ഡൽഹിയിലെ ചന്ദു നഗറിൽ രണ്ടായിരത്തി പതിനാലിൽ എന്ത് സംഭവിച്ചു ?
പലതും സംഭവിച്ചു . അതല്ല- ഒരു പ്രത്യേക കാര്യം സംഭവിച്ചു . ആരുടെയോ സുനയുടെ മേൽ ചട്ടുകം പഴുപ്പിച്ചു വയ്ക്കപ്പെട്ടു .
അതായത് , നമുക്ക് ഒരാളെ ചന്ദു സിങ് എന്ന് വിളിക്കാം . ശരിക്കുള്ള പേരല്ല . മുപ്പത്താറു വയസ്സുള്ള അയാൾ , ഒരു വീട്ടിൽ ഭാര്യയും മക്കളും ഒത്ത് ജീവിക്കുന്നു . ഒരു മുറി വാടകക്ക് കൊടുത്തിരിക്കുകയാണ് . അവിടെ മധ്യവയസ്കനായ ഒരു പാവം കൊല്ലങ്ങളായി കുടുംബത്തിലെ ഒരാളെ പോലെ ജീവിക്കുന്നു . ചന്ദു സിങ് അരിഷ്ടിച് കഞ്ഞിക്ക് ഉള്ള വക കണ്ടെത്തുന്നു . അങ്ങനെ പോകുന്നു .
നമ്മുടെ പാവം വാടകക്കാരൻ , ഒരു ദിവസം , വീട്ടിൽ മറ്റുള്ളവർ ആരും ഇല്ലാത്ത സമയത്ത് , ചന്ദു സിങ്ങിന്റെ പതിമൂന്നു വയസുള്ള മകളെ മുറിയിലേക്ക് വലിച്ചോണ്ടു പോകുന്നു . കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുന്നു . പുറത്തു പറഞ്ഞാൽ കൊന്നു കളയും എന്ന് പറയുന്നു . കുട്ടി ഗർഭിണി ആയപ്പോൾ ആണ് കാര്യം അച്ഛനോട് പറയുന്നത് .
വീട്ടിൽ വാടകക്കാരൻ മാത്രം ഉള്ളപ്പോൾ ചന്ദ് സിങ് പതിയെ അദ്ദേഹത്തെ വിളിക്കുന്നു .
‘ആവോ ജീ – കുച്ച് ബാത് കർണാ ഹേ ‘
ആൾ അടുത്ത് വരുന്നു . പെട്ടന്ന് അച്ചാലും മുച്ചാലും ചന്ദു സിങ് ആളെ ബാത് കരുന്നു . പെട്ടന്നുള്ള ബാത്തിൽ വീണു പോയ മഹാനുഭാവനെ കയ്യും കാലും കെട്ടി ഇടുന്നു .
ജെട്ടി അഴിക്കുന്നു , ചട്ടുകം പഴുപ്പിക്കുന്നു – വയ്ക്കുന്നു . ശ് ശ് …എന്ന ശബ്ദം വരുന്നു .
പിന്നെയും പിന്നെയും പഴുപ്പിക്കുന്നു , ആ ഏരിയ മൊത്തം വയ്ക്കുന്നു . ക്ലസ്റ്റർ ബോംബ് ഇട്ട ഗ്രാമ പ്രദേശം പോലെ , ബലാത്സംഗ വീരന്റെ ഗുഹ്യ പ്രദേശം പ്രശോഭിക്കുന്നു.
സത്യ കഥ ആണ് .
അതീവ ഗുരുതരം ആയ ഒരു കുറ്റ കൃത്യത്തെ ഇങ്ങനെ അവതരിപ്പിച്ച എനിക്ക് ഹൃദയമുണ്ടോ ഊളേ –
ഇങ്ങനെ പറയുന്നവരും ഉണ്ടാവാം . എനിക്ക് ഒരു ചുക്കുമില്ല . ഞാൻ തന്നെ , ചില പ്രത്യേക സാഹചര്യങ്ങളിൽ ഇങ്ങനെ ഒക്കെ ചെയ്യില്ല എന്ന് എനിക്ക് ഒരു ഉറപ്പുമില്ല .
സത്യം പറ – നിങ്ങൾക്കുണ്ടോ ? ചുക്ക് ? ഈ കഥ നിങ്ങൾ ആസ്വദിച്ചില്ലേ ?
പഴുപ്പിച്ച ലോഹം സുനയിൽ പച്ചക്ക് വയ്ക്കുന്ന സീൻ രസിപ്പിച്ചില്ലേ നിങ്ങളെ ?
അപ്പൊ – അത്രയ്ക്ക് ക്രൂരൻ/ ക്രൂര ആണോ നിങ്ങൾ ?
സീ – നമ്മൾ ഒക്കെ വെറും മനുഷ്യരാണ് എന്ന് മാത്രമേ ഇതിനർതഥമുള്ളൂ.
ജർമനിയിലെ ഡാചാവു എന്ന ഒരു ക്യാമ്പാണ് ജൂതരെയും ഹിറ്റ്ലറിൻറെ ശത്രുക്കളെയും ഇടാൻ തുടങ്ങിയ ആദ്യ ക്യാമ്പുകളിൽ ഒന്ന് . ഏകദേശം എഴുപതിനായിരം തടവുകാർ പല സമയത്തായി ഇവിടെ ഉണ്ടായിരുന്നു . 1933 മുതൽ 1945 വരെ ഉണ്ടായിരുന്ന ഈ ക്യാമ്പിൽ , 1945 ൽ അമേരിക്കൻ പട്ടാളക്കാർ വന്നു മോചിപ്പിക്കുമ്പോൾ ഏതാനും ആയിരം തടവുകാർ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു . വലിയ ഒരു മല പോലെ കൊന്ന തടവുകാരുടെ ശവങ്ങളും .
സ്വന്തം ഭാര്യമാരെ പിച്ചി ചീന്തി കൊല്ലുന്നത് കണ്ടവർ . ഭർത്താക്കന്മാരെ അടിച്ചു കൊല്ലുന്നത് കണ്ടവർ . സ്വന്തം മക്കളെ , മുകളിലേക്ക് എറിഞ്ഞിട്ട് വെടി വച്ച് കൊല്ലുന്നത് കണ്ടവർ . സ്വയം ജർമൻകാരാൽ കൊല്ലാക്കൊല ചെയ്യപ്പെട്ടവർ . തങ്ങളുടെ സഹനം കണ്ട് പൊട്ടിച്ചിരിച്ച ജർമ്മൻ പട്ടാളക്കാരെ ദിനം കണ്ടിട്ടുള്ളവർ . അവരാണ് ബാക്കി വന്നവർ .
അമേരിക്കക്കാർ അവരെ സ്വതന്ത്രർ ആക്കിയ ഉടനെ അവർ ഏകദേശം അഞ്ഞൂറോളം ഉണ്ടായിരുന്ന നാസികളുടെ നേർക്ക് തിരിഞ്ഞു . അടിച്ചു , ഇടിച്ചു – പിച്ചി പറിച്ചു . അമേരിക്കൻ പാട്ടാളക്കാരും കൂടെ കൂടി .
നാസി പട്ടാളക്കാർ ആരും ജീവനോടെ ബാക്കി വന്നില്ല .
എനിക്ക് ഇത് കേട്ടിട്ട് ഒന്നും തോന്നുന്നില്ല . യുദ്ധ തടവുകാരെ എന്ത് ചെയ്യണം എന്നതിന്റെ നഗ്നമായ ലംഘനം ആണ് നടന്നിരിക്കുന്നത് . അഞ്ഞൂറോളം പേരെ കൊന്ന കാര്യം അറിഞ്ഞിട്ട് എന്തെങ്കിലും മനഃസ്താപം എനിക്ക് തോന്നുന്നുണ്ടോ ?
ഇല്ല ; എന്നതാണ് വാസ്തവം .
ആട്ടെ – നിങ്ങൾക്ക് തോന്നുന്നുണ്ടോ ?
ലുക്ക് ഹിയർ – നമ്മൾ യുക്തിജീവികൾ അല്ല . വികാരജീവികൾ ആണ് . യുക്തിയും ഉണ്ട് എന്ന് മാത്രമേ ഉള്ളു . വേണമെങ്കിൽ യുക്തി ; വികാരത്തെ മറി കടക്കാൻ ഉപയോഗിക്കാം എന്നെ ഉള്ളു . ചില പ്രത്യേക സാഹചര്യങ്ങളിൽ .
വികാരങ്ങൾ ഒക്കെ പരിണാമ ജനിതമാണ് . എന്തായിരിക്കും പ്രതികാരം എന്ന വികാരത്തിന്റെ പരിണാമ യുക്തി ?
ഞാൻ ഒരു പഴയകാല ഗോത്രത്തിൽ ആണ് എന്നിരിക്കട്ടെ . രണ്ടു ലക്ഷം കൊല്ലങ്ങൾ നമ്മൾ അങ്ങനെ ആണല്ലോ ജീവിച്ചത് . ഈ നാഗരികത ഒക്കെ ഒരു അയ്യായിരം കൊല്ലം, സഹോ – വേണ്ട – പതിനായിരം . അത്രേള്ളോ .
സത്യായിട്ടും ഗഡീ .
കൂടെ ഉള്ള ഒരുത്തൻ ഭയങ്കര ഷൈനിങ് . എന്നെ ഒരു വിലയുമില്ല . ഒരു കല്ലെടുത്ത് ഒറ്റ ചാമ്പാ ചാമ്പിയാലോ ?
ആള് വടിയായാൽ എനിക്ക് നല്ലതല്ലേ ?
ഗോത്രത്തിൽ ഉള്ള ഒരു പെൺകുട്ടിയെ എനിക്ക് പിടിച്ചു . അവൾക്ക് താല്പര്യമില്ല . ബലമായി കാര്യം സാധിച്ചാലോ ?
ആത്യന്തികമായി ഞാൻ അത് ചെയ്യാത്തത് പേടി മൂലം ആണ് . ഞാൻ ഉപദ്രവിക്കുന്നവർ തിരിച്ചും ഉപദ്രവിക്കും – ചത്തില്ലെങ്കിൽ . കൊന്നാലോ – കൊന്നവരുടെ ഉറ്റവർ വെറുതെ വിടില്ല ഹേ .
അതായത് – സമൂഹ ജീവിതത്തിന് അത്യാവശ്യമായ നിയന്ത്രണം അടിച്ചേൽപ്പിക്കാൻ ഉരുത്തിരിഞ്ഞു വന്ന ഒരു വികാരമാണ് – പ്രതികാരം .
പരിണാമത്തിലൂടെ നമുക്ക് കിട്ടിയതെല്ലാം നല്ലതല്ല . സംസ്കാരം , ആധുനികത , രാഷ്ട്രങ്ങൾ , ഭരണഘടന, നിയമ വാഴ്ച , എന്നിവയൊക്കെ , സമാധാന ജീവിതത്തിനു വേണ്ടി , മനുഷ്യ വികാരങ്ങളെ എങ്ങനെ മെരുക്കാം എന്ന് നിരന്തരം അന്വേഷിക്കുന്ന പ്രക്രിയകൾ ആണ് .
ചുരുക്കി പറഞ്ഞാൽ നിയമ വാഴ്ചയുടെ ഒരു പ്രധാന ഉദ്ദേശം വ്യക്തികളുടെ പ്രതികാരം ഏറ്റെടുക്കുക എന്നുള്ളത് തന്നെ ആണ് . തിരുത്താൻ പറ്റാത്ത കുറ്റ വാസന ഉള്ളവരെ ഇനിയും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് തടയുക , പറ്റുന്നവരെ തിരുത്തുക , ഇതൊക്കെ വേണ്ടതാണ് .
കുറ്റവാളികൾ ഉണ്ടാവുന്നത് തടയുന്ന ഒരു സാമൂഹിക ക്രമവും വേണം . പക്ഷെ എത്രയൊക്കെ സമൂഹം നന്നായാലും , കൊടും കുറ്റവാളികൾ എന്തായാലും പിന്നെയും കാണും . എല്ലാ സമൂഹങ്ങളിലും ഉണ്ട് താനും. .അവരെ കർശനമായി ശിക്ഷിക്കാൻ കാര്യക്ഷമമായ സംവിധാനം വേണം .
ഇല്ലെങ്കിൽ പോലീസിന്റെ പ്രതികാരം , നാട്ടുകാരുടെ പ്രതികാരം , മുതലായ കാടൻ രീതികൾക്ക് കൈ അടിക്കുന്ന ആളുകളെ ഇനിയും കാണേണ്ടി വരും .
ഭൂരിപക്ഷം വരുന്ന ജനങ്ങളെ ആയുധം എടുപ്പിച്ച് , ഒരു ആധുനിക സാമൂഹ്യജീവിതം പറ്റാത്ത തരത്തിൽ പ്രശ്നക്കാരാക്കുന്നതിൽ നിന്ന് അവരെ പിടിച്ചു നിർത്തുന്നത് , നീതി – എല്ലാ കാര്യങ്ങളിലും – നടപ്പാകും എന്ന തോന്നൽ ഉണ്ടാക്കുന്ന വ്യവസ്ഥിതി ഒന്ന് മാത്രമാണ് .
ജസ്റ്റ് ഡിസംബർ ദാറ്റ് ! (ജിമ്മി മാത്യു )