സെന്റ് ജെയിംസ് മെഡിക്കൽ കോളേജ് ആൻഡ് റിസർച് സെന്റർ എന്ന ബാംഗ്ളൂറിലെ ആ പ്രശസ്ത സ്ഥാപനത്തിൽ ആണ്, ആദ്യമായി അസിസ്റ്റൻറ് പ്രഫസർ എന്ന അധ്യാപക പദവിയോട് കൂടിയ ഒരു സ്ഥാനത്ത് ഇരിക്കുന്നത്.
ഒരു രസമൊക്കെ ഉണ്ട്. താഴെ കുറച്ചു ട്രെയ്നികൾ ഉള്ളത് കൊണ്ട് ഒരാശ്വാസം. അതിനു മുന്നേ ബോബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നരാടം ഡ്യൂട്ടി എടുത്തു പതം വന്നതാണല്ലോ.
ഇവിടെയും പ്രധാന ഒരു പണി അപകടങ്ങൾ തന്നെ. കൈകളുടെ മുറിവ്, വിരലുകളുടെ ഓടിവുകൾ, അറ്റു തൂങ്ങിയ ഭാഗങ്ങൾ, മുറിഞ്ഞ രക്ത കുഴലുകൾ.
ഇത്തരം മൈക്രോസർജറി കൂടാതെ പൊള്ളലുകൾ, മുഖത്തുള്ള എല്ലിലെ പൊട്ടലുകൾ, മുഖ മുറിവുകൾ. ജോലിക്ക് പഞ്ഞമൊന്നുമില്ല.
അങ്ങനെ ഏതോ ഒരു കേസ് കാണാൻ ആണ് അത്യാഹിത വിഭാഗത്തിൽ എത്തിയത്. അത് കണ്ട് വേണ്ട നിർദേശങ്ങൾ കൊടുത്തു തിരിഞ്ഞപ്പോൾ അതാ അടുത്ത കിടക്കയിൽ പത്തു വയസുള്ള ഒരു സുന്ദരിക്കുട്ടിയെ കിടത്തിയിരിക്കുന്നു.
അപ്പൊ കൊണ്ടു വന്നതെ ഉള്ളു.
ഒരു ജൂനിയർ -ഹൗസ് സർജൻ ആണെന്ന് തോന്നുന്നു . ചെറുതായി പരുങ്ങുന്നു . പേഷ്യന്റ് ആയ പെൺകുട്ടി ശ്വാസം വലിക്കുന്നുണ്ടോ ? സ്വല്പം ? ഉണ്ട് . ഇല്ല . ഇപ്പൊ നിന്നു !
ഞാൻ കേറി ഇടപെട്ടു . “റെസ്പിറേറ്ററി അറസ്റ്റ്” എന്നലറി. കരോട്ടിഡ് പൾസ് പക്ഷെ ഉണ്ട് കേട്ടോ .
നല്ല ആശുപത്രികളിൽ ചില ആചാരങ്ങൾ ഒക്കെ ഉണ്ട്. ഇങ്ങനെ അലറിയാൽ എന്തെങ്കിലും ഒക്കെ നടക്കും .
കുറെ നേഴ്സുമാർ ഓടി വന്നു . ഉപകരണങ്ങൾ ഉള്ള ഒരു ട്രോളി പ്രത്യക്ഷപ്പെട്ടു.
” ലാരിങ്കോസ്കോപ്പ് ആൻഡ് ട്യൂബ്” എന്ന് പറഞ്ഞതും അത് കൈകളിൽ .
കുറെ നാളായി ഇന്ടുബേറ്റ് ചെയ്തിട്ട് . എങ്കിലും ആ ഒരു ഫ്ളോവിൽ അങ്ങ് പോവ്വാണ് . ‘ഫസ്റ്റ് ഒബേ , ദൻ ക്യുസ്റ്റിൻ’ എന്ന് പറഞ്ഞ പോലെ ആണ് . എമർജെൻസിയിൽ ചെയ്യാൻ ഉള്ളത് ചെയ്യുക ; എന്നിട്ടേ ചിന്തിക്കു . അപകടകരമായേക്കാവുന്ന ഒരു സ്വഭാവം . പക്ഷെ ട്രെയിനിങ് അങ്ങനാണ് .
ഓ – ഭാഗ്യത്തിന് അപ്പോഴേക്കും എമെർജെൻസി ഫിസിഷ്യൻ വന്നു . ഞാൻ മാറിക്കൊടുത്തു .
