ജസ്റ്റ് ഫോർ എ ഹൊറർ : വേണ്ടാ വിശുദ്ധ യുദ്ധം

ഒരു മനുഷ്യന്റെ തല വെട്ടാൻ അത്ര എളുപ്പം അല്ല . കയ്യോ കാലോ വെട്ടാനും പാടാണ് . ഒറ്റ വെട്ടിന് ദൂരെ തെറിക്കുന്നത് ഒക്കെ സിനിമയിലെ ഉള്ളു. എത്രെ മൂർച്ച ഉള്ള വെട്ടുകത്തി ആയാലും പല പ്രവശ്യം വെട്ടേണ്ടി വരും . ഒരേ സ്ഥലത്ത് തന്നെ പിന്നെയും പിന്നെയും വെട്ടണം . അല്ലെങ്കിൽ അറുത്തറുത്തേ പറ്റൂ .

ചോര ചീറ്റി തെറിക്കും . എല്ലു മുറിക്കാൻ നല്ല പാടാണെന്നേ .

പിന്നെ താൻ ചെയ്യുന്നത് തന്നെ പോലെ തന്നെ ചോരയും നീരും ഉള്ള മനുഷ്യനോടാണ് എന്നത് മറക്കണം .അയാളുടെ കരച്ചിലുകൾ കേൾക്കരുത് ; പിടച്ചിലുകൾ കാണരുത് . ദയനീയ യാചനകൾ നിരാകരിക്കണം .

എളുപ്പമല്ല .

നമ്മോട് ഒരു വിരോധവും ഇല്ലാത്ത ഒരാളോട് ഇത് ചെയ്യണമെങ്കിൽ , ഒരു വിശുദ്ധ കാരണം വേണം . ഇതാണ് ചരിത്രം നമ്മോട് പറയുന്നത് .

വിശുദ്ധ കാരണം , സമൂഹത്തിന്റെ ആവശ്യം ആകാം . സ്വജാതി കൂറ് ആവാം .

ഏറ്റവും സൂപ്പർ കാരണങ്ങൾ ദൈവീകം ആയിരുന്നു .

ചരിത്രം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സമാധാനപരമായ തത്വ സംഹിതകൾ കൊണ്ട് വന്ന ഒരാളാണ് , യേശു എന്ന ഈശോ എന്ന ജൂത സന്യാസി . ‘ശത്രുക്കളെ സ്നേഹിക്കുക ‘ . ഒരു കരണത്തടിച്ചാൽ ….’, മുതലായ അന്നത്തെ ആളുകൾക്ക് (ഇന്നത്തെയും ) മനസിലാവാത്ത ഒത്തിരി പുള്ളി പറഞ്ഞു .

അപ്പൊ ഈശോയുടെ പേരിൽ സ്ഥാപിച്ച ക്രിസ്തീയ സഭ പൂർണ സമാധാനത്തിന്റെ ആളുകൾ ആയിരിക്കണ്ടേ ?

ഒരു മാതിരി ആയിരുന്നു – റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തി കോൺസ്റ്റന്റൈൻ ക്രിസ്ത്യാനി ആവുന്നത് വരെ . എ ഡി അഞ്ഞൂറ്റമ്പത് നു ശേഷം എന്ന് പറയാം . പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നത് ഈയടുത്താണ് . അത് വരെ നല്ല അടിപൊളി നമ്പറുകൾ ആയിരുന്നു .

ആദ്യം ന്യായ യുദ്ധം (just war ) എന്ന ആശയം കൊണ്ട് വന്നു . അഗസ്റ്റിൻ എന്ന ഒരാളും , തോമസ് അക്വിനാസും ഒക്കെ ഇതിനെ പറ്റി പറഞ്ഞു . അതായത് , രാജ്യത്തെ പ്രതോരോധിക്കാൻ യുദ്ധം വേണമല്ലോ . അത്രേയുള്ളു സംഭവം .

ആയിരത്തി തൊണ്ണൂറ്റി അഞ്ചിൽ , പോപ്പ് അർബൻ രണ്ടാമൻ , വിശുദ്ധ യുദ്ധം എന്ന സാമാനം കൊണ്ട് വന്നു . അതായത് , മത വിശുദ്ധി കാത്ത് സൂക്ഷിക്കാൻ , മത വിശ്വസങ്ങളെ നിരാകരിക്കുകയോ , കളങ്കപ്പെടുത്തുകയോ ചെയ്യുന്നവരെ , ജസ്റ്റ് ഒന്ന് നന്നാക്കാൻ , കൊന്നാലും കുഴപ്പമില്ല !!

കൊല്ലുന്നതിനു മുൻപ് നന്നായി പീഡിപ്പിച്ചാലോ ?

തീരെ കുഴപ്പമില്ല .

അതായത് ഉത്തമാ –

വിശ്വസത്തിൽ നിന്ന് ചെറുതായി വ്യതിചലിച്ചാൽ പോലും നിത്യമായ നരകത്തിൽ വീണ് എന്നെന്നേക്കുമായി ബാർബിക്യൂ ആവും . അതിൽ നിന്ന് കുറ്റവാളികളെ രക്ഷിക്കാൻ ആണ് ഇതൊക്കെ . കൊല്ലുന്നതിനു മുൻപ് നന്നായി പീഡിപ്പിക്കണം . അതിനായി റാക്ക് എന്നൊരു സാധനം തന്നെ ഉണ്ടാക്കി . അതിന്റെ പടം കണ്ടാൽ രസമാണ് . കയ്യും കാലും കെട്ടിയിട്ട് ഒരു കാപ്പി വച്ച് അങ്ങോട്ടും ഇങ്ങോട്ടും വലിക്കും . അപ്പൊ ശരീരം നന്നായി ഒന്ന് നീളും . പേശികളും തൊലിയുമൊക്കെ വലിഞ്ഞു പൊട്ടിയേക്കും കേട്ടോ . ഇത്തിപ്പോരം ചോര ചിലപ്പോ വരും . ശരീരം തന്നെ രണ്ടായി കീറാനും മതി . പക്ഷെ ഇതൊക്കെ ആത്മാവിന്റെ രക്ഷക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോ ആണ് അകെ ഒരാശ്വാസം .

ഇങ്ങനെ ചെറുതായി പീഡിപ്പിക്കുമ്പോ (ഇച്ചിരി ഇക്കിളി കൂട്ടുമ്പോലെ വിചാരിച്ചാ മതി ), ആളുകൾ സ്വന്തം കുറ്റങ്ങൾ ഏറ്റു പറയും . സ്വാഭാവികമായി പശ്ചാത്തപിക്കും . പിന്നെ കൊല്ലുമ്പോ , ഇതൊക്കെ കണക്കാക്കി എങ്ങാനും അവർക്ക് സ്വർഗ്ഗ ബിരിയാണി കിട്ടിയാലോ ..ലോ ..ലോ ? ഇങ്ങനത്തെ സിംപിൾ , ആർക്കും മനസിലാവുന്ന ന്യായീകരണമാണ് , ഇൻക്വിസഷൻ എന്ന ആയിരാമാണ്ടു തൊട്ട് ആയിരത്തി അറുനൂറ്, എഴുനൂറു വരെ ഉണ്ടായിരുന്ന സഭാ സ്ഥാപനത്തിന് ഇങ്ങനത്തെ പീഡിപ്പിക്കലുകൾക്കും കൊല്ലലുകൾക്കും ഉണ്ടായിരുന്നത് .

അത്ര പണ്ടൊന്നും അല്ല . പൊട്ടുഗീസുകാർക്ക് ഒരു ഗോവൻ ഇൻക്വിസഷനും ഉണ്ടായിരുന്നു .

ചെകുത്താന് എതിരെ ഉള്ള യുദ്ധം- അതായിരുന്നു വേറെ ഒരു ന്യായീകരണം . ആത്മീയ യുദ്ധം (spiritual war ).

നമ്മുടെ ആളുകൾ അല്ലാത്തവർ ആരാ ? ചെകുത്താന്മാർ . അല്ലെങ്കിൽ ചെകുത്താന്റെ ആളുകൾ . ഇത്രേ ഉള്ളു . ദുര്മന്ത്രവാദികൾ ആണെന്ന് പറഞ്ഞു അങ്ങനെ കുറെ ആളുകളെ കൊന്നു തള്ളി .

പിന്നെ ജൂതന്മാർക്കും മുസ്ലീങ്ങൾക്കും എതിരെ യുദ്ധം , സാമ്രാജ്യത്വം , അടിമത്തം , എന്നിവയൊക്കെ നല്ല കലക്കനായി ന്യായീകരിക്കാൻ ഒരു പ്രശ്നവും ആർക്കും ഉണ്ടായിട്ടില്ല . ഈ അടുത്ത കാലം വരെ .

എഡോ – ക്രിസ്ത്യാനികളുടെ നെഞ്ചത്തേക്ക് മാത്രം എന്തിനാ കേറുന്നത് എന്നല്ലേ ? അത് പിന്നെ എന്റെ കയ്യും കാലും അവിടെ തന്നെ ഇരിക്കുന്നതിൽ നിങ്ങക്ക് പ്രശ്നം ഒന്നുമില്ലല്ലോ . എനിക്കും അതാണിഷ്ടം .

എന്റെ പൊന്നു സഹോ – ഇപ്പോഴുള്ള മിക്ക സഭകളും നിലപാട് വളരെ മാറ്റി . പഴേ കാര്യങ്ങൾ ഒന്നും മിണ്ടുന്നില്ലെന്നേ ഉള്ളു . ചില നല്ല കാര്യങ്ങൾ ചെയ്യുന്നതും ഉണ്ട്. എന്ത് കൊണ്ട് ഇങ്ങനെ ഒരു മാറ്റം വന്നു ?

ക്രിസ്തീയ സഭകൾ പ്രബലമായ സ്ഥലങ്ങളിൽ ആളുകൾക്ക് വെളിവ് വന്നു തുടങ്ങി എന്ന് തന്നെ ആണ് ഉത്തരം . അത് മാത്രം ആണ് ഉത്തരം . ഈ വിശ്വാസങ്ങൾ ഒക്കെ പുനർനിർവചിച്ചില്ലെങ്കിൽ മൊത്തമായി ചവറ്റുകൊട്ടയിൽ വീഴും എന്നായപ്പോ ആണ് മാറ്റം വന്നത് .

ഇത് വരെ ഉണ്ടായിട്ടുള്ള എല്ലാ മതങ്ങളും ഇത് പോലാണ് . മതം മാറുന്നതിന് അനുസരിച്ച് മനുഷ്യൻ അല്ല ; മനുഷ്യൻ മാറുന്നത് അനുസരിച്ചാണ് മതങ്ങൾ മാറുന്നത് .

എന്ന് ഒരു മതത്തിന്റെ തൊണ്ണൂറ്റൊന്പത് ശതമാനം ആളുകളും –

“വിശുദ്ധ യുദ്ധ പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടിപ്പോവരുത് !” എന്ന് പറയുന്ന കാലം വരുന്നോ , അന്ന് അത് നന്നാവും . അപ്പോഴേ നന്നാവുള്ളു .
(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .