ഒരു പുല്ലും നീ ഒന്നും ശരിയാക്കണ്ട –

ചിലർ എന്നോട് ചോദിക്കാറുണ്ട് – നീ എന്തുട്ടാ ഇങ്ങനെ? നിനക്ക് ഒന്നിലും വിശ്വാസം ഇല്ലേ ?

 

പ്രത്യയശാസ്ത്രങ്ങളിൽ ഒന്നും ? മതങ്ങൾക്ക് മനുഷ്യരാശിയെ രക്ഷിക്കാൻ പറ്റില്ലേ ?

 

പ്ലാനുകൾക്ക് പറ്റില്ലേ ? മാർക്സിസം ഉഗ്രൻ പ്ലാൻ അല്ലെ ?

 

സീ – ജനാധിപത്യം – അതിനും ചില പ്രത്യയ ശാസ്ത്ര പിൻബലം വേണമല്ലോ . ചില ഐഡിയോളജി . ചില മാനവ രാശി രക്ഷാ അതി ബ്രഹത് പദ്ധതികൾ ?

 

ആവോ – ഞാൻ ഒരു പാവം വൈദ്യൻ ആണ് . പൊളി ടെക്നിക് ഒന്നും പഠിച്ചിട്ടില്ല . ച്വാർ ആണ് തിന്നണത് . ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പൊളിറ്റിക്കൽ സയൻസോ ചരിത്രമോ പഠിച്ചിട്ടില്ല . ഇടക്ക് ഇടക്ക് ലണ്ടനിൽ പോകും – അത്ര തന്നെ .

 

പിന്നെ കുറെ ഏറെ വായിച്ചിട്ടുണ്ട് . പലരും വായിക്കും തോറും ഒന്നിലും ഒരു ആശയും ഇല്ലാത്തവർ ആയി മാറുന്നത് ഞാൻ കണ്ടിട്ടുണ്ട് . ചരിത്രം വായിക്കുമ്പോൾ പ്രത്യേകിച്ചും .

 

എന്നാൽ ഞാൻ അങ്ങനെ അല്ല എന്ന് ഘോരഘോരം ഇവിടെ പ്രസ്താവിച്ചു കൊള്ളട്ടെ .

 

അദ്‌ഭുതം എന്ന് പറയട്ടെ, നമ്മൾ മനിഷമ്മാര് എങ്ങനെയോ പുരോഗമിക്കുന്നുണ്ട് ! അത് എന്ത് കൊണ്ട് അദ്‌ഭുതം ആകുന്നു ?

 

ഞാൻ വ്യക്തമാക്കാം . നമ്മൾ ചില ആൾക്കുരങ്ങു ജാതി ജീവികൾ കല്ല് കൊണ്ട് വെട്ടു കത്തികൾ  ഉണ്ടാക്കി, തീയും കാഞ്ഞു നടന്നു തുടങ്ങിയിട്ട് പത്തിരുപത് ലക്ഷം കൊല്ലങ്ങൾ ആയി – ഇന്നത്തെ നമ്മൾ അന്നത്തെ ഈ നമ്മളെ വിളിച്ചിരുന്നത് ഹോമോ ഏറെക്ടസ് എന്നാണു . ഹോമോ സാപിയൻസ് എന്ന നമ്മൾ നമ്മളായിട്ട് രണ്ടു ലക്ഷം വർഷങ്ങൾ ആയി . കൂട്ടങ്ങൾ ആയി ഇര തേടി നടക്കുന്ന ഒരു ജീവി .

 

ഈ ജീവി , അതും ഇതും തെണ്ടിതിന്നു ജീവിച്ചു . അങ്ങോട്ടും ഇങ്ങോട്ടും അടി കൂടി . പലപ്പോഴും കൂട്ടക്കൊലകൾ നടത്തി . രമിച്ചു . കുട്ടികളെ ഉണ്ടാക്കി . എങ്ങനെയോ ജീവിച്ചു .

 

ഒരൊറ്റ അപകടം – ഒരൊറ്റ മുറിവ് – തീർന്നു . വലിയ മുറിവുകൾ പഴുക്കും , അണുക്കൾ ചറപറാ മാർച്ച് ചെയ്തു രക്തത്തിൽ കയറും . ഡിം – അവൻ അല്ലെങ്കിൽ അവൾ ചത്തു .

 

പിന്നെ പകർച്ച വ്യാധികൾ ഉണ്ട് . വയറിളക്കം , പനി , ന്യൂമോണിയ ഒക്കെ ഉണ്ടാക്കുന്ന മഹാ മാരികൾ ! വന്നാൽ പടർന്നു പിടിക്കും . കൂട്ടത്തിൽ ഉള്ള ഒട്ടു മിക്കതും ചാവും . ചിലത് ജീവിക്കും .

 

കൊടുങ്കാറ്റ് വന്നാൽ , അഗ്നിപർവതം പൊട്ടിയാൽ , പ്രളയം വന്നാൽ , ഹിമപാതം എത്തിയാൽ – ഘുദാ ഗവാ . മിക്കതും വെന്തും , മുങ്ങിയും തണുത്തും ഒന്നൊന്നായും കൂട്ടമായും ചത്ത് മണ്ണോട് ചേരും .

 

പിന്നെ പട്ടിണി . മിക്കപ്പോഴും പട്ടിണി തന്നെ .

 

ഇങ്ങനെ ഒക്കെ ആയിരുന്ന മനുഷമ്മാര് , ദിനോസറിനെ പോലെയോ , ഡോഡോ പക്ഷിയെ പോലെയോ , മാമോത്ത് , ടാസ്മാനിയൻ ടൈഗർ , രഞ്ജി പണിക്കർ തെറി പറയൽ സിനിമ , ഗുമസ്തൻ വലിക്കുന്ന പങ്കകൾ , ഓടിന്റെ മോളിലെ ആന്റിനകൾ , ഇത്തരം ജീവികളെ പ്പോലെ , ഈ ഭൂമി ഉണ്ടായ ശേഷം ഉണ്ടായ തൊണ്ണൂറ്റി ഒൻപത് ശതമാനം ജീവികളെയും പോലെ , ജീവിത രീതികളിൽ വലിയ മാറ്റം ഒന്നും വരുത്താൻ സാധിക്കാതെ , ഇനി വരാൻ സാധ്യത ഇല്ലാത്ത രീതിയിൽ കാല യവനികക്കുള്ളിൽ മറയേണ്ടതായിരുന്നു .

 

പക്ഷെ – അതുണ്ടായില്ല!

 

ഞാൻ ആരാണ് എന്ന ചെറു ബോധം ഏതോ ഒരജ്ഞാത ശക്തി മൂലമോ , ആകസ്മികമായോ കിട്ടിയ ഈ ജന്തുക്കൾ , പെറ്റു പെരുകി , പ്രശ്നങ്ങൾ ഉണ്ടാക്കി . പക്ഷെ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഓരോന്നായി തന്നെത്താൻ പരിഹരിച്ചു .

 

ഇന്ന് , ഉണ്ണാൻ തീറ്റയുണ്ട് , ഉടുക്കാൻ തുണി ഉണ്ട് . വേണം എന്ന് വിചാരിച്ചാൽ സമാധാനവും ഉണ്ട് ; ഉണ്ടാക്കാം .

 

എന്നാലും , നമുക്ക് രക്ഷിക്കാൻ പ്ലാൻ വേണ്ടേ ? ഇനിയുമിനിയും രക്ഷിക്കണ്ടേ ? എല്ലാം ശരിയാക്കണ്ടേ ? ഫോർമുല എന്റെ കൈയിൽ ഉണ്ട് എന്ന് പറഞ്ഞു കുറെ ഏറെ ആളുകൾ നടപ്പുണ്ടല്ലോ . അവരെ ഒക്കെ നമുക്ക് സപ്പോർട് ചെയ്യണ്ടേ ?

 

ഇപ്പൊ തന്നെ , നോക്ക് – ഛത്തീസ്‌ ഗറിൽ ഒക്കെ മാവോ വാദികൾ എന്ന് പറയുന്ന കുറെ കൂട്ടർ കൊല്ലും കൊലയും നടത്തുന്നുണ്ട് . ആരായിരുന്നു , ഈ മാവോ ?

അതിനു മുൻപ് ഹിറ്റ്ലറെ പറ്റി പറയാം .

 

വെറും ഈ ഇരുപതാം നൂറ്റാണ്ടു തന്നെ എടുക്കാം . ജർമനിയിലെ ജനങ്ങളെ എല്ലാം ഞാൻ രക്ഷിക്കും എന്നും പറഞ്ഞു പതിനൊന്നു മീശയും ആയി ഒരു മഹാ …….. ൻ , ഉദയം ചെയ്തു . പുള്ളി പറഞ്ഞത് ഇത്രയേ ഉള്ളു :

 

– ജര്മന്കാർ ആര്യന്മാർ – ലോകത്തിലെ ഏറ്റവും മിടുക്കർ .

– ജര്മന്കാരുടെ സംസ്കാരം അടിപൊളി സംസ്കാരം .

– നമ്മുടെ കൂടെ ഉള്ള ജൂതർ തെണ്ടികൾ . ഊള സംസ്കാരം .

– നമ്മൾ ആണ് വലിയവർ എന്നത് ലോകത്തിനു കാണിച്ചു കൊടുക്കണം .

 

അതിന് എന്തൊക്കെ ചെയ്യണം ?

 

-ജൂതന്മാരെ കൊല്ലണം . ആദ്യം അവരെ സർക്കാർ ജോലിന്നു പറഞ്ഞു വിട്ടു . രണ്ടാമത് . ജൂതന്മാരെ ജര്മന്കാര് കല്യാണം കഴിക്കുന്നത് വിലക്കി . മിക്സിങ് കൊള്ളൂല്ല . ഒരു തരാം ജിഹാദ് ആണത് .

 

-അവർ നമ്മളെ ഒറ്റു കൊടുക്കും . അവർക്ക് റേഷൻ നിഷേധിച്ചു . വസ്തുവകകൾ കണ്ടു കെട്ടി . കഴുത്തിൽ ‘ജൂതന്” എന്നെഴുതി കെട്ടിത്തൂക്കി .

 

അപ്പോഴേക്കും യുദ്ധം തുടങ്ങി . നമ്മൾ ഇത്ര വലിയവർ ആണേൽ ബാക്കി എല്ലാരേം നമുക്ക് ഭരിക്കണം . അതിനിടക്ക് , അറുപത് ലക്ഷം ജൂതമാരെ കൂട്ടത്തോടെ , പീഡിപ്പിച്ചു കൊന്നു .

 

യുദ്ധത്തിൽ പിന്നെയും ലക്ഷങ്ങൾ മരിച്ചു . അവസാനം , തോൽക്കും എന്നായപ്പോ സ്വയം വെടി വച്ച് ചത്തു . യുദ്ധം ഒണ്ടായതോണ്ട് , തോറ്റത് കൊണ്ട് , പെട്ടന്ന് ചത്ത് കിട്ടി .

 

ഇനി മാവോ – 1949 ൽ ചൈനയിൽ അധികാരം പിടിച്ചെടുത്തു . ഞാൻ ഇപ്പൊ എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞോണ്ട് നടന്നു . എല്ലാ കൃഷി ഭൂമികളും പിടിച്ചെടുത്തു . എല്ലാ വ്യവസായങ്ങളും സ്റ്റേറ്റിന്റെ ആക്കി .

ശത്രുക്കളെ ഒക്കെ കൂട്ടത്തോടെ കൊന്നൊടുക്കി . ടീച്ചർമാർ , എഴുത്തുകാർ , ശാസ്ത്രജ്ഞർ , മാനേജർമാർ , അങ്ങനെ വിവരം ഉള്ളവരെ ഒക്കെ അങ്ങേര് കൊന്നു . ശത ലക്ഷങ്ങൾ കൊല്ലപ്പെട്ടു . ഇങ്ങേരുടെ ബുദ്ധിശൂന്യനായങ്ങൾ കാരണം , ഭീകര ക്ഷാമം വന്നു . ഹിറ്ലെർ  കൊന്നതിന്റെ അനേകമടങ്ങ് ആളുകൾ ചത്ത് – പട്ടിണി കെടന്നു ചത്തു . ആഹാ എന്ത് നല്ല പ്രത്യയ ശാസ്ത്രം .

 

എന്തായാലും , 1976 ൽ , അങ്ങേര് , നീണ്ട പത്തു മുപ്പത് വർഷത്തെ ഭരണത്തിന്റെ ഒടുവിൽ ഒരു നല്ല കാര്യം ചെയ്തു –  ഇഹലോകവാസം വേണ്ട എന്ന് വച്ചു . ദിവംഗതൻ ആയി .

മർ ഗയ . ഹി ഡൈഡ് . മരിച്ചു .

 

ഇതേ സമയം – സോവിയറ്റു യൂണിയനിൽ സ്റ്റാലിൻ ഇതേ പോലത്തെ അതി മനോഹരവും , സുന്ദര തന്തുലിതവും മധുര മനോജ്ഞവും , ആയ പരിപാടികൾ നടത്തുകയായിരുന്നു . ഇതിലൊക്കെ ഒരു ഇരുപത് ലക്ഷം ആളുകൾ എങ്കിലും ചത്ത് തുലഞ്ഞു എന്ന് കണക്കാക്കപ്പെടുന്നു .

 

പിന്നെയും ഉണ്ടല്ലോ – പോൽ പൊട്ട് . നിക്കോളാസ് കാഷ്യസ്കു , തുടങ്ങി കിം ജോംഗ് ഇലിൽ എത്തി നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പ്ലാൻ ആണെന്ന് പറയപ്പെടുന്ന പ്ലാനുകളുടെ ചരിത്ര ചണ്ടികൾ . ഇതിൽ മനിഷ്യത്വവും ,സോഷ്യലിസവും , ജനാധിപത്യവും , ജനഹിതവും  എത്ര ?

 

പൊടി പോലുമില്ല കണ്ടു പിടിക്കാൻ .

 

പിന്നെ മത പ്ലാനുകൾ ഉണ്ടല്ലോ – മിഡിൽ ഏജസിൽ ക്രിസ്ത്യാനി ദൈവം ഇപ്പൊ എല്ലാം ശരി ആക്കിത്തരും എന്ന് പറഞ്ഞു കുറെ കത്തോലിക്കാ പോപ്പുമാർ ഭീകര തേർവാഴ്ച നടത്തി . കുരിശുയുദ്ധങ്ങളിൽ ആയിരങ്ങൾ ചത്തു . ചത്തവർക്ക് സ്വർഗത്തിലേക്ക് ഫ്രീ പാസ് കൊടുത്തു . ഇൻക്വിസിഷൻ എന്ന് പറഞ്ഞു , സാദാ മനുഷ്യരെ ജീവനോടെ പിച്ചിക്കീറി കൊന്നു . യുവതികളെ രണ്ടായി വലിച്ചു കീറി . ആളുകളെ ജീവനോടെ ദഹിപ്പിച്ചു .

 

ഇതിനെതിരെ വന്ന പ്രൊട്ടസ്റ്റന്റ് പ്ലാനുകാർ , ഇതൊക്കെ  തന്നെ ചെയ്തു . എന്നിട്ട് , പാർട്ടി – സോറി – മത സൂക്തങ്ങൾ ഉറക്കെ ചൊല്ലി . പരസ്പരം രക്തഹാരം അണിയിച്ചു .

