കൊടും കുറ്റവാളികൾ- ഉണ്ടാവുന്നതോ ഉള്ളതോ?

“ഞാൻ ഇങ്ങനെ ആയില്ലെങ്കിലേ അദ്‌ഭുതമുള്ളു സാറേ”. സർക്കാരിൽ ജോലി ചെയ്യുമ്പോ ജെയിലിൽ നിന്ന് പരിശോധനക്ക് കൊണ്ട് വന്ന, സ്ഥിരം ഗുരുതര കുറ്റങ്ങൾ ചെയ്യുന്ന ജെയിംസ് (പേരൊക്കെ ഗുണ്ടാണ് എന്ന് ഓർത്തോ) പറഞ്ഞതാണ് ഇത്. വളരെ ചെറുപ്രായത്തിൽ അച്ഛൻ മരിച്ചു. രണ്ടാനച്ഛൻ ഉപദ്രവിച്ച് മൃതപ്രായനാക്കി. പിന്നീട് ഒരു അനാഥാലയത്തിൽ വളർന്നു. അവിടെ നിന്നും പോയി എത്തിപ്പെട്ടത് ഒരു കൊട്ടേഷൻ ഗാങ്ങിൽ ആണ്.

എന്റെ ചെറുപ്പത്തിലേ ഉള്ള ഒരു സഹപാഠിയായിരുന്നു രാമു. നല്ല ഒരു കുടുംബത്തിൽ നല്ല സ്നേഹം കിട്ടി വളർന്നവൻ. കൗമാരമായപ്പോഴേക്കും സ്ഥിരം പ്രശ്നക്കാരനായി. സ്‌കൂളിന് പുറത്തെ ഒരു സ്ഥിരം കുറ്റവാളികളുടെ കൂടെ ആയി നടപ്പ്. പിന്നീട് മുതിർന്നതിന് ശേഷം ഒരു പോലീസുകാരനെ ആക്രമിച്ചതിന് ജെയിലിൽ ആയി.

“എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തുന്നു. നന്നായി പറ്റുന്ന പോലെ വളർത്തി. സ്നേഹം മാത്രം കൊടുത്തു. ഓരോ പ്രശ്നങ്ങൾ ഒണ്ടാക്കുമ്പോഴും പരിഹരിക്കാനാണ് ശ്രമിച്ചത്. ശിക്ഷണം മാത്രം ചെറുതായി ഒക്കെ കൊടുത്തിട്ടുണ്ട്. സ്‌നേഹമാണ് എപ്പോഴും കൊടുത്തത്. എപ്പോഴും ഞാൻ ഓർക്കാറുണ്ട്- ഞങ്ങൾ എന്ത് തെറ്റാണ് ചെയ്‌തതെന്ന്‌.”

നമ്മൾ എങ്ങനെ ഇങ്ങനെ ആയി? പ്രകൃത്യാ നമ്മുടെ സ്വഭാവങ്ങൾ ഇങ്ങനെയൊക്കെ ആണോ? അതോ അനുഭവങ്ങൾ ആണോ, ഇങ്ങനെ ആക്കുന്നത്? വളരെ വിവാദം ഉണ്ടാക്കുന്ന ഒരു ചോദ്യമാണ്. പക്ഷെ ശരിക്കും ഉണ്ടാവേണ്ട കാര്യമൊന്നുമില്ല. ഉത്തരം ഇപ്പൊ നമുക്കറിയാം. രണ്ടും ഒരു പോലെ പ്രധാനമാണ്.

നമ്മുടെ വ്യക്ത്ത്വം അഥവാ പേഴ്സണാലിറ്റി അനേകം സ്വഭാവ വിശേഷങ്ങൾ എന്ന ട്രെയിറ്റുകൾ കൊണ്ട് ഉണ്ടാക്കിയതാണ്. ട്വിൻ സ്റ്റഡികൾ. അഡോപ്‌ഷൻ സ്റ്റഡികൾ എന്നിവയിൽ നിന്ന് വളരെ വ്യക്തമായ കാര്യമാണ്, ജനിതകവും, വളർന്ന ചുറ്റുപാടുകളും ഒരു പോലെ പ്രധാനമാണെന്ന്. ‘പാരമ്പരികത’ എന്ന് പറയാവുന്ന ഹെറിറ്റബിലിറ്റി ശതമാനക്കണക്കിൽ അളക്കാൻ പറ്റും. മനുഷ്യ വൈവിധ്യങ്ങളിൽ പാരമ്പരികതക്ക് അൻപത്- അൻപത്തഞ്ച് ശതമാനം സംഭാവന ഉണ്ട് (1 ).

ചെറുപ്രായത്തിൽ ഗുരുതര കുറ്റങ്ങൾ ചെയ്യുക, ആവർത്തിച്ച് പെരുമാറ്റ ദൂഷ്യങ്ങൾ കാണിക്കുക എന്നത് നമ്മൾ കാണുന്ന ഒരിതാണ്. കൗമാര പ്രായത്തിൽ ചെറു പ്രശ്നങ്ങളിൽ പെടുന്നതും പിന്നീട് വളരുമ്പോൾ നന്നായി ജീവിക്കുന്നതും സാധാരണയാണ്. എങ്കിലും ചെറുപ്പത്തിൽ ഉള്ളത് ആവർത്തിച്ചു വരുന്ന (ഗുരുതര സ്വഭാവമുള്ളത്) കുട്ടികൾ മുതിരുമ്പോൾ ASPD എന്ന അവസ്ഥയിലേക്ക് വരാനുള്ള സാദ്ധ്യത വളരെ അധികമാണ്(2).

കുറ്റം ചെയ്യാനുള്ള പ്രവണത കൂട്ടുന്ന, സൈക്കാട്രിസ്റ്റുകൾ ഒക്കെ അംഗീകരിക്കുന്ന ഒരു പ്രശ്ന വ്യക്തിത്വമാണ് ‘ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ’ എന്ന ASPD. ആവർത്തിച്ച് കുറ്റങ്ങൾ ചെയ്യുക, പ്രശ്നങ്ങളിൽ പെടുക, സമൂഹനിയന്ത്രണങ്ങളിൽ ഒട്ടും വഴങ്ങാതിരിക്കുക, തീരെ കുറ്റബോധം ഇല്ലാതിരിക്കുക, എടുത്തുചാട്ട പ്രവണത, ഇതൊക്കെ ഇതിൽ കാണാം. ജയിലുകളിൽ ഉള്ള അൻപത് ശതമാനത്തോളം പേർക്കെങ്കിലും ഇത് ഉണ്ട്. ആവർത്തിച്ചു കുറ്റം ചെയ്യുന്നവരിൽ എഴുപത്, എൺപത് ശതമാനത്തോളം ഈ പ്രശ്നം ഉള്ളവരാകാം (4,5 ).

അപ്പൊ ASPD എന്ന പേഴ്സണാലിറ്റി ഡിസോര്ഡറും സൈക്കോപതി എന്ന ട്രെയിറ്റും തമ്മിൽ ബന്ധമുണ്ടോ? കുറ്റബോധമില്ലായ്മ, മറ്റുള്ളവരുടെ വികാരങ്ങൾ ബുദ്ധിപരമായി മനസിലാക്കാൻ സാധിച്ചാലും (cognitive empathy) അത് മാനിക്കാതെ ഇരിക്കുക ഒക്കെ ഈ ഒരു ട്രെയിറ്റിൽ ഉള്ളതാണ്. പൂർണമായി രണ്ടും ഒന്നല്ല. എങ്കിലും ASPD ഉള്ളവരിൽ ഉയർന്ന സൈക്കോപതി കാണാൻ നല്ല സാദ്ധ്യത ഉണ്ട്. തമ്മിൽ നല്ല ബന്ധമുണ്ട് എന്നർത്ഥം(3).

ASPD ക്ക് ജനിതക കാരണങ്ങൾ ഉണ്ടോ? ഉണ്ട്. മറ്റേതൊരു വ്യക്തിത്വ പ്രത്യകതകളെയും പോലെ, അൻപത് ശതമാനം പാരമ്പരികത ഉള്ള ഒന്നാണ് ASPD(4,5,6,7). MAOA , CDH13,LNC00951എന്നീ ജീനുകളും കുറ്റകൃത്യ പ്രവണതകളും തമ്മിൽ നല്ല ബന്ധമുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സ്വഭാവ വിശേഷങ്ങളിൽ നൂറു കണക്കിന് ജീനുകൾ സംഭാവന കൊടുക്കും. അത് കൊണ്ട്, ഏതെങ്കിലും ഒരു ജീൻ കൊണ്ട് ഉണ്ടാവുന്നതാണ് എന്ന് പറയാൻ പറ്റില്ല ട്ടോ.

നമ്മൾ വളരെ ഓർക്കേണ്ട ഒരു കാര്യം, ജീനുകൾ അനുഭവങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത് എന്നാണ്. അതായത്, സ്വല്പം പ്രശ്നമുള്ള ജനിതക പ്രത്യകതകൾ ഉള്ള ഒരാൾ, മോശം വളരുമ്പോൾ മോശം അനുഭവങ്ങളിലൂടെയാണ് കടന്നു പോവുന്നതെങ്കിൽ ASPD ഒക്കെ ഉണ്ടാവാനുള്ള സാധ്യത കണ്ടമാനം കൂടുന്നു എന്നർത്ഥം. അത് കൊണ്ട് തന്നെ, എല്ലാ മനുഷ്യർക്കും വളരാൻ നല്ല പരിസരം ഉണ്ടാക്കിക്കൊടുക്കുക എന്നത് വളരെ പ്രധാനമാണ്.

ASPD എന്ന കുറ്റവാസന ഉണ്ടാക്കുന്ന പ്രശ്നം ചികിൽസിച്ചാൽ മാറുമോ? കുറ്റങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ ഉള്ള ചികിത്സകൾ ജയിലുകളിൽ ഒക്കെ നൽകിയുള്ള പഠനങ്ങൾ ഉണ്ട്. ചികിൽസിച്ചു മാറ്റാൻ വളരെ പ്രയാസമാണ് എന്നാണ് കാണുന്നത് (8).

അത് കൊണ്ട് തന്നെ, കുട്ടികളിൽ ഉണ്ടാവുന്ന വളരെ ആവർത്തിച്ചുള്ള ഗുരുതര പെരുമാറ്റ ദൂഷ്യങ്ങളും കുറ്റവാസനകളും തീർച്ചയായും നേരത്തെ കണ്ടെത്തി ചികിൽസിച്ചു നോക്കേണ്ടതുണ്ട്.

ലോകവും മനുഷ്യരും ഒത്തിരി സങ്കീർണമാണ്. ഗുരുതര കുറ്റവാളികളെ ഇച്ചിരി സ്നേഹവും ചികില്സയും കൊടുത്താൽ ഇപ്പൊ എല്ലാം ശരിയാക്കാം- എന്ന രീതിയിൽ എല്ലാം വളർത്തിയ അച്ഛന്റെയും അമ്മയുടെയും സമൂഹത്തിന്റെയും തലയിൽ ഇടുന്നത് തെറ്റായ ഒരു ലളിതയുക്തിയാണ്. അതിലേറെ ഹൃദയശൂന്യവും ബുദ്ധിശൂന്യവുമായ ലളിതയുക്തിയാണ്  വ്യക്തിയുടെ അടിസ്ഥാന ജനിതകത്തിൽ എല്ലാം ആരോപിക്കുന്നത്. ‘ എല്ലാ കുറ്റവാളികളെയും കഠിന ശിക്ഷ കൊടുത്ത് നരകിപ്പിക്കണം ‘ എന്ന ലൈനിലുള്ള വർത്തമാനങ്ങളോളം പ്രാകൃതമായ മറ്റൊന്നില്ല. വസ്തുതകളുടെ വെളിച്ചത്തിൽ വിലയിരുത്തി സമൂഹനന്മക്കായി എങ്ങനെ മുന്നോട്ടു പോകാം എന്നാണ് നമ്മൾ നോക്കേണ്ടത്.

(ജിമ്മി മാത്യു)

Selected References:

  1. Paris JO. Nature and nurture in personality disorders. Handbook of personality and psychopathology. New York: Wiley. 2005 Jul 7:24-38.
  2. Simonoff E, Elander J, Holmshaw J, Pickles A, Murray R, Rutter M. Predictors of antisocial personality: Continuities from childhood to adult life. The British Journal of Psychiatry. 2004 Feb;184(2):118-27.
  3. Poythress NG, Edens JF, Skeem JL, Lilienfeld SO, Douglas KS, Frick PJ, Patrick CJ, Epstein M, Wang T. Identifying subtypes among offenders with antisocial personality disorder: a cluster-analytic study. Journal of abnormal psychology. 2010 May;119(2):389.
  4. Ferguson CJ. Genetic contributions to antisocial personality and behavior: A meta-analytic review from an evolutionary perspective. The Journal of social psychology. 2010 Feb 26;150(2):160-80.
  5. Rautiainen MR. Genetic components in the background of violent criminal behaviour, antisocial personality disorder and antisocial behaviour.
  6. Erhatić L. The critical analysis of nature vs. nurture debate in serial killer development (Doctoral dissertation, University of Rijeka. Faculty of Humanities and Social Sciences).
  7. Viding E. On the nature and nurture of antisocial behavior and violence. Annals of the New York Academy of Sciences. 2004 Dec;1036(1):267-77.

Wilson H. Can antisocial personality disorder be treated? A meta-analysis examining the effectiveness of treatment in reducing recidivism for individuals diagnosed with ASPD. International Journal of Forensic Mental Health. 2014 Jan;13(1):36-4

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .