അപ്പൊ ആകെക്കൂടി ഏകദേശം പതിനാലു ബില്യൺ വർഷങ്ങൾക്കു മുൻപ് ആണല്ലോ ഈ മഹാ പ്രപഞ്ചം ഉണ്ടായി വികസിക്കാൻ തൊടങ്ങീത് . ഞൊടിയിടയിൽ മൊത്തം ഹൈഡ്രജൻ ആറ്റങ്ങൾ കൊണ്ട് നിറഞ്ഞു . പിന്നെ ഒരിച്ചിരി ഹീലിയം , വളരെ കുറച്ച് ലിഥിയം , ബെറിലിയം . ഇത്രേ ഉള്ളു . വേറെ ഒന്നും ഇല്ല . ഇങ്ങനെ ഗ്യാസ് നിറഞ്ഞു ഇരിക്കയാണ് . വളരെ നേർപ്പിച്ച ഗ്യാസ് . അത് ശൂന്യതയിൽ ചാലിച്ച് ഇരിക്കുന്നു .
ആദ്യത്തെ പൊട്ടൽ ഇല്ലാത്ത തെറിയുടെ ചൂടും ചൂരും അവസാനിച്ചു . പിന്നെ ഒരു വെറും 20 കോടി വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും , പിന്നേം പ്രകാശം പരന്നു – അതെങ്ങനെ ?
സീ – ക്വണ്ടം ഫ്ലാക്ച്ചുഏഷനുകൾ എന്ന ഒരു സംഭവം ഉണ്ട് . പേടിക്കണ്ട . നമുക്ക് ക്വണ്ടം ഏഷണികൾ എന്ന് വിളിക്കാം . അതായത് , ഈ ഗ്യാസ് മൊത്തം പ്രപഞ്ചത്തിൽ നിറഞ്ഞിരിക്കയാണല്ലോ . ഒരേ തോതിൽ ആണ് എല്ലായിടത്തും നിറഞ്ഞിരിക്കുന്നത് . പക്ഷെ ഈ ഏഷണികൾ എന്ന പ്രതിഭാസം കാരണം , ചില ഇടങ്ങളിൽ വളരെ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. അതായത് , ചില സ്ഥലങ്ങളിൽ ഹൈഡ്രജൻ ആറ്റങ്ങൾ തമ്മിൽ കൂടുതൽ അടുത്താണ് ഇരിക്കുന്നത് .
ഗുരുത്വആകര്ഷണം എന്ന സാധനം ചുമ്മാ ഇരിക്കുമോ ? എല്ലാത്തിനെയും തമ്മിൽ ആകർഷിക്കുക എന്നതാണല്ലോ അതിന്റെ ധർമം . ദേ കുറെ ആറ്റങ്ങൾ അവിടവിടായി ഒട്ടിപ്പിടിച്ചു കഷണങ്ങൾ ആവുന്നു ! നമ്മുടെ ഈ പാലൊക്കെ പിരിഞ്ഞു പോകുന്നത് പോലെ .
അങ്ങനെ , പതുക്കെ ഹൈഡ്രജൻ മേഘങ്ങൾ ഉണ്ടായി . അടുത്തുള്ള ആറ്റങ്ങളെ പിന്നെയും വലിച്ചു തിന്നു . മേഘങ്ങളുടെ നടുക്കോട്ട് ഇങ്ങനെ വലിക്കയാണ് ഗ്രാവിറ്റി എന്ന ഗുരുത്വം . ഉള്ളിൽ ഭീകര മർദ്ദം . ഇങ്ങനെ ചുരുങ്ങി വരുന്നു .
പെട്ടന്ന് ഇതിന്റെ നടുക്ക് ഭീകര ചൂട് , മർദ്ദം എന്നിവയാൽ , ഹൈഡ്രജൻ ആറ്റങ്ങൾ ചേർന്ന് ഹീലിയം ഉണ്ടാകുന്നു . ന്യൂക്ലിയർ ഫ്യൂഷൻ . ഹൈഡ്രജൻ ബോംബ് ആണ് ഉണ്ടായിരിക്കുന്നത് . കുറച്ച് സാധനം ഊർജ്ജമായി . ഈ പിണ്ഡം എന്ന സാധനം ഊർജം ഘനീഭവിച്ചത് ആണല്ലോ .
ടമാർ , പടാർ . ലൈറ്റ് ! പ്രകാശം ! പിന്നെ എക്സ് റേ , ഗാമ റേ , റേഡിയോ കിരണങ്ങൾ . എല്ലാം ഇലക്ട്രോ മാഗ്നെറ്റിക് കിരണങ്ങൾ – പുറത്തോട്ട് തെറിച്ചു .
അകത്തോട്ട് ഗ്രാവിറ്റി വലിക്കുന്നു . അകത്തൂന്ന് ഹൈഡ്രജൻ ബോംബ് പൊട്ടി എല്ലാം പുറത്തേക്ക് തെറിക്കാൻ വെമ്പുന്നു . രണ്ടും ബലാ ബലം .
ഫലം – ഈ ഹൈഡ്രജൻ ഗോളം നിന്ന് കത്തുന്നു . ഇന്ധനം – ഹൈഡ്രജൻ .
ടം ടം ടം – പ്രപഞ്ചത്തിൽ അവിടവിടായി ലൈറ്റുകൾ ഇട്ട പോലെ നക്ഷത്രങ്ങൾ കത്തുന്നു . വെളിച്ചം പിന്നേം തെളിയുന്നു .
നക്ഷത്രങ്ങൾ കൂട്ടങ്ങൾ ആകുന്നു – ഗാലക്സികളും , ഗാലക്സി കൂട്ടങ്ങളും .
നക്ഷത്രങ്ങൾ മൂലക ഫാക്ടറികൾ ആണ് . ഇല്ലെങ്കിൽ നമ്മൾ എങ്ങനെ ഉണ്ടാവും ?
ങേ – കൺഫ്യൂഷൻ ആയല്ലേ .
കാർബൺ , നൈട്രജൻ , ഓക്സിജൻ , അങ്ങനെ ഒക്കെ അനേക ദശം മൂലകങ്ങൾ കൊണ്ടാണ് ജീവികളെ ഉണ്ടാക്കിയിരിക്കുന്നത് . മൂലകങ്ങൾ ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു – പ്രോടീനുകൾ , ഡി ൻ എ , ഒക്കെ .
ഇതൊക്കെ എവിടന്നു വന്നു ?
വലിയ തെറി എന്ന ബിഗ് ബാങ് ൽ നിന്നും ആകെ ഹൈഡ്രജനും ഹീലിയവും ഒക്കെ അല്ലെ ഉണ്ടായുള്ളൂ ?
അതേ – ഈ നക്ഷത്രങ്ങൾ കൊല്ലന്റെ ഉല പോലാണ് . ഹൈഡ്രജൻ ആറ്റങ്ങൾ തമ്മിൽ ഉരുക്കി ചേർക്കുന്നത് പോലെ , പിന്നേം പിന്നേം പലതിനെയും വിളക്കി ഉണ്ടാക്കും .
മൂന്ന് ഹീലിയം – ചേർന്ന് ഒരു കാർബൺ .
കാർബണും ഹീലിയവും – ഓക്സിജൻ .
ഓക്സിജനും ഹീലിയവും – നിയോൺ .
നിയോണും ഹീലിയവും – മഗ്നീഷ്യം .
അങ്ങനെ ഇരുമ്പ് വരെ ഉള്ള മൂലകങ്ങൾ ഏതാണ്ടൊക്കെ , ഈ നക്ഷത്ര ഉലയിൽ ഉണ്ടായതാണ് .
നക്ഷത്രങ്ങൾ പലതും കത്തി തീരുമ്പോൾ പൊട്ടി തെറിക്കും . – സൂപ്പർനോവ ! മൂലകങ്ങൾ മൊത്തം ചിതറും . ചില വലിയ നക്ഷത്ര ഭീമന്മാർ , അവസാനം കറുത്ത ഓട്ടകൾ എന്ന നിഗൂഢ ബ്ലാക്ക് ഹോളുകൾ അഥവാ തമോ ഗർത്തങ്ങൾ ആവും .
പിന്നെയും നക്ഷത്രങ്ങൾ ഉണ്ടാവും . അത് പോലത്തെ , രണ്ടാം പരമ്പരയിൽ ഉള്ള ഒരു നക്ഷത്രം ആണ് നമ്മുടെ സൂര്യൻ .
ഇപ്പൊ മനസ്സിലായില്ലേ , നമ്മൾക്കുള്ള മൂലകങ്ങൾ ഒക്കെ സൂര്യൻ ഉണ്ടായ വാതക മേഘത്തിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു . കാർബൺ , ഓക്സിജൻ ഒക്കെ. ആദ്യ നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ച പൊടിയിൽ .
നമ്മുടെ ദേഹം പൊടി ആണ് . ധൂളി . നക്ഷത്ര ധൂളി .
പൊടിഞ്ഞ നക്ഷത്രങ്ങൾ കൊണ്ടാണ് എന്നെയും നിന്നെയും പടച്ചു വാർത്തിരിക്കുന്നത് .
സൂര്യൻ കത്തിയപ്പോൾ , കുറച്ചു ദൂരെ ഉള്ള സാധനങ്ങൾ ഒട്ടി ചേർന്ന് ഗ്രഹങ്ങൾ ആയി . സൂര്യന്റെ കിരണങ്ങൾ ഒരു കാറ്റ് പോലെ , ഹൈഡ്രജനെയും ഒക്കെ പുറത്തേക്ക് പറപ്പിച്ചു . നെല്ലും അറിയും ഒക്കെ പാറ്റി എടുക്കുന്നത് പോലെ , കനം കൂടിയ മൂലകങ്ങൾ അടുത്തുള്ള പാറ ഗ്രഹങ്ങൾ ആയി . ഭൂമി പിറന്നു . 4 .5 ബില്യൺ കൊല്ലങ്ങൾക്ക് മുൻപ് ആണ് സൂര്യനും അതിനെ ചുറ്റുന്ന ഭൂമിയും ഉണ്ടായത് . പറപ്പിച്ച ഹൈഡ്രജൻ ഒക്കെ പുറത്തെ , ജൂപ്പിറ്റർ പോലുള്ള വാതക ഗ്രഹങ്ങൾ ആയി .
ഈ ഭൂമി എന്ന ചെറു ഉണ്ട ആണ് നമ്മുടെ , ജീവികളുടെ , വരവിനുള്ള വേദി ഒരുക്കുന്നത് .
ഇത്രയും പറഞ്ഞതിൽ, രണ്ടു ഭീകര അദ്ഭുതങ്ങളും അനേകം ചോദ്യങ്ങളും ഒളിച്ചിരിക്കുന്നുണ്ട് . അത് പിന്നീട് .(ജിമ്മി മാത്യു )