ഞാൻ ഒരു ഭയങ്കരൻ – ഒലക്കേടെ മൂഡ് : (അഥവാ ഒരു ജഗതിക്കവിത)

പലപ്പോഴും പതിനഞ്ചും ഇരുപതും ഇരുപത്തഞ്ചും വയസ്സിലേക്ക് തിരിച്ചു പോവാൻ തോന്നാറുണ്ട് . വേറൊന്നിനുമല്ല – അന്നത്തെ വിശ്വാസങ്ങൾ തിരിച്ചു പിടിക്കാൻ :

 

ഞാൻ ആണ് പ്രപഞ്ചത്തിന്റെ സെന്റർ എന്ന് എനിക്ക് ഉറപ്പായിരുന്നു . കോപ്പർ നിക്കസിനോട് പൂവാൻ പറേ ഷ്ട . ഞാൻ രാവിലെ എഴുന്നേൽക്കുന്നത് കൊണ്ടാണ് സൂര്യൻ ഉദിക്കുന്നത് തന്നെ .

 

മോഡൽ സ്‌കൂൾ എന്ന സർക്കാർ സ്‌കൂളിൽ പഠിച്ചിട്ടാണ് എനിക്ക് എംബിബിസ് കിട്ടിയത് . പിന്നെ സ്വന്തം ശ്രമം  കൊണ്ടാണ്  ട്രെയിനിങ്ങും റസിഡൻസിയും ഒക്കെ ചെയ്തത് . ഫീസില്ലാതെ . ഹഹഹ . അങ്ങനെ എനിക്ക് നേടാൻ ആയതെല്ലാം എന്റെ മിടുക്കാണ് . എന്താ എതിരുണ്ടോ ?

 

സംവരണം …ഫ്ത്തൂ .

 

സർക്കാർ സ്‌കൂളിൽ പഠിച്ചു ( അത് വീണ്ടും വീണ്ടും പറയണം ) എനിക്ക് നേടാമെങ്ങിൽ – എല്ലാ സംവരണക്കാരും വെറും ശൂ ആണല്ലോ . പാവങ്ങൾ അവരുടെ കുഴപ്പം കൊണ്ടാണ് പാവങ്ങൾ ആയത് .

 

കുറെ വായിച്ചു . കൂടുതലും നോവലുകളും ലോകോത്തര കൃതികളും ചെറുപ്പത്തിലേ തന്നെ വായിച്ചിരുന്നു . ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം , ചരിത്രം ഒക്കെ അരച്ച് കലക്കി കുടിച്ചു . എന്നിട്ടും അവവനവനിൽ നിന്നും മോചനം നേടാനായില്ല . ഇടയ്ക്കിടെ ഞാൻ ആ പാട്ടു കോൾ – ‘മയിരോടെ’ കേട്ടു _

 

“അവനവൻ പൊക്കുന്ന മലകളിൽ വാഴുന്ന പുലിവാൽ ….പുലിവാൽ

അവനവൻ വീർപ്പിക്കും  നെഞ്ചുകൾ ഞെരുക്കുന്ന പുലിവാൽ ….”

 

പക്ഷെ ഒരു പ്രശ്നം പറ്റി . മഴകൾ വന്നു . വരൾച്ചകൾ വന്നു . തൃശൂരിലെ ഓടകളിലൂടെ ബ്രാലുകൾ കുറെ നീന്തിപ്പോയി .പോണ്ടിച്ചേരിയിലെയും , ബാംഗ്ളൂരിലെയും , കോഴിക്കോട്ടെയും കൊച്ചിയിലെയും ഓടകൾ കണ്ടു . കൂത്താടിയെയും നീർക്കോലിയേയും കണ്ടു .

 

വമ്പൻ സ്രാവുകളുടെ കൂടെ നീന്തി . നെത്തോലികൾ കരഞ്ഞു കൊണ്ട് പുറകെ വന്നു .

 

ഗുരുവായ്‌യാറപ്പന്റെ ജലദോഷം മാറി .

 

നരകൾ നാമ്പുകൾ നീട്ടി . മുടി കുറഞ്ഞു . ബുദ്ധി വികസിച്ചു . വായിച്ചും അനുഭവിച്ചതും പുഷ്പക വിമാനങ്ങളായി . അവനവനിൽ നിന്ന് ഉയർന്നു പൊങ്ങി . എന്തൊക്കെയോ കണ്ടു .

 

പോപുലേഷൻ ജനറ്റിക്‌സ് എന്ന ശാസ്ത്ര ശാഖാ പറയുന്നു – ഇന്ത്യയിൽ ജാതികൾ തമ്മിൽ ജനിതകപരമായ മിക്സിങ് നടക്കാതെ ആയിട്ട് 1900 വര്ഷങ്ങളായി എന്ന് . ഇപ്പോഴുള്ള ആളുകളുടെ ജനിതക പരിശോധനയിലൂടെ കണ്ടത്താവുന്നതേയുള്ളു  അതൊക്കെ . 4200 കൊല്ലം മുൻപ് മുതൽ 1900 വർഷങ്ങൾ മുൻപ് വരെ പല തരത്തിലുള്ള ആളുകളുടെ ഒരു ഭീകര സങ്കലനം ഇവിടെ സംഭവിച്ചു . അതിനു ശേഷം ആണ് തമ്മിലുള്ള വിവാഹങ്ങളും ലൈംഗിക ബന്ധങ്ങളും തീരെ ഇല്ലാതായത് എന്ന് ശാസ്ത്രം പറയുന്നു.

 

1900 വര്ഷം എന്നാൽ – ഒരു നൂറു തലമുറ . ഒരു ആറു തലമുറ കൊണ്ട് തന്നെ കാര്യമായ മാറ്റങ്ങൾ ഒരു പോപുലേഷനിൽ സംഭവിക്കാം എന്ന് വളരെ സ്തോഭജകമായ സൂചനകൾ ഉണ്ട് .

 

എന്ത് ഭീകര അപരാധമാണ് ചരിത്രം ചെയ്തത് ?

 

കഷ്ടം അതല്ല . ഇത് ഒരു ഇരകൾ ഉള്ള കുറ്റ കൃത്യം ആണ് . എന്നാൽ ഒരു കുറ്റവാളി ഇല്ലാത്തതുമാണ് .

 

ഇപ്പോഴുള്ള താഴ്ന്ന ജാതികൾ ഇരകളാണ് . എന്നാൽ ഇപ്പോഴുള്ള ഉയർന്ന ജാതികൾ പക്ഷെ കുറ്റവാളികളോ വേട്ടക്കാരോ അല്ല  . പേഴ്സണൽ ആയി പലരും പരിതാപകരമായ അവസ്ഥയിൽ അന്ന് താനും .

 

സംവരണം കാലത്തിന്റെ ഒരു കോമ്പൻസേഷൻ കൊടുക്കലാണ് .

 

ഞാൻ ഞാനല്ല . ഞാൻ ഡോക്ടർ ആയിരുന്ന എന്റെ അപ്പൻ ആണ് . അഭ്യസ്‌ത്യ വിദ്യയായ എന്റെ അമ്മയാണ് . കഠിനാധ്വാനീ എന്നാൽ ചെറു ഭൂവുടമ ആയിരുന്ന എന്റെ അപ്പൂപ്പൻ ആണ് . കോളേജ് അദ്ധ്യാപകൻ ആയിരുന്ന മമ്മേടെ അപ്പനാണ് . പണ്ടെങ്ങോ കച്ചവടത്തിലൂടെയോ , രാജ ഭരണ കാലങ്ങളിലെ രാഷ്ട്രീയം മൂലമോ കിട്ടിയ ജാത്യാലുള്ള പ്രിവിലേജ് – അതും ഞാൻ തന്നെ ആണ് .

 

തലയിലെ ആൾതാമസം പുസ്തകങ്ങൾ വാങ്ങിച്ച കാശ് ആണ് . കണ്ടും കേട്ട സാഹചര്യങ്ങൾ ആണ് .

 

അതായത് പൊന്നു സുഹൃത്തേ – പത്തു നാല്പതു വയസ്സായപ്പോൾ ഞാൻ കേട്ട പാട്ടു ഇതായിരുന്നു :

 

“മാറാലയും ചെമ്പല്ലിയും –മേൽക്കൂര താങ്ങുന്നുവോ …മേൽക്കൂര താങ്ങുന്നുവോ …”

 

ആരൊക്കെയോ കെട്ടിപ്പടുത്ത മേൽക്കൂരയിൽ ഇരുന്നു ഗീർവാണം മുഴക്കുന്ന ഒരു പല്ലിയാണ് ഞാൻ .

 

എന്നാലും , ആ ഒരു മാർക്കിന് എനിക്ക് മെഡിസിന് കിട്ടിയില്ലായിരുന്നെങ്കിൽ , ആ ഒരു റാങ്കിന് എനിക്ക്‌ സർജ്ജറിക്ക് പോകാൻ പറ്റിയല്ലായിരുന്നെങ്കിൽ , ജീവിക്കാൻ എപ്പോഴെങ്കിലും കഷ്ടപ്പെട്ടിട്ട് ഉണ്ടായിരുന്നെങ്കിൽ – ഒരു പക്ഷെ ഞാനും സംവരണ വിരുദ്ധൻ ആയി തുടർന്നേനെ . എനിക്ക് എന്നെ തന്നെ അത്ര വിശ്വാസമേയുള്ളു .

 

വായിച്ചും പഠിച്ചും കിട്ടിയ പെർസ്പെക്റ്റീവ് ഒക്കെ ഞാൻ അറബിക്കടലിൽ ഒഴുക്കിയേനെ .

 

കാലത്തിനു പ്രായശ്ചിത്തം ചെയ്തേ പറ്റൂ എന്ന് ഞാൻ വിചാരിക്കുന്നു .

 

കൊനുഷ്ടു കമന്റുകളുമായി നിങ്ങൾ ഇത് വഴി വരില്ലേ , ആനകളെയും തെളിച്ചു കൊണ്ട് ? (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .