ഇന്ത്യൻ വർഗീയ വയറിന് ഞാൻ ഉത്തരവാദി അല്ല. എന്റ്റെ ഗർഭം ഇങ്ങനല്ല:

പലരും ചോദിക്കുന്നു- ഞാൻ എന്നോട് തന്നെ ചോദിക്കുന്നു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ഇപ്പൊ അധികം ഒന്നും പറയാനില്ലാത്തത് എന്തേ?

സത്യം പറഞ്ഞാൽ ലേശം ഒരു സന്ദേഹം ഉണ്ട്. അതിന് എനിക്ക് അർഹതയുണ്ടോ എന്ന്! കാരണം, ഇന്നത്തെ ഇന്ത്യയിലെ മിക്ക ആളുകളും ചിന്തിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് ഞാൻ ചിന്തിക്കുന്നത്. അപ്പൊ കുഴപ്പം എന്റ്റെയും ആകാല്ലോ. പ്ലീസ് നോട്ട്- കേരളം എന്നല്ല; ഇന്ത്യ മൊത്തം എന്നാണ് പറഞ്ഞത്. ചില കാര്യങ്ങളിൽ കേരളവും പ്രസക്തം തന്നെ.

ഉദാഹരണത്തിന്, ഈ കെ റെയിലും, കൊണാണ്ടറിയും, കമ്മ്യൂണിസ്റ്റ് ഭരണ വിമർശനവും, ഒക്കെ ഭയങ്കര ഇഷ്യൂകൾ ആണെന്നാണ് മിക്കവരും വിചാരിക്കുന്നത്. ഭരണ വിമർശനം വളരെ വേണ്ടത് തന്നെ. ശരിയാണ്. പക്ഷെ ഈ ഇഷ്യൂവിന്റെ ശരി തെറ്റുകൾ കണക്കാക്കാൻ ഉള്ള കഴിവ് എനിക്കില്ല. അറിയില്ല. രാഷ്ട്രീയം മാത്രമാണ് ഇതിലെ പ്രധാന ഇഷ്യൂ എന്നാണ് ഞാൻ മനസിലാക്കുന്നത്! മറ്റേത് കാലം തന്നെ തെളിയിക്കണം. ബൈ ദു ബൈ, സ്വർണ ക്കേസ് എന്തായി? എനിക്ക് യാതൊരു വ്യക്തതയും ഇല്ല.

പഴേ ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെ ഇറക്കിയ സരിത, സോളാർ കേസ് എന്തായി? ഉമ്മൻ ചാണ്ടി ഇപ്പൊ ജെയിലിൽ ആണോ കിടക്കുന്നത്? എത്ര പേരെ കോടതി ശിക്ഷിച്ചു?

ശരിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രത്യയ ശാസ്ത്ര തീവ്രത ഉണ്ട്. അക്രമരാഷ്ട്രീയ പ്രവണത ഉണ്ട്. ജനാധിപത്യത്തിനോട് ഉള്ളതിനേക്കാൾ കമ്മ്യൂണിസ്റ്റ് ഉട്ടോപ്പിയയോട് കൂറുള്ള ആളുകൾ അതിലുണ്ട്.

പക്ഷേ അതേ തീവ്രത തന്നെയാണ് കേരളത്തിന്റെ ഇപ്പോഴത്തെ താരതമ്യേന മെച്ചപ്പെട്ട സ്ഥിതിക്ക് കുറെ ഒക്കെ കാരണം. അതിന്റെ ഗ്രൂപ്പിസ്റ്റ് ചട്ടക്കൂടാണ് മുപ്പത്, നാൽപ്പത്, അൻപത് കാലഘട്ടത്തിലെ സവര്ണര്ക്ക് സ്വന്തം പ്രിവിലേജുകൾ കളഞ്ഞും ശരിയായ നിലപാടുകൾ എടുക്കാൻ ഉള്ള മാനസിക ശക്തി നൽകിയത്. അതേ ഗുണമാണ് കേരളത്തിലെ മാത്രം പിന്നോക്ക, ദളിത് ജാതികളെ കുറെ ഒക്കെ ദേശീയ സാംസ്‌കാരിക ഔന്നത്യ കൂട്ടത്തിന്റെ – “ഞങ്ങടെ കൂടെ കൂടിയാൽ ഞങ്ങളിൽ ഒരാളായി കണക്കാക്കാം; ചവിട്ടി അരയ്ക്കാൻ മറ്റവരെ തരാം”- എന്ന പ്രലോഭനത്തിൽ ഒരു പരിധി വരെ വീഴാതെ പിടിച്ചു നില്ക്കാൻ പ്രാപ്തി തന്നതും.

ഇതേ തീവ്രത തന്നെ ആണ്, വോട്ടുകൾ പോകും എന്നറിഞ്ഞിട്ടും ബ്രിന്ദ കാരാട്ട് നെഞ്ചു വിരിച്ച് ബുൾഡോസറിന്റെ മുന്നിൽ കയറി നിന്നത്. അത് കൊണ്ട് തന്നെ ഒക്കെ സാംസ്‌കാരിക ഔന്നത്യ വാദികൾക്ക് ഏറ്റവും ദേഷ്യം ഉള്ള ഒരു പാർട്ടി ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി.

ഇനി, ചരിത്രം നോക്കിയാൽ സ്റ്റാലിനിസ്റ്റ് ഏകാധിപത്യ, മാവോ സ്റ്റൈൽ അടിച്ചമർത്തലിന്റെ വക്താക്കൾ ആണ് കമ്മ്യൂണിസ്റ്റുകൾ എന്നുള്ള ഒരിത് ഉണ്ട്. അതിൽ കുറച്ച് കാര്യം ഇല്ലാതില്ല. പക്ഷെ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത് വരെ മാറി മാറി അവർ ഭരിച്ചിട്ട് പ്രത്യേകിച്ച് തീവ്രതയുള്ള ഇന്ത്യയിലെ വേറെ ഏതെങ്കിലും പാർട്ടി ചെയ്യാത്ത എന്ത് പ്രശ്നമാണ് അവർ ഉണ്ടാക്കിയിട്ടുള്ളത്? എനിക്ക് തോന്നിയിട്ടില്ല. എന്നാൽ ഇന്ത്യ മൊത്തം ഭരിക്കാനുള്ള മൃഗീയ ഭൂരിപക്ഷം കിട്ടിയാൽ, രാഷ്ട്രീയ എതിർപ്പ് ഇല്ലെങ്കിൽ, ജനാധിപത്യ മര്യാദകൾ അവർ പാലിക്കുമോ? അത് ഒരു വലിയ ചോദ്യമാണ്. പക്ഷെ അങ്ങനെ ഒരു അവസ്ഥ തല്ക്കാലം ഇല്ല; ഇനി ഉണ്ടാകും എന്നും തോന്നുന്നില്ല.

ഇത് കൊണ്ടൊക്കെ തന്നെ, അന്ധമായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ എതിർക്കാൻ എനിക്ക് എന്തോ, തോന്നാറില്ല. പല കാര്യങ്ങളിലും യോജിപ്പ് ഉണ്ട് താനും.

ഒറിജിനൽ സെന്റർ ലെഫ്റ്റ് എന്ന നിലയിൽ കോൺഗ്രസിനോട് എതിർപ്പ് ഒന്നുമില്ല. പക്ഷെ അതിന്റെ ഇന്നത്തെ സ്ഥിതിയിൽ എതിർക്കാനും പിന്തുണയ്ക്കാനും ആവാത്ത നിലയിൽ ആണുള്ളത്. എന്ത് ചെയ്യണം എന്നത് ആ പാർട്ടിക്ക് തന്നെ അറിയില്ല. അതിനെ പറ്റി എന്ത് വിചാരിക്കണം എന്ന് എനിക്കും.

ആം ആദ്മി പാർട്ടി പോലെ ഉള്ള ദുർബല പരീക്ഷണങ്ങൾ എന്താവും എന്ന് കാത്തിരുന്ന് കാണണം. മതങ്ങളെ മാത്രം പ്രതിനിധീകരിക്കുന്ന മുസ്‌ലിം ലീഗിനോടൊന്നും അല്ലെങ്കിലും ഒരു മമതയും തോന്നേണ്ട കാര്യം ഇല്ലല്ലോ.

പൊതു ഇടത്തിൽ എനിക്ക് ഏറ്റവും ആശയ സമന്വയം തോന്നിയിട്ടുള്ളത് മൃദു ഇടതു പക്ഷ കമ്മ്യൂണ്സ്റ്റുകളോടും കോൺഗ്രസുകാരോടും ഫ്രീ തിങ്കർ, മൃദു ലിബറൽ ആളുകളോടുമാണ്. പക്ഷെ ഇവരൊക്കെ ഒരു രാഷ്ട്രീയ ശക്തി അല്ല. കാലം തീവ്രത ആവശ്യപ്പെടുന്നു- അതെനിക്കിഷ്ടമല്ല താനും.

പിന്നെ ഇപ്പോഴത്തെ രാഷ്ട്രീയത്തെ പറ്റി പറയുമ്പോ, ഇന്ത്യ ഒരു ഏകാധിപത്യ മത രാഷ്ട്രം ആകുന്നതിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല! നെഹ്‌റു നല്ല ഒരു നേതാവ് ആയിരുന്നു എന്ന് തന്നെ ഞാൻ വിചാരിക്കുന്നു! എന്തത്ഭുതം അല്ലേ? അംബേദ്കറും പുള്ളി ഉണ്ടാക്കിയ ഭരണഘടനയും ചെത്താണ് എന്നാണ് എന്റെ വിചാരം. ഭരണഘടനക്ക് ഉപരിയായി, ജനാധിപത്യ മര്യാദകളോട് നല്ല ബഹുമാനം വേണം എന്നും ഞാൻ വിചാരിക്കുന്നു. ഏതെങ്കിലും ഒരു മത വിഭാഗത്തെ പാർശ്വവൽക്കരിച്ച്, മൂലയ്ക്കാക്കി, വേണ്ടാത്ത രീതിയിൽ പ്രതികരിക്കാൻ നിര്ബന്ധിതരാക്കി, കൂട്ടക്കൊലകൾക്ക് കളമൊരുക്കുന്നത് അത്ര നല്ല കാര്യമല്ല എന്നെനിക്ക് തോന്നുന്നുണ്ട്! ആസൂതൃതമായ നുണ പ്രചാരണങ്ങൾ തെറ്റാണ് എന്നാണ് എന്റെ പക്ഷം. എന്റെ ചിന്തകൾ എന്ത് ബോറാണല്ലേ?

എന്നാൽ ഇന്ത്യയിലെ മിക്ക ആളുകളും ചിന്തിക്കുന്നത് അങ്ങനെ അല്ല! പാരമ്പര്യമായി സാമൂഹ്യ അധികാരം ഉള്ളവർ പ്രത്യേകിച്ചും. അത് കൊണ്ട് തന്നെ, പണ്ട്, അന്നത്തെ അവരുടെ വിദ്യാഭ്യാസം കൊണ്ടോ, ആശയങ്ങൾ കൊണ്ടോ, ഗാന്ധി, നെഹ്‌റു, പട്ടേൽ, അംബേദ്‌കർ തുടങ്ങിയ നേതാക്കൾ, കൊണ്ട് വന്ന ഭരണക്രമത്തിന്റെ സ്വാഭാവിക കാലാവധി കഴിഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു. ഭൂരിപക്ഷ ജനത്തിന് ശബ്ദവും അധികാരവും കിട്ടിക്കഴിഞ്ഞപ്പോൾ ഇന്ത്യയുടെ യഥാർത്ഥ മുഖം അനാവരണം ചെയ്യപ്പെടുകയാണോ എന്ന് സംശയിക്കണം.

അതായത്, ഈ ചീള് ചിന്ന ചിന്ന രാഷ്ട്രീയ പ്രശ്നങ്ങൾ ഇന്ത്യയെ സംബന്ധിച്ച് ഒന്നുമല്ല. കെ റെയിൽ ഒക്കെ എന്ത്!! മഹത്തായ ഇന്ത്യയുടെ അതി പുരാതന സാംസ്‌കാരിക ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിക്കഴിഞ്ഞു. പാരമ്പര്യമായി തന്നെ, ജനാധിപത്യത്തിന്റെ ധാരാളിത്തമോ, വ്യക്തികളുടെ അവകാശ; സ്വാതന്ത്ര്യമോ അതിന്റ്റെ ഭാഗമല്ല.

അതിൽ വലിയ ഒരു അഭിപ്രായം പറയേണ്ട കാര്യം എനിക്കില്ല. പറഞ്ഞിട്ട് പ്രയോജനവും ഉണ്ടാവാൻ സാദ്ധ്യത ഇല്ല. കാരണം; ഞാൻ അതിൽ അധികപ്പറ്റായിട്ടാണല്ലോ നിർവചിച്ചിരിക്കുന്നത് തന്നെ! പൗരൻ ആയിരിക്കുന്നതിൽ തന്നെ ഞാൻ തൃപ്തൻ ആയേ പറ്റൂ!

എന്താ, ശരിയല്ലേ?(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .