“മറുകരണം ഒരു പ്രാവശ്യം കാണിക്കാം. പിന്നെ വേണ്ട.”

“അസഹിഷ്ണുത കാണിക്കുന്ന എല്ലാരോടും ഫുൾ സഹിഷ്‌ണുത കാണിച്ചോണ്ടിരുന്നാൽ ഏത് സഹിഷ്ണുത ഉള്ള സമൂഹവും മൂ…..മൂ….”

ഇതാണ് കാൾ പോപ്പർ എന്ന ഒരു ചേട്ടൻ ഫിലോസഫർ പറഞ്ഞത് .

ഇത് ഇച്ചിരി ഓവർ ആയി എന്നു വിചാരിക്കുന്ന ചിലർ ഉണ്ട്. എന്നാൽ ഇതിനോട് ആലോചനാപൂർവം ഒരു മാതിരി യോജിക്കുകയാണ് ഞാൻ.

ഒരു കരണത്തടിച്ചാ മറ്റേ കരണം എപ്പോഴും കാണിച്ചു കൊടുത്താ അടിക്കുന്നവന്മാർ മാത്രമേ ലോകത്ത് കാണൂ. അടി കൊള്ളുന്നവന്മാർക്ക് നീതി പരലോകത്തെ കിട്ടൂ. പെട്ടന്ന് തന്നെ അവർ പരലോകം പൂവുകയും ചെയ്യും. അവസാനം കരണത്ത് അടിക്കുന്നവന്മാർ മാത്രം ബാക്കി ആവുകയും ലോകം മൊത്തം കരണത്തടി ഫാഷൻ ആവുകയും ചെയ്യും.

പരലോകം ഉണ്ടോ എന്നുറപ്പില്ലാത്തത് കൊണ്ട് തൽക്കാലം ഒരു കരണത്ത് ഒരടി വേണേൽ കൊള്ളാം. പിന്നേം അടിച്ചാൽ അടിച്ചവന്റെ നാഭിക്കിട്ട് ചവിട്ട് കിട്ടും എന്ന പേടി വേണം. എന്നാലെ മനുഷ്യർ നല്ലവരായി ഇരിക്കു. മനുഷ്യർ തൽക്കാലം അങ്ങനെ ഒക്കെ ആണ്.

അങ്ങോട്ടും ഇങ്ങോട്ടും ഓങ്ങി നിക്കുന്ന ന്യൂക്ലിയർ മിസൈലുകൾ തീർച്ചയായും ഇപ്പൊ അധികം യുദ്ധങ്ങൾ ഉണ്ടാവാത്തതിന് ഒരു കാരണം ആണെന്ന് നിസംശയം പറയാം.

ജനാധിപത്യ, സെക്കുലർ, രാഷ്ട്രങ്ങളെ കുറ്റം പറയാൻ എളുപ്പം ആണ്. അവരുടെ മേല്കോയ്മയെയും.

പണ്ട് സാമ്രാജ്യത്വം, കൂട്ടക്കൊല. ഇപ്പോഴും ചൂഷണം….ഹോ!!

ഒക്കെ ശരിയാണ്. പക്ഷെ പണ്ട് എല്ലാ സമൂഹങ്ങളും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു ഷ്‌ടോ. സ്വന്തം ഗ്രൂപ്പും ജാതിയും ഒക്കെ തന്നെ. വേറെ ഒന്നും നോക്കാൻ ആർക്കും തോന്നീട്ടില്ല.

ആധുനികത വന്നേ പിന്നെ ആണ് ഇതൊക്കെ ഉണ്ടായത്.

“ഛേ!! അപ്പൊ മത വാദത്തോട് എന്തൊരു അസഹിഷ്ണുത ആണിവർക്ക്!!”

“ഞങ്ങൾ മാത്രം ആണ് ബെസ്റ്റ് എന്ന് ഉള്ള സ്വത്വ വാദത്തോട് എന്താണ് ഇത്ര അസഹിഷ്ണുത?”

ഇതൊക്കെ ആണ് ചോദിക്കുന്നത്.

നമ്മുടെ രാജ്യത്ത് തന്നെ, സെക്കുലറിസവും ഇത്രേം ജനാധിപത്യവും വേണ്ടാ എന്നും ചിലർ.

എന്റെ പൊന്നു ബ്രോസ്, ബ്രീസ്.

ലക്ഷ കണക്കിന് ആളുകൾ ആണ് എല്ലാ കൊല്ലോം ഇവിടന്നു അന്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. സ്വന്തം മക്കളും ചെറുമക്കളും അവരുടെ മക്കളും വളരാൻ ആളുകൾ തിരഞ്ഞെടുക്കുന്നത് ഏതൊക്കെ രാജ്യങ്ങൾ ആണ്?

പോട്ടെ. നമുക്ക് ഒരു ചിന്താ പരീക്ഷണം നടത്താം. താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരൂ.

നിങ്ങൾ വേറൊരു രാജ്യത്തേക്ക് കുടിയേറാൻ ഉദ്ദേശിക്കുന്നു. കൂടെ മകളും മകളുടെ മകളും മാത്രമേ ഉള്ളു. വേറെ ആരും സഹായത്തിന് ഇല്ല. ചെറുമോൾക്ക് രാഷ്ട്രീയത്തിൽ ഒക്കെ താല്പര്യം ഉണ്ട്. അവൾക്ക് ഭാവിയിൽ ജനപ്രതിനിധി, ഗവർണർ, സെനറ്റർ, പോലുള്ള അധികാര സ്ഥാനങ്ങളിൽ എത്തണം എന്നുണ്ട്.

താഴെ പറയുന്ന ഏതൊക്കെ രാജ്യങ്ങളിലേക്ക് ആയിരിക്കും പോവാൻ താല്പര്യം?

അമേരിക്ക. പാകിസ്ഥാൻ
കാനഡ. ചൈന
ഓസ്ട്രേലിയ. അഫ്ഘാനിസ്താൻ
സ്വീഡൻ. ഇറാൻ
ഐയെർലൻഡ്. റഷ്യ
ഫിൻലൻഡ്‌ സിംബാംബ്‌വെ
ഫ്രാൻസ് സൗദി അറേബ്യാ

ഇനി ഒരു ചോദ്യം കൂടി.

നിങ്ങൾ ഒരു അന്യ രാജ്യത്ത് ജോലി ചെയ്യുന്നു. അവിടത്തെ ഒരു നാട്ടുകാരനുമായി നിങ്ങൾ ഉടക്കി. അയാൾ നിങ്ങളെ കള്ളക്കേസിൽ കുടുക്കി. വിചാരണ നേരിടണം. ഏത് രാജ്യങ്ങളിൽ ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് സ്വല്പം പ്രതീക്ഷ ഉണ്ട്?

അമേരിക്ക. പാകിസ്ഥാൻ
കാനഡ. ചൈന
ഓസ്ട്രേലിയ. അഫ്ഘാനിസ്താൻ
സ്വീഡൻ. ഇറാൻ
ഐയെർലൻഡ്. റഷ്യ
ഫിൻലൻഡ്‌ സൗദി അറേബ്യാ
ഫ്രാൻസ്. സിംബാംബ്‌വെ.

നിങ്ങൾ ഒരു അന്യ രാജ്യത്ത് ജോലി ചെയ്യുന്നു. അടിച്ചു ഫിറ്റ് ആയി ഒരു ദിവസം, ആ രാജ്യത്തെ ഏതോ ഒരു സാംസ്കാരിക, അഥവാ അധികാര ചിഹ്നത്തെ, അഥവാ നായകനെ നിങ്ങൾ കവലയിൽ നിന്ന് ചീത്ത പറയുന്നു. (ഉദാ: ട്രംപ്, ബിഡൻ, കുരിശ്, രാജാവ്, ആയതൊള്ള, പ്രവാചകൻ, കമ്മ്യൂണിസ്റ്റ് പാർട്ടി, ക്‌സി ജി പിംഗ് etc)

ആളുകൾ ക്ഷുഭിതനായി ചുറ്റും കൂടുന്നു.

ഏത് രാജ്യങ്ങളിൽ ആവണമേ എന്നാണ് നിങ്ങൾ ആശിക്കുന്നത്?

അമേരിക്ക. പാകിസ്ഥാൻ
കാനഡ. ചൈന
ഓസ്ട്രേലിയ. അഫ്ഘാനിസ്താൻ
സ്വീഡൻ. ഇറാൻ
ഐയെർലൻഡ്. റഷ്യ
ഫിൻലൻഡ്‌ സൗദി അറേബ്യാ
ഫ്രാൻസ്. സിംബാംബ്‌വെ.

ദാറ്റ് ഈസ് ഓൾ , യൂവർ ഓണർ.
(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .