സുജാത ഗാഡ്ല ഒരു തൊട്ടുകൂടാത്ത ജാതിയിൽ ജനിച്ച ദളിത് ക്രിസ്ത്യാനി ആയിരുന്നു . ഐ ഐ ടി യിൽ പഠിച്ച് അമേരിക്കയിൽ ജോലി .
ലോകത്തേക്കിറങ്ങിയപ്പോൾ പെട്ടന്ന് തോന്നി – ഞാൻ എന്താണ് ? ആരാണ് ഞാൻ ? ഇവിടെ ഞാൻ ആരാണ് ? ജന്മനാട്ടിൽ എങ്ങനെ ഞാൻ ഇവിടുത്തേക്കാളും നികൃഷ്ടയായി ?
അങ്ങനെയാണ് പുള്ളിക്കാരി തിരിച്ചു പോയി ചില അന്വേഷണങ്ങൾ നടത്തുന്നത് . പതിയെ , കുപ്രസിദ്ധ നക്സലൈറ്റും കവിയും പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ സ്ഥാപകനുമായ സ്വന്തം അമ്മാവൻ സത്യമൂർത്തിയെ പരിചയപ്പെടുന്നത് . അങ്ങനെ പതിയെ , ഈ പുസ്തകം തീവ്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും സത്യമൂർത്തിയുടെയും കൂടി കഥ ആയി മാറുകയാണ് . സുജാതയും അമ്മയും തൊട്ടുകൂടാ ക്രിസ്ത്യാനി കോളനിയിൽ തിന്നാൻ ഇല്ലാതെ വളരുന്നതും കാണാം കേട്ടോ . അപ്പൂപ്പനും അച്ഛനും ഒക്കെ കോളേജ് ലെക്ച്ചറർമാർ ആയിട്ടും.
തീവ്ര കമ്മ്യൂണിസ്റ്റ് ആണ് സത്യമൂർത്തി . വിപ്ലവം – അത് തോക്കിന്കുഴലിലൂടെ മാത്രം . സ്റ്റാലിൻ സിന്ദാവാ . സായുധ വിപ്ലവം അയാൾക്ക് പുത്തരിയെയല്ല. പാർട്ടിക്കു വേണ്ടി മറിക്കാൻ വെമ്പുന്ന ഹൃദയം . ക്രൂഷ്ചേവിന്റെ റിവിഷനിസ്റ്റു ചിന്താ സരണിയോട് പുച്ച്ചതോടെ പുറം തിരിഞ്ഞ് , മാവോയെ പുൽകുന്നു ആ മനസ്സ് .
ജാതി – അതിനെ തമസ്കരിച്ച് വർഗ്ഗവിപ്ലവം മാത്രം സ്വപ്നം കണ്ട ഒരു ആത്മാവ് .
പുസ്തകം ഉടനീളം നീച ജാതിയിൽ ജനിച്ചതിന്റെ ദോഷങ്ങൾ അനുഭവിക്കുന്നത് നമുക്ക് പക്ഷെ വളരെ സ്വാഭാവികമായി തോന്നുന്ന ഒന്നാണ് . സായിപ്പിന് മാത്രമേ അതിൽ എന്തെങ്കിലും കൗതുകം തോന്നൂ .
സായുധ വിപ്ലവം ലക്ഷ്യമാക്കിയ പീപ്പിൾസ് വാർ ഗ്രൂപ്പ് എന്ന തീവ്ര നക്സലൈറ്റ് പ്രസ്ഥാനത്തിനു രൂപവും ദിശയും നൽകുകയാണ് നായകൻ സത്യമൂർത്തി .
ജാതിയെ പറ്റിയുള്ള ഒരു പുസ്തകം എന്ന് നിരൂപണം കേട്ട് ഇത് വായിക്കുന്ന നാം , ആന്ധ്രയിലെ തീവ്ര കമ്മ്യൂണിസ്റ്റ് നീക്കങ്ങളെ ആണല്ലോ ഇത് കാണിക്കുന്നത് എന്ന് ആദ്യം സംശയിക്കുന്നു .
പക്ഷെ – പുസ്തകം അവസാനിക്കുന്നത് പീപ്പിൾസ് വാർ ഗ്രൂപ്പ് എന്ന തീവ്ര നക്സലൈറ്റ് പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന സത്യമൂർത്തിയോട് കൂടി ആണ് . കുറ്റമോ ? ഗ്രൂപ്പിലെ സവർണ പ്രാമുഖ്യത്തിനെതിരെ സ്വരമുയർത്തി എന്നത് !
ഇടക്ക് വച്ച് സ്വന്തം വിവാഹത്തിന് , തന്റെ മാല ജാതിക്കാരുടെ ഇടയിൽ പഴക്കമായിരുന്ന പന്നി മാംസ സദ്യ വേണ്ട എന്ന് വച്ച് പ്യുവർ വെജിറ്റേറിയൻ തീറ്റുന്നു സത്യമൂർത്തി . അത് കുറച്ചിലാണത്രെ ! സ്വന്തം കൂട്ടുകാരായ സവർണ സഖാക്കൾ എന്ത് വിചാരിക്കും ?
ബെസ്റ്റ് .
എന്നെ സംബന്ധിച്ചിടത്തോളം ഈ ഭാഗമാണ് ഈ ജീവിത കഥയുടെ ഹൈലൈറ്റ് .
പാഠങ്ങൾ പഠിച്ചത് :
- ഇടത് രാഷ്ട്രീയം താത്വിക പാപ്പരത്തിൽ ആണ് . ഇന്ത്യയെ പറ്റി അതിന് ചുക്കും ചുണ്ണാമ്പും മനസിലായിട്ടില്ല .
- ഈ കേരളത്തിൽ നിന്ന് നോക്കിയാൽ എന്ത് ഇന്ത്യ ? ഇന്ത്യയെ പറ്റി ഒരു ചുക്കും മനസിലാക്കാൻ സാധിക്കുകയില്ല .
- ഇന്ത്യൻ രാഷ്ട്രീയം – പിക്ച്ചർ അഭി ബാക്കി ഹേ , ഭായി . “ബാ – നിങ്ങളും ഞങ്ങളല്ലേ ?” – ഈ പൊള്ളത്തരം മനസിലാവുന്ന ഒരു തലമുറ വരാനിരിക്കുന്നെ ഉള്ളു എന്ന് തോന്നുന്നു .
(ജിമ്മി മാത്യു )