എന്റെ ഒരു സുഹൃത്തിന്റെ മകൾ കഴിഞ്ഞ ദിവസം കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് സ്വയം മുറിവുണ്ടാക്കി ആശുപത്രിയിലായി. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇടുമ്പോൾ മൂക്കിന്റെ ഷെയ്പ് ശരിയല്ല എന്ന് പറഞ്ഞ് ആളുകൾ കമന്റ്റ് ഇടുന്നത്രെ. 12 വയസുള്ള കുട്ടിക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ളത് പോലും അപ്പനും അമ്മയ്ക്കും അറിയില്ല.
അറിയാവുന്ന വേറൊരു ആൺകുട്ടി ഇരുപത്തിനാലു മണിക്കൂറും ഓൺലൈൻ ആണ്. വീഡിയോ ഗെയിം ആണ് ഹരം. ഒരു മാതിരി പഠിച്ചിരുന്ന ആൾ ഇപ്പൊ രണ്ടു കൊല്ലമായി ഒരു സ്വപ്നലോകത്താണ്. ബലമായി പ്ലെയ്‌സ്‌റ്റെഷൻ പിടിച്ചു വെച്ചപ്പോൾ വയലന്റ്റ് ആയി. ഒരു പത്രം എടുത്ത് അമ്മയുടെ തലക്കിട്ട് ഒറ്റ അടി! തല പൊട്ടി പുള്ളിക്കാരി ആശുപത്രിയിലായി.
തമാശ ഇതല്ല- കുട്ടികളുടെ എല്ലാ കാര്യങ്ങളിലും ഭയങ്കര ശ്രദ്ധയാണ് രണ്ടു സെറ്റ് മാതാപിതാക്കൾക്കും. ന്യൂട്രീഷൻ ഒക്കെ എഴുതി കണക്കാക്കിയാണ് തീറ്റ കൊടുക്കുന്നത്. പേടിച്ച് പുറത്ത് കളിയ്ക്കാൻ പോലും വിടൂല്ല. റോഡിൽ നടക്കാൻ പിള്ളേർക്ക് അറിഞ്ഞൂടാ. എല്ലായിടത്തും കൂടെ കൊണ്ട് നടക്കും.
സംഭവം ഇപ്പൊ പഴയ പോലെയല്ല. അത്യാവശ്യം തിന്നാനൊക്കെയുണ്ട്. കുട്ടികൾക്ക് സമൂഹം കൂടുതൽ കരുതൽ കൊടുക്കുന്നു. പക്ഷെ അത്യാവശ്യം ഉടുക്കാനും ഉണ്ണാനുമൊക്കെ പാങ്ങുള്ള വീടുകളിലെ കുട്ടികൾക്കാണ് പ്രശ്നങ്ങൾ കൂടുതൽ!
ജോനാഥൻ ഹാഡിറ്റ് എനിക്ക് വളരെ താല്പര്യമുള്ള ഒരു സോഷ്യൽ സൈക്കോളജിസ്റ്റ് ആണ്. പുള്ളിയുടെ ‘അൻഷിയസ് ജെനറേഷൻ’ എന്ന പുസ്തകത്തിൽ ഒരു തലമുറ മൊത്തം പ്രശ്നക്കാരാവുന്നതിന്റെ ചിത്രം വരച്ചിടുന്നു.
‘ആംഗ്ലോസ്ഫിയർ ‘ ആയ യു കെ, യു എസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ഡാറ്റ മാത്രമേ പ്രധാനമായും കയ്യിലുള്ളു. എങ്കിലും നമ്മുടെ മധ്യവർഗത്തിന് ബാധകമാണ് എന്ന് തന്നെ തോന്നുന്നു.
2010- 2015 സമയമാണ് ഹാഡിറ്റ്, “ദി ഗ്രെറ്റ് റി വയറിങ്” അഥവാ “ഭീകര ഉടച്ചു വാർക്കൽ” എന്ന് പറയുന്ന സമയം. അതേ- വിർച്യുൽ ലോകങ്ങൾ സോഷ്യൽ മീഡിയ ഒക്കെ വന്ന് നമ്മുടെ മസ്തിഷ്‌ക മണ്ഡലങ്ങളിലേക്ക് മലവെള്ളം പോലെ പാഞ്ഞു കയറിയ കാലം. ഇക്കാലത്ത് കൗമാരപ്രായക്കാരായിരുന്നവർക്കാണ് ഏറ്റവും പ്രശ്നം പറ്റിയിട്ടുള്ളത്.
ഉത്കണ്ഠാ രോഗം, വിഷാദരോഗം, ആത്മഹത്യകൾ, ആത്മഹത്യാശ്രമങ്ങൾ- ഇവ കുട്ടികളുടെ ഇടയിൽ ഒറ്റയടിക്ക് കുതിച്ചുയർന്നു. ഒത്തിരി കുട്ടികൾ ശരിക്കുള്ള ലോകത്ത് കളിച്ചു നടക്കുന്നതിനു പകരം പലപ്പോഴും അപകടകരമായ, അഡിക്ഷൻ ഉണ്ടാക്കുന്നയിടങ്ങളിൽ മേഞ്ഞു നടന്നു. ശരിക്കുള്ള ലോകത്തിൽ അവരെ പൊതിഞ്ഞു സംരക്ഷിക്കുന്ന രക്ഷിതാക്കൾ മനസിലാക്കിയില്ല- അവർ മിക്കപ്പോഴും വേറൊരു ലോകത്താണ് എന്ന്.
ഇതിന് എന്ത് ചെയ്യാൻ പറ്റും? ഹാഡിറ്റ് പറയുന്നത്. ഒരു 18 വയസ്സാവാതെ ഒരു സോഷ്യൽ മീഡിയയിലും പിള്ളേരെ കയറ്റരുത് എന്നാണ്. സ്ക്രീൻ ടൈം വളരെ കുറക്കണമെന്നാണ് പുള്ളിയുടെയും, വേറെ പല വിദഗ്ദ്ധരുടെയും അഭിപ്രായം. പിള്ളേരുടെ മാത്രം പ്രശ്നം അല്ലല്ലോ. മനുഷ്യർക്ക് എല്ലാം പ്രശ്നം തന്നെ.
ഇതൊക്കെ നടക്കുമോ? എനിക്ക് സംശയമാണ്. ഒരു വലിയ മഴക്കോളിൽ പെട്ടുപോയാൽ നമ്മൾ എന്ത് ചെയ്യും? പലതും പറയാം എന്ന് മാത്രം. കുട ചൂടാം. സുരക്ഷിത സ്ഥാനങ്ങളിൽ കയറി നിൽക്കാം. എന്നാലും നനയും. നനഞ്ഞൊലിക്കാം, പനി പിടിക്കാം- നമ്മൾ തന്നെ ഒലിച്ചു പോവാനും മതി.
മാറ്റങ്ങളുടെ ലോകം ബുൾഡോസർ പോലെ പരിചയമുള്ള സുഖപരിസരങ്ങളെ തകർത്ത് തരിപ്പണമാക്കി ചീറിയടുക്കുന്നു. നല്ല കാര്യങ്ങൾ ഒരു പാടുണ്ട്. എല്ലാ മനുഷ്യർക്കും സുഖമായി ഇരിക്കാനുള്ള കോപ്പ് ഉരുത്തിരിഞ്ഞു വന്നേക്കാം. പക്ഷെ മാറ്റങ്ങൾ- അവ അതിഭയങ്കരമായിരിക്കും. മനസുകളുടെ താളങ്ങൾ മാറ്റങ്ങൾ തെറ്റിക്കും.
പടച്ചോനേ……കാത്തോളീ………!
(ജിമ്മി മാത്യു)