ചെക്കന്റ്റെ വരവിന് എന്താണ് ഇത്ര പ്രാധാന്യം?
ദി ചെക്കൻ ഈസ് ദി തന്ത ഓഫ് ദി ഗഡി!!- “The damn child is the father of the man!!”.
ഞാൻ എന്ന ചെക്കൻ, ഒരു പിറന്നു വീണ വാവ ആയാണ് ജീവിതം തുടങ്ങിയത്! എന്താല്ലേ. എനിക്ക് ഒരു ഓർമയുമില്ല. ആരൊക്കെയോ പറഞ്ഞ അറിവുകളാണ്.
അതായത്, ഞാൻ എന്ന കുഞ്ഞിനെ ബ്ലും എന്ന് അമ്മ പെറ്റിട്ടപ്പോൾ, ഞാൻ ഒരു കുഞ്ഞു കുഞ്ഞാണെന്ന് എനിക്ക് ഒരു ബോധവുമില്ലെന്ന്. നാലോ അഞ്ചോ വയസ്സുള്ള ഒരു ചെക്കനായി, കാലുകളുടെ ഒരു കാട്ടിൽ ഓടി നടക്കുന്നതാണ് എന്റ്റെ ആദ്യ ഓർമ്മ.പെട്ടന്ന് ഒരു അദൃശ്യ കൈ നീണ്ടു വന്ന് എന്നെ പൊക്കുന്നു. അമ്മയുടെ മുടിയുടെ മണം. അല്ലേൽ പപ്പയുടെ തോളിന്റ്റെ ദൃഢ മാർദവം. പിന്നെ നമ്മൾ മോളിൽ നിന്ന്, വേറൊരു ഡയമെൻഷനിൽ നിന്നാണ് കാര്യങ്ങൾ കാണുന്നത്. ലോക വീക്ഷണ കോണകമേ മാറുന്നു.
അയ് മീൻ- വീക്ഷണ കോൺ. എച്ചൂസ് മി അളിയാ, അളിയീ- ഡീസൻറ്റ് ആയി എഴുത് എന്ന് എപ്പോഴും ഡീസന്റ്റ് ആയ ആൾക്കാർ എന്നോട് പറയുന്നു- എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ- “ചെറുപ്പകാലങ്ങളിൽ ഉടുത്ത കോണം, നനക്കുമോ മാനുഷനുള്ള കാലം?” അതാണ്.
അത് പോട്ടെ. സംഭവം ഇത്രേയുള്ളൂ- നമ്മൾ തുണിയും കോണകവുമില്ലാതെ മാക്ക് മാക്കെന്ന് കരഞ്ഞോണ്ട് പ്ലക്കോ എന്നിങ്ങോട്ട് വീഴുന്നു- മാസങ്ങൾക്കുള്ളിൽ സ്കൈലാബ് എന്ന ഒരു അമേരിക്കൻ സ്പേസ് സ്റ്റേഷൻ സാമാനം സ്പെയ്സിലോട്ടങ്ങു പോകുന്നു. അവിടെ ഗർഭപാത്രത്തിലെ വാവയെപ്പോലെ ഒഴുകിക്കിടക്കുന്നു. അത് പിന്നീട് ഞാൻ എന്ന ചെക്കന്റ്റെ സ്കൂൾ ദിനങ്ങളിൽ കഷണങ്ങളായി നമ്മുടെയൊക്കെ മണ്ടകളിലോട്ട് പതിക്കുന്നു. അപ്പോ കാര്യങ്ങൾ മനസിലായില്ലേ?
വെറും രണ്ടു കൊല്ലങ്ങൾക്ക് മുന്നേ, മ്മ്ടെ ഇന്ദിരാ ഗാന്ധിയും നമ്മളും പാകിസ്താനെ യുദ്ധത്തിൽ അടിച്ചു കോഞ്ഞാട്ടയാക്കി. ബംഗ്ലാദേശ് എന്ന ഒരു രാജ്യം ‘ബ്ലും’ എന്ന് പിറന്നു വീഴുകയും ചെയ്തു. പുള്ളിക്കാരി പിന്നെ ഇന്ത്യയെ അടക്കി ഭരിച്ചു. ഞാൻ ജനിച്ച് രണ്ടുകൊല്ലത്തിനുള്ളിൽ അടിയന്തിരാവസ്ഥ വരുകേം ചെയ്തു. പിച്ച വെച്ച് നടക്കുന്ന മ്മ്ടെ ജനാധിപത്യത്തിനിട്ടു കിട്ടിയ ആദ്യത്തെ വീക്ക്!! ഇന്ത്യൻ രാഷ്ട്രീയം സൊയമ്പൻ സാമ്പാർ തിളക്കുന്നത് പോലെ തിളച്ചു. അതൊന്നും ഞാൻ അറിഞ്ഞതേ ഇല്ല.
മ്യൂണിക്ക് ഒളിംപിക്സിൽ പത്തു പന്ത്രണ്ട് ഇസ്രായേലി കായികതാരങ്ങളെ ഭീകരർ കൊന്നിട്ട് കുറച്ചു നാളുകൾക്ക് ശേഷമാണ് ഞാൻ ജനിച്ചത്. അധികം വൈകാതെ അറബ് രാജ്യങ്ങൾ ഇസ്രയേലിനെ ആക്രമിച്ചു. മണ്ടയിലെ മൂള ഉപയോഗിച്ച് ഇസ്രായേൽ ജയിക്കുവേം ചെയ്തു.
ഗോഡ്ഫാദർ എന്ന ഇംഗ്ളീഷ് സിനിമ ദാ വന്നു; ദേ പോയി. അമേരിക്കൻ പ്രെസിഡൻറ്റ് നിക്സൺ ഡോളറിന്റ്റെ സ്വർണ ബാക്കിങ് എടുത്ത് കളഞ്ഞ്, ലോക സാമ്പത്തിക മേഖലയിലെ ആധിപത്യം ഊട്ടിയുറപ്പിച്ചു.
ഇനി ചെക്കൻറ്റെ കാലമാണ്, സുഹൃത്തുക്കളേ. കുട്ടിക്കാലം എത്ര വലിച്ചാലും നീളുന്ന ഒരു റബ്ബർബാൻഡ് പോലെ ഇങ്ങനെ നീണ്ടു പരന്നു കിടക്കയാണ്. അത് വെച്ച് നോക്കുമ്പോ മുതിർന്ന എന്റ്റെ ജീവിതം ഒന്നുമല്ല; ഒരു ചുക്കുമല്ല. കണ്ണടച്ച് തുറക്കും മുൻപ് അവസാനിക്കുന്നത് ഒരു പുരുഷായുസ്സാണ്; കുട്ടിക്കാലമല്ല.
ചെക്കൻറ്റെ മനസ്സിൽ ചെക്കൻറ്റെ ലോകങ്ങൾ ഉണ്ട്. ആനയുണ്ട്, ഒട്ടകമുണ്ട്, മയിലുകളും മയിരുകളുമുണ്ട്. വ്യാളിയും വളിയുമുണ്ട്. കുന്നും മലകളും പീലിയും മഴവില്ലുമുണ്ട്. അടിയും ഇടിയും ഉമ്മയും കിക്കിളിയുമുണ്ട്. കാളനും കൂളിയും ഡ്രാക്കുളയും ഡിറ്റക്ടീവ് ഡിസ്റ്റംപണുമുണ്ട്. ജെട്ടി പുറത്തിട്ട സൂപ്പർമാനും ജെട്ടിയെ ഇല്ലാത്ത സ്പൈഡർമാനും നൂൽബന്ധമില്ലാതെ കപീഷും ഉണ്ട്.
ഒരു ബ്രഹ്മാണ്ഡം മുഴുവൻ ന്യൂറോണുകളിൽ എലെക്ട്രോകെമിക്കൽ എന്തോതേങ്ങയായി പേറി നടക്കയാണ് ചെക്കൻ.
“അയ്ന്??” – “ഇതൊക്കെ എന്തിനാ ഞങ്ങളോട് പറയുന്നേ??” – ഇതല്ലേ നിങ്ങൾ ഇപ്പോൾ ചോദിക്കുന്നത്?
ചുമ്മാ, ഒരു രസം. വെർതേ, ഒരാശ.
കേക്കണോ, ഇനീം- ശവ്യോളേ?
ന്നാ കമൻറ്റിട്.
(ജിമ്മി മാത്യു)