 

പിന്നെ അനേക ഇസ്‌ലാം പ്ലാനുകൾ ഉണ്ടായി വന്നു . അബു ബെക്കർ അൽ ബാഗ്ദാദീന്റെ ഐസിസ് മിഡിൽ ഈസ്റ്റിന്റെ ഹൃദയഭാഗത്തെ വലിയ ഒരു പ്രദേശം കോഞ്ഞാട്ട ആക്കി ക്കൊടുത്തു . അങ്ങനെ പറഞ്ഞാൽ തീരില്ല . അദ്ദേഹവും മരിച്ച് , മാനവരാശിക്ക് വലിയ ഒരുപകാരം ചെയ്തിട്ടും സംഭവം നിന്നിട്ടില്ല എന്ന് തോന്നുന്നു . ഇന്നത്തെ പത്രത്തിൽ തന്നെ , നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് ഐസിസിൽ ചേരാൻ പോയ ഒരു യുവാവിനെ അഫ്ഘാൻകാർ തിരിച്ചു പ്ലൈനിൽ കേറ്റി വിട്ടു എന്ന് വാർത്ത ഉണ്ട് .

 

എന്തിനു – നമുക്ക് ഒരു പാഠം ആണ് സിയ ഉൾ ഹഖ് എന്ന പാക്സിതാൻ ഏകാധിപതി . അങ്ങേരുടെ സമയം വരെ പാകിസ്ഥാൻ സാമ്പത്തിക , ജന സൗകര്യ കാര്യങ്ങളിൽ ഒക്കെത്തന്നെ നമ്മോടു കിട പിടിച്ചോണ്ട് ഇരുന്നതാണ് . പെട്ടന്ന് ആളോളെ കൂടെ നിർത്താൻ തീവ്ര ഇസ്ലാമികത കൊണ്ട് വന്നു .ഈ പ്ലാനുകൾക്ക് ജനങ്ങളെ ആകർഷിക്കാൻ വലിയ ശക്തി ഉണ്ട് . അവനവന്റെ അപ്പനമ്മൂമ്മമാർ  കൊണ്ട് നടന്ന പ്ലാൻ ആകുമ്പോൾ പൊതുജനം ഏറ്റ് പിടിക്കാൻ സാധ്യത കൂടും . സ്വന്തം കസേരയ്യും ഉറപ്പിക്കാം . ആഹാ – എന്ത് നല്ല പ്ലാൻ . ഫലമോ , ലോകത്തുള്ള സകല ടെററിസ്റ്റ് ഉടായിപ്പന്മാരും അവിടെ ചേക്കേറി . നിയമ വാഴ്ച അറബിക്കടലിൽ . വ്യാവസായം , കൃഷി , ബിസിനസ് ഒക്കെ നടക്കുന്നത് ഈ നിയമവാഴ്ചയുടെ ഉറപ്പിന്മേൽ ആണ് . അങ്ങനെ പാക്സിതാൻ ഒരു വഴിക്കായി .

 

പ്ലാനുകൾ ഇനിയും കാണും . ഇത് കൊണ്ടൊക്കെ ആണ് മനുഷ്യരാശിയുടെ കഴിവിൽ വിശ്വാസം ഉണ്ടായിട്ടും ഈയുള്ള മഹാ പാപിക്ക് ഒരു കോപ്പിലെ പ്ലാനിലും –

 

ങേഹേ – വിശ്വാസം ഇല്ല .

 

എയ്ൻസ്റ്റീനിന്റെയും സ്പിനോസയുടെയും വേദാന്തിയുടെയും ദൈവമോ ?

 

അതറിയില്ല . അങ്ങനെ എന്തെങ്കിലും കൊണ്ടാണോ മാനവ പുരോഗതി ഉണ്ടാകുന്നത് ?

 

അറിയില്ല . അങ്ങനെ വിചാരിക്കാൻ ഒരു സുഖം .

 

എന്തൊക്കെ ആയാലും , അതും ഈ പതിനഞ്ചാം നൂറ്റാണ്ടിലെ താളിയോലയിൽ ഉള്ള പ്ലാനും , പ്രതിമാ പേര് മാറ്റൽ പ്ലാനുകളും , അഖിലലോക ഏകപാർട്ടി ഏകാധിപത്യ രക്ഷാ പ്ലാനുകളും തമ്മിൽ ഒരു ബന്ധവും ഇല്ല .

 

അപ്പൊ ജനാധിപത്യമോ ?

 

സീ . ആകെ മൊത്തം ടോട്ടൽ ആയി നോക്കുമ്പോ , മനുഷ്യൻ അദ്‌ഭുതകരമായ പുരോഗതി ചിന്താരീതികളിൽ പോലും കൈവരിച്ചു എന്ന് തോന്നൽ ഉണ്ടെങ്കിലും, ദിനം നടക്കുന്ന കാര്യങ്ങളെ പറ്റി എനിക്ക് ഒരു തേങ്ങയും  വിശ്വാസം ഇല്ല. ആ കാര്യത്തിൽ ഡാർക് സീൻ ആണ് . യുക്തിയോടെ മനുഷ്യർ ചിന്തിക്കും എന്ന് പോലും എനിക്ക് വിശ്വാസം ഇല്ല . കാരണം നമ്മുടെ ഗർഭം . സോറി , ബുദ്ധി , അങ്ങനല്ല .

 

ഏതൊക്കെ ആണ് നുണകൾ , ഏതൊക്കെ ആണ് സത്യം , എന്തൊക്കെ ആണ് കഴിഞ്ഞ അഞ്ചു വർഷത്തെ സാമ്പത്തിക ക്ഷേമകാര്യ കണക്കുകൾ , ഇതൊക്കെ പഠിച്ച് പി ച്ച ഡി എടുത്തിട്ടാണോ മനുഷ്യൻ വോട്ട് ചെയ്യുന്നത് ? എന്താണ് നിങ്ങടെ വിചാരം ?

കുന്തമാണ്‌ , കുന്തം .

 

ആത്യന്തികം ആയി പറഞ്ഞാൽ, ഓരോ അഞ്ചു വര്ഷം കഴിയുമ്പോ സർക്കാരിനെയും നേതാക്കന്മാരെയും മാറ്റി , വേറൊരു നേതൃത്വത്തെ പ്രതിഷ്ഠിക്കാൻ ഉള്ള ഒരു സ്വാതന്ത്ര്യം മാത്രമാണ് ജനാധിപത്യം . അത് കൊണ്ട് തന്നെ , അഭിപ്രായ സ്വാതന്ത്ര്യം , മാധ്യമ സ്വാതന്ത്ര്യം , ഇലക്ഷൻ കമ്മീഷൻ , കോടതികൾ ,  ഭരണഘടനാ എന്നീ കുണാണ്ടറി ഒക്കെ തന്നെ, സ്റ്റേറ്റ് , അഥവാ രാജ്യത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനോടൊപ്പം , മാറി മാറി വരുന്ന നേതാക്കന്മാരെയും അവരുടെ ഫോർമുല , പ്ലാനുകൾ ഇങ്ങനത്തെ എടുക്കണ്ടാച്ചരക്കുകളെയും കൂടെക്കൂടെ മാറ്റാൻ ഉള്ള ഒരു വെറും ഉടായിപ്പ് സംഭവം ആണ് ! അല്ലാതെ ഈ ജനാധിപത്യം എന്ന് പറഞ്ഞാൽ വേറൊരു ചുക്കും അല്ല!

 

ഇതൊക്കെ കൊണ്ട് തന്നെ , ആരും ഇപ്പൊ ഒരു പുല്ലും  ശരിയാക്കി തരേണ്ട . കാലാ കാലങ്ങളിൽ ഉള്ള ജനങ്ങളുടെ ആവശ്യങ്ങൾ വ്യവസ്ഥിതിയുടെ ഉള്ളിൽ നിന്ന് കൊണ്ട് പതിയെ ശരിയാവാൻ സമ്മതിച്ചാൽ മതി . എന്തൊക്കെ എങ്ങനെ ഒക്കെ ശരി ആക്കണം എന്ന് നിങ്ങക്കറിയാമേലെങ്കി നിങ്ങ ഞങ്ങളോട് ചോദിക്ക് എന്താണ് ശരിയാക്കണ്ടതെന്ന് . അപ്പൊ ഞങ്ങ പറഞ്ഞു തരാം . അല്ലാതെ എന്തൊക്കെ ശരി ആക്കണം എന്ന് എഴുതി ഞങ്ങക്കടെ തൊള്ളേൽ കുത്തി കേറ്റണ്ട . അല്ല പിന്നെ . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .