വെള്ളക്കാക്കകൾ ഇല്ലേയില്ല. അങ്ങനെ ഒന്നില്ല എന്ന് എല്ലാവരും ഉറച്ച് പറയുന്നു. ആരും വെള്ളക്കാക്കകളെ പറ്റി മിണ്ടുന്നോ ചിന്തിക്കുന്നോ ഇല്ല. പെട്ടന്ന് അപ്പുക്കുട്ടൻ വന്ന് രാത്രി നിലാവത്ത് വെള്ളക്കാക്കയെ കണ്ടു എന്ന് പറയുന്നു. “ഹഹ- നിലാവത്തൊ. അതെങ്ങനെ കണ്ടു? വെള്ളടിച്ചിട്ട് പൊറത്തെറങ്ങല്ലേ മോനെ” എന്ന് ആളുകൾ ചിരിച്ചു തള്ളുന്നു.
അപ്പൊ അതാ നാണിയമ്മ വരുന്നു.
“എന്റ്റെ മക്കളെ, പട്ടാപ്പകൽ ഇപ്പൊ ഞാൻ കണ്ടു!!”
“എന്ത്?”
“നല്ല ബെളത്ത കാക്കേനെ! കണ്ണ് കൊണ്ട് കണ്ടതാ”
നാണിയമ്മ കുറച്ച് പ്രായമുള്ള സ്ത്രീയാണ്. എങ്കിലും അപ്പുക്കുട്ടൻ പറഞ്ഞത് നാണിയമ്മ കേട്ടിട്ടില്ല. അപ്പൊ? ആ- എന്തരോ എന്തോ?
പിന്നീട് ഒരു പത്തു പതിനഞ്ചു പേർ വെള്ളക്കാക്കയെ കണ്ടു എന്ന് ആണയിട്ട് പറയുന്നു. അല്ല- വേറെ തരം പക്ഷിയല്ലത്രേ. ഇത്രയും ആവുമ്പൊ മൂന്നാളുകൾക്ക് ഇതിൽ താല്പര്യം ഉണ്ടായി:
പോക്കർ ചാടിപ്പറഞ്ഞു- “എല്ലാര്ക്കും പിരാന്താണപ്പോ. അങ്ങനെ ഒരിക്കലും ഉണ്ടാവില്ല.” കുറെ പേർ അത് ശരിവെച്ചു.
ശശി ഒച്ചയിട്ടു- “ഡാ മയലോളേ, ഇത് പ്രേതാണ്, പ്രേതം. നമ്മടെ കഴിഞ്ഞാഴ്ച ചത്ത് പോയ വെള്ള സായിപ്പപ്പാപ്പൻ റോബർട്ട് ൻറെ. അതാണ്- ഒരു തംശ്യം വേണ്ടാ”
ചില്ലുമോൾ പക്ഷേ ഇത് ഒന്നന്വേഷിക്കണമല്ലോ എന്ന വാശിയിലായി. ആദ്യം വെള്ളക്കാക്കയെ കണ്ടവരെ ഒക്കെ തപ്പിപ്പിടിച്ച് ചോദ്യങ്ങൾ ചോദിച്ചു. എവിടെ വെച്ചാണ് കണ്ടത്? ഇതിന് മുൻപ് കണ്ടതിനെപ്പറ്റി അവർ കേട്ടിട്ടുണ്ടായിരുന്നോ? എത്രയും അടുത്ത്? കാക്ക തന്നെയാണോ? മുഴുവൻ വെളുപ്പാണോ കറുത്ത പുള്ളി എവിടെയെങ്കിലുമുണ്ടോ? ഫോട്ടോ എടുത്തില്ലേ? ഫോൺ ഉണ്ടായിട്ട് എന്ത് കൊണ്ട് എടുത്തില്ല? അങ്ങനെയങ്ങനെ.
ഇതിൽ നിങ്ങൾ ആരുടെ പോലെ പെരുമാറും?
ഞാൻ ചില്ലുമോളുടെ കൂടെയാണ്. ചിലപ്പോ അത് അവസാനം ജീവനോടെ ഒരെണ്ണത്തിനെ പിടിക്കുന്നതിൽ അവസാനിച്ചേക്കാം. അത് ഒരു ആൽബിനോ കാക്ക ആണെന്ന് വരാം. ചിലപ്പോ അവിടെ അധികം കാണാത്ത ഒരു തരം കൊക്കാകാം. ഇത് വരെ ആരും കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു പുതിയ സ്പീഷീസ് ആവാനും മതി!!
ചിലപ്പോ ഒരിടത്തും എത്തിയില്ല എന്നും വരാം. അപ്പൊ ‘ഓ- എന്താണോ എന്തോ, അറിയില്ല” എന്ന് വിട്ട് കളയേണ്ടി വരും.
അതായത്, നമ്മുടെ ഇപ്പോഴത്തെ അറിവ് വെച്ച് ‘ഛേ, ഒന്ന് പോയേ- നീ എന്തൊക്കെയാ ഈ പറയുന്നേ” എന്ന് തോന്നുന്ന സാധനങ്ങൾ ചിലപ്പോ ഉണ്ടായേക്കാം. അങ്ങനത്തെ കാര്യങ്ങളാണ് നമ്മൾ കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കേണ്ടത്. മിക്കവാറും ഒന്നും ആയില്ല എന്ന് വരാം. പക്ഷെ ഓർക്കണം:
Extraordinary Claims require extraordinary evidence.
എങ്കിലും പരിശോധിക്കണം. ശാസ്ത്ര ചരിത്രം മുഴുവൻ വെള്ളക്കാക്കകൾ പുതിയ അടിപൊളി കണ്ടുപിടിത്തങ്ങളിലേക്ക് നയിച്ച ചരിത്രങ്ങൾ ആണ്.
പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു വലിയ പ്രഹേളികയായ ബ്ലാക്ക് ബോഡി റേഡിയേഷൻ എങ്ങനെ വിശദീകരിക്കും, ഫോട്ടോ ഇലക്ട്രിക് എഫെക്ട് എന്ത് പണ്ടാരമാണ് എന്നാലോചിച്ചു തല പുകഞ്ഞവരാണ് ക്വാണ്ടം മെക്കാനിക്സ് ഉണ്ടാക്കിയത്.
മിഖേൽസൺ-മോർലി പരീക്ഷണത്തിൽ പ്രകാശ വേഗം എപ്പോഴും ഒരു പോലെയാണ് എന്ന അദ്‌ഭുതാവഹമായ കണ്ടെത്തലാണ് ഐൻസ്റ്റന്റെ സ്‌പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റിയിലേക്കും പിന്നീട് ജെനെറൽ തിയറിയിലേക്കും നയിച്ചത്.
ഒരേ പോലുള്ള ഫോസിലുകൾ സൗത്ത് അമേരിക്കൻ കിഴക്ക് തീരത്തും ആഫ്രിക്കൻ പടിഞ്ഞാറു തീരത്തും കണ്ടിട്ടും മൈൻഡ് ചെയ്യാതിരുന്ന അന്നത്തെ ജിയോളജിസ്റ്റുകൾ, ഭൂഖണ്ഡങ്ങൾ പതിയെ അനങ്ങി മാറുന്നുണ്ടെന്നു എന്ന് ആൽഫ്രഡ് വെജിനെർ പറഞ്ഞപ്പോൾ, ആർത്തട്ടഹസിച്ചു ചിരിച്ചു. പിന്നീട് പ്ലേറ്റ് ടെക്ടോണിക്സ് എന്ന പ്രതിഭാസത്തിലൂടെ അത് സംഭവിക്കുന്നുണ്ട് എന്ന് തെളിഞ്ഞു.
ഇതൊക്കെ വല്യ വല്യ കാര്യങ്ങൾ. ചെറിയ ചെറിയ അനേകായിരം കണ്ടുപിടിത്തങ്ങൾ എല്ലായ്‌പ്പോഴും ഇങ്ങനെ ഉണ്ടാവുന്നു. പക്ഷെ മിക്കപ്പോഴും വെള്ളക്കാക്കകളുടെ പുറകെ പോവുന്നത് സമയനഷ്ടം ആവാം കേട്ടോ. അങ്ങനെ സമയം കളയാതിരിക്കാൻ ആണ് മിക്കവരും നോക്കുക. എന്നാൽ യഥാർത്ഥ സത്യാനേഷികൾ ആയ ശാസ്ത്രജ്ഞർ അവർക്ക് താല്പര്യം തോന്നുന്ന വെള്ളക്കാക്കകളുടെ പുറകെ പോയിരിക്കും. അത് സ്വല്പം വ്യക്തിപരമായ ബുദ്ധിമുട്ടുകൾ തരണം ചെയ്തു തന്നെ.
(ജിമ്മി മാത്യു)