ജോർജ് ഈസ്റ്റ്മാൻ സ്വന്തം ജീവനെടുത്തത് എന്തിന്? അഡോൾഫ് ഫിഷർ തൂക്കിക്കൊല്ലാൻ കൊണ്ട് പോയപ്പോ സന്തോഷിച്ചത് എന്തിന്?

അഥവാ- ഞാൻ ആരാണെന്ന് നിനക്ക് ഒരു ചുക്കും അറിയില്ല:

——————————————————

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്താണ് ആ ചുള്ളൻ ചെക്കൻ, മിടുമിടുക്കൻ- ഡ്രൈ ഫോട്ടോഗ്രാഫി എന്ന സാധനം കണ്ടുപിടിക്കുന്നത്. പുള്ളീടെ പുതിയ കൊഡാക് കാമറ കൊണ്ടെടുത്ത പടങ്ങൾ കണ്ട്‌ ആളുകൾ അന്തം വിട്ടു, കണ്ണുകൾ ബൾബാക്കി, തുള്ളിച്ചാടി. ജോർജ് കുട്ടൻ ഒറ്റയടിക്ക് ലോകത്തെ ഏറ്റവും പണക്കാരിൽ ഒരാളായി.

വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന ഒരു മുതലാളി ആയിരുന്നു ജോർജ്. അന്നത്തെ കണ്ണിൽ ചോരയില്ലാത്ത തൊഴിലിടങ്ങളിൽ ജോർജിന്റെ ഫാക്ടറി വേറിട്ട് നിന്നു. അവിടെ തൊഴിലാളികൾ  സമാധാനപരമായി ചുരുക്കം മണിക്കൂറുകൾ ജോലി ചെയ്തു. റിട്ടയർമെന്റ്, ഡിസബിലിറ്റി, ലൈഫ് ഇൻഷുറൻസ്, ലാഭവിഹിതം എന്നിവ അവർ ആദ്യമായി അനുഭവിച്ചു. അവസാനം കമ്പനി സ്റ്റോക്കിന്റെ വലിയൊരു ഭാഗം തൊഴിലാളികൾക്കായി വീതിച്ചും കൊടുത്തു.

 ലോകം മൊത്തം അങ്ങേരുടെ അപദാനങ്ങൾ പാടി. വ്യക്തിജീവിതത്തിലും ജോർജേട്ടന് ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. സാർത്ഥക ജീവിതം. കുറെ നാൾ ജീവിച്ചു.

അത് കൊണ്ടാണ് 1932 മാർച്ച് 14 ന് ആളുകൾ ഞെട്ടിയത്. ഈ മഹദ് വ്യക്തി ഓഫീസിൽ ഇരുന്ന് ചെറിയ ഒരു കുറിപ്പ് എഴുതി. പേന അടച്ചു വെച്ചു. ഒരു സിഗരറ്റ് വലിച്ചു.

പിന്നെ സ്വന്തം നെഞ്ചത്തോട്ട് ചെറുതായി ഒന്ന് വെടി വെച്ചു- ഠോ!

ഡിം- ആള് പോയി. അത് പിന്നെ പോകുമല്ലോ.

ജോർജ് വല്യ ആളാവുന്നതിന് കുറച്ചു മുന്നേ ആണ് അഡോൾഫ് ഫിഷർ അതേ സ്ഥലത്ത് ജീവിച്ചിരുന്നത്. ഒരു സാദാ ചെറു പത്രപ്രവർത്തകൻ. ചിക്കാഗോയിലെ അന്നത്തെ തൊഴിലാളികൾക്ക് വേണ്ടി ഇടയ്ക്കിടെ ശബ്ദമുയർത്തിയിരുന്നു എന്നൊരു കുറ്റമേ പുള്ളി ചെയ്തുള്ളു. വളരെ ദയനീയമാണ് അന്നത്തെ തൊഴിലാളികളുടെ അവസ്ഥ. അന്നൊരിക്കൽ ഒരു പ്രക്ഷോഭം കുറച്ച് അക്രമാസക്തമായി. അഡോൾഫ് ആ പ്രദേശത്തേ ഉണ്ടായിരുന്നില്ല. പക്ഷെ അന്നത്തെ രാഷ്ട്രീയ നേതൃത്വവും ഫാക്ടറി മുതലാളിമാരും കൂടി പുള്ളിയെ കുടുക്കി. കോടതി വധശിക്ഷക്ക് വിധിച്ചു. കഴുവിൽ ഏറ്റുന്നതിന് തൊട്ട് മുന്നേ പുള്ളി അവസാനവാക്കുകൾ പറഞ്ഞു:

“ഇന്ന് എന്റെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ്!”

എന്നിട്ട് കുടുക്ക് എടുത്ത് കഴുത്തിലിട്ടു.

ഞാൻ പറഞ്ഞത് ഇത്രേയുള്ളൂ. കാൽക്കാശിനു വകയില്ലാതെ, ഒരു ക്രിമിനലായി മുദ്ര കുത്തപ്പെട്ട്, തൊഴിലാളികൾക്ക് വേണ്ടി പോരാടിയിട്ടും അതിലും ഒരു ചുക്കും നടപ്പാക്കാൻ പറ്റാത്ത ഒരുത്തൻ മരിക്കാൻ നേരത്ത് എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്?

എന്ത് കൊണ്ടും മിടുമിടുക്കനായി ആയുഷ്ക്കാലം മുഴുവൻ ജീവിച്ച, ഒരു മനുഷ്യസ്നേഹിയായ ജോർജേട്ടൻ എന്തിന് സ്വയം മരിച്ചു? 

നമ്മുടെ പ്രശ്നം എന്താന്നറിയോ? ഞാനീ പറഞ്ഞ രണ്ടോ മൂന്നോ വാചകങ്ങൾ തരുന്ന വിവരങ്ങളുടെ ബലത്തിൽ ഇവർ രണ്ടു പേരുടെയും മൊത്തം ജീവിതങ്ങളെ ഒറ്റയടിക്ക് അളന്നിടാൻ നമുക്ക് പറ്റുന്നു എന്ന തോന്നലാണ്.

ഞാൻ ഒരു പത്തു പൈസ ഇല്ലാത്ത ഒരു പുതുകുടിയേറ്റക്കാരനാണ് എന്ന് കരുതുക. വരുമ്പോ അനുഭവിക്കുന്നത്  തൊഴിലിടങ്ങളിലെ പീഡനമാണ്. എങ്ങനെയോ ഒരു പത്രത്തിൽ കേറി എന്തൊക്കെയോ ആത്മരോഷം കൊണ്ട് എഴുതിയൊക്കെ നോക്കുന്നു. ഉള്ളിൽ കനൽ എരിയുന്നു. എന്ത് കാര്യം? വ്യർത്ഥജീവിതം. അങ്ങനെ പോകുമ്പോഴാണ് ഒരു ലഹള നടക്കുന്നത്. സമരബുദ്ധിജീവിയായി മുദ്ര കുത്തപ്പെടുന്നു, വാർത്തകളിൽ നിറയുന്നു, ആളുകൾ ചർച്ച ചെയ്യുന്നു….ആകെ ജഗപൊഗ. വീരരക്തസാക്ഷി ആവാൻ പോകുന്നു! എന്തോ ചെയ്യാൻ സാധിച്ചു എന്ന തൃപ്തി. ഞാൻ പറഞ്ഞതൊക്കെ ഇനി ആളുകൾ ശ്രദ്ധിച്ചാലോ? വാക്കുകൾ വെറുതെയായില്ല.

സന്തോഷം!

അഡോൾഫിന്റെ ജീവിതത്തെ കുറിച്ച് മുഴുവനും അറിഞ്ഞാൽ ഇങ്ങനെയും ചിന്തിക്കാം!

ഇനി വേറൊരു ഞാനെ നോക്കാം. ഞാൻ ഇങ്ങനെ എഴുപത്തേഴു വയസായി ഇരിക്കയാണ്. എന്റെ കണ്ടുപിടിത്തം ലോകം മൊത്തം ആസ്വദിക്കുന്നു. കാശ് ഒത്തിരി ഉണ്ടാക്കി, നല്ല കാര്യങ്ങൾ ഒത്തിരി ചെയ്തു. കാശ് കൊണ്ട് നാടിനും നാട്ടുകാർക്കും ഗുണമുണ്ടാക്കി. ചെയ്യാൻ ഉള്ളതെല്ലാം ചെയ്തു. ലോകം മൊത്തം കണ്ടു. കുറെ നാളായി നട്ടെല്ലിനെ ബാധിച്ച ഗുരുതര രോഗം അലട്ടുന്നു. ഒന്നും ചെയ്യാൻ പറ്റാത്ത ഒരവസ്ഥ.

അല്ലെങ്കിലും ഇനി എന്ത് ചെയ്യാൻ? ഒന്നും ബാക്കിയില്ല.

ഒരു ദിവസം ഞാൻ എന്റ്റെ മേശയിൽ ഇരുന്ന് പേന തുറക്കുന്നു; എഴുതുന്നു:

“സുഹൃത്തുക്കളേ- എന്റെ ജോലി കഴിഞ്ഞു. ഇനി എന്തിന് കാത്തിരിക്കണം?”

സ്വന്തം ലുഗർ ഓട്ടോമാറ്റിക് പിസ്റ്റൾ എടുക്കുന്നു. സ്വന്തം നെഞ്ചത്തേക്ക് ചൂണ്ടുന്നു:

പിഷ്‌ക്യൂ …..

ജോർജേട്ടനെ മുഴുവൻ മനസിലാക്കിയാൽ ചിലപ്പോ ഇതായിരിക്കും നിങ്ങൾ കാണുന്നത്.

അപ്പൊ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ, ഞാൻ ആരാണെന്ന് നിങ്ങൾക്ക്  ഒരു ചുക്കും അറിയില്ല എങ്കിൽ,

എന്നെ മനസിലാക്കാൻ പാടാണ്. ആർക്കും ആരെയും മുഴുവനായി മനസ്സിലായിട്ടും ഇല്ല.

ആരെയും വിധിക്കണ്ട.

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .