1974 മുതൽ 78 വരെ നടന്ന പൊരിഞ്ഞ ഒരു യുദ്ധമാണ് ഗോംബെ യുദ്ധം . വളരെ പ്രശസ്ത യുദ്ധമാണ് . കേട്ടിട്ടില്ലേ ? കേൾക്കണം . കേട്ടേ പറ്റൂ . എല്ലാവരും കേൾക്കണം . കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ .
അത്ര പ്രധാനം ആണോ ? ആണ് .
ആഫ്രിക്കയിൽ ടാൻസാനിയ യുടെ അടുത്തുള്ള ഗോംബെയിൽ രണ്ടു ഗോത്രങ്ങൾ തമ്മിൽ ഉണ്ടായ ഒരു യുദ്ധമാണ് ഇത് . ഒരു ഗോത്രം കാസകീല . മറ്റേ ഗോത്രത്തിന്റെ പേര് കഹാമ .
ഒരൊറ്റ ജനത ആയിരുന്നു ഇവർ . പിന്നീട് എങ്ങനെയോ തെറ്റി പിരിഞ്ഞു ഒരു പ്രദേശത്തിന്റെ രണ്ടു ഭാഗങ്ങളിൽ ആയി പാർപ്പുറപ്പിച്ചു . 74 ൽ ആണ് ശരിക്കും യുദ്ധം തുടങ്ങുന്നത് . ഒരു ചെറുപ്പം കഹാമ ചെക്കനെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ആറ് കാസകീല ആണുങ്ങൾ എടുത്തിട്ടടിച്ചു . ഇടിച്ചു . ഒരു ദയയും ഇല്ലാതെ . അവൻ കരഞ്ഞു . ജീവന് വേണ്ടി കെഞ്ചി .
ആരും മൈൻഡ് ചെയ്തില്ല . പേപ്പട്ടിയെ എന്ന പോലെ തല്ലി . മാംസ കഷ്ണങ്ങൾ പറിച്ചെടുത്തു . വൃഷ്ണ സഞ്ചി തകർത്തു വൃഷണങ്ങൾ പുറത്താക്കി. അവനെ കൊന്നു .
പിന്നങ്ങോട്ട് യുദ്ധം ആയിരുന്നു , സുഹൃത്തുക്കളെ , പൊരിഞ്ഞ യുദ്ധം . എന്ന് വച്ച് ഒരു മൈതാനത്തു അപ്പുറവും ഇപ്പുറവും നിന്നുള്ള യുദ്ധമല്ല . കുറെ ഏറെ ഒളി യുദ്ധങ്ങൾ . മറ്റേ ഗ്രൂപ്പിലെ ആരെ എങ്കിലും താപ്പിന് കിട്ടിയാൽ അപ്പൊ കാച്ചും . ദയ ഇല്ലാതെ ആണ് .
നാല് കൊല്ലം കൊണ്ട് കഹാമ നാമാവശേഷം ആയി . എല്ലാ ആണുങ്ങളെയും കുറെ പെണ്ണുങ്ങളെയും കാസകീലക്കാർ കൊന്നു. ബാക്കി വന്ന പെണ്ണുങ്ങളെ അടിച്ചു പരുവമാക്കി പിടിച്ചോണ്ട് പോയി . യുദ്ധം കഴിഞ്ഞു .
കഹാമയുടെ വംശം മൊത്തം മുടിപ്പിച്ച ഈ യുദ്ധത്തിന്റെ ഓരോ ചെറിയ വിശദാശങ്ങളും നമുക്കറിയാം . എങ്ങനെ അറിയാം ?
ദൈവങ്ങൾ അത് നോക്കി റെക്കോർഡ് ചെയ്തു . ഓരോ നീക്കങ്ങളും രെജിസ്റ്ററുകളിൽ എഴുതി വചു .
വെറും പത്തു പതിനഞ്ചു ആളുകളെ ഓരോ ഗോത്രത്തിലും ഉണ്ടായിരുന്നുള്ളു . ഏതാണപ്പാ ഇത്ര ചെറിയ ഗോത്രങ്ങൾ ?
ചിമ്പാൻസി കൂട്ടങ്ങൾ !
ആരാണീ ദൈവങ്ങൾ ? ജെയിൻ ഗുഡാൾ എന്ന ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ഉള്ള കുറെ ശാസ്ത്രജ്ഞന്മാർ .
ഗോംബെ യുദ്ധം ഒരു സംഭവം ആയിരുന്നു . ആദ്യമായാണ് ഇത്രയും വാശിയും ഉശിരും ഉള്ള ഒരു യഥാർത്ഥ വംശീയ യുദ്ധം സസ്തനികളിൽ കണ്ടെത്തിയത് . (ഉറുമ്പുകളിൽ യുദ്ധങ്ങൾ ഉണ്ട് . പക്ഷെ അവ എത്രത്തോളം ബുദ്ധിയോടെ ആണ് അത് ചെയ്യുന്നത് എന്ന് സംശയമാണ് .)
അതിനു മനുഷ്യർ ചിമ്പാൻസികൾ അല്ലല്ലോ . അല്ല , പക്ഷെ നമ്മുടെ ഏറ്റവും അടുത്ത ബന്ധു ആണ് . അറുപതു ലക്ഷം വര്ഷങ്ങള്ക്കു മുൻപ് നമുക്ക് ഒരേ പൂർവികർ ആയിരുന്നു . ഏതോ ഒരാൾക്കുരങ്ങു കൂട്ടം .
ചിമ്പാൻസിക്ക് പക്ഷെ അ . ഇ . ക മാത്രമേ ഉള്ളു . – അടി, ഇടി, കടി . അടി , ഇടി , കടി . കഴുത്തു ഞെക്കി കൊല്ലാൻ പോലും അവർക്ക് അറിയില്ല .
മനുഷ്യർക്ക് ആ , മ , അ ഉണ്ട് . ആറ്റം ബോംബ് , മിസൈൽ , പിന്നെ അനന്തമായ കുരുട്ടു ബുദ്ധി . ഈ ഭൂമിയെ അങ്ങനെ തന്നെ ചുടാൻ വേണേൽ പറ്റും . അതിനുള്ള വാശിയും ഉണ്ട് . ശത്രു ഭൂമിയുടെ ഒപ്പം ചാവുമല്ലോ .
അതെ – കുരങ്ങന്മാരെ , കുരങ്ങികളെ – എൻ രത്തത്തിൻ രത്തമാന വാലില്ലക്കൂട്ടങ്ങളെ-
നമ്മൾ സഹ ജീവി സ്നേഹികൾ ആണ് . പരസ്പര ഉപകാരികൾ ആണ് . മക്കൾക്ക് വേണ്ടി നാം ചാകും . ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ചാകും . രാജ്യക്കാർക്കും മതക്കാർക്കും കൂട്ടക്കാർക്കും വേണ്ടി ചാവും . ത്യാഗങ്ങൾ ചെയ്യും . ജീവൻ മാത്രമല്ല ; ജീവിതം മൊത്തം ചിലപ്പോൾ ത്യജിക്കും . മഹത്തായ മനുഷ്യ സംസ്കാരം അങ്ങനെ ഉണ്ടായത് ആണ് . ചെസ് കളിച്ചു നമ്മെ തന്നെ തോൽപ്പിക്കുന്ന കമ്പ്യൂട്ടറുകൾ നമ്മൾ ഉണ്ടാക്കിയിട്ടുണ്ട് . ജീനുകൾ എടുത്ത് അമ്മാനമാടി പുതിയ ജീവികളെ സൃഷ്ടിക്കാം . ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ഭൂമിയെ നോക്കി കൊണ്ടിരുന്നു വെടി പറയാം .
നമുക്ക് തല ചോർ ഉണ്ട് , തലച്ചോർ തുറന്നു ഓപ്പറേഷൻ ചെയ്യാൻ നമുക്കറിയാം .
പക്ഷെ ഈ തലച്ചോറിൽ തന്നെ – നമ്മുടെ ഉള്ളിൽ തന്നെ – ഒരു ചെകുത്താൻ ഉണ്ട് . രണ്ടു തലയുള്ള ഒരു ചെകുത്താൻ : ഓരോ തലക്കും ഓരോ പേരാണ് :
ഒന്ന് : എത്നോസെന്ററിസം (ethno centrism )- സ്വന്തം ഗോത്രം , വർഗം , കൂട്ടം , രാജ്യം , മതക്കാർ – അടിപൊളീന് . മനുഷ്യരേക്കാൾ മനുഷ്യത്വം ഉണ്ട് . സ്വന്തം ആളുകൾ കൂടുതൽ മനുഷ്യത്വം അർഹിക്കുന്ന ആൾകാർ ആണ് .
രണ്ട് : ക്സീനോ ഫോബിയ (xeno phobia )- മറ്റുള്ള കൂട്ടങ്ങൾ നമ്മുടെ അത്രയും പോരാ . അലവലാതികൾ ആണ് . ഈ തോന്നലുകളുടെ ഒക്കെ വ്യാപ്തി റേഡിയോയുടെ ഒക്കെ വോളിയം കൂട്ടുന്ന പോലെ സാഹചര്യങ്ങൾ അനുസരിച്ചു കൂട്ടാം, കൂടാം . അലവലാതികൾ , മലരന്മാർ ആകാം . മൃഗങ്ങൾ ആവാം . പിടയുന്ന , വേദനയോ വികാരങ്ങളോ ഇല്ലാത്ത , നിഷ്കരുണം ഉപദ്രവിച്ചു കൊല്ലാവുന്ന പുഴുക്കളും ആവാം .
1954 – ൽ മുസാഫാർ എന്ന് പേരുള്ള ഒരു മനഃശാസ്ത്രജ്ഞൻ അമേരിക്കയിൽ രണ്ടു ഗ്രൂപ്പ് ആൺ കുട്ടികളെ ഒരു കാമ്പിൽ കൊണ്ട് വന്നു , തമ്മിൽ മത്സരങ്ങൾ ഒക്കെ നടത്തി , ഒരു പരീക്ഷണം നടത്തി . പരസ്പരം ശത്രുത ഉള്ള ഗ്രൂപ്പുകൾ ആക്കാൻ പറ്റുമോ എന്നായിരുന്നു അങ്ങേര് നോക്കിയത് .
അങ്ങേർക്ക് തീരെ വിയർക്കേണ്ടി വന്നില്ല . രണ്ടു ഗ്രൂപ്പായി തിരിച് , ആ പാർക്കിന്റെ രണ്ടു ഭാഗത്തായി ക്യാമ്പ് ചെയ്യിച്ചു കുറച്ചു മത്സരങ്ങൾ ഒക്കെ വച്ചതേ ഉള്ളു .
നേതാക്കന്മാർ ഉണ്ടായി . അനുചരന്മാർ ഉണ്ടായി . ഓരോ ഗാങിന് പേരും ഉണ്ടായി . കൊടി , യൂണിഫോം , ഒക്കെ ഉണ്ടായി .
ശത്രുതയും അടിയും പിടിയും ഉന്തും തള്ളും ചുമ്മാ അങ്ങ് ഉണ്ടായി .
അവസാനം ഇത് ഒരു പരീക്ഷണം ആണെന്ന് പറഞ്ഞിട്ടും ശത്രുത തീർന്നില്ല . രണ്ടാഴ്ച കഴിഞ്ഞു ഒരേ വാഹനത്തിൽ തിരിച്ചു യാത്ര ചെയ്യാൻ പോലും കുട്ടികൾ തയാറായില്ല .
രണ്ടു ലക്ഷം വര്ഷം ചെറു ഗോത്രങ്ങൾ ആയി നടന്ന മനുഷ്യർ പതിനായിരം വർഷങ്ങൾക്ക് മുൻപ് ഗ്രാമങ്ങളിൽ ആയി . അയ്യായിരം വർഷങ്ങൾക്കു മുൻപ് രാജ്യങ്ങളും നഗരങ്ങളും ആയി .
പണ്ട് കാലങ്ങളിൽ – ഒരേ ഗോത്രം എന്നാൽ –
ഒരേ വർഗം
ഒരേ വർണം
ഒരേ ആചാരങ്ങൾ
ഒരേ ദൈവം അഥവാ ദൈവങ്ങൾ
ഒരേ മതം .
ഇങ്ങനെ ആയിരുന്നു . പിന്നീട് ഇവ കൂടി കുഴഞ്ഞു . ചെകുത്താന്റെ ശക്തി കുറഞ്ഞു .
എന്നാലും ചെകുത്താൻ ഒരു സംഭവം ആണ് . ചെകുത്താനെ മെരുക്കുന്നവർക്ക് എന്തും കിട്ടും .
അധികാരം .
അളവില്ലാത്ത ബഹുമാനം .
രാജ്യം
ഇലക്ഷനിൽ ജയം .
ചെകുത്താനെ മെരുക്കാൻ എളുപ്പമാണ് .
നമ്മൾ ഭയങ്കര സംഭവം .
ദൈവത്തിന്റെ സ്വന്തം ജനം .
മറ്റവന്മാർ ഊളകൾ
നമ്മുടെ പ്രശ്നങ്ങൾക്ക് കാരണക്കാർ
അവന്മാർ ദേ വരുന്നു !!
നിങ്ങൾ പേടിക്കണ്ട
ഞങ്ങൾ ഉണ്ട് കൂടെ .
ഇങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കണം . ഇത് വിശ്വസി ക്കാൻ റെഡി മണി മുണ്ടക്കയം ആയി നിക്കുക ആണ് സകല മാന ജനങ്ങളും . ചെകുത്താൻ ഉള്ളിൽ ആൾറെഡി ഉണ്ടല്ലോ .
ചെകുത്താനെ അകറ്റണം എങ്കിൽ , അവനവന്റെ അപ്പുറം ഉള്ള സെൻസ് വേണം , സെന്സിബിലിറ്റി വേണം – അവന്റെ പല്ലു പുളിപ്പിക്കുന്ന കൗശലം ഏൽക്കാതിരിക്കാനുള്ള സെൻസോഡൈനും വേണം .
ഇച്ചിരി പാടാ .(ജിമ്മി മാത്യു )