ശരിയാ തിരുമേനി . ജീപ്പച്ചൻ വലിയ ഒരു സാംസ്കാരിക അഭിമാനി ഒന്നും അല്ല . രണ്ടായിരത്തഞ്ഞൂറു കൊല്ലം മുൻപ് മുതു മുതു മുത്തച്ചൻ സുശ്രുതച്ചായൻ നാസോ ലാബിയൽ ഫ്ലാപ്പും ആബ്സിസ് ഡ്രൈനേജുകളും തിമിരത്തിനു കൗച്ചിങ്ങും ചെയ്യുമ്പോ അന്ന് നമ്മൾ ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ ശസ്ത്രക്രിയാ പരമ്പരയുടെ ഉടമകൾ ആയിരുന്നെന്ന സത്യം ജീപ്പച്ചന് അറിയാൻ പാടില്ലാത്തത് ഒന്നുമല്ല .
അതിനു ശേഷം എ ഡി മുന്നൂറ് ആയപ്പോഴേക്കും ഒക്കെ കോഞ്ഞാട്ട ആയത് എന്ത് കൊണ്ടായിരുന്നു തിരുമേനി ? ആ ജാതി , ഈ ജാതി എന്ന് പറഞ്ഞു , മാമൂലുകളിൽ മുറുകെ പിടിച്ച് കാലത്തിന് അനുസരിച്ച് മുന്നോട്ട് നടക്കാത്തത് ആരുടെ തെറ്റാ തിരുമേനി ? അല്ല ഞാൻ ചുമ്മാ ചോയിക്കുവാ .
നമ്മൾ വാതം , പിത്തം , കഫം എന്ന് പറഞ്ഞ് നടന്നപ്പോ ഗ്രീസിൽ ഹിപ്പോക്രാറ്റസ് എന്ന ഇച്ചായനും മഞ്ഞപ്പിത്തം , കഫം , രക്തം എന്നൊക്കെ പറഞ്ഞു നടന്നതാ . അതൊക്കെ അനാട്ടമീം , ഫിസിയോളജിയും , പാത്തോളജിയും ഒക്കെ മനസിലാക്കിയപ്പം , ആധുനിക ശാസ്ത്രം അതിനെ ഒക്കെ എടുത്തു തോട്ടി കളഞ്ഞപ്പോ പിന്നേം പിന്നേം ഈ ഉഡായിപ്പുകളും കെട്ടിപ്പിടിച്ച് ഇരുന്നത് ആരെ ബോധിപ്പിക്കാനായിരുന്നു ?
ഒരു മുറിഞ്ഞ കൈ മര്യാദക്ക് തുറന്ന് വള്ളികളും ഞരമ്പുകളും കൊറച്ചെങ്കിലും വൃത്തിയായി നേരെ ആക്കാം എന്ന് കോൺഫിഡൻസ് വരാൻ ഒരു പതിനഞ്ചു വര്ഷം എടുത്തു തിരുമേനി . അപ്പോഴേക്കും പതിനേഴാം വയസ്സിൽ തുടങ്ങിയ കയില് കുത്തൽ മുപ്പത്തഞ്ചാം വയസിലേക്ക് കടന്നു . എന്നിട്ട് ഒരു പതിറ്റാണ്ടു കൂടി കഴിഞ്ഞിട്ടും പിന്നേം സ്വന്തം ഫീൽഡിൽ തന്നെ ഉള്ള പലതും ചെയ്യാൻ ഉള്ള അറിവില്ലായ്മ ഓപ്പൺ ആയി സമ്മതിക്കാൻ ജീപ്പച്ചന്റെ ജീവിതം ഇനിയും ബാക്കി .
ഞരമ്പ് , റെൻഡൻ റിപ്പയർ , ഹെർണിയ സർജറി , വയറു തുറക്കൽ , മുതൽ കണ്ണിന്റെയും ചെവിയുടെയും വരെ സർജറി ഒറ്റയടിക്ക് ചെയ്തു കളയുമത്രെ . എം ബി ബി എസു പോലും വേണ്ടാതെ .
മാസ്റ്റോയ്ഡക്ടമി ഒക്കെ ! എം എസ് ( ഇ . എൻ . ടി ) മിക്ക സ്ഥലത്തും കഴിഞ്ഞ ഉടനെ ഉള്ള ഒരാളോട് , ഡാ , ഡീ , പോയി മാസ്റ്റോയ്ഡക്ടമി ചെയ്യ് – എന്ന് പറഞ്ഞാൽ ഒന്നിനും രണ്ടിനും ഒരുമിച്ചു പോയി ഉണ്ടെർവെയർ നനയും തിരുമേനി , സത്യായിട്ടും നനയും .
ഒരു കണ്ണുഡോക്ടർ ചെയ്യേണ്ട ഒരുമാതിരി എല്ലാ സർജറിയും ആ ലിസ്റ്റിൽ കണ്ട് ജീപ്പച്ചന്റെ രണ്ടു കണ്ണും ഡിസ്നി സിനിമയിൽ പ്ലൂട്ടോയുടെ കണ്ണ് തള്ളി വന്ന പോലാ തള്ളിയത് . അത് ഇനി എങ്ങനെ തിരിച്ചിടും തിരുമേനി ? പറ തിരുമേനി ? ഇത്രേം നാൾ കണ്പോളയിലും മറ്റും കളിച്ചു നടക്കുമ്പോ പോലും കണ്ണിൽ ഒന്ന് തൊടേണ്ടി വരുമ്പോ ഹാർട്ട് പട പടാ ഇടിക്കും . പടപടാ .
ഹെൽത് സർവീസിൽ ജോലി ച്യ്ത ജീപ്പച്ചന്റെ അപ്പൻ കഷ്ടപ്പെട്ട് മുപ്പത്തഞ്ചാം വയസിൽ കണ്ണ് ഡോക്ടറായി ഈ പറഞ്ഞ എല്ലാം പഠിച്ചു ചെയ്യാറായപ്പോഴേക്കും പത്തു നാല്പത്തഞ്ചു വയസായി . കാറ്ററാക്ട് സർജറി , പല പലേ രീതിയിലും മാറി . ഉള്ളിൽ ലെന്സ് വെയ്ക്കുന്നതൊക്കെ അമ്പതു വയസ്സ് കഴിഞ്ഞു കഷ്ടപ്പെട്ടാ പഠിച്ചു ചെയ്ത് തുടങ്ങിയത് . അവസാനം ഫാക്കോ സർജറി ആയപ്പോഴേക്കും ഇനി അത് പഠിക്കാൻ ഇനി പറ്റില്ല എന്ന് പറഞ്ഞ് , പത്തറുപത് വയസായപ്പോ കണ്ണ് സർജറി നിർത്തി ചികിത്സ മാത്രം ആക്കിയതാ പുള്ളി. ഇപ്പൊ എഴുപത്തെട്ടു വയസായി . ഇപ്പഴും പടിചോണ്ട് ഇരിക്കയാ , തിരുമേനിയ്ക് അറിയാമോ, തിരുമേനി ?
ആളില്ലത്രേ ! ഇത്രേം കൊല്ലമായിട്ട് എന്തെങ്കിലും വ്യവസ്ഥിതി ഇവിടെ ഒണ്ടോ തിരുമേനി ? ചില കാര്യങ്ങൾ ചെയ്യാൻ ആളില്ലെങ്കിൽ വ്യവസ്ഥിതിയുടെ ഉള്ളിൽ നിന്ന് മേൽനോട്ടത്തിൽ ട്രെയിനിങ് പണ്ടേ കൊടുക്കേണ്ടതായിരുന്നു . ആശാ പ്രവർത്തകർക്കും പബ്ലിക് ഹെൽത്ത് നേഴ്സിനും മലേറിയയുടേത് പോലുള്ള അപകട കരമായ മരുന്ന് കൊടുക്കാൻ അധികാരം കൊടുത്തിട്ടും ഇവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ . അത് പോലെ വ്യക്തമായ നിർദേശങ്ങൾക്ക് വിധേയമായി , ഒരു നല്ല പൊതു ജന ആരോഗ്യ പദ്ധതിയുടെ ഭാഗമായി എന്തൊക്കെ ചെയ്യാം ?
കൊളനോസ്കോപ്പി ചെയ്യുന്ന നേഴ്സും , അപകട സ്ഥലത്ത് അനസ്തേഷ്യാ കൊടുത്ത് വെന്റിലേറ്ററിൽ രോഗിയെ ഇട്ട് ആസ്പത്രിയിൽ എത്തിക്കാൻ കഴിവുള്ള ആംബുലൻസ് ടെക്നീഷ്യനും ലോകത്ത് പലേടത്തും ഉള്ളത് തിരുമേനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടാണോ , തിരുമാലി , ഛെ , സോറി തിരുമേനി ?
അങ്ങനെ ആണെങ്കിൽ ഒരു മാതിരി എല്ലാ മരുന്നും കൊടുക്കാനും ഒക്കെ ലൈസൻസ് ഉള്ള ഡെന്റൽ ഡോക്ടർക്കും , ഇതേ സർജറികൾ എല്ലാം തന്നെ ചെയ്യാൻ അറിയാവുന്ന മൃഗ ഡോക്ടർക്കും നല്ല ട്രെയിനിങ് കൊടുത്ത് ഇത് പോലെ സർജൻ ആക്കിക്കൂടെ ? എന്തിന്, ഇപ്പൊ എം എം ബി എസ പാസായ മിക്കവർക്കും ഒരു സർജറിയും ചെയ്യാൻ അറിയാൻ പാടില്ല . ഇപ്പൊ സെർവീസിൽ ഉള്ളവർക്ക് ആറു മാസം ട്രെയിനിങ് കൊടുത്ത് , ഏറ്റവും അത്യാവശ്യമുള്ള സർജറികൾ ചെയ്യാൻ ട്രെയിനിങ് കൊടുക്കാൻ പാടില്ലേ ?
തിരുമേനി ഒരു കാര്യം മനസിലാക്കണം . പൗരാണിക തഴമ്പും ചന്തിയിൽ തപ്പിക്കൊണ്ടിരുന്നാൽ പുരോഗതി ഒന്നും ഉണ്ടാവില്ല . നമ്മെക്കാൾ രാജ്യസ്നേഹവും സ്വരാജ്യ കൂറും ഉള്ളവർ ആണ് ചൈനയിലും ജപ്പാനിലും തായ്വാനിലും ഒക്കെ . ഈ കേരളത്തിൽ ആദ്യമായി മൈക്രോസർജറി സ്ഥിരമായി ചെയ്ത ഡോക്ടർ ജയകുമാർ തായ്വാനിൽ ആണ് സായിപ്പ് കണ്ടുപിടിച്ച മോഡേൺ മൈക്രോസർജറി പഠിക്കാൻ പോയത് . അവിടെ പോയി പരിശീലിക്കാൻ അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും സായിപ്പന്മാർ ക്യൂ നിക്കയാ , ക്യൂ . അറിയാമോ തിരുമേനിക്ക് ?
ജീപ്പച്ചൻ പഠിച്ച സർജറി ടെക്സ്റ്റ് ബുക്കായ സായിപ്പ് പബ്ലിഷ് ചെയ്ത സെബിസ്റ്റണിൽ ഇരുപത് കൊല്ലം മുൻപേ ഉള്ള രണ്ടു ചാപ്റ്ററുകൾ ജീപ്പച്ചൻ ഓർക്കുന്നു :
സ്റ്റൊമക് ക്യാൻസർ – ജപ്പാൻകാരുടെ അനുഭവജ്ഞാനം .
ലിവർ കാൻസർ – ചൈനക്കാരുടെ അനുഭവജ്ഞാനം .
അത്ര അധികം മോഡേൺ മെഡിക്കൽ വർക്ക് ആ മേഖലകളിൽ അവർ ചെയ്തിട്ടുണ്ട് തിരുമേനി – സായിപ്പിന് അത് ഉൾപ്പെടുത്താതെ നിവർത്തി ഇല്ല എന്ന സ്ഥിതി വന്നത് തിരുമേനി ഓർക്കണം . ഇങ്ങനെ ആണ് തിരുമേനി പുരോഗമിക്കേണ്ടത് . അല്ലാതെ ഉഡായിപ്പുകൾ കൊണ്ടല്ല .
വല്യ അതി ഭീകര വാചകമടി മൊത്തം , ജനങ്ങക്ക് വേണ്ടി അല്ലെന്നും വെറും ഐഡിയോളജി മാത്രമേ ഇതിൽ ഒക്കെ ഉള്ളു എന്നും മനസിലായ അന്ന് തീർന്നതാ തിരുമേനി , ഈ ബഹുമാനം .
ശരിയാ , തിരുമേനി . ഈ ജീപ്പച്ചൻ ഇന്ന് ജീവിക്കാൻ വേണ്ട രീതിയിൽ വളഞ്ഞ ശാസ്ത്രം പഠിച്ചിട്ടില്ല . ഇനി പറ്റുമെന്നും തോന്നുന്നില്ല .
(ജിമ്മി മാത്യു )