ഡയലെക്റ്റിക്കൽ മെറ്റീരിയലിസം . ഫിലാസഫി എന്ന മൃഗം – ഒരു ചരിത്രവീക്ഷണം .

അഞ്ചാറ് ലക്ഷം വർഷമായി മനുഷ്യനും , ഒന്ന് രണ്ടു ലക്ഷം വർഷമായി ആധുനിക മനുഷ്യനും , തുണി ഉടുക്കാതെ ഈ ഗമണ്ട ഭൂഗോളത്തിന്റെ കാടുകളിലും മേടുകളിലും മഞ്ഞിലും മരുഭൂമികളിലും അതും ഇതും പെറുക്കിത്തിന്നു ജീവിച്ചപ്പോൾ , അധികം ചിന്തിച്ചില്ല .

അതെന്താ , ന്നല്ലേ .

ഫുൾ ബിസി .

തിന്നണം ! ഇല്ലേൽ പട്ടിണി കിടന്നു ചാവും ! അതിന് രാവും പകലും അധ്വാനിക്കണം . ഫുഡും കിറ്റും ഒന്നും ആരും കൊണ്ടുത്തരികയില്ല.

അത് മാത്രം പോരാ . ആണ് ആണെങ്കിൽ വേറെ ആണുങ്ങളോട് മത്സരിക്കണം , ഭാര്യമാരെ നിയന്ത്രിക്കണം , കാമുകിമാരെ ആകര്ഷിക്കണം, പിള്ളേർക്ക് വല്ലോം കൊടുക്കണം , അന്യഗോത്രങ്ങളോട് ഘോരഘോരം യുദ്ധം ചെയ്യണം . ഹോ !

പെണ്ണ് ആണെങ്കിൽ ഭർത്താവിനെയും പുള്ളി അറിയാതെ കാമുകന്മാരേയും കൊട്നു നടക്കണം . അവരിൽ നിന്ന് കിട്ടാവുന്നത് എല്ലാം സൂത്രത്തിൽ അടിച്ചെടുക്കണം , കുറെ പിള്ളേരെ വളർത്തി അവരുടെ പ്രധാന പരിപാടികൾ എല്ലാം തന്നെ ചെയ്യണം . ആണുങ്ങൾ അഭിമാനം , അഭിമാന ക്ഷതം , യുദ്ധം , വല്യ വേട്ട , മാട , കോട , മുതലായ ഉഡായിപ്പുകൾ പറഞ്ഞു തെണ്ടി നടക്കുന്നേരം മര്യാദക്ക് തിന്നാൻ വല്ലതും പെറുക്കി കൊണ്ട് വരണം .

ഇതിന്റെ ഇടയിൽ പോലും ചിലർക്ക് ചില ചിന്തകൾ വന്നിരിക്കാം . അത്ര ഭീകര തലച്ചോർ ആണല്ലോ ഉണ്ടായി വന്നിട്ടുള്ളത് .

എന്താണ് ഞാൻ ?
എന്തുട്ടാണ് അറിവ് ?
ഈ ലോകത്തിന്റെ അർത്ഥം എന്താണ് ?
ജീവിത ലക്‌ഷ്യം ക്യാ ഹേ ?
മരിച്ചാൽ എന്ത് സംഭവിക്കും ?

നമ്മൾ ലോകത്തെ മനസിലാക്കുന്നത് എങ്ങനെ ?
മനസിലാക്കിയത് ശരിയാണ് എന്ന് എങ്ങനെ അറിയാം ?

എന്താണ് ശരി ? എന്താണ് തെറ്റ് ?
ശരിതെറ്റുകൾ ആര് തീരുമാനിക്കുന്നു ?

എന്തുട്ട് മയ് ആണ്ഇഷ്ടോ ഇതെല്ലാം ? ഒക്കെ മായയ ?
മായ എന്നാലെന്ത് ? സത്യം എന്താകുന്നു ?

അപ്പൊ കുറെ ആളുകൾ മുന്നോട്ട് വന്ന് കുറെ ഉത്തരങ്ങൾ പറഞ്ഞു . മൊത്തം ആ ദൈവം , ഈ ദൈവം , മറ്റേ കൊടുങ്കാറ്റു ദൈവം , ഭൂമി ദേവി , കളിമണ്ണു കുഴച്ചു , അപ്പൂപ്പന്റെ അപ്പൂപ്പന്റെ ആത്മാവ് , കാളൻ , കൂളൻ , കൂളി , പ്രേതം , പിശാശ് , ജിന്ന് , വോഡ്‌ക – അങ്ങനെ ഒക്കെ ആണ് . പോരെ .

ഇത് കൊണ്ടൊക്കെ തൃപ്തിപ്പെട്ടോണം .

എന്നിട്ട് മര്യാദക്ക് പോയി ആ മാനിനെ കുന്തം കൊണ്ട് കുത്തി ഇടാൻ നോക്കടോ . എന്നിട്ട് മറ്റേ ഗോത്രത്തോട് യുദ്ധം ചെയ്തു അഞ്ചാറെണ്ണത്തിനെ കൊന്ന് കൊറേ പേരെ അടിമകളായി പിടിച്ചോണ്ട് വാടാ .

ഇച്ചിരെ എറച്ചി എനിക്കും തന്നേരെ . രണ്ടു അടിമപ്പെണ്ണുങ്ങളേം . ഉം . പോടോ പോടോ . അധികം ചിന്തിക്കല്ലേ .

ഇതാണ് സംഭവം . അനേകമേനേകം നൂറ്റാണ്ടുകളും , ആയിരമാണ്ടുകളും ഇങ്ങനെ പോയി . പിന്നെ കൃഷി വന്നു , കളപ്പുരകൾ നിറഞ്ഞു . ചില ആളുകൾക്ക് തിന്നിട്ട് ഇച്ചിരി എല്ലിൽ കുത്തിത്തുടങ്ങി . അവർ ആലോചിച്ചു . ഈ ഉടായിപ്പ് അന്ധവിശ്വസ ചിന്തകൾ ഇല്ലാതെ സത്യത്തിലേക്ക് എത്താൻ വല്ല മാർഗ്ഗവുമുണ്ടോ ? തലച്ചോറിന്റെ അധികം ഉപയോഗിക്കാത്ത ഭാഗങ്ങളിൽ റാന്തൽ തെളിച്ചു കൊണ്ട് , അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഭ്രാന്തരെപ്പോലെ അവർ സഞ്ചരിച്ചു . യുക്തി എന്ന സംഭവം ഉപയോഗിച്ച് , ഭാഷ എന്ന ഉപകരണം അമിതോപയോഗം ചെയ്ത് , കഞ്ചാവ് വലിച്ചും , കോട മോന്തിയും , കറപ്പ് ചവച്ചും , ഇതൊന്നുമില്ലാതെ വെറും പച്ചക്കും , സൈക്കോസിസിനും ന്യൂറോസിസിനും ഇടയിലൂടെ ഉള്ള നൂൽപ്പാലത്തിലൂടെ അവർ നൂണ്ടു കടന്ന് , സത്യങ്ങളെ കണ്ടുപിടിക്കാൻ ഒരു ശ്രമം നടത്തി .

ചില സത്യങ്ങൾ പിടി തന്നു . മിക്കതും ‘സത്യം’ എന്ന് പേരിട്ട താത്വിക ശില്പങ്ങൾ മാത്രമായിരുന്നു .

താടി നീട്ടി വളർത്തിയും , തിന്നതിന്റെ അവശിഷ്ടങ്ങൾ അതിൽ പറ്റിയത് കഴുകാതെയും , അങ്ങനെ താത്വിക ആചാര്യന്മാർ ഉണ്ടായി .

ചുരുക്കിപ്പറഞ്ഞാൽ , ഇതാണ് ഫിലോസഫി എന്ന തത്വചിന്ത .

നമ്മുടെ ഗൗതമ ബുദ്ധൻ . നല്ല ഒന്നാന്തരം ഉദാഹരണം ആണ് . എന്താണ് മനുഷ്യജന്മം ? എന്താണ് ദുഃഖം ? അതിനെ എങ്ങനെ ഇല്ലാതാക്കാം ? ഇതാണ് അങ്ങോർ ചോദിച്ച ചോദ്യങ്ങൾ . ആഗ്രഹങ്ങൾ ആണ്
ദുഃഖങ്ങൾക്ക് കാരണം എന്ന ഏകദേശ ശരി ഉത്തരത്തിലേക്ക് അദ്ദേഹം എത്തുകയും , ആഗ്രഹ നിഗ്രഹത്തിലൂടെ ലോകദുഃഖങ്ങളെ മറികടക്കാം എന്നുള്ള സംശയകരമായ കാര്യത്തിലേക്കും പുള്ളി യുക്തിയിലൂടെ എത്തി .

അതിനു മുൻപുള്ള വേദാന്തം ഒരു പ്രോട്ടോ ഫിലോസഫി തന്നെ ആണെന്ന് കാണാം .

എന്നാൽ മതങ്ങളിൽ നിന്ന് നന്നായി വേർപെട്ട ഫിലാസഫി അഞ്ഞൂറ് ബി സി യോടെ ഉദയം ചെയ്ത ഗ്രീക്ക് ഫിലോസഫി തന്നെ ആണ് . സോക്രടീസ് , പ്ലേറ്റോ , പിന്നെ ഏറ്റവും പ്രസിദ്ധനായ അരിസ്റ്റോട്ടിൽ .

അരിസ്റ്റോട്ടിൽ ആയപ്പോഴേക്കും , ലോകത്തെ നിരീക്ഷിച്ച് മനസിലാക്കുന്ന കാര്യങ്ങളും , യുക്തി ചിന്തയിൽ അധിഷ്ഠിതമായ ഫിലാസഫിയും തമ്മിൽ കൂടിക്കുഴഞ്ഞ് , ശാസ്ത്രത്തിലേക്കുള്ള ആദ്യ ചവിട്ടുപടികൾ ആയിത്തുടങ്ങി എന്ന് പറയാം .

മാർക്സ് ഒരു ഫിലോസഫർ ആയിരുന്നു . പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ , എന്തെങ്കിലും സീരിയസ് ആയി പറയണമെങ്കിൽ , ഒരു താത്വിക അടിത്തറ വേണം എന്ന് ഉണ്ടായിരുന്നു . മാർക്സിയൻ ചിന്തകളുടെ അടിസ്ഥാനമായ , ഒരു ലോകവീക്ഷണ അടിത്തറ ആണ് ഡയലെക്റ്റിക്കൽ മെറ്റീരിയലിസം .

എന്തുട്ട് സാധന , അത് ?

സുഹൃത്തുക്കളെ . ഇനി പറയാൻ പോവുന്നത് , ‘എന്തുട്ട് തേങ്ങയാടാ നീ ഈ പറയുന്നേ ?’ എന്ന സ്റ്റൈലിൽ നിങ്ങക്ക് നേരിടാം . പക്ഷെ ഒന്നോർക്കുക . ഇതാണെടാ ഫിലോസഫി . ഇതാണ് ഞമ്മ പറഞ്ഞ ഫിലോസഫി .
പുച്ച്ചിച്ചാൽ കുറെ കാർറ്റീഷ്യൻ ഡ്യൂയലിസവും ഡെമോക്രിറ്റസിന്റെ അറ്റോമിസവും ഇട്ട വെള്ളം അരിസ്റ്റോട്ടിലിന്റെ ഉടൈമോണിക് സന്തോഷം എന്ന കടുക് വറത്ത് ഞാൻ മുഖത്തൊഴിക്കും – ജാഗ്രതൈ !

ആകെ ഈ ലോകത്ത് ഉള്ളത് പദാർത്ഥം ആണെന്നും , ആത്മീയം എന്ന ഒന്നില്ലെന്നും കാറൽ മാർക്സ് ഊന്നി പറഞ്ഞു . അത് അന്ന് അത്ര പുതിയ കാര്യം ഒന്നും അല്ല .

ഹേഗൽ എന്ന ജർമൻ ഫിലോസഫറിന്റെ ശിഷ്യൻ ആയിരുന്നു മാർക്സ് . ചരിത്രം ഒരു പ്രത്യേക പാതയിലൂടെ ആണ് ചരിക്കുന്നത് എന്ന് ഹേഗൽ എന്ന ഗഡി പറഞ്ഞു .

ചരിക്കുന്ന ചരിത്രം . നല്ല ഫീൽ അല്ലേ ? പുല്ലേ – ചിരിക്കല്ലേ. ഇടി .

ചരിത്രം ചരിക്കുന്നത് സംഘട്ടനങ്ങളിലൂടെ ആണെന്നും ആ മഹാൻ പറഞ്ഞു .

വല്യ കാര്യമായി . ഇതേത് ചരിത്രകാരനും പറയാം എന്നല്ലേ ? അങ്ങനെ അല്ല .

  • ആശയ സംഘട്ടനം . അതാണ് ഹേഗൽ പറഞ്ഞ അടിപിടി . ആശയങ്ങൾ ഉയർന്നു വരുന്നു . അവർ തമ്മിൽ കടിപിടി കൂടുന്നു . ഉന്ത് , തള്ള് , ഉണ്ടപ്പിടുത്തം – ഉഷാർ ! ഉഷാർ !

അതായത് , അതാ ഒരു കുഞ്ഞ് ഐഡിയ വരുന്നു – തീസിസ് . അതാണ് തീസിസ് . അത് വളർന്ന് വലിയ ഒരു തീസിസ് ആകുന്നു . അപ്പൊ ദേ വരുന്നു , സ്റ്റേജിന്റെ മറ്റേ സൈഡിലൂടെ . ആര് ? ലവൻ :

ആന്റി തീസിസ് ! ഓപ്പോസിറ്റ് ആശയം !

ആന്റി തീസിസും നമ്മുടെ അങ്കിൾ തീസിസും ഏറ്റു മുട്ടുന്നു . അവർ അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ചകൾ ചെയ്ത് , ഒരു സന്തതി ഉണ്ടാകുന്നു . ആരാണവൻ ?

സിന്തെസിസ് . ആഹാ , ആഹഹാ . ചുള്ളൻ ആണവൻ .

സിന്തെസിസ് വളർന്ന് പുതിയ തീസിസ് ആവുന്നു . അമ്പട !
അപ്പൊ ദേ വരുന്നു – പുതിയ ആന്റിതെസിസ് . ച്ഛേടാ ! പിന്നെയും അടിപിടി . അങ്ങനെ , അങ്ങനെ ……
ചരിത്രം മുന്നോട്ട് പോവുന്നു .

ഈ സംഭവം – അതായത് , എതിർ ധ്രുവങ്ങളിൽ ഉള്ള ആശയങ്ങൾ തമ്മിൽ ഉള്ള അടിപിടിയിലൂടെ ആണ് ചരിത്രം മുന്നോട്ട് പോവുന്നത് എന്ന സാമാനത്തിനു പറയുന്ന പേരാണ് ഡയലക്ടിറ്റിക്സ് . ഹെഗേലിയൻ ഡയലെക്റ്റിക്സ് .

മാർക്സ് , പിന്നെ ഗ്രീക്ക് മെറ്റീരിയലിസത്തിന്റെയും ആൾ ആയിരുന്നു . ഗ്രീക്ക് ഫിലോസഫിയിൽ എന്നും മെറ്റീരിയലിസ്റ്റുകളും ഐഡിയലിസ്റ്റുകളും തമ്മിൽ അടി ആയിരുന്നു . മനസ്സിൽ ഉണ്ടാകുന്ന ആശയങ്ങൾ ആണ് സത്യം . ലോകത്തിന്റെ പരുപരുത്ത യാഥാർഥ്യങ്ങൾ നമ്മുടെയും , ഒരുപക്ഷെ ദൈവം എന്ന ഒരു സംഭവത്തിന്റെയും മനസിലെ ആശയങ്ങളുടെ ബഹിർസ്ഫുരണം ആണെന്ന് ഐഡിയലിസ്റ്റുകൾ ആണയിട്ട് പറഞ്ഞു . പോടാ പുല്ലേ എന്നായി മെറ്റീരിയലിസ്റ്റുകൾ . പദാർത്ഥം എന്ന സാമാനം കൊണ്ടാണ് ലോകം ഉണ്ടാക്കിയിരിക്കുന്നത് . അതെ സാമാനം കൊണ്ടാണ് ബ്രെയിൻ എന്ന മനസും . ലോകം പുറത്ത് ഇങ്ങനെ പദാർത്ഥതാൽ രൂപം പൂണ്ട് , കരിവീട്ടി ആയി , ഘടാ ഘടിയനായി , ദിങ്ങനെ നിക്കയാണ് . അതേ പദാർത്ഥത്തിന്റെ ചലനാത്മകത കൊണ്ട് ഉണ്ടാവുന്നതാണ് , ആശയം , ചരിത്രം , സംഭവങ്ങൾ ഒക്കെ . പദാർത്ഥം ഇല്ലാതെ ഐഡിയകൾ ഇല്ല എന്ന് മെറ്റീരിയലിസ്റ്റുകൾ കാറിക്കൂവി പറഞ്ഞു .

അപ്പൊ , ഈ ഡയലെക്റ്റിക്സ് എന്ന് പറഞ്ഞ സംഘട്ടന ചരിത്ര ചരിക്കലും , മെറ്റീരിയലിസവും തമ്മിൽ വിളക്കിച്ചേർക്കുകയാണ് കാൾ മാർക്സ് ചെയ്തത് .

അതായത് , പദാർത്ഥ പ്രധാനമായ ലോകത്ത് , പുറത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ആശയങ്ങൾ ഉണ്ടാവുന്നത് . ആ ആശയങ്ങൾ തമ്മിൽ അടിപിടി കൂടി ചരിത്രം മുന്നോട്ട് പോവുന്നു . ഇത്രേ ഉള്ളു ഡയലെക്റ്റിക്കൽ മെറ്റീരിയലിസം .

ഇപ്പൊ നിങ്ങടെ മനസ്സിൽ പദാര്ഥങ്ങളാൽ ഉണ്ടാക്കപ്പെട്ട ന്യൂറോണുകളിൽ ഒരു ചിന്ത , ചോദ്യം അഥവാ , ആശയം ഉയർന്നു വന്നു കാണും :

അയ്ന് ?????

ങ്ങ , അതാണ് തീസിസ് . ഇനി ആന്റി തീസിസ് പോരട്ടെ . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .