ഇസ്രായേൽ- ജൂതമാരുടെ രാജ്യം- ഒരു പാതി സുന്ദരി:

ഭൂമിയെ ഒറ്റയടിക്ക് കാണണമെങ്കിൽ ചന്ദ്രനിൽ നിന്ന് നോക്കണം. അത് പോലെ നോക്കുമ്പോ, ചില കാര്യങ്ങൾക്ക് വ്യക്തത കുറയും. അത് പക്ഷെ എന്ത് ചെയ്യാൻ പറ്റുഷ്ടോ? മൊത്തം കാണണേൽ അങ്ങനെ നോക്കണം. അങ്ങനെ നോക്കുമ്പോ എല്ലാം ഫുൾ ക്ലിയർ ആവൂല്ല. എന്നാലും ഇച്ചിരി ഐഡിയ ഉള്ളതല്ലേ മൊത്തം ഡാർക്ക് ആയിരിക്കുന്നതിനേക്കാൾ നല്ലതല്ലേ, ഉള്ളത് കൊണ്ട് ഒറ്റനോട്ടം നോക്കുന്നതിനേക്കാൾ നല്ലതല്ലേ ജസ്റ്റ് ഒന്ന് നോക്കുന്നത്?

ങേ!

അപ്പൊ, ഇസ്രായേൽ എന്ന രാജ്യം ഉയിരേ എന്ന സിനിമയിലെ പാർവതി കാരക്ടർ, പാതി മുഖം പൊള്ളിയ പെൺകുട്ടിയെ പോലെ ആണ്. ജൂതൻ ആ സൈഡിൽ നിന്ന് നോക്കുമ്പോ നല്ലൊരു സുന്ദരി. അത് സത്യവും പൂർണമായ ശരിയും ആകുന്നു. എന്നാൽ അവിടെ ഗാസ സ്ട്രിപ്പിലുള്ള ഒരു അറബിയെ സംബന്ധിച്ച്, അതൊരു നുണയും, വൈകൃതവും, തെറ്റും ആകുന്നു.

ആദിയിൽ മൊത്തം ഗോത്രങ്ങൾ ആയിരുന്നു. ചില ജയിച്ച ഗോത്രങ്ങൾ പെറ്റു പെരുകി ലക്ഷങ്ങൾ ഉള്ള ഗോത്രങ്ങൾ ആയി. ഒരു ഭാഷയും ഒരു മതവും ആയി. എന്നാൽ കേരള കോൺഗ്രസ് പോലെ വളരുന്തോറും അവ പിളർന്നു. ദൈവങ്ങൾ ഭാഗിക്കപ്പെട്ടു; ഭാഷകൾ തെറ്റി പിരിഞ്ഞു വേറെയായി. ചില ജനതകൾ തമ്മിൽ കൂടുതൽ ബന്ധം ഉണ്ട്. ചിലവ വളരെ അകന്നവ.

ആന അലറലോടലേറൽ. അത് പോലാണ് മനുഷ്യ ചരിത്രം:

ജനതകൾ അടികളോടടികൾ. ഇടികളോടിടികൾ. വെട്ടുകളോട് വെട്ടുകൾ. കുത്തുകളോട് കുത്തുകൾ.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ, വെടികളോട്‌വെടികൾ.

അപ്പൊ അയ്യായിരം കൊല്ലം പിന്നോട്ട് കാനാൻ എന്ന ഒരു പ്രദേശത്തേക്ക് പോവാം. അതായത്, ഇപ്പോഴത്തെ ഇസ്രായേൽ, ജോർദാൻ, സിറിയ ഒക്കെ ഇരുന്ന സ്ഥലം. അവിടെ കുറെ സെമിറ്റിക് ജനതകൾ ഉണ്ടായിരുന്നു. (അറബികളും ജൂതന്മാരും സെമിറ്റിക് ജനതകൾ ആണ്, ഹീബ്രുവും അറബിയും സെമിറ്റിക് ഭാഷകൾ ആണ്)

ഒരു ഗ്രൂപ്പ് ജനത ഞങ്ങൾ യഹ് വേ എന്ന് വിളിക്കുന്ന ഒറ്റ ദൈവത്തിന്റെ ജനം ആണെന്ന് ഓളിയിട്ടു പറഞ്ഞു നടന്നു. ആ സ്ഥലം അങ്ങോർ അവർക്ക് തീറെഴുതി കൊടുത്തത് ആണത്രേ! അബ്രഹാം എന്ന പൂർവികനും ദൈവവുമായി ഉണ്ടാക്കിയ ഉടമ്പടി, പിന്നെ ഈജിപ്റ്റിൽ പോക്ക്, മോശയുടെ നേതൃത്വത്തിൽ തിരിച്ചു വരവ്, ജീനോസൈഡിലൂടെ തിരിച്ചു പിടിച്ച കാനാൻ രാജ്യം, അങ്ങനെ കുറെ ഐതിഹ്യ കഥകൾ ഉള്ള ഒരു ഗോത്ര ചരിത്രത്തിൽ അവർ ഉറച്ചു വിശ്വസിച്ചിരുന്നു.

അതിന്റെ സത്യം എന്തായാലും, ഒരു മൂവായിരം കൊല്ലം മുൻപ് നോക്കിയാൽ, ആ പ്രദേശം മൊത്തം, ജൂതന്മാർ എന്ന് വിളിക്കുന്ന ഒരു വമ്പൻ ജനതയാണ്. വേറെ ഫിലിസ്ത്യർ മുതലായ ചിലരും അവിടവിടെ ആയി ഉണ്ട്. ദാവീദ് എന്ന് പറഞ്ഞ ആദ്യ രാജാവിന്റെ അപകീർത്തികൾ…ഛെ. അപദാനങ്ങൾ അവർ വാഴ്ത്തിപ്പാടി. സോളമൻ എന്ന രാജാവ് അതി ബുദ്ധിമാൻ. ദാവീദും സോളമനും ഒക്കെ ഉള്ള ചരിത്ര പുരുഷന്മാർ ആയിരുന്നു എന്നതിന് രേഖകൾ ഉണ്ട്. അത് മുതൽ ഏകദേശ യഥാർത്ഥ ചരിത്രം ആണെന്ന് ഉറപ്പിക്കാം.

ജെരൂസലേം ആയിരുന്നു ഈ വലിയ ജൂത രാജ്യത്തിൻറെ, തലസ്ഥാനം. അവിടെ ആണ് അതി ബ്രഹത് ജൂത അമ്പലം. ലോകം സൃഷ്‌ടിച്ച, എന്നാൽ ജൂത ഗോത്ര ദേവൻ ആയ യാഹ്‌വെയുടെ ഇരിപ്പിടം! ജൂത ലോകത്തിന്റെ കേന്ദ്രം! അല്ല. ഒരു ജൂതന്, ലോകത്തിന്റെ തന്നെ കേന്ദ്രം. വേറെ ദൈവങ്ങളോട് അളവറ്റ പകയും അതി ഭീകര അസൂയയും ആണ് യാഹ്വേക്ക്.

സോളമന്റെ കാലം കഴിഞ്ഞപ്പോ, ഈ ഇസ്രായേൽ ജനത എന്ന ഇസ്രായേൽ രാജ്യം, വടക്കൻ ഇസ്രയേലും, ജെറുസലേം ഉള്ള തെക്കൻ ജൂദിയയും  ആയി വിഭജിക്കപ്പെട്ടു.

പിന്നെ ജൂതന്മാർ മിക്കവാറും എയറിൽ ആയിരുന്നു- ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ.

700 ബി സി യിൽ അസീരിയൻകാർ ഇസ്രായേൽ പിടിച്ചടക്കി.

ഒരഞ്ഞൂറു ബി സി ആയപ്പോ ആ സ്ഥലം മൊത്തം ബാബിലോണിയൻസ് എന്ന കുറെ ഗെഡികൾ പിടിച്ചടക്കി ജൂദന്മാരുടെ അമ്പലവും പൊളിച്ചു കളഞ്ഞു! ഓരോ യുദ്ധത്തിലും ജൂദന്മാർ ഘോരഘോരം പോരാടി കേട്ടോ. അപ്പൊ കുറെ എണ്ണം അങ്ങനെ കൊല്ലപ്പെട്ടു. ബാബിലോണിയക്കാർ ജൂതന്മാർ മിക്കതിനെയും നാട് കടത്തുകയും ചെയ്തു.

(ആരാണീ അസീരിയൻസ്? ആരാണീ ബാബിലോണിയൻസ്? എന്ന് ചോദിക്കരുത്. അപ്പൊ കുട്ടി നേരത്തെ പറഞ്ഞ സ്റ്റഡി ക്‌ളാസ് മറന്നു. ഓരോ ഗോത്ര ജനത വിഭാഗങ്ങൾ! അത്ര തന്നെ. ച്ചെടാ!)

പിന്നെ പേർഷ്യക്കാർ വന്നു. അവർ ജൂതന്മാരെ തിരിച്ചു പോവാൻ സമ്മതിച്ചു. അമ്പലം പിന്നേം കെട്ടി.

കുറെ നാൾ ഗ്രീക്ക് കാർ ഭരിച്ചു. ജൂതന്മാർക്ക് പീഡനം തന്നെ.

60 ബി സി ആയി. ദേ വരുന്നു, റോമാക്കാർ! അവർ ജൂതന്മാരെ കീഴടക്കി എങ്കിലും ഹെരോദ് എന്ന ജൂത രാജാവിനെ സാമന്തൻ ആയി  ഭരിച്ചോളാൻ സമ്മതിച്ചു. പുള്ളി അമ്പലം ഒക്കെ അടിപൊളി ആയി പുതുക്കി പണിഞ്ഞു. ഹെരോദ് രണ്ടാമൻ പിന്നെ ഭരിച്ചു. യേശു ക്രിസ്തു എന്ന ജൂത സന്യാസിയും അങ്ങനെ പലരും, ജൂതമാരെ ഉണർത്താൻ ശ്രമിച്ചു; റോമാക്കാർ അവരെ കൊല്ലുകയും ചെയ്തു. 

എ ഡി അറുപത് കഴിഞ്ഞപ്പോ വലിയ ഒരു ജൂത സമരം ഉണ്ടായി. റോമാക്കാർ ദയയില്ലാതെ ജൂതന്മാരെ കൊന്നു. അമ്പലം കത്തിച്ചു. ജെറുസലേം നശിപ്പിച്ചു. റോമാ സാമ്രാജ്യത്തിന്റെ പല ഭാഗത്തേക്കായി ബാക്കി വന്നവരെ നാട് കടത്തി.

എന്തൊക്കെ സംഭവിച്ചിട്ടും, അവർ യാഹ്‌വെയെ ആരാധിച്ച്, സ്വന്തം ചടങ്ങുകളും, ജീവിത രീതികളും പിന്തുടർന്ന് ആയിരക്കണക്കിന് വർഷങ്ങൾ സ്വത്വത്തെ കെടാതെ സൂക്ഷിച്ചു. അത് ഗുണമാണോ അല്ലയോ എന്നത് വേറെ കാര്യം.

അസീരിയൻസ് എവിടെ? ആ.

ബാബിലോണിയൻസ് എവിടെ? ആ.

ഫിലിസ്തീൻകാരും മൊവാബുകളും എവിടെ? ആ

ഒക്കെ പോട്ടെ- ഈ റോമാക്കാർ എവിടെ?? ആ. പൊടി പോലുമില്ല കണ്ടു പിടിക്കാൻ.

അയ്യോ. തീർന്നില്ല. പിന്നീട് ബാക്കി വന്ന റോമാ സാമ്രാജ്യവും, അത് കഴിഞ്ഞു അതിന്റെ തുടർച്ച ആയ യൂറോപ്യൻ  രാജ്യങ്ങളും ക്രിസ്ത്യൻ ആയി. യേശുവിനെ കൊന്നത് ജൂതന്മാർ ആണെന്ന് പറഞ്ഞ്, അവരെ പീഡിപ്പിക്കലോട് പീഡിപ്പിക്കൽ! കൊല്ലലോട് കൊല്ലൽ! നാട് കടത്തലോടു നാട് കടത്തൽ! ഇത്രേം ദയ ഇല്ലാതെ വേട്ടയാടപ്പെട്ട വേറൊരു ജനത ഉണ്ടോ എന്ന് സംശയം ആണ്.

അപ്പോഴേക്കും മുസ്ലീങ്ങൾ എന്ന ഒരു ഗ്രൂപ്പ് ഉദയം ചെയ്തു. ആ പഴേ കനാൻ പ്രദേശം (ഇപ്പോൾ പലസ്തീൻ) പല പല മുസ്‌ലിം ഗ്രൂപ്പുകൾ മാറി മാറി പിടിച്ചടക്കി. ഫാഥിമിടുകൾ, മാർമലൂക്കുകൾ, സെൽജൂക് തുർക്കികൾ, അവസാനം ഓട്ടോമൻ തുർക്കികൾ. മിക്കവാറും സമയത്ത് ജറുസലേം മുസ്ലിം നിയന്ത്രണത്തിൽ ആയി. അതിനിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിൽ ജെറുസലേമിന് വേണ്ടി കുരിശു യുദ്ധങ്ങൾ!

അങ്ങാടി തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞത് പോലെ എപ്പോ കുരിശു യുദ്ധം തോറ്റാലും ക്രിസ്ത്യാനികൾ ജൂതന്മാരെ വെട്ടിക്കൊല്ലും! ചുമ്മാ ഒരു ശീലമായി പ്പോയി. അതാ. വേറെ ഒന്നുമല്ല. പ്ളേഗ് വന്നു ആളുകൾ ചത്താലും കുറ്റം ജൂതന്മാർക്ക്! കുറെ പേരെ ചുമ്മാ കൊല്ലും!

ക്രിസ്ത്യൻ യൂറോപ്പിൽ നിന്ന് ഓടിയോടി അവർ മുസ്ലിം രാജ്യങ്ങളിൽ അഭയം തേടും. അവിടേം പീഡനം തന്നെ. സത്യം പറഞ്ഞാൽ മറ്റേ അവിടത്തെ അത്രേം ഇല്ല കേട്ടോ.

എന്റെ സഹോ, നിങ്ങൾ പറഞ്ഞാ വിശ്വസിക്കൂല്ല. പത്തൊൻപതാം നൂറ്റാണ്ടു അവസാനിച്ച്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയപ്പോഴും, ഇത് തന്നെ സ്ഥിതി! അന്ന് ഏറ്റവും കൂടുതൽ ജൂതന്മാർ റഷ്യ സാമ്രാജ്യത്തിൽ ആണ്.

അപ്പോഴാണ് പീഡനം സഹിക്കനാവാതെ കുറെ ജൂതന്മാർ പതിയെ ‘മ്മക്ക് സ്വന്തം രാജ്യത്ത് പോവാം’ എന്നും പറഞ്ഞ്, ഇപ്പൊ ഇസ്രായേൽ ഇരിക്കുന്ന സ്ഥലത്തേക്കും ജെരൂസലേം പരിസരത്തേക്കും നിശബ്ദ കുടിയേറ്റം തുടങ്ങിയത്.

ഒന്നാം ലോകമഹായുദ്ധ സമയത്ത് ജൂതന്മാർ ഒത്തിരി, ജര്മനിയുടെയും ബ്രിട്ടന്റെയും വശത്തു നിന്നു. റഷ്യൻ ക്രൂരതക്കെതിരെ. ജയിച്ചാൽ ഇസ്രായേൽ എന്ന രാജ്യം ഓട്ടൊമൻകാരുടെ കയ്യിൽ നിന്നും എടുത്ത് നിങ്ങക്ക് തരാം എന്ന് ബ്രിട്ടൻ പറയാതെ പറയുകയും ചെയ്തു. പോരെ പൂരം. റഷ്യക്കാരുടെ വക പീഡനം! അപ്പൊ ഇസ്രായേൽ പ്രദേശത്തേക്ക് കുടിയേറ്റം പിന്നെയും കൂടി.

ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞപ്പോ, പലസ്തീൻ എന്ന കാനാൻ പ്രദേശം മൊത്തം ബ്രിട്ടന്റെ കൈകളിൽ. ജെറുസലേമും. അവർ ജൂതന്മാർക്ക് ഒന്നും കൊടുത്തില്ല.

പിന്നെ രണ്ടാം ലോക യുദ്ധം. അറിയാല്ലോ. പണ്ട് ജര്മനിയുടെ ഭാഗത്ത് നിന്ന ജൂതമാരെ അറുപത് ലക്ഷം പേരെ ആണ് ഹിറ്റ്ലറിൻറെ നേതൃത്വത്തിൽ ജർമൻകാർ കൊന്നത്!

അതോടെ ജൂതന്മാർ ശരിക്കു സംഘടിച്ചു. ബെൻ ഗുറിയോൺന്റെ ഒക്കെ നേതൃത്വത്തിൽ, കൂട്ട കുടിയേറ്റം നടന്നു. പണ്ട് ബ്രിട്ടൻ കൊടുക്കാം എന്നു പറഞ്ഞ  സ്ഥലം ഇപ്പൊ കൊടുക്കണം എന്നായി. ആ സ്ഥലത്തെ മറ്റു  മുസ്ലിം അറബികൾ പ്രശ്നം ഉണ്ടാക്കി. അവരും ജൂതന്മാരെ ഓടിക്കാൻ തുടങ്ങി. ഒൻപത് ലക്ഷം പേരെ ഓടിച്ചു.

ആ പ്രദേശം മൂന്നായി വിഭജിച്ച് ഒരു ഭാഗം ജൂതമാർക്ക് കൊടുക്കാൻ ഐക്യരാഷ്ട്രസഭ ഉത്തരവിട്ടു. ബ്രിട്ടൻ സ്ഥലം കാലിയാക്കി. നാഥൻ ഇല്ലാത്ത അവസ്ഥ! 1947.

അറബികൾ ജൂതന്മാരെ കൊന്നു തീർക്കുവാൻ തീരുമാനിച്ചു. ഉഗ്രൻ യുദ്ധത്തിനൊടുവിൽ ഇസ്രായേൽ നിലവിൽ വന്നു. ജെറുസലേമിന്റെ വലിയ ഒരു ഭാഗവും, ആദ്യം ബ്രിട്ടൻ തരാമെന്നു പറഞ്ഞ ഭാഗങ്ങളും, (വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ്പ് എന്നീ സ്ഥലങ്ങൾ ഒഴിച്ച്) അതിൽ ഉണ്ടായിരുന്നു. ഏഴു ലക്ഷം പലെസ്തീനിയൻ അറബികൾ ഓടിപ്പോയി.

പിന്നീട് അറുപതുകളിൽ ഈജിപ്ത്, സിറിയ, ജോർദാൻ ഒക്കെ ചേർന്ന് ഇസ്രയേലിനെ യുദ്ധം ചെയ്ത് ഇല്ലാതാക്കാൻ നോക്കി. പക്ഷെ ഇസ്രായേൽ കട്ടക്ക് കട്ടക്ക് പൊരുതി ഗാസ സ്ട്രിപ്പും വെസ്റ്റ് ബാങ്കും ജെറുസലേമിന്റെ ജോർദാനിൽ ഉണ്ടായിരുന്ന ഭാഗവും പിടിച്ചെടുത്തു. ഗാസയും, വെസ്റ്റ് ബാങ്കും പിന്നീട് ഏതാണ്ട് സ്വതന്ത്രമാക്കി. പക്ഷെ അവരുടെ നിയന്ത്രണത്തിൽ ആണെന്ന് പറയാം.

പിന്നേം ഉണ്ട് കുറെ യുദ്ധങ്ങൾ, അടികൾ ഒക്കെ. പ്രശ്നത്തിന്റെ കാതൽ മനസിലായല്ലോ

അപ്പൊ ഒരു അഞ്ഞൂറ് വയസുള്ള ജൂതൻ പറയുന്നത് ശ്രദ്ധിക്കു:

“എന്തുട്ടഷ്ടോ. ഒന്നാലോച്ചു നോക്ക്യേ. പത്തു രണ്ടായിരത്തഞ്ഞൂറു കൊല്ലയിട്ട് ഞങ്ങളെ എല്ലാരും കൊല്ലാക്കൊല ചെയ്യാ! ഇത്രേം പേരേ ബാക്കിള്ളോ. മ്മളെ കൊല്ലാതിരിക്കാൻ പറ്റ്വോ?

ങേ പറ്റില്ലെന്നോ?

സാരമുണ്ട്. ഡോ ഗഡീ. അങ്ങനെ നിങ്ങളാരും ….

…..ആരും ….?

സുഖിക്കണ്ട. “

ഇസ്രായേൽ ഉണ്ടായതിനു ശേഷം അവിടന്ന് ഓടിപ്പോയ, അല്ലെങ്കിൽ, ഗാസയിൽ പെട്ട് പോയ ഒരഞ്ഞൂറു വയസുള്ള അറബി പറയുന്നത് ശ്രദ്ധിക്കു:

“അയ് ശരി. ഡോ. ഞങ്ങളിവിടെ നൂറ്റാണ്ടുകളായിട്ട്  ഇവിടെണ്ട്. നിങ്ങളെ പീഡിപ്പിച്ചതിന് ഞങ്ങ എന്തുട്ട്  ചെയ്യാൻ? ഞങ്ങക്ക് സ്ഥലം തിരിചിങ്ങ്ട  താടോ. മുഴുവൻ സ്ഥലോം വേണട്ട. നിങ്ങള് ആ കടലിലോട്ടാ ചാടിക്കോ.”

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .