സുഹൃത്തുക്കളേ. ഈ ഇതിഹാസം ആരംഭിക്കുന്നത് ആയിരക്കണക്കിന്, പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുന്നേ, ആര്യവർത്ത എന്ന സ്ഥലത്ത്, യാഗങ്ങളുടെ കാലത്ത്, മാമുനി കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന ഒരു പുണ്യ പുരാതന സമയത്ത് ആണ്;
എന്ന് നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. പാടെ തെറ്റി.
ഇതിപ്പോ പാലായിൽ റബ്ബറും ഇഞ്ചിയും വിളഞ്ഞിരുന്ന കാലത്ത്, അതിന്റെ വില ഇടിഞ്ഞു തുടങ്ങിയതിന് തൊട്ടു മുൻപ്, ജോൺ പോൾ മാർപാപ്പ മാപ്പ് മൊത്തം പറഞ്ഞു തീരുന്ന, എന്നാൽ ഇനിയും ബാക്കി ഉള്ള സമയത്ത് ആണ് നടക്കുന്നത്.
അന്ന് ആ നാട്ടിൽ അങ്ങ് മോളിലോട്ട് നോക്കിയാൽ ആകാശം. തൊട്ടു താഴെ റബ്ബർ മരങ്ങൾ. കടക്കൽ ഒട്ടുപാല് ഗ്ലു ഗ്ലു എന്നിറ്റുന്നത് ചിരട്ടകൾ ബ്ലും ബ്ലും എന്നേറ്റു വാങ്ങുന്നു. നിരപ്പേ നോക്കിയാൽ കുരുമുളക്, ജാതി, പലജാതി വേറെയും. താഴോട്ട് നോക്കിയാൽ മണ്ണ്. മണ്ണിനടിയിൽ കപ്പ. പിന്നെ ഇഞ്ചി.
ദേവസ്യചേട്ടന്റെ കയ്യിലും ഉണ്ട് മണ്ണ്. ത്രേസ്യാ ചേടത്തിയുടെ കയ്യിലും ഉണ്ട് മണ്ണ്. അതേ- കയ്യിൽ മണ്ണ് പറ്റാതെ മണ്ണൊന്നും തരൂല്ല. വായിൽ മണ്ണ് വീഴും. ങാ.
അത് കൊണ്ട് തന്നെ മക്കൾ അന്നക്കുട്ടിക്കും, അതിന്റെ കൊറേ ഏറെ താഴെ ഇച്ചിരി ലേറ്റ് ആയി വന്ന കുഞ്ഞു ചാക്കോക്കും വായിലൂടെ അത്യാവശ്യം നല്ല മീൻ വറ്റിച്ചതും ഞായറാഴ്ചയൊക്കെ നല്ല ഒന്നാന്തരം ഇറച്ചി കറിയും ചോറിന്റെയും കപ്പയുടെയും കൂടെ റെഗുലർ ആയി പ്രവേശിച്ചു. എന്നാലും കഷ്ടപ്പാട് തന്നെ.
അടുത്ത പള്ളിവക സ്കൂളിൽ കന്യാസ്ത്രീകൾ ഒക്കെ ഉത്സാഹിപ്പിച്ച് അന്നക്കുട്ടി പഠിച്ചു വളർന്നു. വളർന്നങ്ങു വന്നപ്പോഴേക്കും വീടൊക്കെ പഴേതായി. ഇച്ചിരി കടങ്ങൾ ഒക്കെ ഉണ്ട്.
അന്നക്കുട്ടിക്ക് അത്യാവശ്യം വിളവുണ്ട്. വിളവിനേക്കാൾ കൂടുതൽ മനസാക്ഷി ഉണ്ട് എന്നതാണ് പ്രശ്നം. പലപ്പോഴും പെണ്ണുങ്ങൾ അങ്ങനാണല്ലോ. വിളവ് ഇല്ലാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ അത്യാവശ്യം ഉള്ളത്. ആർക്ക്?- അങ്ങനൊന്നുമില്ല. മനസാക്ഷി ഇല്ലാത്തതിനെക്കാൾ നല്ലതാണല്ലോ ധാരാളം ഉള്ളത്. ആർക്ക്? മറ്റുള്ളവർക്ക്- അല്ലാതാർക്ക്?
പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു അന്നക്കുട്ടി. ഗണിതം അനായാസം. സി എ കാരി ആവാനായിരുന്നു പൂതി. എങ്കിലും ആരൊക്കെയോ നിർബന്ധിച്ച് ബയോളജി മാത്രം ഉള്ള സയൻസ് ഗ്രൂപ്പ് എടുപ്പിച്ചു. പ്രീ ഡിഗ്രി കഴിഞ്ഞു. ഒരു കൊല്ലം കൂടി എൻട്രൻസ് എഴുതിയാൽ മെഡിസിന് കിട്ടിയാലോ? ആശക്ക് അന്നക്കുട്ടി കുറവൊന്നുമില്ല. ഛെ ….അന്നക്കുട്ടിക്ക്. ആശക്ക് കുറവൊന്നുമില്ല.
ഏയ്. അതൊന്നും വേണ്ടാ. നേഴ്സിങ്ങിന് വിട്ടാൽ മതി. സീ. നമ്മൾ നമ്മുടെ അവസ്ഥ മനസിലാക്കണം. ഓരോരുത്തരും അവരവരുടെ അവസ്ഥ മനസിലാക്കണം. നിക്കുന്ന മണ്ണറിഞ്ഞ് ചാടണം. എല്ലാരും പറഞ്ഞു.
ആരാണ് ഈ എല്ലാരും? അമ്മായിമാർ, അമ്മാവന്മാർ. ചിറ്റപ്പൻ, ചിറ്റമ്മ. എളേപ്പൻ, എളേമ്മ, റബർ വെട്ടുകാരൻ പൗലോസ്, പിന്നെ കവലയിൽ ചായക്കട നടത്തുന്ന പീറ്റരേട്ടൻ. പിന്നെ അയലത്തെ സരള, കരോട്ടെ ദാമു, പിന്നെ കൊടിച്ചിപ്പട്ടി നീലാണ്ടൻ, ‘ഛീ പൂച്ച!’ എന്ന് വിളിക്കുന്ന പൂച്ച. കണ്ടത്തിലെ മുഴി. വരമ്പത്തെ മാക്കാച്ചി.
“പേക്രോം, പേക്രോം. നേഴ്സിങ് മതി. കുടുംബം രക്ഷപ്പെടേണ്ടേ?”
അതായത് ഒരു ഗ്രാമം മുഴുവൻ സ്നേഹപുരസ്സരം എടുക്കുന്ന തീരുമാനങ്ങൾ അനുസരിക്കാൻ പൂർണമായ സ്വാതന്ത്ര്യം നമ്മുടെ ചെറുപ്പക്കാർക്ക് കൊടുക്കുന്ന ഒരു മോഡേൺ സമൂഹമാണല്ലോ നമ്മുടേത്.
ഇതാണ് പ്രശ്നം. പറയുമ്പോ ചുരുക്കി പറയണല്ലോന്നോർക്കും. പക്ഷെ മറന്നു പോവും. അപ്പൊ നമുക്ക് അന്നക്കുട്ടി നേഴ്സ് ആയതും എക്സ്പീരിയന്സിന് ഏതോ ആശുപത്രയിൽ നക്കാപ്പിച്ചക്ക് പട്ടിപ്പണി എടുത്തതും ഐ എൽ ടി എസ് പാസാവാൻ തല അൾസർ ആക്കിയതും വിസയ്ക്ക് നെട്ടോട്ടം അഞ്ഞൂറ് മീറ്റർ ഹർഡിൽസ് ചാടിയതും നമുക്ക് ഫാസ്റ്റ് ഫോർവേർഡ് ചെയ്തു വിടാം.
ആകെ ഒന്നര ഏക്കർ സ്ഥലമേ ഉള്ളു. രണ്ടേ രണ്ടു മക്കൾ ആയത് കൊണ്ടാണ് ഇത്രെമെങ്കിലുമൊക്കെ അന്നക്കുട്ടിയുടെ അപ്പനും അമ്മയ്ക്കും ചെയ്യാൻ പറ്റിയത് കേട്ടോ. പറയുമ്പോ ഒക്കെ പറയണമല്ലോ.
നമ്മൾ നോക്കുമ്പോ മോൾ യൂ കെ യിൽ ജോലി ചെയ്യുന്നു. പൗണ്ട് ശറപറാ ഒഴുകുന്നു. ആഹഹാ, എന്ത് രസം.
തൊണ്ണൂറു കിലോ ഉള്ള സായിപ്പിനെ തിരിച്ചു കിടത്തി പുറകിൽ തുടച്ച് മലവും മൂത്രവും എടുക്കുന്നതും മദാമ്മ മേട്രണുകളുടെ കണ്ണുരുട്ടൽ സഹിക്കുന്നതും പിറന്ന നാടിനെ ഓർത്ത് കരയുന്നതും പ്രീ ഡിഗ്രിക്ക് കൂടെ പഠിച്ച ജോണിയെ ഓർത്ത് തേങ്ങുന്നതും ആഢ്യ സായിപ്പന്മാർ പൊട്ടിപ്പിള്ളേരെ പോലെ കരുതുന്നതും ഊള സായിപ്പന്മാർ വല്ലപ്പോഴുമാണെങ്കിലും കാർക്കിച്ചു തുപ്പുന്നതും നമ്മൾ അറിയുന്നില്ല.
അയക്കുന്ന പൗണ്ടുകൾ ഒരു ഇച്ചിരി ഭേദപ്പെട്ട രണ്ടു നില വീടായിട്ട് ഉയരുന്നതും കുഞ്ഞു ചാക്കോ ബൈക്കിൽ ഒരു വഹ പഠിക്കാതെ ഓക്സ് കളിച്ചു നടക്കുന്നതും മാത്രമേ നമ്മൾ കാണുന്നുള്ളൂ.
അന്നക്കുട്ടിക്ക് വയസ് ഇങ്ങനെ ഏറി വരുന്നതും പഴേ അനുസരണസ്വഭാവം മൂലം ചുണ്ടുകൾ ചുടു ചുംബന രഹിതമായി നിലനിൽക്കുന്നതും അവളെ അലട്ടി തുടങ്ങിയിട്ടും അപ്പനും അമ്മയ്ക്കും വല്യ അലട്ടൽ ഇല്ലായിരുന്നു കേട്ടോ. എങ്കിലും ഒരു മുപ്പത്തഞ്ചു വയസായപ്പോ അന്നക്കുട്ടിയെ കെട്ടി- ഒരു പത്തിരുപത്തഞ്ചു മൈൽ അപ്പുറത്ത് ഉള്ള ജോർജൂട്ടി. ജോർജൂട്ടിക്കും ഓക്സ് പ്ളേ തന്നെ ആരുന്നു പ്രധാന പരിപാടി. എന്നാലും ഇംഗ്ലണ്ടിൽ ചെന്നാൽ ജോലി കിട്ടിയാലോ? അന്നക്കുട്ടിയുടെ കൂടെ പോവുക തന്നെ.
സംഭവം എന്താണെന്നു വെച്ചാൽ, കളിക്കാനാണെങ്കിൽ ഇരട്ടി മുഴുപ്പും ശേലുമുള്ള കാളകൾ ഇംഗ്ളണ്ടിലും ഉണ്ട്. അങ്ങനെ കുറെ നാൾ പോയി. ജാനെറ്റ് എന്ന മോൾ ഉണ്ടായി. നാട്ടിൽ ജോർജൂട്ടീടെ വീടും പുതുക്കി പണിതു. പുള്ളീടെ അനിയനും ബൈക്കിൽ നടന്നു.
ഒരു അൻപത് വയസായപ്പോ തൊട്ട് ജോർജൂട്ടി നാട്ടിൽ വന്നു ഇടക്കിടക്ക് നിൽപ്പായി. ചുമ്മാ അവിടെ നിന്ന് ബോറടിക്കണ്ടല്ലോ. അത്രേ ഉള്ളു. പിന്നെ ഇച്ചിരി ചീട്ടു കളിക്കാം. സ്കോച് ഇല്ലേലും കൊട്ടുവടി കിട്ടും.
അളിയൻ കുഞ്ഞു ചാക്കോ ആണ് ആദ്യം ധ്യാനത്തിന് പോയത്. പിന്നെ ജോർജൂട്ടിയെയും കൊണ്ടുപോയി. ഒരു പ്രാവശ്യം പോയി, രണ്ടു പ്രാവശ്യം പോയി. പിന്നെ ഒരു അഞ്ചാറ് പ്രാവശ്യം പോയപ്പോഴേക്കും ജോർജൂട്ടിയുടെ അകക്കണ്ണുകൾ തുറന്നു.
ആൾ നന്നായി. കുഞ്ഞു ചാക്കോ പണ്ടേ നന്നായതാണ്. വാട്ട് കപ്പയും അച്ചാറും കൂട്ടി വാട്ടീസടി രണ്ടും നിർത്തി. വാട്ട് കപ്പ വിട്ട് ഫുൾ ടൈം വാട്ട്സാപ്പിൽ ആയി. ആര്യാവർത്തയുടെ ആൾക്കാർ കുറെ ഇറക്കുന്നുണ്ട്; പിന്നെ ഹോം മെയ്ഡ് ഐറ്റെംസ് വേറെയും ഉണ്ട്. ഒക്കെ വായിച്ചു പഠിച്ചു. പ്രബുദ്ധരായി.
കംപ്ലീറ്റ് പ്രബുദ്ധത കൈ വന്നു കഴിഞ്ഞപ്പോ ജോർജൂട്ടിക്ക് ചില കാര്യങ്ങൾ മനസിലായി.
സ്വന്തം കാര്യങ്ങൾ മാത്രം നോക്കി നടന്നാൽ പോരാ.
നസ്രാണി ഖത്തർ മേ ഹേ.
നമ്മൾ വംശ നാശ ഭീഷണി നേരിടുന്നുണ്ട്. പിന്നെയും പല ഭീഷണികളും ഉണ്ട്. പല ശത്രുക്കളും ഉണ്ട്.
നമുക്ക് പ്രവർത്തിച്ചേ മതിയാകൂ.
കോളേജിൽ പോവാറായ ജാനെറ്റിനെ എങ്ങനെ എങ്കിലും നാട്ടിൽ എത്തിക്കണം. അവിടെ നിന്നിട്ട് എന്ത് കാര്യം? സംഭവം അവിടെ പണ്ട് ക്രിസ്ത്യൻ രാജ്യം ആയിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഇപ്പൊ മോറൽ സൈഡ് വീക്കാ. ജാനെറ്റ് പെണ്ണല്ലേ? ഇത്ര മാത്രം പഠിച്ചിട്ടെന്തിനാ? എന്തായാലും ഒരിക്കൽ കെട്ടിച്ച് വിടണ്ടേ?
അവൾ നാട്ടിൽ വന്ന് നിക്കട്ടെ. ഒരു അഞ്ചാറ് കുട്ടികൾ അവൾക്കുണ്ടായാൽ പുളിക്കുമോ? ആറാമത്തെ കുഞ്ഞിന്റെ മാമോദീസ ബിഷപ്പ് തന്നെ വന്നു നടത്തൂല്ലേ? ആഹാ, അന്തസ്സ്!
സംഭവം ഓരോ പ്രാവശ്യം ഫോൺ വിളിക്കുമ്പോഴും ഇതൊക്കെ ജോർജൂട്ടി അന്നക്കുട്ടിയോട് പറയും. അവക്ക് എന്തോ ഒരു മൈൻഡ് ഇല്ലാത്ത പോലെ. അവസാനം സഹി കെട്ട് ജോർജൂട്ടി ഫോണിലൂടെ അലറി:
“ഡീ അന്നക്കുട്ടീ! നീയും വാടി ഇവിടെ, അലവലാതി. നിനക്ക് എന്നാ ഒക്കെയോ ഒരു പൈശാചികബന്ധനങ്ങൾ ഒക്കെ ഒണ്ട്. എല്ലാം കൈ തലയിൽ വെപ്പിച്ച് പ്രാർത്ഥിച്ച് മാറ്റണം. മതി ജോലി ഒക്കെ. ഇങ്ങോട്ട് അടുത്ത ഫ്ളൈറ്റിൽ മോളേം കൊണ്ട് ഇങ് പോന്നേക്കണം; കേട്ടല്ലോ. ഞാൻ ഇനി അങ്ങോട്ട് വരുന്നില്ല. ലാസ്റ്റ് വാർണിംഗാ.”
ങ്ങാഹാ. അച്ചായന്മാരോടാണ് അവടെ കളി! കാണിച്ചു കൊടുക്കാം.
പിന്നെ കുറെ നാൾ അനക്കം ഒന്നുമില്ല. ഫോൺ കിട്ടുന്നില്ല. വാട്സാപ്പും മെസഞ്ചറും ഒന്നും ഇല്ല. ജോർജൂട്ടി ബേജാറായി.
ദിനങ്ങൾ ക്ളോക്കിൽ ടിക് ടിക് എന്ന് കടന്നു പോയി. സോറി കലണ്ടറിൽ.
അങ്ങനെ ഇരിക്കുമ്പോൾ ഒരു പാർസൽ ഇന്റർനാഷണൽ കൊറിയറിൽ വന്നു. അങ്ങ് ഇൻഗ്ലണ്ടിൽ നിന്നാണ്!
എല്ലാരും ചുറ്റും കൂടി. പാർസൽ തുറന്ന് തുറന്നു വന്നപ്പോ മൂന്നു ചെറിയ സാധനങ്ങളെ ഉള്ളിന്റെ ഉള്ളിൽ ഉള്ളു.
പിഴിഞ്ഞ് ഉണങ്ങിയ ഒരു ചെറു നാരങ്ങാത്തോണ്ട്.
ഒരു ചെറിയ ഫോർക്ക്.
ഒരു ലോലിപോപ്പ് അഥവാ കോലുമിട്ടായി.
അപ്പൂപ്പന്മാരും അമ്മൂമ്മമാരും അന്തം വിട്ടു. കുഞ്ഞു ചാക്കോ മിഴിച്ചു നിന്നു. ജോർജൂട്ടി അദ്ഭുതം കൂറി.
“ദേ- അകത്ത് അന്നക്കുട്ടീടെ എഴുത്തുണ്ട്.” ചാക്കോയുടെ കെട്ടിയോൾ പറഞ്ഞു. ജോർജൂട്ടി അത് തുറന്നു വായിച്ചു.
“പ്രിയ അച്ചായൻ അറിയുന്നതിന്.
കൂടുതൽ ഒന്നും പറയാനില്ല. അച്ചായന്റെ വിഷമം ഞാൻ മനസ്സിലാക്കുന്നുണ്ട്. അതിന് അത്യാവശ്യം വേണ്ട ചില കാര്യങ്ങൾ ചെയ്യാനാണ് ഈ സാമഗ്രികൾ.
ചെറുനാരങ്ങാ തൊണ്ട് നന്നായി പിഴിഞ്ഞ് നോക്ക്. ചിലപ്പോ ഇനീം ബാക്കി കാണും.
ഫോർക്- തിന്നിട്ട് എല്ലിന്റെ എടേൽ കുത്തുമ്പോ തോണ്ടി എടുക്കാൻ ഉള്ളതാണ്.
പിന്നെ ലോലിപ്പോപ്പ്. അത് വായിൽ ഇട്ടിട്ട്….അല്ലേൽ വേണ്ട. എന്ത് ചെയ്യണം എന്ന് അച്ചായന് അറിയാമല്ലോ.
പി എസ്: ഒരു പാർസൽ കൂടി വരുന്നുണ്ട്. കെട്ടുതാലി. സൂക്ഷിച്ചു വെച്ചേക്കണേ.” (ജിമ്മി മാത്യു