കാലം വരുമ്പോൾ മയിലും മുളക്കും

ഏന്താണെന്നറിയില്ല ഭായ് – ഒരു പന്ത്രണ്ടു വയസ്സ് മുതൽ തുടങ്ങിയതാണ് എനിക്ക് ഉള്ളിൽ ഒരു പൂതി .

 

വേറൊന്നുമല്ല – മീശ വക്കണം . താടി വടിക്കണം – മീശ വെക്കണം , താടി വടിക്കണം . അതിനു താടി വന്നിട്ട് വേണ്ടേ വടിക്കാൻ – ഓഫ് കോഴ്സ് , സില്ലി ഗൈസ് – അത് വരണം . അതാണ് ആഗ്രഹം . മീശയും വരണം, താടിയും വരണം. ക്‌ളാസിൽ ചുരുക്കം ചില അലവലാതികൾക്ക് ഇതൊക്കെ ആയിത്തുടങ്ങി . പിന്നെ പലർക്കും എന്നെക്കാൾ തണ്ടും തടിയുമുണ്ട്. താടി ഒരിച്ചിരി വന്നാലെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു .

 

വെളിച്ചെണ്ണ പുരട്ടി നോക്കി – നല്ലെണ്ണ തേച്ചു നോക്കി . പിന്നെ സനോള വീട്ടിൽ വാങ്ങി തുടങ്ങിയപ്പോൾ അതും എടുത്തു ളാമ്പി . പിന്നെ ഉള്ളത് മണ്ണെണ്ണ ആണ് . അത് പരീക്ഷിച്ചില്ല . എന്താണോ എന്തോ . ഒരു എയ്മ് തോന്നിയില്ല .

 

പതിമൂന്നു കഴിഞ്ഞു പതിനാലെത്തി . പതിനഞ്ചു പതിനാറു – സ് സ് ൽ സി എഴുതാൻ പോകുന്നു . പണ്ടാരം സാമാനം വളരുന്നില്ല – ഐ മീൻ മീശ രോമം .

 

“ഈ ക്ടാവ്  എത്രായി ന്നാ പറഞ്ഞേ – പന്ത്രണ്ടാ ?” ഏതോ ഒരു ആഗതൻ.

 

ഞാൻ പല്ലു കടിച്ചു മനസ്സിൽ നമ്മുടെ ബ്രഹ്മചാരി പക്ഷിയുടെ സമാനമായ ഒരു പേര് പറഞ്ഞു .

 

അപ്പോഴാണ് അമ്മയുടെ നീലിഭ്രിങ്ങാദി എണ്ണ  അലമാരയിൽ  ഒളിച്ചു വച്ചിരിക്കുന്നത് ഞാൻ മനസ്സിലാക്കിയത് . അപ്പോഴേക്കും  പ്രീഡിഗ്രിക്ക് സെന്തോമാസ്സിൽ കയറിയിരുന്നു .

 

പഠിപ്പ് , വായി നോട്ടം , നീലി ഭ്രിങ്ങാദി എണ്ണ തേക്കൽ . പിന്നെ എണ്ണ  തേക്കൽ , വായി നോട്ടം , നീലി ഭൃങ്ങാദി എണ്ണ തേക്കൽ . പ്പീ സീ തോമാസ് മാഷിന്റെ ആണ് പഠിപ്പീര് .

 

പെട്ടന്ന് വെറും പുഴുവായിരുന്ന ഞാൻ കുറച്ചു പൊക്കം വച്ച് സാധാരണ ഒരാണിന്റത്ര ജസ്റ്റ് ആയി . മീശ മുളച്ചു . താടീടവിടെയും നല്ല കറുപ്പ് . അപ്പന്റെ ബ്ലേഡ് എടുത്തു ചക ചകാ വരഞ്ഞു ചോര വരുത്തി . പൊടി മീശ പിരിക്കാൻ ശ്രമം നടത്തി .

 

സെന്റ് മേരീസിലേയും മറ്റും ചില പെൺകുട്ടികൾ കടാക്ഷങ്ങൾ എറിഞ്ഞു .

 

എല്ലാം വളരെ പെട്ടന്നായിരുന്നു .

 

പക്ഷെ എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു സംശയവുമില്ല – എല്ലാം നീലി ഭൃങ്ങാണ്ടി – അതിന്റെ എഫക്ട് ആണ് . നീലിയെ നമഹ . ആയുർവേദമേ സ്വസ്തി . എണ്ണയെ ജയ് ഹോ .

 

ഹാൻ ജീ .

 

അതായത് സുഹൃദ് വലയമേ – സ്ത്രീകളെ , പുരുഷന്മാരെ , കുഞ്ഞു ക്ടാങ്ങളെ _

 

നമ്മൾ 1947 ൽ വലിയ ഒരു രാഷ്ട്രമാവുമ്പോൾ , ബ്രിടീഷുകാരെ ഗാന്ധീ൦ നെഹ്രൂ൦ ഒക്കെ കൂടി ഓടിച്ചിട്ട് പോകുമ്പം , അവന്മാർ പ്രാകി – നമ്മൾ ഒരു കാലത്തും നേരെ ആവില്ലെന്ന് . രാഷ്ട്രമാണത്രെ രാഷ്ട്രം . നമുക്ക് ഭരിക്കാൻ അറിയ്യാമോ ?

 

താടിയുണ്ടോ , മീശയുണ്ടോ ? വർഗീയ ലഹള , പട്ടിണി , രോഗങ്ങൾ .

 

പക്ഷെ നമ്മൾ ജനാധിപത്യ രാഷ്ട്രമായി നില കൊണ്ടു . തമ്മിൽ തല്ലി . പക്ഷെ അടിച്ചു പിരിഞ്ഞില്ല . പാകിസ്ഥാനെ പല യുദ്ധങ്ങളിൽ അടിച്ചു മലത്തി . അടിയന്തരാവസ്ഥ വന്നു . പക്ഷെ വന്ന പോലെ പോയി .

 

സ്വാതന്ത്ര്യം കിട്ടുമ്പോൾ 30 കോടി ജനങ്ങൾ . ഇന്ന് 130 കോടി . ഉണ്ണാനും ഉടുക്കാനും ജസ്റ്റ് ഉണ്ട് . പച്ച വിപ്ലവം വന്നു . തവള വിപ്ലവം വന്നു . 1947 ൽ ശരാശരി ആയുസ്സ് മുപ്പത് . ഇന്ന് – അറുപത്തഞ്ച് .

 

ലോകം മൊത്തം സോഷ്യലിസ്റ്റ് ചിന്താ ഗതികളിൽ വിഹരിച്ചിരുന്ന കാലത്താണ് ഇതൊക്കെ നടന്നത് . പിന്നെ അത് മാറി . ചൈന കമ്മ്യൂണിസം തോട്ടിലെറിഞ്ഞു .

 

നരസിംഹറാവു , മൻമോഹൻ സിങ് , മൊണ്ടേക് സിങ് ആലു വാലിയ ഇവരൊക്കെ ചേർന്ന് പതുക്കെ അത് മാറ്റി . ഇന്ത്യ പിന്നെയും വളർന്നു തുടങ്ങി . ബാജ്പെയീ സർക്കാർ വന്നു . ഇന്ത്യ ഷൈനിങ് ആയി . പഴേ ഷൈൻ ഒക്കെ തന്നെ . പിന്നെയും മൻമോഹൻ വന്നു . ഷൈൻ തുടർന്നു .

 

ആധാർ , GST , തുടങ്ങി പല കാര്യങ്ങളും തുടങ്ങി വച്ചു .

 

പണം കുമിഞ്ഞു കൂടിയപ്പം കുറേപ്പേർ കൊറേ കട്ടു .

 

ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല . മോഡി വന്നു .

 

മോഡി ഇതേ നയങ്ങൾ തുടർന്നു .

 

ഡെമോഗ്രാഫി, ജനാധിപത്യം , ജന ബഹുസ്വരതയുടെ മിടുക്ക് , സ്വതേയുള്ള അധ്വാന ശീലം , വലിയ തോതിലുള്ള ആഭ്യന്തര കലഹം എന്നിവയുടെ ഒക്കെ അഭാവം , ചൈനയോടും പാകിസ്ഥാനോടും വീണ്ടും വീണ്ടും യുദ്ധം ചെയ്യാതിരിക്കാനുള്ള വിവേകം , അടിച്ചമർത്താത്ത ആളുകളുടെ സംരഭ സംസ്കാരം എന്നിവ മൂലം – പതിറ്റാണ്ടുകളുടെ ഫലമായി –

 

മീശ വന്നു , താടി വന്നു – ഒരു ചെറു ചുള്ളൻ ആവാനുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങി .

 

ഇതൊക്കെ മോദിജിയുടെ നല്ല എണ്ണയുടെ മാത്രം ക്രെഡിറ്റ് ഒന്നും അല്ല . ആണെന്ന് വേണേൽ വാദിക്കാം .

 

പിന്നെ – എന്ത് ചെയ്താലും പ്രശ്നം ഒന്നും ഉണ്ടാവില്ല – എന്തും ചെയ്യാം – അങ്ങനെ ഇല്ല . അടിച്ചമർത്തൽ ഒക്കെ ദോഷം ചെയ്യും . ജിഡിപി ഒക്കെ നോക്കി കൊണ്ടിരിക്കണം .

 

അതായത് . മറ്റേ എ ണ്ണ തേച്ചു . മീശ വന്നു . തോമാസ് മാഷ് പഠിപ്പിച്ചു, എൻട്രൻസ് കിട്ടി . മെഡിക്കൽ കോളജിൽ കേറി .

 

താടിയുണ്ട് , മീശ ഉണ്ട് .

 

റാഗിംഗിന്റെ ഭാഗമായി അതൊക്കെ അവന്മാർ വടിപ്പിച്ചു .

 

അപ്പൊ പെട്ടന്ന് വേറൊരു കൊഴപ്പം . മുടി കൊഴിയുന്നു ! കഷണ്ടി ആകുമോ ദൈവമേ ? ആദ്യമായി കുറെ പെണ്ണുങ്ങൾ ചുറ്റിനും ഉണ്ട് . ചുറ്റിയത് തന്നെ .

 

അങ്ങനെ ജീവിതം മുന്നോട്ടു പോകുന്നു , ചരിത്രവും . വേറെ വിശേഷം ഒന്നും ഇല്ലല്ലോ . എല്ലാവര്ക്കും സുഖം എന്ന് വിശ്വസിക്കുന്നു . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .