ഏതൊരു ചികിത്സക്കും പ്ലസീബോ എഫെക്ട് കൊണ്ടും, മറ്റു പല കാര്യങ്ങൾ കൊണ്ടും എഫെക്ട് ഉണ്ടാകാം. മരുന്ന് ആണെന്ന് പറഞ്ഞ് ഒരു മിട്ടായിയോ പച്ചവെള്ള ഇൻജെക്ഷനോ ആയാലും ചെറിയ ഒരു എഫെക്ട് പ്രതീക്ഷിക്കാം!! അത് എന്ത് കൊണ്ട് എന്ന് വേറൊരു ലേഖനത്തിൽ പറയാം.
ഇത് കൊണ്ട് തന്നെ, ചികിത്സകൾക്ക് ശരിക്കും ഫലമുണ്ടോ എന്നും, പുതിയ ചികിത്സകൾ നിലവിൽ ഉള്ള ചികിത്സകളെക്കാൾ ഭേദമാണോ എന്നും മനസിലാക്കാൻ കഴിയുന്നതും കണിശമായ പഠനങ്ങൾ തന്നെ വേണം. പറ്റുന്നതും പ്ലസീബോ കൺട്രോൾഡ്, ബ്ലൈൻഡഡ്, റാൻഡമൈസഡ് കൺട്രോൾഡ് ട്രയൽ ആവുന്നതാണ് നല്ലത്. എപ്പോഴും അത് സാധിക്കണമെന്നില്ല കേട്ടോ.
ഏത് ഉടായിപ്പ് ചികിത്സ (ചുരുക്കം ചിലത് മോഡേൺ മെഡിസിനിൽ ഉള്ളതടക്കം) ആണെങ്കിലും പലപ്പോഴും ആളുകൾ പറയുന്നതാണ്- ‘ആ പഠനത്തിൽ പ്രയോജനം കാണുന്നുണ്ട്, ഈ പഠനത്തിൽ എഫക്ട് കണ്ടല്ലോ’ എന്നൊക്കെ.
നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം, ഏതൊരു ശാസ്ത്രത്തിലും ഏതെങ്കിലും ഒറ്റ പഠനം ഒന്നും തെളിയിക്കുന്നില്ല എന്നതാണ്. യുക്തി, ആകെമൊത്തം ടോട്ടൽ ഇത് വരെ അറിയാവുന്ന വിവരത്തിനോടുള്ള ഒത്തുപോകൽ, ആവർത്തിച്ചാവർത്തിച്ചുള്ള പഠനങ്ങളുടെ പിൻബലം എന്നിവയിലൂടെ ഒക്കെ ആണ് ഏതെങ്കിലും ഒരു കാര്യത്തിലുള്ള സത്യത്തിലേക്ക് ഏകദേശ ഉറപ്പ് ലഭിക്കുന്നത്.
“ഗുണിച്ചും ഹരിച്ചും ഹരിച്ചും ഗുണിച്ചുമൊക്കെ നോക്കിയാലും, ഒന്നൂടി ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതാണല്ലോ?”
അങ്ങനെ കഴിഞ്ഞ ഒത്തിരി നാളത്തെ ഹോമിയോപ്പതിയെ പറ്റി ഉള്ള പഠനങ്ങൾ ആകമാനം ക്രോഡീകരിച്ച് നടത്തിയ പഠനങ്ങൾ നോക്കി, പഠനത്തിന്റെ കണിശതയും മരുന്നിന്റെ കണ്ടെത്തിയ എഫെക്റ്റും തമ്മിലുള്ള ഗ്രാഫ് ആണ് താഴെ കാണുന്നത്. വളരെ രസകരമായ ചില കാര്യങ്ങൾ ഇതിൽ കാണാം. പഠന കൃത്യത കാണിക്കുന്ന ഒരു സ്കോർ ആണ് ജഡാഡ് സ്കോർ. അത് പൂജ്യം ആയ പഠനങ്ങളിൽ ഹോമിയോ ചികിത്സ വളരെ എഫെക്റ്റീവ് ആണ്!! (ഓഡ്ഡ്സ് റേഷ്യോ ഏഴ്).
പഠന കൃത്യത കൂടുന്തോറും എഫെക്ട് വളരെ പെട്ടന്ന് പൂജ്യത്തോടടുക്കുന്നു. സ്കോർ നാല് ആയപ്പോഴേക്കും എഫെക്ട് ഒന്നിലേക്ക് താഴ്ന്നു!!
ഇനി ഒരിച്ചിരി രസമുള്ള പ്രതിഭാസം സംഭവിക്കുന്നു. പഠനകൃത്യത മാക്സിമം സ്കോർ ആയ അഞ്ചിലേക്ക് വരുമ്പോ. ട്രെൻഡ് നോക്കിയാൽ എഫെക്ട് പൂജ്യത്തിലേക്ക് വരേണ്ടതാണ്. പക്ഷെ പെട്ടന്ന്, സ്വല്പം മേലേക്ക് വരുന്നു!! “ഈ ആത്മാവ് ഇവിടെ ഉണ്ടാവേണ്ടതല്ലല്ലോ” എന്ന് സന്ദേശത്തിലെ ജ്യോത്സ്യന്റെ പോലെ നമ്മൾ സംശയിക്കുന്നു. എന്താണ് ഇവിടെ സംഭവിച്ചത്?
അറിയില്ല. വളരെ ബുദ്ധിമാന്മാരായ, പഠനങ്ങൾ ശരിക്കു ചെയ്യാൻ അറിയാവുന്ന ചിലർ ഡാറ്റയിൽ ഇച്ചിരി വെള്ളം ചേർത്ത് നേർപ്പിച്ച് ശരിയാക്കിയതാണെന്ന് ചിലർ പറഞ്ഞേക്കാം.
അത് കൊണ്ട് വലിയ ഗുണം ഉണ്ടായില്ല കേട്ടോ- ആകെ മൊത്തം ടോട്ടൽ നോക്കിയാൽ കാര്യമായ എഫെക്ട് ഇല്ല എന്നാണ് എന്നിട്ടും കാണുന്നത്.
ഗുണപാഠങ്ങൾ- 1. സത്യത്തിലേക്കുള്ള വഴി ഇച്ചിരെ പാടാണ്.
2. നമ്മൾ കള്ളക്കണക്ക് കാണിച്ചാൽ വേറെ പലരും വീണ്ടും ഹരിച്ചും ഗുണിച്ചും നോക്കും. അതാണ് ഈ ഒടുക്കത്തെ ശാസ്ത്രത്തിന്റെ പ്രത്യേകത.
(ജിമ്മി മാത്യു)