ട്യൂബിട്ടു . കൃത്രിമ ശ്വാസം കൊടുക്കലും , വെന്റിലേറ്റർ എന്ന ശ്വസന യന്ത്രത്തിലും ഘടിപ്പിക്കലും ഞൊടിയിടയിൽ നടന്നു . ഐ സി യുവിലേക്ക് മാറ്റി . ഹൃദയം നിന്നിട്ടേയില്ല കേട്ടോ . ശുദ്ധമായ റെസ്പിറേറ്ററി അറസ്റ്റ് മാത്രം . അതെന്താണാവോ ? ഉം – കുറെ കാരണങ്ങൾ ഉണ്ട് .
എന്റെ പണി നോക്കട്ടെ . ഞാൻ പോവാൻ ആയി തിരിഞ്ഞു . അപ്പോൾ ആരോ വിളിക്കുന്നു – ‘സാർ “.
നോക്കുമ്പോ നമ്മുടെ അറസ്റ്റ് അടിച്ച പെൺകുട്ടിയുടെ അച്ഛനും അമ്മയുമാണ് . ഞാൻ അറിയും അവരെ . ഇങ്ങേർക്ക് വിരൽ എന്തോ യന്ത്രത്തിനകത്തു പോയി ഞാൻ കെ വയർ ഒക്കെ ഇട്ട് ഞരമ്പും വള്ളിയുമൊക്കെ റിപ്പയർ ചെയ്തതാണ് .
ഹോ – അതാണ് ആ പെൺകുഞ്ഞിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നിയത് . ഇയാളുടെയും ഭാര്യയുടെയും കൂടെ ഓ പി യിൽ വരാറുണ്ടായിരുന്നു . മൂത്ത കുട്ടിയാണ് . താഴെ ഒരു പെൺകുട്ടിയും ഒരാന്കുട്ടിയും ഉണ്ട് .
ചെറു ചിരിയോടെ ഒരിക്കൽ, മിനി എന്ന് വിളിക്കാവുന്ന ഈ കുട്ടി എനിക്ക് പുള്ളിക്കാരി വരച്ച ഒരു പടം സമ്മാനിച്ചിരുന്നു . ആ പടം ഞാൻ എന്റെ മോളെ കാണിച്ചിരുന്നത് ഞാൻ ഓർത്തു . അച്ഛൻ ജോലി ചെയ്യുന്ന ഫാക്ടറി . മുറ്റത്ത് അച്ഛനും അമ്മയും ഇവളും സഹോദരങ്ങളും നിൽക്കുന്നു . അതാണ് പടത്തിൽ
“എതുക്ക് ഇത് ? ” ഞാൻ ചോദിച്ചു . ബാംഗ്ലൂരിൽ കന്നഡികാർ മാത്രമല്ലല്ലോ. ഇന്ത്യ മൊത്തം ഉള്ളവർ ജോലിക്കായി വരുന്ന സ്ഥലം . പോണ്ടിച്ചേരിയിൽ എം എസ് ചെയ്ത എനിക്ക് തമിഴ് അറിയാം എന്നാണ് ഞാൻ സ്വയം വിചാരിച്ചു വച്ചിരിക്കുന്നത് .
“അപ്പാവുടെ വിരൽ നേർ പണ്ണരുതുക്ക്” അങ്ങനെ എന്തോ പറഞ്ഞു . വെറുതെ അല്ല ഞാൻ മിനിയെ ഓർമിച്ചത് . എന്റെ മോൾക്ക് അഞ്ചു വയസാണ് അന്ന് . പത്തു വയസ്സിന്റെ വലിപ്പം ഇവൾക്ക് ഇല്ലല്ലോ എന്നും അന്ന് വിചാരിച്ചിരുന്നു .
മിനി എന്തോ വയറു വേദന പറഞ്ഞത്രേ . പിന്നെ പതുക്കെ ക്ഷീണവും തളർച്ചയും . എന്താ പറ്റിയത് എന്നറിയില്ല . ആശുപത്രിയിൽ എത്താറായതും കണ്ണൊക്കെ അടഞ്ഞു തുടങ്ങി . വന്നയുടൻ ശ്വാസവും നിന്നു .
എന്ത് ആണാവോ , ഞാൻ ആലോചിച്ചു .
ഒരു ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞു ഐ സി യുവിൽ കേറി നോക്കി . വയറിന്റെ സ്കാൻ ചെയ്തു . ഒന്നും ഇല്ല . ഇന്ഫെക്ഷന്റെയോ വേറെ എന്തെങ്കിലും രോഗങ്ങളുടെയോ യാതൊരു ലക്ഷണങ്ങളും ഇല്ല . ബ്ലഡ് ടെസ്റ്റുകൾ എല്ലാം നോർമൽ . ന്യൂറോളജിസ്റ്റിന് ആളെ വിട്ടിരിക്കുകയാണ് . ദാ – ആൾ എത്തി .
ഞാൻ നോക്കി – ഹലോ . ഹാലോ – ആരിത് ! എന്റെ അതെ ബാച്ച് , ജിപ്മെറിൽ ചെയ്ത സുരേഷ് . എം ഡി ആണെന്ന് മാത്രം . പിന്നീട് ഡി എം ഒക്കെ കഴിഞ്ഞു . ഞങ്ങൾ ബാംഗ്ലൂരിൽ ആണ് പിന്നീട് കാണുന്നത് .
സുരേഷ് ആകെ മൊത്തം കൂലങ്കഷമായി നോക്കി . സി ടി ബ്രെയിൻ സ്കാൻ കംപ്ലീറ്റ്ലി നോർമൽ . അപ്പൊ ?
“ഒരു പിടിയും കിട്ടുന്നില്ല . കുട്ടി ഉറങ്ങിയ പോലെ കിടക്കുകയാണ് . വെന്റിലേറ്റർ വേണം . റേസ്പിരട്ടറി എഫേർട്ട് തീരെ ഇല്ല .”
ഞാനും നോക്കി . കുട്ടി കണ്ണടച്ച് നല്ല ഉറങ്ങുന്നത് പോലെ കിടക്കുകയാണ് . ഒരു അസ്വസ്ഥതകളും ഇല്ല . വെന്റിലേട്ടറിൻറെ ഡയഫ്രെയിം മുരൾച്ചയോടെ ഉയർന്നു താഴുന്നു . അതിനൊത്ത് കുഞ്ഞിന്റെ നെഞ്ചും . ഓമനത്തം ഉള്ള മുഖം. ഹൃദയ ശബ്ദങ്ങൾ ബീപ്പ് ബീപ്പ് എന്ന് കേൾക്കാം .
ഞാനും സുരേഷും പുറത്തിറങ്ങി . അച്ഛനെയും അമ്മയെയും സുരേഷ് നല്ല പോലെ ചോദ്യം ചെയ്തു . എന്തെങ്കിലും മരുന്നോ മറ്റോ കുടിച്ചോ ? വരെ ആർക്കെങ്കിലും അസുഖം ? പനിയോ മറ്റോ ?
ഒന്നുമില്ല . അച്ഛൻ നിർവികാരൻ . ‘അമ്മ കരച്ചിലോട് കരച്ചിൽ . അവർ മുഖത്ത് നോക്കുന്നതെ ഇല്ല . വേറെ ഒരു കുട്ടി നിൽക്കുന്നു . ഒക്കത്ത് ആൺകുട്ടി .
പിറ്റേന്നും സ്റ്റാറ്റസ് ക്വൊ . അത് ഞങ്ങ ഡോക്ടേഴ്സിന്റെ ഒരു കോഡ് ആണ് . ലാറ്റിനോ ഗ്രീക്കോ ആയിരിക്കും . ശാസ്ത്രത്തിന്റെ വഴികളിലൂടെ ഉറച്ചു സഞ്ചരിച്ചത് സായിപ്പാണല്ലോ . അത് കൊണ്ട് ലാറ്റിൻ . നമ്മൾ ആയിരുന്നേൽ ‘തത് സ്ഥിതി ‘ എന്നോ മറ്റോ അടിച്ചേനെ . ഒരു മാറ്റവും ഇല്ല .
സുരേഷ് ആവേശത്തോടെ എന്റെ നേരെ തിരിഞ്ഞു . കാക്കിരി പീക്കിരി പോലെ എന്തോ എഴുതിയ ഒരു നോട്ട് ബുക്ക് കാണിച്ചു .
“ഇതെന്താണ്ടാ ഇത് ? ഈ കൊച്ചിന്റെ ബുക്കാ ?”
“എടാ കോപ്പേ . സർജാ . ഇതാണ്ടാ ഇ ഇ ജി . ഇലക്ട്രോ എൻസെഫാലോ ഗ്രാം . മസ്തിഷ്ക വൈദ്യുത തരംഗ രേഖകൾ . നിങ്ങക്ക് ഈ കത്തി പിടിക്കാൻ മാത്രേ അറിയുവോള്ളോ , ഡേ ?”
ഞങ്ങടെ വർഗക്കാർക്ക് നേരെ ഉള്ള ഈ റേഷ്യൽ സ്ലർ എന്ന വംശീയ അധിക്ഷേപം ഞാൻ മൈന്ഡാക്കിയില്ല .
“കാര്യം പറ മിസ്റ്റർ .”
കാര്യം ഇത്രേ ഉള്ളു . ഇ ഇ ജി മൊത്തം നോർമൽ . കുട്ടി ഇടക്ക് ഉണരുന്നുണ്ട് . ഇടക്ക് ഉറങ്ങുന്നു . നമ്മൾ അറിയുന്നില്ല എന്നെ ഉള്ളു . ശ്വാസം എടുക്കുന്നില്ല . പേശികൾ തളരാനുള്ള മരുന്ന് കൊടുക്കേണ്ടി വരുന്നില്ല . വെന്റിലേറ്ററിൽ ഒരു പ്രശ്നവും ഇല്ലാതെ കിടപ്പാണ് .
‘ജിമ്മി . ഇത് ന്യൂറോ മസ്കുലാർ പാരാലിസിസ് മാത്രമേ ഉള്ളു . നമുക്കൊന്ന് നോക്കണം .”
ഒരു നേഴ്സിന്റെ സഹായത്തോടെ കുട്ടിയെ അടി മുടി ഞങ്ങൾ പരിശോധിച്ചു . കാലിൽ ഒരു സ്ഥലത്തു ഒരു ചെറിയ ചുവന്ന പാടുണ്ടോ ? ഉണ്ടെന്നു തോന്നുന്നു .
പിന്നെയും അച്ഛനെ വിളിച്ച് കുറെ കാര്യങ്ങൾ ഞങ്ങൾ ചോദിച്ചു . ഇല്ല . ഒന്നുമില്ല . ഞങ്ങൾ ചോദിച്ച പോലുള്ള ഒന്നും സംഭവിച്ചിട്ടില്ല .
സുരേഷ് എന്റെ നേരെ തിരിഞ്ഞു . “രണ്ടും കല്പിച്ച് ആന്റി സ്നേയ്ക് സെറം കൊടുക്കാം .”
അങ്ങനെ , ഒരു തെളിവും ഇല്ലാതെ , പാമ്പിൻ വിഷത്തിനുള്ള മറു മരുന്ന് തുടങ്ങി . റിസ്ക് ഉണ്ട് . റിയാക്ഷൻ ഉണ്ടാക്കാവുന്ന മരുന്നാണ് .
മണിക്കൂറുകൾക്കുള്ളിൽ മിനി കണ്ണ് തുറന്നു . ശ്വസം എടുത്തു . വെന്റിലേറ്റർ ഊരി .
കട്ടിലിൽ ഇരുന്നു . കുട്ടി കഞ്ഞി കുടിച്ചു .
സുരേഷ് ആളിച്ചിരി വില്ലൻ ആണ് . അച്ഛനെ കാണാനില്ല . അമ്മയെ വിളിച്ചു മാറ്റി നിർത്തി .
” പ്രശ്നമാണ് . സത്യം പറ . എന്താ സംഭവിച്ചത് ?”
“പാമ്പ് കടിച്ചതാണ് സാർ . കുട്ടിയുടെ ഉറക്കത്തിൽ ആണ് . പാമ്പ് കുടിലിൽ നിന്ന് ഇറങ്ങി പോവുന്നത് കണ്ടു.
പറയണ്ടെന്നു പറഞ്ഞു സാർ . ” കരച്ചിലോട് കരച്ചിൽ .
“ആര് ?”
“കുട്ടിയുടെ അച്ഛൻ . ഞങ്ങൾ പാവങ്ങൾ . “
അതെ . ഒരാൺകുട്ടി ഉണ്ടല്ലോ . ഒരു പെൺകുട്ടി പോയാൽ അത്രേം തൊല്ല ഒഴിഞ്ഞു .
വീട്ടിൽ ചെന്നു . മോൾ ഓടി വന്നു . ഞാൻ വാരി എടുത്തു . അവൾ എന്നെ കെട്ടി പിടിച്ചു . മേശവലിപ്പ് തുറന്നു നോക്കി . മിനി വരച്ച പടം അതാ ഇരിക്കുന്നു . അച്ഛൻ , ‘അമ്മ , മൂന്നു മക്കൾ – എല്ലാരും ചിരിച്ചോണ്ടാണ് നിൽക്കുന്നത് .
“എന്താ പപ്പാ ?” മോൾ എന്റെ മുഖത്തേക്ക് നോക്കുന്നു .
“ഒന്നുമില്ല ” ഞാൻ പറഞ്ഞു . അവൾ ചിരിച്ചു .
(ജിമ്മി മാത്യു )