നമ്മുടെ മനസിന്റെ ഏറ്റവും വലിയ യുക്തിയില്ലാ ചിന്ത എന്താണ് ?
ഞാൻ എന്തോ വലിയ പ്രാധാന്യം ഉള്ള ആൾ ആണെന്ന ചിന്ത . എഴുനൂറ് കോടി ഉണ്ട് സഹോ . ഓരോരുത്തനും, ഓരോ അവളും അങ്ങനെ വിചാരിക്കുന്നു ; ഞാൻ ഇല്ലെങ്കിൽ ഈ ലോകത്തിന് എന്തോ പറ്റുമെന്ന് . ഈ മഹാ ബ്രഹ്മാണ്ഡത്തിന് ഒരു ചുക്കും പറ്റുകയില്ല .
മിക്കവരും താന്താങ്ങളുടെ ഇല്ലാതാവലിനെ പറ്റി ചിന്തിക്കുന്നേ ഇല്ല . ഈ ചിന്തയില്ലായ്മ ആയിരിക്കണം ലോകത്തിലെ ഏറ്റവും വലിയ അദ്ഭുതം .
ഒരിക്കലും ഇല്ലാതാവില്ല എന്ന് കരുതി എനിക്ക് ജീവിക്കണ്ട . ഇല്ലാതാവലിനെ എനിക്ക് പേടിയില്ല . എനിക്ക് പേടിയുണ്ട് ; സഹനത്തെ . എനിക്ക് പേടിയുണ്ട് ; ദുര്ബലതയെ , നിസ്സഹായതയെ . സ്നേഹമില്ലായ്മയെ എനിക്ക് പേടിയാണ് . പക്ഷെ ഇല്ലാതാവലിനെ എനിക്ക് പേടിയില്ല . സൂര്യനെ നിങ്ങൾക്ക് പേടിയുണ്ടോ ? മണ്ണിനെ ? കല്ലിനെ ? സഹ്യ പർവതത്തെ ? ഭാരത പുഴയെ ? അത് പോലെ തന്നെ ഉള്ള ഒരു പച്ച പരമാര്ഥമാണ് ഇല്ലാതാവൽ .
ജീവിതത്തെ ഞാൻ അതിയായി സ്നേഹിക്കുന്നു . എന്ത് അടിപൊളിയാണ് അത് . ചിരി , കളി ; കണ്ടുപിടുത്തങ്ങളുടെയും ബോധോദയങ്ങളുടെയും ജ്ഞാനോദയങ്ങളുടെയും സ്നേഹ ബന്ധങ്ങളുടെയും ആഘോഷം . പക്ഷെ അത് മാത്രമല്ലല്ലോ . വേദനയുണ്ട് , പോരാട്ടങ്ങളുണ്ട് , പരിക്കുകളുണ്ട് ; ചുമ്മാ നീണ്ടു നീണ്ടു പോവുന്ന തേങ്ങലുകളുമുണ്ട് .
കുറെ ആവുമ്പൊ മടുക്കില്ലേ ? യാത്ര എത്ര മനോഹരമാണെങ്കിലും , ഉറക്കം വരുകില്ലേ ? കണ്ണുകൾ അടയില്ലേ ? എവിടെ എങ്കിലും കിടന്ന് ഉറങ്ങണം എന്ന് തോന്നില്ലേ ?
ഇല്ലാതാവൽ ഒരു ഉറക്കം തന്നെ അല്ലെ ? അത് വരുകില്ലേ , കൺ പോളകളെ അടക്കില്ലേ ? കിടക്കുന്ന തലയിൽ തഴുകില്ലേ ?
എപ്പോഴെങ്കിലും ഉറങ്ങാം എന്നത് ഒരാശ്വാസം കൂടി അല്ലേ ?
(ജിമ്മി മാത്യു )