ദേ നോക്ക് സുഹൃത്തുക്കളേ. ഏറ്റവും പുതിയ 2021 NFHS ഡാറ്റ അനുസരിച്ച് കേരളത്തിലെ കുട്ടികൾ ഉണ്ടാകാൻ സാദ്ധ്യത ഉള്ള ഒരു സ്ത്രീക്ക് 1.8 കുട്ടികളേ ഉണ്ടാകുന്നുള്ളൂ. 2.1 എങ്കിലും ഇല്ലേൽ ആളെണ്ണം ഇനി കുറയും എന്നർത്ഥം. (പോപ്പുലേഷൻ മൊമെന്റം കാരണം കുറയാൻ ഇനിയും വർഷങ്ങൾ എടുക്കും).
പണ്ടത്തേക്കാൾ വളരെ കുറഞ്ഞ്, ഇന്ത്യ മൊത്തം നോക്കിയാൽ 2 ആയി. ആളെണ്ണം സ്ഥിരമായി തുടങ്ങി. മേപ്പടി മൊമെന്റം കാരണം 2040 ഒക്കെ ആകുമ്പോഴേ ശരിക്കും കുറയുള്ളു. അത് വരെ കൂടുക തന്നെ ചെയ്യും.
മുൻപൊരിക്കൽ പറഞ്ഞ പോലെ തന്നെ, എല്ലാ സമുദായങ്ങളിലും ഫെർട്ടിലിറ്റി റേറ്റ് അടിച്ചു പൊളിച്ചു കുറഞ്ഞോണ്ടിരിക്കയാണ്!! ഹിന്ദുക്കളുടെ ഇരട്ടി സ്പീഡിൽ ആണ് മുസ്‌ലിം സമുദായത്തിന്റെ കുറയുന്നത്. കേരളത്തിലും അങ്ങനെ തന്നെ. ഇനി രണ്ടു മൂന്ന് കൊല്ലം കൊണ്ട്, എല്ലാ സമുദായങ്ങളുടെയും റേറ്റ് ഏകദേശം ഒന്നാകും. ഇപ്പൊ വെറും പതിനഞ്ചു ശതമാനം മാത്രമുള്ള പ്രധാന ന്യൂനപക്ഷ സമുദായം രണ്ടോ മൂന്നോ ശതമാനം കൂടിയേക്കാം. പിന്നെ കൂടുകയില്ല.
അതായത്, സാമൂഹികമായി മുന്നോക്കാവസ്ഥ ഉണ്ടാകുമ്പോ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ഇത്. ആളുകൾക്ക് കുറെ പിള്ളേർ വേണ്ടാ! അത്ര തന്നെ.
വെറുതെ സഞ്ജയ് ഗാന്ധി ഒക്കെ ആളോളെ ഓടിച്ചിട്ട് പിടിച്ച് ശുക്ല കുഴൽ കട്ട് ചെയ്ത് ബക്കറ്റും തന്നു വിട്ടതൊക്കെ വെറുതേ! ഇതൊന്നും ഇല്ലാതെ തന്നെ ബംഗ്ലാദേശിലും, ഇറാനിലും, പാകിസ്താനിലും, സൗദിയിലും ഇതൊക്കെ തന്നെ സ്ഥിതി!
ആണ്ടവാ- നീ കാപ്പാത്തു.
ചെറിയ ഒരു പ്രശ്നമുണ്ട്. കേരളം പണ്ടേ സാമൂഹികമായി അതിദൂരം മുന്നിൽ ആയോണ്ട് നമ്മൾ ഒത്തിരി താഴെ ആണ് ഫെർട്ടിലിറ്റി റേറ്റ് ന്റെ കാര്യത്തിൽ. മാത്രല്ല നമ്മുടെ സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാൽ രസകരമായ ഒരു കാര്യം കാണാം. പട്ടണ പ്രദേശത്തും ഗ്രാമത്തിലും റേറ്റ് തുല്യമാണ്! നമ്മുടെ പ്രിയപ്പെട്ട യു പി ഒക്കെ നോക്കു- പട്ടണത്തേക്കാൾ ഒത്തിരി കൂടുതൽ ആണ് ഗ്രാമങ്ങളിൽ. അവിടെ ഗ്രാമങ്ങളിൽ ആളുകളും കൂടുതലാണ്.
അപ്പൊ നമ്മുടെ കേരളത്തിൽ ആളെണ്ണം കുറയുന്നു, ചെറുപ്പക്കാരും കുറയുന്നു. മാത്രവുമല്ല, ഉള്ളവർ പുറത്തേക്കും പോകുന്നു! പേറു നിരക്ക് കുറയുന്നത് മനസിലാക്കാം. ആളോള് പോകുന്നത് എന്തിന്?
അത് വളരെ സിംപിൾ ആണ്. കൂടുതൽ അവസരങ്ങൾ തേടി മനുഷ്യർ പോക്ക് തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. നമ്മുടെ ഇവിടെ ആളുകൾ കൂടുതൽ വിദ്യാഭ്യാസം നേടുന്നു. ഇച്ചിരി പൈസയും ഒക്കെ ഉണ്ടാകുന്നു. വേറെ സാമ്പത്തികമായി മെച്ചപ്പെട്ട നാടുകളിലേക്ക് പോയി നോക്കാം എന്ന് ചിന്തിക്കാനുള്ള സ്ഥിതി എങ്കിലും ആകുന്നു. അപ്പൊ പോകുന്നു. പോകട്ടെ ഷ്ടോ. പോയി രക്ഷപ്പെടട്ടെ. അതിന് മാക്സിമം സൗകര്യങ്ങൾ ചെയ്തു കൊടുക്കു- അല്ല പിന്നെ. പോകുന്നത് തടയാൻ ആർക്കും ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാൻ പറ്റില്ല, അത്ര തന്നെ. വെറുതെ കുറെ ഡയകോൽ അടിക്കാമെന്നല്ലാതെ.
ഒരു കാര്യം ചെയ്യാം. ഇനി ഇവിടെ കൃഷി ഒന്നും അധികം നടക്കാൻ ഒന്നും പോകുന്നില്ല. അതൊക്കെ വെറുതെ ആണ്. വലിയ മാനുഫാക്ച്ചറിങ് വ്യവസായങ്ങളും വരൻ പോകുന്നില്ല. അതെന്താ? അത് അങ്ങനെയാണ്. കുറെ കാരണങ്ങൾ ഉണ്ട്. സാദ്ധ്യത കുറവാണ് മേല്പറഞ്ഞ രണ്ടിനും. സംശയമില്ല.
സർവീസസ് കൂട്ടാൻ അങ്ങേയറ്റം ശ്രമിക്കാം. മലയോരത്തൊക്കെ ഇനി ഒരു സംഭവമേ നടക്കു- ടൂറിസം. നല്ലോണം പ്രോത്സാഹിപ്പിക്കുക. റെഗുലേഷൻ ഒക്കെ യുക്തിസഹമാക്കുക. ഭക്ഷണ മേഖല, ഇൻഫോർമേഷൻ ടെക്‌നോളജി, ഫൈൻ ഇലക്ട്രോണിക്സ്, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ ഒക്കെ നന്നായി തള്ളി നോക്കാം. കണക്ടിവിറ്റി, നല്ല ഉഷാർ നഗരവൽകരണം- ഇതാണ് അടിസ്ഥാനം ഇനി. തൊണ്ണൂറു ശതമാനം ആളുകളും ജീവിക്കുന്ന ഒറ്റ നഗരമായി കേരളം മാറാൻ ഇനി അധികം സമയമില്ല. കാട് കൂടും. ഗ്രാമങ്ങൾ കുറെ ഒക്കെ കാടാവും. എന്നെ ചീത്ത പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സംഭവം ഒക്കെ സുനാമി വരുന്ന പോലെ വരും. ഒക്കെ വളരെ പെട്ടന്നായിരിക്കും.
അപ്പൊ ആളോള് മൊത്തം തീർന്ന് ഇവിടം ശൂന്യം ആകോ?
ഉണ്ട. ലോകത്തിലെ ഏറ്റവും ആളെണ്ണവും ആൾ സാന്ദ്രതയും ഉള്ള രാജ്യമാണ് ഇന്ത്യ. പിന്നെ സഹോ- ഒരു കാര്യം പറയാൻ മറന്നു- കേരളം ഒരു രാജ്യമല്ല! ഇങ്ങോട്ട് വരാൻ പാസ്സ്പോര്ട്ടും വിസയും ഒന്നും വേണ്ട. ചുമ്മാ ട്രെയിനിൽ കേറിയാൽ മതി. അപ്പൊ യു പി, ബീഹാർ, ബംഗാൾ. ആസാം. രാജസ്ഥാൻ എന്ന് വേണ്ട- ചെറുപ്പക്കാർ ഇങ്ങോട്ട് വന്ന് ഇവിടം നിറയും. ഇപ്പൊ ഉള്ള ബോംബെ, ഡൽഹി ഒക്കെ നോക്കിയാ മതി. അത് പോലാകും.
വേഗം വരുന്നവരെ മലയാളോം പഠിപ്പിച്ച്, കൈലിയും ഉടുപ്പിച്ച്, ഓണാഘാഷവും കാണിച്ചു കൊടുത്ത്, മൈ….ലേ …..ന്ന് നീട്ടി വിളിക്കാനും പഠിപ്പിക്ക്. വേറെ നിവർത്തി ഒന്നും ഇല്ല.
(ജിമ്മി മാത്യു)