ആയുഷ് എന്തുകൊണ്ട് ? എന്റെ വക ഒരു തെറി :

നമ്മുടെ സർക്കാർ ആയുഷ് എന്ന ഒരു വിഭാഗം ഉണ്ടാക്കി അതിനു വളരെ അധികം കാശ് വക ഇരുത്തിയിട്ടുണ്ട് .

അതി ബുദ്ധിമാന്മാരായ നമ്മുടെ സർക്കാരും ചോദ്യം ചെയ്യാൻ പാടില്ലാത്തത്ര ദിവ്യത്വം ഉള്ള നേതാവും എന്ത് കൊണ്ടാവും ഇങ്ങനെ ചെയ്യുന്നത് ?

എനിക്ക് എന്റേതായ തിയറി ഉണ്ട് . (സോറി – തെറി അല്ല – തിയറി . ഹെഡിങ് തെറ്റി പോയതാണ് )

 

ഞാന് ആലോചിക്കുകയാണ്. ഇരുപതുകൊല്ലം മുമ്പ് തൃശ്ശൂര് മെഡിക്കല് കോളേജിലെ പ്രധാന അത്യാഹിതവിഭാഗത്തില് മെഡിക്കല് ഹൗസ് സര്ജനായി ഞാന് നില്ക്കുന്നു. എം.ബി.ബി.എസ്. കഴിഞ്ഞിട്ടേയുള്ളു.
തീവ്രനെഞ്ചുവേദനയുമായി ഒരു രോഗി വരുന്നു. ഞാന് പേടിക്കുന്നില്ല. ഉടനെ സീനിയര് ഡോക്ടറെ വിളിക്കേണ്ട കാര്യമില്ല. വേദന കുറയ്ക്കാന് നാക്കിനടിയില് മരുന്നു വയ്ക്കുന്നു. ഇ.സി.ജി. എടുക്കുന്നു. ഹൃദയാഘാതം ആണെന്ന് മനസ്സിലാക്കുന്നു. ആസ്പിരിന്, ബീറ്റാ ബ്ലോക്കര് തുടങ്ങിയ ചില മരുന്നുകള് തുടങ്ങുന്നു. വേറെ പ്രശ്നങ്ങളൊന്നുമില്ലെങ്കില് രക്തക്കട്ട അലിയിച്ചു കളയാനുള്ള സ്ടെപ്നോകൈനേസ് എന്ന് മരുന്ന് തുടങ്ങുന്നു. അതിനു മുമ്പേ ചുമ്മാ, സീനിയര് ഡോക്ടര്മാര്ക്ക് ഒന്നു രണ്ടു വര്ഷം എക്സ്പീരിയന്സ് ഉണ്ടെന്നേയുള്ളു. മെഡിസിന് ട്യൂട്ടറാണ്. പലപ്പോഴും എം.ഡി. പോലുമില്ല. രോഗം നന്നായി ചികിത്സിച്ച ചാരിതാര്ത്ഥ്യത്തോടെ നെഞ്ചും വിരിച്ചു നില്ക്കുന്നു. മിക്കപ്പോഴും രോഗി ജീവിക്കുന്നു. ചിലപ്പോള് മരിക്കുന്നു. ചിലപ്പോള് സ്ഥായിയായ ഹൃദയപേശി ബലക്ഷയം ഉണ്ടാവുന്നു. എന്തു ചെയ്യാം – എല്ലാം നമ്മുടെ കൈയിലല്ലല്ലോ. ഇതു രോഗിയും ബന്ധുക്കളും മനസ്സിലാക്കുന്നു. നമ്മളും.

കാര്ഡിയോളജിസ്റ്റ് ഉള്ളിടത്തേക്ക് പറഞ്ഞുവിടുന്നില്ല. ആന്ജിയോഗ്രാം ചെയ്യുന്നില്ല രക്തക്കട്ട മാറ്റി ട്യൂബ് ഇടുന്ന ആന്ജിയോപ്ലാസ്റ്റി ചെയ്യുന്നില്ല. എമര്ജന്സി ബൈപാസ് സര്ജറിയെപ്പറ്റി ആലോചിക്കുന്നുപോലുമില്ല. ചുരുക്കം പ്രൈവറ്റാസ്പത്രികളില് അതൊക്കെ ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. പക്ഷേ നമ്മള് അവിടേക്ക് പറഞ്ഞുവിടുന്നില്ല. അത് നമുക്ക് അപ്രാപ്യമാണെന്ന് നമ്മളും രോഗിയും വിചാരിക്കുന്നു.

ഇന്നിതൊക്കെ ചെയ്തേ പറ്റൂ. അതൊക്കെയാണ് ചികിത്സ. സായിപ്പ് പറഞ്ഞിട്ടുള്ളതാണ്. നമ്മള്ക്കും അതറിയാം. ഗുണമില്ലേ? ഉണ്ടെന്ന് നിസ്സംശയം പറയാം. രക്ഷപ്പെടുന്നവരുടെ എണ്ണം കൂടി. സ്ഥായിയായ ഹൃദയപേശീ ബലഹീനതയുടെ തോത് കുറഞ്ഞു. വീണ്ടും വരുന്ന അറ്റാക്കും കുറഞ്ഞു.
ഗുണം രണ്ടോ മൂന്നോ നാലോ മടങ്ങായി. ഈ ഇരുപത് വര്ഷത്തിനിടെ ഫലം കൂടി. വൃക്കത്തകരാറിന് മരുന്ന് കൊണ്ടു മാത്രം ചികിത്സിച്ചിരുന്ന കാലം പോയി. ഡയാലിസിസ് ചെയ്യണം, വൃക്കമാറ്റിവയ്ക്കണം എന്ന് കുട്ടികള്ക്ക് പോലും അറിയാം. ലിവര് ഫെയിലിയറിന് കരള് മാറ്റിവയ്ക്കണം. ഗുണമില്ലേ? ഉണ്ട്. പണ്ട് വൃക്ക തകരാര് വന്നാല് രണ്ട് മൂന്ന് വര്ഷം കൊണ്ട് മരിക്കുന്നവര് ഇന്ന് ആറും ഏഴും പത്തും വര്ഷങ്ങള് ജീവിച്ചിരിക്കുന്നു.

ഇരുപത് വര്ഷം കൊണ്ട് അനേകമടങ്ങ് ഗുണം കൂടി. നാലോ അഞ്ചോ മടങ്ങ്.
ചിലവോ.

നാല്പ്പതോ അമ്പതോ നൂറോ മടങ്ങ് കൂടി. എന്നുവച്ച് നല്ല ചികിത്സ വേണ്ടെന്നും മുപ്പതുവര്ഷം മുമ്പത്തെ ചികിത്സ മതിയെന്നും എത്ര പേര് പറയും?

ഞാന് പറയില്ല. എന്റെ ബന്ധുക്കള്ക്കുവേണ്ടിയും ഞാന് പറയില്ല. പക്ഷേ ഈ ആവശ്യത്തിന് വേണ്ടി ഞാന് വിലകൊടുക്കുന്നത് എന്റെ കിടപ്പാടം വിറ്റിട്ടായിരിക്കും.

വിളമ്പുകാരിയില് നിന്നടക്കം അമ്പത് ശതമാനം ഇന്കംടാക്സ് വാങ്ങിച്ചിട്ട്, നമ്മളെക്കാള് ജനസാന്ദ്രത വളരെ കുറവുള്ള അതിസമ്പന്നമായ ഒരു രാജ്യത്തിന് ചികിത്സ സൗജന്യമായി കൊടുക്കാന് സാധിക്കുന്നില്ല. അതായത്, പത്തുശതമാനം രാജ്യവരുമാനത്തില് നിന്നെടുത്ത്, സായിപ്പിന് സായിപ്പിന്റെ എല്ലാവര്ക്കും കൊടുക്കാന് പറ്റുന്നില്ലെന്ന്.

അപ്പോഴാണ് സായിപ്പിന്റെ അതിനൂതന ചികിത്സ അങ്ങനെ തന്നെ നമ്മുടെ ജനകോടികള്ക്ക്, നമ്മുടെ താരതമ്യേന കുറഞ്ഞ (ആളോഹരി) വരുമാനത്തിന്റെ ഒരു ശതമാനം കൊണ്ട് നല്കണം എന്ന് പറയുന്നത്. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിക്കുന്നതു പോലെ.

അതായത് – നമ്മുടെ മുഴുവൻ രാജ്യ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമാണ് സർക്കാർ പൊതു ജനാരോഗ്യത്തിനായി ചിലവഴിക്കുന്നത് . പല യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഇത് പത്തു ശതമാനത്തോളം ആണ് .

വേറൊരു കാര്യം കൂടി ഓർക്കണം . ഇത് മൊത്ത വരുമാന കണക്കാണ് . പ്രതി വ്യക്തി വരുമാനമാണ് ശരിക്കും നോക്കേണ്ടത് . നമ്മുടെ പ്രതി വ്യക്തി (പ്രതി ശീര്ഷ ) വരുമാനം ഒരു യൂറോപ്യൻ രാജ്യമോ അമേരിക്കയുടേതോ അപേക്ഷിച്ചു പതിനഞ്ച് മടങ്ങു (!!!) ചെറുതാണ് .

അതായത് – സർക്കാർ തലത്തിൽ നമ്മുടെ നാട്ടിൽ ഒരു ശാരാശരി ക്കാരന് കിട്ടാവുന്ന ആരോഗ്യ പരിപാലന തുക അമേരിക്കയുടേത് താരതമ്യം ചെയ്താൽ നൂറ് ഇരട്ടിയോളം ചെറുതാണ് .
പക്ഷെ – നമുക്ക് വേണ്ടത് അമേരിക്കയുടെ അതെ സ്റ്റാൻഡേർഡിൽ ഉള്ള ചികിത്സാ ആണ് ! ഇതെങ്ങനെ നടപ്പാവും ?

ആവോ – എനിക്കറിയില്ല .

ആർക്കും അറിയില്ല .

കോടതി വിധികൾ പരിശോധിച്ചാൽ അറിയാം . ചില സുപ്രധാന വിധികൾ വന്നിട്ടുണ്ട് : അതിൽ സാമ്പിൾ രണ്ടെണ്ണം ഇതാ :

– സൗകര്യമില്ല എന്നുള്ളത് മതിയായ ചികിത്സ നല്കാതിരിക്കുന്നതിനുള്ള മതിയായ കാരണം അല്ല . സൗകര്യങ്ങൾ ഇല്ലെങ്കിൽ അതുള്ള സ്ഥലത്തേക്ക് രോഗിയെ റെഫർ ചെയ്യണം .

– ഐ സി യൂ സൗകര്യങ്ങൾ പൂർണമായി ഉള്ള സ്ഥലങ്ങളിൽ മാത്രമേ ഏതൊരു ശസ്ത്രക്രിയ , മറ്റു ഉപകരണ ചികിത്സകൾ എന്നിവ ചെയ്യാൻ പാടുള്ളു .

എന്താണീ സൗകര്യങ്ങൾ ? ആധുനിക വൈദ്യം ഒരു ശാസ്ത്രം ആണ് . അമേരിക്കയിലും മറ്റും ഉള്ള സൗകര്യങ്ങൾ ആണ് ഈ പറയുന്ന സൗകര്യങ്ങൾ . അത് കൊടുത്തില്ലെങ്കിൽ ഡോക്ടർമാരും ആശുപത്രികളും തൂങ്ങും .
ഇതിനുള്ള ചിലവ് ആര് വഹിക്കും ? സർക്കാരിന് പറ്റില്ല . സ്വന്തം കീശയിൽ നിന്ന് പാവപ്പെട്ടവരിൽ പാവപ്പെട്ടവർ ആയ നമ്മുടെ ജനം എടുത്തു കൊടുക്കണം . ഇത് വല്ലതും നടക്കുമോ ?

എവടെ ? കുന്തം നടക്കും . (സോറി കേട്ടോ . ഇമോഷണൽ ആകുമ്പോൾ ഭാഷ അങ്ങനെ ഒക്കെ ആകും )

ചികിത്സയുടെ ചിലവു താങ്ങാൻ സാധിക്കാത്ത , നടു ഒടിയുന്ന സാധാരണക്കാരൻ നാട്ടു ചികിത്സ തേടി പോകുന്നതിൽ അദ്ഭുതം ഉണ്ടോ ? ചികിത്സക്ക് പണമില്ല എന്ന ചിന്ത തന്നെ ദുസ്സഹം ആണ് . അതാലോചിച്ചു പ്രാന്ത് എടുത്ത് ഇരിക്കുമ്പോൾ ആണ് , മറ്റു ചികിത്സാ രീതികൾ പറയുന്നത് :

“ഈ മോഡേൺ മെഡിസിൻ മൊത്തം തട്ടിപ്പ് ആണെന്നെ . നിങ്ങളുടെ കാശ് അടിച്ചു മാറ്റാൻ ഉള്ള ഗൂഡാലോചന . മരുന്ന് മാഫിയ . കോർപ്പറേറ്റ് ഭീമന്മാർ . അമേരിക്കൻ ഗൂഢാലോചന . പരട്ട പണക്കൊതിയൻ ഡോക്ടർമാർ . വരൂ , വരൂ , ഞങ്ങൾ ചികിൽസിക്കാം . ഭാരതത്തിൽ ഈ ചികിത്സ ഒക്കെ മതിയെന്നേ . നമുക്ക് നമ്മുടെ ചികിത്സ ”

ഇതും പോരാഞ്ഞാണ് , ശരിക്കും പരട്ടകൾ ആയ , പണം മാത്രം നോക്കുന്ന , തത്വ ദീക്ഷ ഇല്ലാത്ത ഒരു ന്യൂന പക്ഷം സ്വകാര്യ ആശുപത്രികളും ഡോക്ടർമാരും . മത്സരം മൂലം ന്യൂന പക്ഷം ഭൂരിപക്ഷം ആകാൻ ഉള്ള സാധ്യത ഇല്ലാതില്ല .

ജനത്തെ കുറ്റം പറയാൻ പറ്റ്വോ ?

ഈ കാര്യങ്ങൾ അറിഞ്ഞു കൊണ്ടാണോ സർക്കാർ ആയുഷിനൊക്കെ കോടികൾ മുടക്കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട് . അതാവുമ്പോൾ ഈ അമേരിക്കൻ സ്റ്റാൻഡേർഡിനു അനുസരിച്ചു ചികില്സിക്കണ്ടല്ലോ .

ഇതാണ് എന്റെ തെറി – അല്ല , തിയറി .

അതായത് – നമ്മൾ ചിന്തിക്കണം . സർക്കാർ ചിന്തിക്കണം :

– എങ്ങനെ ഇന്ത്യൻ ആധിനിക വൈദ്യ മിനിമം സ്റ്റാൻഡേർഡ് ചികിത്സ ഓരോ അസുഖത്തിനും നിജപ്പെടുത്താം ?
– ഈ ചികിത്സ എല്ലാവര്ക്കും എങ്ങനെ പ്രാപ്യം ആക്കാം ?

– സ്വകാര്യ മേഖലയെ തളർത്താതെ എങ്ങനെ ഈ ലക്ഷ്യം ഒത്തൊരുമിച്ചു നേടാം ?

-ആയുഷിന്റെ റോൾ എന്താണ് ?

പറ്റാതെ ഒന്നുമില്ല . gst , ടാക്സ് അടക്കുന്ന ജനം കൂടി വരുന്നത് , പെട്രോളിനും മറ്റും ഉള്ള ഭീമ ടാക്സ് , തുടങ്ങി , സർക്കാർ സംവിധാനങ്ങളിലേക്ക് പണം ഒഴുകാൻ തുടങ്ങുകയാണ് . പ്രതിമ പണിയുന്നതിന് പകരം ഇതൊക്കെ നന്നായി ഉപയോഗിച്ചാൽ കുറെ മാറ്റം വരുത്താം .

നൂറ് മടങ്ങു പ്രതിശീർഷ ആരോഗ്യ ചെലവ് കുറവ് ആണെന്ന് പറഞ്ഞത് രൂപയുടെ ഇവിടുത്തെ മൂല്യം നോക്കിയല്ല . ബ്രിട്ടനിലെ ഓരോ ശസ്ത്രക്രിയയുടെ ചെലവ് കണക്കാക്കിയത് നോക്കി, ഇവിടുത്തെ ഒരു നല്ല സ്വകാര്യ ആശുപത്രിയുമായി താരതമ്യം ചെയ്തു ഞാൻ ഒന്ന് കൂട്ടിയും കിഴിച്ചും നോക്കിയായിരുന്നു .
അതനുസരിച് , അവിടുത്തെ പോലുള്ള ഒരു പൊതു ആരോഗ്യ സംവിധാനം ഇവിടെ ആക്കണമെങ്കിൽ , നമ്മുടെ മൊത്ത വരുമാനനത്തിന്റെ പതിനാറു ശതമാനം ആരോഗ്യത്തിനായി മാറ്റി വെക്കേണ്ടി വരും .

ശരിക്കും പറഞ്ഞാൽ , നമ്മുടെ സ്വന്തം മിനിമം സ്റ്റാൻഡേർഡുകൾ ഉണ്ടാക്കിയാൽ , ഒരു അഞ്ചോ ആറോ ശതമാനം കൊണ്ട് നല്ലൊരു ആരോഗ്യ സംവിധാനം ഉണ്ടാകാവുന്നതേയുള്ളു .

ഒരു ശാസ്ത്രീയ അവബോധം വേണം . പിന്നെ ഒരു ദീർഘ വീക്ഷണം വേണം . വിശാല കാഴ്ചപ്പാടും വേണം .

അതൊക്കെ ഉണ്ടല്ലോ അല്ലെ . ഉണ്ടാവുമല്ലോ . അതാലോചിക്കുമ്പോൾ ഒരു റിലാക്‌സേഷൻ ഒക്കെ ഉണ്ട് . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .