എന്തുട്ടാ ഗെഡിയെ- മാനുഷമ്മാർക്ക് ഗോണോള്ള വല്ല പോസ്റ്റും ഇട്ടൂടെഷ്ടോ? എപ്പോ നോക്കിയാലും ശാസ്ത്രം ഫിലാസാഫി, ചരിത്രം- അവന്റെ ഗോണോത്തിലെ ഫിലാസാഫി!
കേട്ടു മടുത്തു സുഹൃത്തുക്കളെ! അത് കൊണ്ട് നൂറു ശതമാനം പരോപകാരപോസ്റ്റ് ആണിത്. സേവ് ചെയ്തു വെച്ചോ. മാസ്കിമം ഷെയർ ചെയ്താലും കുഴപ്പമില്ല.
സംഭവം എന്താണെന്നു വെച്ചാൽ, ജീവിതത്തെ മൊത്തത്തിൽ മഥിക്കുന്ന ഒരു പ്രശ്നമായിരുന്നു- അപ്രത്യക്ഷമാകുന്ന ജെട്ടികൾ!
ആകെ മൂന്നാല് ജെട്ടി കാണും. നമ്മൾ ഇങ്ങനെ ജെട്ടിയിടും, ഊരും. വേറെയിടും; ഊരും. അലക്കാനുള്ളത് പൊതുവായുള്ള ഇട്ട-വസ്ത്രക്കൂനയിലോട്ട് പോകും. അത് വാഷിങ്‌മെഷീനിലോട്ട് ഇട്ട് പതിയെ ഉണങ്ങി ഒക്കെ വരുമ്പോ, – നമ്മൾ അതത്രെ ബാക്കി വന്നു എന്ന് ശ്രദ്ധിക്കുന്നില്ല. ഏതാനും ആഴ്ചകൾ കൊണ്ട് നമ്മൾ ഒരു കാര്യം മനസിലാക്കുന്നു. ജെട്ടിക്ഷാമം!! കൊടിയ ജെട്ടി ക്ഷാമം!!
നമ്മൾ ഒരെണ്ണം ഇട്ടും ഇടാതെയും തപ്പിയും പതം പറഞ്ഞും ഇങ്ങനെ മാസങ്ങൾ തള്ളി നീക്കുന്നു.
“ഇതൊക്കെ എവിടെ പോകുന്നോ- മൈ….!” എന്ന് ഇടയ്ക്കിടെ പ്രാകുന്നു. വല്ലപ്പോഴും കുടുംബത്തിന് തുണി വാങ്ങാൻ പൊകുമ്പോ നമ്മൾ ഓർക്കുന്നു- രണ്ടെണ്ണം വാങ്ങുന്നു. ഈ സൈക്കിൾ അഥവാ ചംക്രമണ പ്രക്രിയ ആവർത്തിക്കുന്നു.
പിന്നെ കുറെ നാൾ ജെട്ടികൾ സ്വയം കഴുകി ഇട്ടു തുടങ്ങി. എന്നിട്ടും ഉണക്കൽ, മിക്സിങ്, എടുക്കൽ, മടക്കി വെക്കൽ ഇതിനിടക്ക് എവിടെയോ അപ്രത്യക്ഷമാകൽ അനുസ്യൂതം തുടരുന്നു!! അപ്പോഴേക്കും സ്റ്റാൻഡേർഡ് കൂടി, സ്ഥിരം ഷൂസ് ഒക്കെ ഇട്ടു തുടങ്ങി. അപ്പൊ സോക്സ്ന് ഇതേ പ്രശ്നം!! ഇവിടെ വളരെ കണിശത്തോടെ ഒരു ജോഡിയിലുള്ള സൊക്സിന്റെ ഒരെണ്ണം മാത്രം കാണാതാവും! ചിലപ്പോ രണ്ടു സോക്സ് കാണാതാവും. പക്ഷെ അദ്‌ഭുതം എന്ന് പറയട്ടെ, എപ്പോഴും രണ്ടു ജോഡിയിൽ നിന്ന് ഓരോന്നാവും! പിന്നെ ഒരു കാലിൽ കറുത്തതും മറ്റേ കാലിൽ നീലയും ഒക്കെ ഇട്ടു നടക്കണം.
ഇതിനെപ്പറ്റി വളരെ വിവരമുള്ളതും ശാസ്ത്രകുതുകിയുമായ ഒരു ഗെഡിയോട് ഡിസ്‌കുസ് ചെയ്തപ്പോ, അദ്ദേഹം പറഞ്ഞത് രണ്ട് സാദ്ധ്യതകൾ ആണ്:
- നമ്മുടെ സോളാർ സിസ്റ്റവും ആൻഡ്രോമീഡ ഗാലക്സിയിലുള്ള ഒരു ഗ്രഹവുമായി ബന്ധിപ്പിക്കുന്ന ഒരു വേം ഹോൾ ഉണ്ട്. ഒരു രഹസ്യ ജെട്ടിപാത. ഈ രഹസ്യ ജെട്ടിപാതയിലൂടെജെട്ടികൾ അടിച്ചു മാറ്റുകയാണ് അന്യഗ്രഹ ശവികൾ.
- നമ്മുടെ മൂന്നു ഡയമെൻഷനുമപ്പുറം വേറെ ഡയമെൻഷനുകളായ ബ്രെയിൻ ലോകങ്ങൾ ഉണ്ട്. മനുഷ്യകണ്ടുപിടിത്തങ്ങളായ ജെട്ടികൾ നമ്മൾ ഇട്ടു കഴിഞ്ഞാൽ പ്രത്യേകതരം ക്വണ്ടം ഒബ്ജെക്റ്റുകളായി അവ മാറും. ഇവ, ഹിൽബെർട്ട് സ്പെയ്സുകളിൽ അനുരണനങ്ങൾ ഉണ്ടാക്കുകയും, അവ മറ്റേ ഡയമയിലിലോട്ട് സംക്രമിക്കുകയും ഹൈയർ ഡൈമെൻഷനൽ ബീയിങ്സ് എന്ന വേറൊരു തരം അലിയെൻ ജീവികൾ അവയെ കൈക്കലാക്കുകയും ചെയ്യും.
ശെടാ. എന്താണ് ഈ ജീവികൾക്ക് നമ്മുടെ ജെട്ടികൾ ഒക്കെ?
“ആ- അതറിയാൻ വയ്യ”. പുള്ളിക്ക് നല്ല ദേഷ്യം വന്നു. “നമ്മളിൽ ചിലർ എന്തിനാണ് ടൈ കെട്ടുന്നത്? നമ്മൾ ജനിച്ച ദിവസം കഴിഞ്ഞു 365 ദിവസം ആവർത്തിക്കുമ്പോ കേക്കിന്റെ പുറത്ത് മെഴുകുതിരി വെച്ച് കാപ്പി ബിർത്ഡേയ് ടൂ യൂ ന്നു പറഞ്ഞ് കാറുന്നത് എന്തിനാണ്? സങ്കല്പങ്ങളുടെ പേരും പറഞ്ഞ് തമ്മിൽ തല്ലി തല കീറുന്നത് എന്തിനാണ്? അന്യഗ്രഹ ജീവികളുടെ ആത്മനിർവൃതി എങ്ങനെ ആണെന്ന് നിനക്കെങ്ങനെ അറിയാം?”
അപ്പൊ പരിഹാരം എന്താന്ന് ഞാൻ ചോദിച്ചില്ല. ഞാൻ തന്നെ ഒരു ഉപായം നോക്കി. അപ്പോഴേക്കും അത്യാവശ്യം കാശൊക്കെ ഉണ്ടായി എന്നത് വേറൊരു സത്യം. ഉടൻ കടയിൽ പോയി ഏകദേശം ഒരു പോലിരിക്കുന്ന മുപ്പത്- മുപ്പത്തഞ്ചു ജെട്ടി അങ്ങോട്ട് വാങ്ങി. ഒരു മുപ്പത് ജോഡി ഒരേ കളറും സൈസുമുള്ള സോക്സുകളും. അതൊക്കെ ഇട്ട് വെയ്ക്കാൻ ഒരു സ്റ്റൈലൻ ബാഗും വാങ്ങി.
ഈ അന്യഗ്രഹ ആന്റി-ജെട്ടിക്കൊതിയൻ ഐഡിയക്ക് ഒരു പേരുമിട്ടു:
“ജിമ്മിച്ചൻസ് ജെട്ടി ഫ്ലഡിങ് തെറാപ്പി”
അദ്‌ഭുതം എന്ന് പറയട്ടെ. കഴിഞ്ഞ എട്ടു പത്തു വർഷമായി ഒരു കുഴപ്പവുമില്ല. ഒറ്റ ജെട്ടിയോ സോക്സോ വാങ്ങിയിട്ടില്ല. വീടിന്റെ മുക്കിലും മൂലയിലും ഈ സാധനങ്ങൾ ആണ്. ഇടയ്ക്കിടെ പെറുക്കി ബാഗിലിട്ട് വെയ്ക്കണം എന്ന് മാത്രം.
അപ്പൊ ഇപ്പോ ഏതെങ്കിലും പോകുന്നുണ്ടോ എന്നല്ലേ ചോദ്യം?
ആ. അതൊക്കെ നമ്മൾ എന്തിനു അന്വേഷിക്കണം? ഇടാൻ തപ്പുമ്പോ ജെട്ടി റെഡി. വലിച്ചു കേറ്റാൻ നോക്കുമ്പോ സോക്‌സും റെഡി. ഭാരിച്ച കാര്യം നമ്മൾ അന്വേഷിക്കണ്ടല്ലോ? അന്യഗ്രഹ ജെട്ടിക്കൊതിയന്മാരുടെ മോട്ടിവേഷൻസ് നമ്മൾ ആലോചിച്ചു മെനക്കെട്ടില്ലല്ലോ; ഏത്?
അപ്പൊ പേര് മറക്കണ്ട- ജിമ്മിച്ചൻസ് ജെട്ടി ഫ്ലഡിങ് തെറാപ്പി.
(ജിമ്മി മാത്യു)