ആയുർവേദം കൊണ്ട് ട്യൂമർ മാറുന്നു? – പ്രസിദ്ധീകരണങ്ങൾ വരുന്നത് വളരെ നല്ല കാര്യം. ഗവേഷണങ്ങൾ തുടരണം:

അടുത്തായി പലയിടത്തും കണ്ട ഒരു വാർത്തയാണ്_ “പ്രോസ്റ്റേറ്റ് ഗ്ലാൻഡ് കാൻസർ ആയുർവേദം കൊണ്ട് പൂർണമായും മാറി”. ഗവേഷണ പ്രബന്ധത്തിന്റെ തലക്കെട്ട് തന്നെ അതാണ്- “ആയുർവേദ ചികത്സ കൊണ്ട് മാത്രം പൂർണമായും ഇല്ലാതായ പ്രോസ്റ്റേറ്റ് കാൻസർ”

ജേർണൽ ഏതാണ്, ഇൻഡക്സിങ് എന്താണ് എന്നൊന്നും നോക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല. ഇതേ പോലുള്ള കേസ് റിപ്പോർട്ട് ഒക്കെ, പ്രത്യേകിച്ചും ആയുര്വേദയെ കുറിച്ചുള്ളത് പ്രസിദ്ധീകരിച്ചു കിട്ടാൻ പാടാണ്. കഷ്ടപ്പെട്ട് പ്രസിദ്ധീകരിക്കാൻ കാണിച്ച ഡോക്ടർമാരുടെ മനോഭാവം നല്ലതാണ്. ശാസ്ത്രീയമായ തെളിവുകൾ കാണിച്ചു കൊടുത്തു മാത്രമേ ഇന്നത്തെ കാലത്ത് ഏതൊരു ചികിത്സക്കും മുന്നോട്ട് പോകാൻ സാധിക്കു. അഭിനന്ദനങ്ങൾ.

പേപ്പർ പരിശോധിച്ച് ചില വിദഗ്ധരോട് ചോദിച്ച്, ഉള്ള വിവരങ്ങൾ വെച്ച് നോക്കുമ്പോൾ തോന്നിയ കാര്യങ്ങൾ ആണ് ഇനി കുറിക്കാൻ പോകുന്നത്.

ഇത് ഒരൊറ്റ രോഗിയുടെ ചികിത്സ അനുഭവം ആണ്, കേസ് റിപ്പോർട്ട്. ഇവ ഏതൊരു ചികിത്സയുടെയും തെളിവിന്റെ ഏറ്റവും ചെറിയ ഒരു സൂചന മാത്രമേ നൽകുന്നുള്ളൂ.

ആറു മില്ലിമീറ്റർ മാത്രമുള്ള വളരെ ചെറിയ ഒരു ‘മുഴ’, അത് അൾട്രാ സൗണ്ടിൽ കാണുന്നു. ട്രുസ് ബിയോപ്സി ചെയുന്നു. ഇത് മുഴയെ നോക്കി സൂചി വെച്ച് ചെയ്യുന്ന ബയോപ്സി അല്ല. സൂചി വെച്ച് ഗ്ളാണ്ടിൽ നിന്ന് പത്തുപതിനഞ്ച് കോർ എടുക്കുന്നു. അതിൽ ഒന്നിൽ വളരെ ചെറിയ ഒരു സ്ഥലത്ത് നിന്ന് ‘കാൻസർ’ എന്ന റോപ്പോർട്ട് കിട്ടുന്നു. ഗ്ളീസൺ 6 എന്ന ഒരു ടൈപ്പ് ആണ് കാൻസർ. ഈ ആളെ ആയുർവേദ മരുന്ന് കൊണ്ടും ചില അനുബന്ധ രീതികൾ കൊണ്ടും മാത്രം ചികില്സിക്കുന്നു. ഒൻപത് മാസം കഴിഞ്ഞപ്പോൾ, PSA എന്ന രക്ത മാർക്കർ കുറച്ചു കുറഞ്ഞിട്ടുണ്ട്. ഒരിക്കൽ കൂടി ട്രുസ് ബയഓപ്സി ചെയ്തപ്പോൾ അതിൽ ട്യൂമർ കാണാനില്ല.

നമ്മൾ അറിയേണ്ട കാര്യങ്ങൾ:

  • ഗ്ളീസൺ 6 എന്നത് ഒരു വളരെ, വളരെ, നിസാരം എന്ന് പറയാവുന്ന ഒരു തരം കാൻസർ ആണ്. പ്രത്യേകിച്ച് ഒരു ചികിത്സയും മിക്കവാറും കൊടുക്കാറില്ല! (അങ്ങനെയും ഉണ്ട്). കാരണം അത് പത്തു പതിനഞ്ച് കൊല്ലത്തോളം ചിലപ്പോ അങ്ങനെയൊക്കെ നിൽക്കും. ഒരു പ്രശ്നവുമില്ലാതെ.
  • ട്രുസ് ബയോപ്സിക്ക് 20 മുതൽ 40 ശതമാനം വരെ പരാജയ സാദ്ധ്യത ഉണ്ട്. രണ്ടാമത് ചെയ്തപ്പോ അത് കൊണ്ട് തന്നെ കിട്ടാതെ വരാം.
  • മാറി എന്ന് പറയാൻ ആദ്യത്തേതും പിന്നത്തേതുമായ MRI സ്കാൻ ഉണ്ടായിരുന്നെങ്കിൽ മാറി എന്ന് കണ്ടു തന്നെ അറിയാമായിരുന്നു. ഇവിടെ അതില്ല.

-PSA സ്പെസിഫിക് ആയ ഒന്നെയല്ല. അത് പല കാരണങ്ങൾ കൊണ്ടും ഉയർന്നും താന്നുമൊക്കെ ഇരിക്കും.

ഇതിൽ പല സാദ്ധ്യതകൾ ആണുള്ളത്:

  1. ആയുർവേദം കൊണ്ട് ട്യൂമർ മാറി
  2. ആദ്യത്തെ ബയോപ്സി തെറ്റായിരുന്നു (ഫാൾസ് പോസിറ്റീവ്)
  3. രണ്ടാമത്തെ ബയോപ്സി തെറ്റായിരുന്നു.

ഇതിൽ ഏതാണ് സംഭവിച്ചത് എന്നറിയില്ല. എങ്കിലും, നമുക്ക് അറിയാവുന്ന കാര്യങ്ങൾ വെച്ച്, 2, 3- ഇവയ്‌ക്കാണ്‌ സാദ്ധ്യത കൂടുതൽ.

ഇനി കേസ് സീരീസുകൾ വരട്ടെ. കോഹോർട്ട് പഠനങ്ങൾ, കേസ് കൺട്രോൾ സ്റ്റഡികൾ ഒക്കെ പിന്നെ. അവസാനം ട്രയലുകൾ. പിന്നീട് randomised control ട്രയലുകൾ. എന്നിട്ട് ഈ മരുന്നിൽ ഏതാണ് ആക്റ്റീവ് കെമിക്കൽ എന്നും ശാസ്ത്രീയമായി നോക്കട്ടെ. അതും ട്രയലുകൾ ചെയ്യട്ടെ. അങ്ങനെ ചൈനീസ് മെഡിസിനിൽ നിന്ന് Artemisinin ഒക്കെ വന്ന പോലെ, ഇന്ത്യയിൽ നിന്നും മരുന്നുകൾ വരട്ടെ.

ഇപ്പൊ, ഇത് വെറും ഒരു പിച്ചവെയ്പ്പ് മാത്രമേ ആയിട്ടുള്ളു. മാരത്തോൺ മുഴുമിക്കണം. എങ്കിലേ കാര്യമുള്ളൂ. എല്ലാ ഭാവുകങ്ങളും.
(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .