ഞാൻ തൃശൂര്കാരൻ ആണെങ്കിലും ഉത്ഭവം പാലാ അച്ചായൻ ഹാർട് ലാൻഡിൽ നിന്ന് തന്നെ . അപ്പന്റെ അപ്പൻ കപ്പയും കൊടിയും കുരുമുളകും നെല്ലും കൃഷി ചെയ്തു . അപ്പൻ കണ്ണ് ഡാക്ടറും ആയി .
അതായത് – എന്തുട്ടിഷ്ട നീ ഒരു ജാതി ? ക്ടാവേ….. എന്ന് വച്ച് താങ്ങുമ്പോഴും ഉള്ളിന്റെ ഉള്ളിൽ തൃശൂർക്കാരൻ നസ്രാണി ബിസിനസ്സുകാരൻ പുച്ചിക്കുന്ന കൃഷിയുടെയും കൊള്ളി തീറ്റ യുടെയും ജീനുകൾ എന്റെ ഉള്ളിൽ വേവിച്ച ചെണ്ടൻ കപ്പ വാഴയിലയിൽ എന്നത് പോലെ ഉറങ്ങി കിടന്നു .
അതറിയാവുന്ന കൊണ്ടായിരിക്കണം എന്റെ ബാല്യ കാല സുഹൃത്തും ഇപ്പോൾ അപ്പന്റെ പച്ചക്കറി തരക് വില്പന ഏറ്റെടുത്തു നടത്തുന്ന കുഞ്ഞി പ്പാലു തന്റെ പ്രണയ പൂരണത്തിനായി എന്റെ സഹായം തേടിയത് .
അതായത് , അവന്റെ കൂടെ പഠിച്ച ജാന്സിയെ അവനു കെട്ടണം . അവളുടെ അപ്പൻ പാലാക്കാരൻ കൃഷിക്കാരൻ കൊള്ളി തീനി . പാലുവിനു ജാൻസി ജാൻ സെ പ്യാര. എന്നാൽ ജാന്സിക്ക് പാലുവിനെ :
“ഓ ..വേണേൽ കേട്ടാന്നെ …അല്ലാതെ ഞാൻ എന്നാ പറയാനാ ….”
“പിന്നെ അപ്പനോട് ചോദിച്ചോ ”
ദിതാണ് ലൈൻ .
അങ്ങനെ അപ്പനെ കണ്ടു സോപ്പിട്ട് , സുഖിപ്പിച്ചു , ജാൻസിയെ ജീവിത സഖി ആക്കി ജന്മ സാഫല്യം നേടാനാണ് ജിമ്മി എന്ന എന്നെയും കൂട്ടി ആ ജന്മ പാഷാണം ആയ പാലു പാലായ്ക്ക് ചെന്നത് .
ബസ്സിറങ്ങി കുറെ നടക്കണം . പറമ്പുകളിലൂടെ അങ്ങനെ അങ്ങനെ ….അവസാനം ചെന്നെത്തി .
കുറ്റം പറയരുതല്ലോ , തന്തപ്പടി ഞങ്ങളെ സ്വീകരിച്ചു കാര്യമായി . “നമസ്കാരം”
“ണ്ട് ….നമസ്കാരൻഡ് . എന്തുട്ട് നാടാഷ്ടാ , ഗഡീ …അല്ല സോറി അങ്കിളേ ….ഒരു ഓട്ടോ കൂടി കിട്ടാൻല്ല്യ . ഓരോ ഓണം കേറാ മൂലോളെ ….” കുഞ്ഞി പാലു പലക പല്ലുകൾ കാട്ടി വെളുക്കെ ചിരിച്ചു .
ഞാൻ ചിരിച്ചു അഡ്ജസ്റ് ചെയ്തു . തന്ത പച്ച ചിരി ചിരിച്ചു .
കേറിയിരുന്നു . സുന്ദരി ആണ് ജാൻസി . പാലാക്കാരി അച്ചായത്തി ‘അമ്മ , പത്തര മാറ്റു അച്ചായത്തി മോള് .
കുറച്ചു വർത്തമാനം കുഴപ്പം ഇല്ലാതെ പോയി . അപ്പൻ കൃഷിയെ പറ്റി അപ്പൻ എന്തോ പറഞ്ഞു .
“എന്തുട്ട് കൃഷി ? മ്മള് ശൂർക്കാർക്ക് ഈ കൃഷീന്ന് കേട്ടാലേ കലീണ് . കച്ചോടല്ലേ ഫാഷൻ ?”
വീട്ടുകാരുടെ മുഖം ഒക്കെ മാറി തുടങ്ങി .
തീറ്റ വന്നു . കപ്പ വറുത്തത്. കപ്പ വേവിച്ചത് . കപ്പ ചെണ്ടൻ പുഴുങ്ങിയത് . കപ്പ തേങ്ങാ ഇട്ടു ഒരുക്കിയത് .
കുഞ്ഞി പാലൂന്റെ കണ്ട്രോൾ പോയി .
“എന്തുട്ട് !! കൊള്ളീന്റെ തൃശൂർ പൂരണ് ? കൊള്ളീന്റെ പെരുന്നാളണ് . ഹ ഹ ഹ . ജാൻസിനെ കെട്ട്യാ ണ്ടല്ല . ഈ ഒണക്ക കൊള്ളി എന്റെ വീട്ടില കേറ്റാൻ സമ്മയ്ക്കില്ല .”
തന്തപ്പടി പറഞ്ഞു :
“മോനെ , ജാന്സിയെ നിനക്ക് കെട്ടിച്ചു തരാൻ ഉദ്ദേശിക്കുന്നില്ല . ” എന്നിട്ട് എന്നോട് തിരിഞ്ഞു :
“മോൻ എവിടുന്നാ എം ബി ബി സ് കഴിഞ്ഞേന്ന പറഞ്ഞെ ? കല്യാണം ഒന്നും ആയില്ല അല്ലെ ?”
സത്യമായിട്ടും ഞാൻ വളരെ പ്രലോഭിതൻ ആയി .
കുഞ്ഞിപ്പാലു എന്നെയും വലിച്ചു അവിടുന്നെറങ്ങി ഓടി . ഞങ്ങൾ ഒരു വളവു തിരിഞ്ഞു ഒരു പാടം കടന്ന് നോക്കുമ്പോൾ അതാ ജാൻസി മുന്നിൽ നിൽക്കുന്നു .
“മ്മക്ക് ഒളിചു് ഒരു പോക്കാ പോവാം ജാൻസ്യേ .”
ജാൻസി അവനെ ഒരു നോട്ടം നോക്കി . എന്നിട്ടു പറഞ്ഞു :
“ഡാ .. നീ ആ കണ്ടം കണ്ടാ ?”
“കണ്ടു ”
“ഓട് മ …….കണ്ടം വഴി ….”
കുഞ്ഞി പാലു സ്തബ്ധൻ ആയി നിൽക്കുമ്പോൾ ജാൻസി ഒരു മാദക ചിരിയോടെ എന്റെ നേരെ തിരിഞ്ഞു :
“ജിമ്മിയോടു ഒരു ദിവസം താമസിച്ചിട്ടു പോയാ പോരെന്നു ചോദിക്കാൻ അപ്പൻ പറഞ്ഞു . എന്നാ പറയണം ?”
(നമ്മുടെ സപ്പോർട് മേടിച്ചു നമ്മുടെ വോട്ടിനു വേണ്ടി നമ്മുടെ നാട്ടിൽ വന്നു നമ്മുടെ നാടിനെ കുറ്റം പറഞൊണ്ടു കണ്ണൂർ ഭാഗത്തു കാൽ നട യാത്ര നടത്തുന്നവരുമായി ഈ കഥക്ക് യാതൊരു ബന്ധവും ഇല്ല , സത്യായിട്ടും ഗഡീ – ജിമ്മി മാത്യു )