ആത്മാര്‍ത്ഥ സേവനം അഥവാ എന്തൊരു തൊന്തരവ്

മമ്മദ് കുട്ടിയും ഞാനും ഒരുമിച്ച് എം ബി ബി എസ് പഠിച്ചതാണ്. മമ്മദ് കുട്ടി പഠനത്തില്‍ ഭയങ്കര മിടുക്കനൊന്നുമല്ല. അത്രയേ പരിശ്രമിക്കാറുള്ളു എന്നതാണ് സത്യം. പക്ഷേ രോഗികളെ പരിചരിക്കാനും പരിശോധിക്കാനും അപാരശ്രദ്ധയാണ്. അതായത് ഒരു വൈദ്യതാത്വികാചാര്യന്‍ ആവുന്നതിനേക്കാള്‍ ഊന്നല്‍ ഒരു മുന്‍നിര പോരാളിയാകാനായിരുന്നു എന്നു സാരം. നല്ലൊരു ഡോക്ടറായി പുറത്തുവരാന്‍ സാധിച്ചു; കഷ്ടിച്ചാണ് പാസായതെങ്കിലും.

അതുകൊണ്ട് തന്നെ എം എസിനോ എം ഡിക്കോ കിട്ടി സ്‌പെഷ്യലിസ്റ്റാവുക അയാള്‍ക്ക് ഒരു ബാലികേറാമലയായി ഭവിച്ചു. മമ്മദിന് വലിയ താല്‍പ്പര്യവുമില്ല. തെക്കുള്ള ഒരു ചെറുഗ്രാമത്തില്‍ നിന്നാണ് അയാള്‍ വന്നത്.

”എന്റെ വീട്ടിന്റടുത്ത് ഒരു ഹോസ്പിറ്റല് തൊടങ്ങാനാണ് പ്ലാന്‍. അവിടൊക്കെ ഇപ്പോള്‍ നാട്ടുവൈദ്യം, ഹോമിയോ, ഇതൊക്കേയുള്ളു. കൊറേ ആള്‍ക്കാരുണ്ട്. ഡോക്ടറെ കാണണങ്കി ടൗണില്‍ പോണം.”

മമ്മദ് ഒരു ഡോക്ടറെ തന്നെ കെട്ടി. രണ്ടുപേരും ചേര്‍ന്ന് ആസ്പത്രിയും തുടങ്ങി. ഫാര്‍മസിയുമുണ്ട്. അഞ്ചാറു കൊല്ലം കൊണ്ട് പച്ചപിടിച്ചു. രാവും പകലും പണി തന്നെ.

രാത്രി ഡ്യൂട്ടിക്ക് വേറൊരാളെ ഏര്‍പ്പാടാക്കി. അതുകൊണ്ടൊന്നും കാര്യമില്ല. ആളുകള്‍ അര്‍ദ്ധരാത്രിക്ക് വീട്ടില്‍ വന്ന് വാതിലില്‍ മുട്ടും.  വലിച്ചിറക്കും. രോഗികളെല്ലാം അത്യാവശ്യക്കാരാണല്ലോ. ഡോക്ടറിന് പിന്നെന്തര് പണി?

മതില്‍ താഴിട്ട് പൂട്ടിത്തുടങ്ങി. അപ്പോഴാളുകള്‍  രാത്രി മതില്‍ ചാടിക്കടക്കും. വാതിലില്‍ ഇടിയോടിടി. പട്ടിയെ വാങ്ങി. അപ്പോള്‍ തെറി പൂരം.

”പരട്ട തെണ്ടി. വെറും എരപ്പായിട്ട് നാട്ടീ വന്നതാ. നമ്മുടെ കാശുംകൊണ്ട് വലിയ ആളായപ്പ നെഗളിപ്പ്. അടിച്ചുകൊല്ലണം. ഇവനെയൊക്കെ.”

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പട്ടിയെ ആരോ വിഷം കൊടുത്തുകൊന്നു. പട്ടിയോട് അതിനകം  രണ്ടു പേര്‍ക്കും സ്‌നേഹമായി തുടങ്ങിയിരുന്നു. വിഷമം കടിച്ചമര്‍ത്തി ജോലി തുടര്‍ന്നു. കാശും കിട്ടുന്നുണ്ടല്ലോ.

ഇതിനിടയില്‍ രണ്ടുകുട്ടികളുമുണ്ടായി. (പട്ടി ചത്തെങ്കിലും).

അതെങ്ങനെ ഒപ്പിച്ചു? ഈ തിരക്കിനിടക്ക്?’

 ഞാനെപ്പോഴോ കണ്ടപ്പോള്‍ ചോദിച്ചു.

‘സത്യം പറയാമല്ലോ, ആസ്പത്രി ഡ്യൂട്ടി റൂമില്‍ വച്ചാണ് എല്ലാം സംഭവിച്ചത്’

‘ തന്നെ?’

‘ പിന്നല്ല.’

‘രണ്ടും?’

‘അതേന്ന്’

 ഞാന്‍ കോള്‍മയിര്‍ കൊണ്ടു.

 അതിനിടെ പക്ഷാഘാതത്തിന്റെ തുടക്കലക്ഷണം കാണിച്ചു കൊണ്ട് ഒരു രോഗി വന്നു. സ്റ്റിറോയിഡ് കുത്തിവെയ്പ്പ് കൊടുത്തു. അതിനുള്ള ഏക ചികിത്സയായിരുന്നു അന്നത്. ഉടനെ തന്നെ ജില്ലാ ആസ്പത്രിയിലേക്ക് റഫര്‍ ചെയ്തു.

തുടക്കമായതിനാല്‍ കൈയില്‍ ചെറിയൊരു തളര്‍ച്ചയേ മമ്മദിന്റെ ആസ്പത്രിയില്‍ വരുമ്പോള്‍ രോഗിക്കുണ്ടായിരുന്നുള്ളൂ. ഒരു ദിവസത്തിനുള്ളില്‍ പക്ഷാഘാതത്തിന്റെ പൂര്‍ണ്ണരൂപം തെളിഞ്ഞു. ഒരുവശം മുഴുവന്‍ തളര്‍ന്നു.

രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്ത്? സംശയമില്ല; മമ്മദ് കൊടുത്ത കുത്തിവയ്പ്പുതന്നെ. ഒരു കൂട്ടം ആള്‍ക്കാര്‍ വന്ന് ആശുപത്രി അടിച്ചുപൊളിച്ചു. ഫാര്‍മസിയില്‍ നിന്നും മരുന്നുകളെല്ലാം വാരിക്കൂട്ടി കത്തിച്ചു. പുറകിലെ മതില്‍ചാടി ഓടിയതിനാല്‍ മമ്മദിന് ജീവന്‍ തിരിച്ചുകിട്ടി. എങ്കിലും വീണു കൈയ്യൊടിഞ്ഞ് രണ്ടു മാസം പ്ലാസ്റ്ററിട്ടു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

ദൃഢനിശ്ചയത്തോടെ ഇതും നേരിട്ടു. ആശുപത്രി പുനര്‍നിര്‍മ്മിച്ച് ചികിത്സ വീണ്ടും തുടങ്ങി.  ഇതിനിടെ ഒരു പ്രാദേശിക നേതാവിനെ രാഷ്ട്രീയസംഘട്ടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടനേ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ബന്ധുക്കളും അനുയായികളുമൊന്നും ചുമതല ഏറ്റെടുക്കാന്‍  വിസമ്മതിച്ചതിനാല്‍ അവിടെ തന്നെ കിടന്നു. അണുബാധ മൂര്‍ച്ഛിച്ച് മരിച്ചു.

ഇതുവരെ തിരിഞ്ഞുനോക്കാത്ത അണികള്‍ ഇളകി. ഇത്തവണ വീട്ടില്‍ കയറിയായിരുന്നു ആക്രമണം. ഭാര്യയുടെ കരണത്തടിച്ചു. കുട്ടികള്‍ വലിയ വായില്‍ കരഞ്ഞു.

അല്ലെങ്കില്‍ത്തന്നെ പലപല കണ്‍സ്യൂമര്‍ കേസുകളുടെ നൂലാമാല കയറിയിറങ്ങുകയായിരുന്നു മമ്മദ്.

”നിന്റെ തന്തയല്ലേടാ ആളെക്കൊല്ലി?” എന്ന് കൂട്ടുകാര്‍ കുട്ടികളോട് പറയുന്ന സ്ഥിതിയായപ്പോള്‍ മമ്മദിനും ഭാര്യയ്ക്കും ബോധോദയം വന്നു.

രായ്ക്കുരാമാനം ഭാണ്ഡവും കെട്ടി കുടുംബസമേതം കൊച്ചിയിലേക്ക് വണ്ടിവിട്ടു. അളിയന്റെ വീട്ടില്‍ തത്കാലം നിന്നു.

ഒരു കോര്‍പ്പറേറ്റ് ഹോസ്പിറ്റലില്‍ രണ്ടുപേരും ജൂനിയര്‍ ഡോക്ടര്‍മാരായി കയറി.

മമ്മദിനെയും ഭാര്യയേയും ഈയടുത്ത് കണ്ടിരുന്നു. രണ്ടുപേരും ഭയങ്കര ഹാപ്പി. മക്കളൊക്കെ വെരിഹാപ്പി. നല്ല സ്‌കൂളിലാണിപ്പോള്‍ രണ്ടുപേരും പോകുന്നത്.

”ശമ്പളമൊക്കെ വളരെ കുറവല്ലേ മമ്മദേ?” ഞാന്‍ ചോദിച്ചു.

”ശമ്പളം കൊണ്ടു മാത്രമല്ല മനുഷ്യപുത്രന്‍ ജീവിക്കുന്നത്. മനഃസമാധാനം കൊണ്ടുകൂടിയാണ്. പിന്നെ പഴേ ആസ്പത്രിയുണ്ടല്ലോ?”

”ങേ, അതു വിറ്റില്ലേ?”

”ഏയ് ഇല്ല. ഒരു ആയുര്‍വേദ ഡോക്ടറുമായി പാര്‍ട്ട്ണര്‍ഷിപ്പ് തുടങ്ങി. ഹോസ്പിറ്റലില്‍ ആയുര്‍വ്വേദം മാത്രം. ആയുര്‍വേദ ഹോസ്പിറ്റല്‍. പിന്നെ ആയുര്‍വേദ ഫാര്‍മസി. മരുന്നൊക്കെ നമ്മള്‍തന്നെയാണുണ്ടാക്കുന്നത്. കഷണ്ടിക്ക് പുതിയ ഒരു മരുന്നാണുണ്ടാക്കുന്നത്. പേറ്റന്റ് എടുത്തിട്ടുണ്ട്.”

”അതു കൊള്ളാമല്ലോ?”

”പിന്നേ, അതുമാത്രമല്ല, ഉഴിച്ചില്‍, പിഴിച്ചില്‍, ധാര, കിഴി, സുഖചികിത്സ. രോഗിക്കു മാത്രമല്ല, ഡോക്ടര്‍ക്കും.”

”ആയുര്‍വേദത്തെ കളിയാക്കരുത്. നമ്മുടെ പാരമ്പര്യം.” എനിക്കരിശം വന്നു.

”ആരു കളിയാക്കുന്നു. എല്ലാ രോഗികളും ഹാപ്പിയാണ്. ഞാന്‍ നടത്തിയിരുന്ന ഹോസ്പിറ്റലിനേക്കാള്‍ പത്തിരട്ടി ലാഭം. പിന്നെ നേരത്തെ ഫ്രീ ആയി കിട്ടിയിരുന്ന ഇടി, തൊഴി, തെറിവിളി, ആസ്പത്രി അടിച്ചു പൊളിക്കല്‍ ഇതൊന്നും ഇല്ലേയില്ല. മരുന്നിനൊന്നും സൈഡ് ഇഫക്ട് ഇല്ലല്ലോ. രാത്രിയൊന്നും ആര്‍ക്കും ആയുര്‍വേദ ഡോക്ടറെ കാണേണ്ട.”

”അല്ല, അപ്പോള്‍ ഇഫക്ട് ഉള്ളപ്പോള്‍ സൈഡ് ഇഫക്ടും ഉണ്ടാവില്ല എന്നുണ്ടോ? എനി ആക്ടീവ് തിങ് വില്‍ ഹാവ് മള്‍ട്ടിപ്പിള്‍…” ഞാന്‍ മെഡിക്കല്‍ കുണാണ്ട്രി പുറത്തെടുത്തു.

”ഇതാണ് നിന്റെ കുഴപ്പം. ഈ ശാസ്ത്രീയ തേങ്ങാക്കൊലയൊന്നും ജനത്തിന് ഇഷ്ടമല്ല. പിന്നെ ആവശ്യത്തിന് ഇഫക്ട് ഇല്ലെങ്കിലും നല്ലരീതിയില്‍ കുളമായാല്‍ത്തന്നെയും രോഗികള്‍ക്ക് ഒരു പരാതിയുമില്ല. ആയുര്‍വേദത്തില്‍ നിന്നൊക്കെ ആളുകള്‍ അത്രയേ പ്രതീക്ഷിക്കുന്നുള്ളു.”

”അപ്പോള്‍ രോഗം മാറാത്തവരെന്തുചെയ്യും? ശസ്ത്രക്രിയ വേണ്ടവര്‍, അടിയന്തിര ചികിത്സയും അപകടങ്ങളും അത്യാഹിതങ്ങളും ഒക്കെ?”

”ഓ, അവരൊക്കെ വണ്ടിപിടിച്ച് നേരെ നഗരത്തിലുള്ള കോര്‍പ്പറേറ്റ് ഹോസ്പിറ്റലിലേക്ക് പൊയ്‌ക്കോളും. അവിടാവുമ്പോള്‍, അടിച്ചുപൊളികേസ്, തെറി ഇതെല്ലാം മാനേജ് ചെയ്യാനുള്ള ഭീമന്‍ വ്യവസ്ഥിതികള്‍ ഉണ്ട്. അതിനുള്ള കാശും രോഗികളില്‍ നിന്നും വാങ്ങും.”

”പക്ഷേ അവിടെ ഡോക്ടര്‍മാരെല്ലാം അടിമകളെപ്പോലെ കച്ചവടസാദ്ധ്യത മാത്രം നോക്കുന്ന മാനേജ്‌മെന്റിന്റെ പിണിയാളുകളും വെറും ശമ്പളക്കാരും ആയി മാറുന്നില്ലേ?” ഞാന്‍ വികാരം കൊണ്ടു.

”തേങ്ങാക്കൊല. മനസ്സമാധാനത്തിനും മേലെയല്ല നിന്റെയീ പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റും സേവനവും മാങ്ങാത്തൊലിയും. ഞാന്‍ പോട്ടെ. ഒരു ഹോമിയോ ഡോക്ടറെ കാണാനുണ്ട്. ഹോമിയോ കൂടി തുടങ്ങണം.”  (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .