നില്ല . അതൊക്കെ വളരെ ചീള് ആണ് . ഗെലീലിയോയെ മര്യാദക്ക് ഒന്ന് ജീവനോടെ കത്തിച്ചിട്ട് കൂടെ ഇല്ല . എന്നിട്ടാണ് ഇവന്മാർ ഇങ്ങനെ അതും കൊണ്ട് നടക്കുന്നത് .-ആചാരപരമായി , മധ്യകാലത്ത് , സ്വജാതി മതത്തിൽ അല്ലാത്തവരെ ചെറുതായി കൊല്ലുന്നതിൽ യാതൊരു ആചാര വിരുദ്ധതയും ഉണ്ടായിരുന്നില്ല . ഒരു പത്തു മുന്നൂറു കൊല്ലം മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് സ്വർഗത്തിൽ പോവാൻ ഉള്ള ഒരു വഴി ആയിരുന്നു . അവർ കാത്തോലിക്കരെയും കൂട്ടക്കൊല ചെയ്തു കേട്ടോ . അന്നൊക്കെ അങ്ങനെ ആണ് . അങ്ങോട്ടും ഇങ്ങോട്ടും സദാ കൂട്ടക്കൊല , കൂട്ടബലാത്സംഗം ഒക്കെ ചുമ്മാ ഇങ്ങനെ നടത്തിക്കൊണ്ടിരിക്കും . നമ്മുടെ എതിർ ഗ്രൂപ്പ് ആണെങ്കിൽ ഒരു കൊയപ്പോം ഇല്ല . ഒക്കെ ആചാര മര്യാദയുടെ ഭാഗം തന്നെ . – ജൂതൻമാരെ ഈ അടുത്ത കാലം വരെ നല്ല ആചാര മര്യാദയോടെ തന്നെ വേട്ടയാടി . കുറെ അധികം എണ്ണത്തിനെ കൊന്നു . ഇൻക്വിസിഷൻ എന്ന് പറഞ്ഞ് ഒരിക്കൽ ക്രിസ്തുമതം സ്വീകരിച്ച ആയിരക്കണക്കിന് പേരെ കൊന്നൂട്ടോ . ആചാരവ്യതിയാനം വന്നോ എന്ന് സംശയിച്ചിട്ട് . അവർക്ക് ഭൂസ്വത്ത് നിഷേധിച്ചു . അപ്പൊ അവർ കച്ചവടക്കാരും പണപ്പലിശക്കാരും , ഡോക്ടർമാരും , വിദഗ്ദ്ധ തൊഴിലാളികളും , പണ്ഡിതരും ആയി . അപ്പൊ അതിന്റെ പേരിൽ ആയി പീഡനം . പിന്നെ പ്രത്യേകമായി ഓരോ സംഭവങ്ങൾ നോക്കിയാൽ നല്ല കുറെ ഉണ്ട് . ഒരൊറ്റ സാംപിൾ തരാം . എണ്ണിയാൽ ഒടുങ്ങില്ല കേട്ടോ .-ബൈബിൾ ലാറ്റിനിൽ മാത്രമേ ഉണ്ടായിരുന്നുള്ളു . അത് ഇംഗ്ളീഷിൽ ആക്കിയാൽ നല്ലതല്ലേ . എല്ലാര്ക്കും വായിക്കാമല്ലോ . അങ്ങനെ ആണ് വില്യം ടിൻഡെയിൽ എന്നൊരാൾ വിവർത്തനം ചെയ്തത് . സഭക്ക് അത്ര ഇഷ്ടപ്പെട്ടില്ല കേട്ടോ . ആചാര വിരുദ്ധത ! ചെറുതായി പേടിപ്പിച്ചാ വില്യം ചേട്ടൻ നന്നായേനെ . ഏയ് . അത് പോരെന്ന് ! അന്നത്തെ സ്ഥിരം ഏർപ്പാടായ, ജീവനോടെ കത്തിക്കുക എന്ന കരുണാമയമായ ശിക്ഷ ആണ് , അങ്ങേർക്ക് കൊടുത്തത് . ചില ചരിത്രരേഖകൾ പ്രകാരം , കഴുത്തു ഞെക്കി കൊന്നിട്ടാണ് ശരീരം കത്തിച്ചത് . അതേതായാലും നന്നായി .അയ്യോ . ഇതൊന്നും ഞങ്ങക്ക് മാത്രം ഉള്ള ചരിത്രം അല്ലാട്ടോ . സമാധാനമതം , മഹത്തായ സാംസ്‌കാരിക നാഷണലിസ്റ്റ് മതം ഒക്കെ നല്ല ഉഗ്രൻ കണക്കാണ് . മ്മളെ സ്വയം കുറ്റം പറഞ്ഞാ കൊഴപ്പം ഇല്ലല്ലോ . അത്രേ ഉള്ളു . അപ്പൊ ഇതൊക്കെ നിന്നു , ആ ചരിത്രത്തിന്റെ കയ്പ്പ് ഇല്ലാതെ , നല്ല സൊയമ്പനായി ലിബറൽ ഹ്യൂമനിസം ഒക്കെ ഫ്രാൻസിസ് പാപ്പക്ക് ഇടക്കൊക്കെ ഒന്ന് കാച്ചാൻ പറ്റുന്നത് , സർക്കാരുകളുടെ നിയമ പരിരക്ഷ പൂർണമായും പോയി , സ്‌റ്റേറ്റും ചർച്ചും തമ്മിൽ നിർബന്ധച്ച് പിരിച്ചതിനു ശേഷം മാത്രമാണ് . അതായത് , മതങ്ങൾ മാറിയത് , ലോകം മാറിയത് കൊണ്ടാണ് .ഒന്ന് ചെറുതായി പിന്നോട്ട് നടന്നിരുന്നെങ്കിൽ …ഞങ്ങക്കും ആചാരങ്ങൾ സംരക്ഷിക്കാമായിരുന്നു ചുമ്മാ പറഞ്ഞെന്നെ ഉള്ളു (ജിമ്മി മാത്യു )
276Kunjaali Kutty, Subhash B Pillai and 274 others25 comments26 sharesLikeCommentShare