സംഭവം ഞാൻ 80സ് കിഡ്സ് ആണല്ലോ. ആദ്യത്തെ ആറേഴു വയസ്സ് ഒന്നിലും കൂട്ടേണ്ട. :-D.
അപ്പൊ ഇങ്ങനെ തൃശൂർ മോഡൽ ബോയ്സ് സ്കൂളിൽ പോണു, പബ്ലിക് ലൈബ്രറി കരണ്ടു തിന്നുന്നു…
ടീച്ചർമാർ എങ്ങനെ ഒക്കെ വിഷയം എടുത്താലും മ്മക്ക് അതൊരു വിഷയമല്ല-അ. അ. ആ- ഉണ്ടല്ലോ. അദമ്യമായ അറിയാനുള്ള ആക്രാന്തം. പുസ്തകങ്ങൾ ഉണ്ട്. ഒരു വിഷയം മാത്രം പക്ഷെ പ്രശ്നമാണ്. കണക്ക് എന്ന ഗണിതം. അത് പഠിക്കുമ്പോഴേ ഒരു പാട്ട് എൻ്റെ തലച്ചോറിന്റെ തളത്തിൽ മുഴങ്ങും:
“എന്താണിത്, ഏതാണിത്
ആരാണിവൻ, മയിലാണിവർ?”
എന്തിനാണിത്? എന്ത് കുന്തമാണിത്? എന്ന് എൻ്റെ കുഞ്ഞുമനസ് തേങ്ങി സുഹൃത്തുക്കളേ.
നന്നായി ക്ളാസ് എടുക്കുന്ന അദ്ധ്യാപകർ ഒക്കെ ഉണ്ടായിരുന്നു കേട്ടോ. ഗണിതത്തെ രസകരമായി സമീപിക്കുന്ന പുസ്തകങ്ങളും അധികമില്ല.
ആദ്യമായി പൈ എന്നത് ഏതൊരു വൃത്തത്തിന്റ്റെ ചുറ്റളവും ഡയമീറ്ററും തമ്മിലുള്ള നീളങ്ങൾ ഹരിച്ചാൽ കിട്ടുന്നതാണെന്നും അതിനാൽ അതൊരു പ്രാപഞ്ചിക കോൺസ്റ്റന്റ് ആണെന്നും മനസിലാക്കിയപ്പോ- ഹോ- എന്റ്റെ സാറേ- രോമങ്ങൾ എഴുന്നേറ്റു നിന്നു. ഐസക് അസിമോവിന്റെ ഒരു ഗണിതശാസ്ത്ര പുസ്തകത്തിൽ നിന്നാണ് എന്നാണ് ഓര്മ. ഇത്രേം നല്ല അദ്ധ്യാപകർ ഉണ്ടായിട്ട്….ആർക്കും അത് പ്രധാനമായി തോന്നിയില്ല!
കുറെ കാര്യങ്ങൾ ഉടനെ തന്നെ വ്യക്തമായി.
ചുറ്റളവ് ഓഫ് വൃത്തം= 2pai ഗുണം r. സിംപിൾ. 2r ആണല്ലോ ഡയമീറ്റർ. ചുറ്റളവ് ബൈ ഡയമീറ്റർ ആണ് പൈ. അപ്പൊ ചുറ്റളവ്= പൈ ഗുണം ഡയമീറ്റർ!!
എട്ടിലോ ഒൻപതിലോ ആണത് മനസിലാക്കിയത്.
പത്തു നാൽപ്പത് വയസായി, ഇന്റർനെറ്റും യൂ ട്യൂബും ഒക്കെ വന്നു കഴിഞ്ഞപ്പോ ആണ് ഒരു വൃത്തത്തിന്റെ ഏരിയ പൈ ഗുണം ആർ സ്ക്വയർ എന്നതിൻറ്റെ അനേകം പ്രൂഫുകളിൽ ഒന്ന് വളരെ രസകരമായി പ്രതിപാദിച്ച് കണ്ടത്. പടം കണ്ടാൽ ഒറ്റ നോട്ടത്തിൽ മനസിലാകും. ഒരു വൃത്തത്തെ മുറിച്ച് അനേകം കഷണങ്ങളാക്കി, അവയുടെ എണ്ണം അനന്തതയോട് അടുക്കുമ്പോ അത് ഒരു ചതുരം ആയി മാറുന്നതും ഏരിയ വളരെ ലളിതമായി പൈ ഗുണം ആർ സ്ക്വയർ ആവുന്നതും കാണാം.
പറഞ്ഞു വന്നത്, എന്ത് അതിഭയങ്കര പഠന അവസരങ്ങൾ ആണ് ഇന്റർനെറ്റ് കൊണ്ട് മാത്രം ഇപ്പൊ ഉള്ളത്!! പണ്ടില്ലാഞ്ഞത്. അദ്ഭുതം തോന്നുന്നു.
ഇതൊക്കെ എത്ര പേർ ഉപയോഗിക്കുന്നുണ്ടോ ആവോ.
(ജിമ്മി മാത്യു)