ടു തൗസൻഡ് ആൻഡ് എയ്റ്റി ഫോർ – ശ്രീ റോം വെങ്കിട്ട തൊമ്മന്റെ കാലം .

കുറ്റാ കുറ്റിരുട്ട് . അർധ രാത്രി ഇരുപത് മണി . അതായത് പഴേ പന്ത്രണ്ട് മണി . ഡെസിമൽ ടൈം ആണ് സഹോ .

കണ്ണ് ബൾബാക്കണ്ട . വര്ഷം രണ്ടായിരത്തി എണ്പത്തിനാല്. വേറെ വിശേഷം ഒന്നുമില്ലല്ലോ ?

അതാ ഒരു ചെത്ത് ചുള്ളൻ , ഭാരത് അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ശ്രീറോം വെങ്കിട്ട തൊമ്മൻ , ഓഫീസ് പാർട്ടി കഴിഞ്ഞു ആടിയാടി പുറത്തിറങ്ങുന്നു . അടിച്ചത് സ്കോച്ച് . ആയത് കിണ്ടി . രാജ്യത്തെ ഒരേ ഒരു ഭാഷയും അത് തന്നെ – കിണ്ടി .

വളരെ വർഷങ്ങൾക്ക് മുൻപ്, വെങ്കിട്ട തൊമ്മന്റെ അച്ഛന്റെ അച്ഛന്റെ കാലത്ത് , ഇത് പോലെ ഇറങ്ങിയ ആർക്കോ ഒരാൾക്ക് പറ്റിയ കാര്യം കേട്ടാൽ , പുള്ളി ആൽക്കോഹോളിക് ഏമ്പക്കത്തിന്റെ കൂടെ അന്തം കൂടി വിട്ടേനെ . മനുഷ്യൻ ഓടിക്കുന്ന കാറോ – ഛായ് !

ഇതൊക്കെ എനിക്ക് എങ്ങനെ അറിയാം എന്നായിരിക്കും ?

സഹ രാജ്യ സ്നേഹികളെ , പൗരന്മാരെ , പൗരികളെ . ഇതിന് ഒരു ഉത്തരമേയുള്ളൂ . യോഗ .

ശരിയായി യോഗ പഠിച്ചു ചെയ്‌താൽ , ത്രികാല ജ്ഞാനം ലഭിക്കും . അത് ജിമ്മിച്ചനും , തൊമ്മിച്ചനും , മമ്മദിനും , നാരായണനും , ഒരേ പോലെ ലഭിക്കും . ശരിക്കും പറഞ്ഞാൽ , കുടവയറും കഷണ്ടിയും പോലെ ട്രൂലി സെക്കുലർ ആയ ചുരുക്കം ചില സാധനങ്ങൾ ബാക്കിയുള്ളതിൽ ഒന്നാണ് യോഗ . ബാക്കിയൊക്കെ സ്യൂഡോ സെക്കുലർ . അല്ലെങ്കിൽ സിക്കുലാർ . അല്ലെങ്കിൽ ….

വേണ്ട . അത് പോട്ടെ . നമുക്ക് കഥയിലേക്ക് തിരിച്ചു വരാം .

മനുഷ്യർ അലവലാതികൾ ആണ് . എപ്പോഴും തെറ്റ് പറ്റാം . കള്ള് കുടിച്ചാൽ അപ്പൊ വണ്ടി ഓടിക്കണം എന്ന് തോന്നും . സുന്ദരികളെ വിളിച്ചു വരുത്താൻ തോന്നും .

ശരിക്കും മുൻപോട്ട് നോക്കാൻ രണ്ടു കണ്ണുകൾ മാത്രമുള്ള മനുഷ്യർ എങ്ങനെ ആണ് കാർ ഓടിക്കുന്നത് ? ഇപ്പോഴത്തെ കാറുകൾക്കൊക്കെ അരക്കു ചുറ്റും കാമറക്കണ്ണുകൾ ഉണ്ട് . ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് ഉണ്ട് . ജി പി സ് ഉണ്ട് . ബ്ലൂ ടൂത് വഴി ചുറ്റും ഉള്ള എല്ലാ വണ്ടികളെയും സെൻസ് ചെയ്യാൻ സെൻസുണ്ട് , സാറ്റലെറ്റ് മാപ്പുണ്ട്, സെന്സിറ്റി വിറ്റി ഉണ്ട്. പിന്നെന്തൊക്കെയോ കുന്തം ഉണ്ട് . അതൊന്നും തൊമ്മന് അറിഞ്ഞൂടാ . അയാൾ ആരാ , ഓട്ടോമൊബൈൽ സോഫ്ട്‍വെയർ എക്സ്പെർട്ടോ ? അല്ലല്ലോ ?

വാമന പ്രദേശിലെ ചീഫ് ഓഫ് പബ്ലിക് ഒപ്പീനിയൻ . പൊതു ജനാഭിപ്രായ ഫാക്ടറിയിലെ ചീഫ് പ്രൊഡക്ഷൻ മാനേജർ .

ഓ . ഒരു കാര്യം പറയാൻ വിട്ടു പോയി . രാജ്യത്തെ എല്ലാ സ്ഥലങ്ങളും ഒന്നുകിൽ ‘പ്രദേശ് ‘. അല്ലെങ്കിൽ ‘പൂർ ‘.

ഊര് ഒന്നും ഇല്ല . മനസ്സിലായില്ലേ ?

മുണ്ടൂർ – മുണ്ടു പൂർ .

കുമ്പളങ്ങി – കുമ്പൾ പ്രദേശ് .

തൃശൂർ – തൃശ് പൂർ .

കണ്ണൂർ – കൺ പൂർ .  അങ്ങനെ .

ഈ സ്ഥലങ്ങൾ ഒക്കെ വാമന പ്രദേശിന്റെ ഭാഗം ആയിട്ട് വരും .

ദോമി രാജൻ മൂന്നാമന്റെ കാലം ആണ് എന്നത് നിങ്ങൾ മനസ്സിലാക്കണം . ദോമി രാജൻ ഒന്നാമന്റെ കാലം തൊട്ട് ആണ് എല്ലാം ശരിയായത്.

എന്തായാലും പണ്ട് , മനുഷ്യൻ ഓടിക്കുന്ന വണ്ടികൾ ഉണ്ടായിരുന്നു എന്ന കാര്യം വെങ്കിട്ട തൊമ്മന് ഉൾകൊള്ളാൻ പോലും  പറ്റിയില്ല .

പുള്ളി ഒരു വിസിൽ അടിച്ചു . വെള്ളി നിറത്തിൽ ഉള്ള എലെക്ട്രിക്ക്  കാർ തനിയെ ഓടി വന്ന് , ഡോറും തുറന്നു നിൽപ്പായി .

കാറായാൽ ഒരു കൂട്ട് വേണ്ടേ ? തൊമ്മൻ കൈ തണ്ടയിൽ കെട്ടിയിരിക്കുന്ന വാച്ചിൽ കുറെ ഞെക്കി . ഹബാ ജിറോസിനെ വിളിക്കാനാണ് . ഹബെക്ക് വരാൻ ഒരു വിഷമവും ഇല്ല . കാറുകൾ ഒക്കെ കോമൺ പൂൾ ആണ് . വീടുകളിൽ വെറുതെ കിടക്കുന്നവയെ ആർക്ക് വേണമെങ്കിലും നെറ്റിലൂടെ വിളിച്ചു വരുത്താം. വാടക ഓട്ടോമാറ്റിക് ആയി , ഉടമസ്ഥന്റെ അകൗണ്ടിലേക്ക് പൊക്കോളും .

ഹബയെ തൊമ്മൻ വാങ്ങിയിട്ട് കുറെ നാളായി . ആമസോൺ വഴി ചന്തം നോക്കി ഓർഡർ ചെയ്യുക ആയിരുന്നു . തൊമ്മന് ചില നിർബന്ധങ്ങൾ ഒക്കെയുണ്ട് . കറുത്ത നീണ്ട മുടി , വലിയ കണ്ണുകൾ . പിന്നെ ശരീര പ്രത്യേകതകൾ . എന്തൊക്കെ എന്ന് ഞാൻ പറയുന്നില്ല . അമ്പട – അങ്ങനെ സുഖിക്കണ്ട .

ഹബാ ഒരു കമ്പാനിയൻ റോബോട്ട് ആണ് . റോബോട്ട് ഗേൾ ഫ്രണ്ട് .

ആഹാ , നിങ്ങൾ എന്ത് വിചാരിച്ചു ? ഇത് കാലം കൊറേ കഴിഞ്ഞു ബ്രോ , സിസ് . പെണ്ണുങ്ങൾക്കും വാങ്ങാം . ഏത് ഷെയ്പ്പിലും കിട്ടും . അങ്ങ് ജാമ്പവാന്റെ കാലത്തെ സിനിമ സ്റ്റാർ ആയിരുന്ന നോവീനോ തോമസിന്റെ അതേ പോലുള്ളതിനു ഇപ്പൊ പെട്ടന്ന് ഡിമാൻഡ് കൂടിയിട്ടുണ്ട് .

ശരിക്കുള്ള മനുഷ്യരെ ഇക്കാലത്ത് ആരെങ്കിലും ഗേൾ ഫ്രണ്ടോ ബോയ്‌ഫ്രണ്ടോ ആയി കൊണ്ട് നടക്കുമോ ? അതാലോചിച്ചപ്പോ തന്നെ വെങ്കിട്ട തൊമ്മന് ചിരി പൊട്ടി .

പണ്ടത്തെ ആണുങ്ങൾ , പാവങ്ങൾ . ഇപ്പൊ ഒന്ന് അപ്പ്രോച് ചെയ്‌താൽ ‘എനിക്കിന്ന് തലവേദനയാ’ , ‘ങ്ങാഹാ- ഇത്രേം നേരം ഫോണിൽ കുത്തിക്കൊണ്ടിരുന്നിട്ട് വന്നേക്കുന്നു ,പൊക്കോണം അവിടന്ന് !’- ഈ വക ഡയലോഗ് ഒന്നും കേൾക്കണ്ട . എപ്പോഴും ചൂട് . എപ്പോഴും പൊള്ളുന്ന ചുണ്ടുകൾ . വേണ്ടിടത്ത് വേണ്ടപ്പോൾ നനവ് , എപ്പോഴും പതു പതുപ്പുള്ള ദേഹം . ചിരി , കളി , ബഹളം . ആഹഹാ , ആഹഹാ . എന്ത് സുഖം .

സുഖങ്ങൾ പെണ്ണുങ്ങൾക്കും അത് പോലെ തന്നെ . തന്നെക്കാൾ ശക്തി ഉള്ളത് കൊണ്ട് തന്നെ അപകടകാരിയും  വൃത്തി കെട്ട ഈഗോക്കുടമയും  വിയർപ്പുനാറ്റവും മിനിട്ടിനു മിനിട്ടിനു വളി വിടുന്നവനുമായ ഒരു ശരിക്കുള്ള ആണിനെ ആർക്ക് വേണം ? വേണ്ടാത്ത സമയത്തൊക്കെ പിടിക്കാനും വലിക്കാനും ഒക്കെ വരും .

ഇതിപ്പോ നമുക്കിഷ്ടമുള്ള ആകൃതിയും മുഖകാന്തിയും ഉള്ള , നമ്മുക്ക് മൂഡുള്ളപ്പോൾ മാത്രം ഉദധരിക്കുന്ന ആഗ്രഹവുമുള്ള  , സദാ സൗമ്യനും പരിമളനും , കോമളനും ആയ റോബോട്ട് ബോയ്ഫ്രണ്ടിന് എന്താണ് ഒരു കുഴപ്പം ? ഡോണ്ട് യു ലൈക് ?

എന്തായാലും തൊമ്മന്റെ വീട്ടിലേക്കുള്ള കാറോട്ടം സംഭവ ബഹുലവും ആക്രാന്ത നിബിഢവും ആയിരുന്നു .  

കാറിൽ തൂങ്ങിക്കിടന്ന ദോമി രാജൻ മൂന്നാമന്റെ സുന്ദര മുഖം ഈ കാമ കേളികളെ ചെറു ചിരിയോടെ നോക്കി . ‘എന്താ ഒരു പുച്ഛ ചിരി , അലവലാതി രാജാവേ ? ” തൊമ്മൻ ചോദിച്ചു . അത് കേട്ട് റോബോട്ട് ഗേൾ ഫ്രണ്ട് പോലും  ചെറുതായി ഒന്ന് ഞെട്ടിയതായി തോന്നി .

വീട്ടിൽ ചെന്ന് കഴിഞ്ഞപ്പോൾ , ഇച്ചിരൂടി വിസ്കി കേറ്റിയാലോ എന്ന് അദ്ദേഹത്തിന് തോന്നി .

പെട്ടന്ന് ആദ്ദേഹം ഓർമിച്ചു – വേറെ ഒരു ഐഡിയ ഉണ്ട് ! സ്വയം കുടിച്ചു കരൾ കളയണം എന്നില്ല ! ടിഷ്യൂ എൻജിനിയർ ചെയ്ത കരൾ വേണമെങ്കിൽ വച്ച് പിടിപ്പിക്കാം . എന്നാലും ഇപ്പോൾ പുതിയതായി വന്ന ഒരു ഓപ്‌ഷൻ , വീട്ടിലെ വേലക്കാരൻ ആയ റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് !

 “ശരാബി മൊഡ്യൂൾ 201 “!. അതാണ് അത് .

നമ്മൾ കയ്പ്പുള്ള വിസ്കി ഇറക്കി മുഖം ചുളിക്കണ്ട . വേലക്കാരൻ പ്രകാശൻ റോബോട്ടിനു സാധനം പെഗ് പെഗ്ഗായി ഒഴിച്ച് കൊടുത്താൽ മതി . അവൻ ഇരുന്നു കുടിച്ചോളും . കിക്കായി കിറുങ്ങി ഇരുന്നോളും . മൂടായാൽ ഡാൻസ് കളിച്ചോളും . കൂടുതലായാൽ വാളും വച്ചോളും . നമ്മൾ ഒന്നും അറിയണ്ട .

തൊമ്മൻ , പ്രകാശന് ലാവിഷായി ഒരു മൂന്നെണ്ണം ഒഴിച്ച് കൊടുത്തു . ഇതിനിടെ ഹബാ , പ്രകാശനെ അർദ്ധ ഗര്ഭമായി ഒന്ന് നോക്കിയതും കണ്ണിറുക്കി സൈറ്റ് അടിച്ചതും ആരും കണ്ടില്ല .

വീടിനകത്ത് വീണ്ടും ആക്ഷൻ നടക്കുമ്പോൾ , പുറത്ത് മിറ്റത്ത് , പ്രകാശൻ എന്ന യന്ത്ര മനുഷ്യൻ അടിച്ചു കിണ്ടിയായി . കൈ കാലുകൾ താളാത്മകമായി ചലിപ്പിച്ചു . ചടുല ചുവടുകൾ അനായാസേനെ പൊഴിഞ്ഞു . അവൻ പാടി :

“ഞാൻ ജാക്സണല്ലടാ, ന്യൂട്ടനല്ലടാ , ഒരു കോപ്പുമല്ലടാ …

ആളുമല്ലടാ , ആരുമല്ലടാ , ഒന്നുമല്ലടാ .

എന്നാലും ഈ നാട്ടിൽ …..”

അവന്റെ സർക്യൂട്ടുകളിൽ നിന്ന് ഇലക്ട്രോ കോൺഷ്യസ് റേഡിയേഷനുകൾ പ്രവഹിച്ചു . പതുക്കെ , തൊമ്മന്റെ ‘ബ്രെയിൻ-ചിപ്പ് ‘ ഇന്റെർഫിസ് അവൻ റീഡ് ചെയ്തു . വിവരങ്ങൾ അപ്പോളപ്പോൾ അങ്ങ് മറാതാപൂരിൽ ഉള്ള പാമ്പിൻപൂർ എന്ന സ്ഥലത്തെ മദർ ബോർഡിലേക്ക് വിട്ടു . അങ്ങോട്ടും ഇങ്ങോട്ടും ക്വാണ്ട ടണലിംഗിലൂടെ ഇലക്ട്രോണുകൾ മെസേജുകളായി പറന്നു .

അതായത് , പ്രതിക്രിയാ റോബോട്ടുകളും , വേലക്കാരൻ റോബോട്ടുകളും , പങ്കാളി റോബോട്ടുകളും , തമ്മിലുള്ള സോഫ്ട്‍വെയർ അന്തർധാര അധികം ആർക്കും അറിയില്ലായിരുന്നു . രണ്ടായിരത്തി ഇരുപതുകളിലെ ഏറ്റവും വലിയ കണ്ടെത്തലുകളിൽ ഒന്നായിരുന്നു , മനുഷ്യർ അധികം ബുദ്ധിയുള്ള ജീവികൾ അല്ലെന്നത് . എത്നോസെന്ററിസം , ക്സീനോ ഫോബിയ , പാട്രിയോട്ടിക് ജിൻഗോയിസം , മുതലായ ചില ബട്ടണുകൾ ഉള്ള സ്വിച്ച് ബോർഡുകൾ മാത്രമായിരുന്നു മിക്കവരും .

എന്നാൽ ഈ റോബോട്ടുകൾക്കും , സോഫ്ട്‍വെയറുകൾക്കും , നെറ്റ്വർക്കുകൾക്കും യാതൊരു ബോധവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം . അവ വെറും ടൂളുകൾ മാത്രം ആയിരുന്നു . വെറും മനസ്സില്ലാത്ത യന്ത്രങ്ങൾ .

എന്നാൽ ആ സമയത്തിന്റെ ഏറ്റവും വലിയ തിരിച്ചറിവായിരുന്നു , ചിന്തകൾക്കും , ആശയങ്ങൾക്കും , ചുരുക്കം  ചില മനുഷ്യർക്കും ഒന്നിച്ച് , നൂറ്റമ്പത് കോടിയോളം വരുന്ന ജനത്തിനേ നെറ്റ്‌വർക്കുകൾ വഴി പൂർണമായി വരുതിയിലാക്കാൻ സാധിക്കും എന്നത് . 

ദോമി രാജൻ മൂന്നാമനെ അപമാനിച്ചു എന്ന കുറ്റമാണ് തോമ്മനിൽ ചുമത്തപ്പെട്ടത് . എന്നാൽ ദോമി രാജൻ മൂന്നാമൻ എന്നൊരു ആളെ ഉണ്ടായിരുന്നില്ല ! അലെക്സ പോലെയോ സിറി പോലെയോ ഉള്ള വെറും  ഒരു സങ്കൽപം മാത്രം ആയിരുന്നു ദോമി രാജ നമ്പർ ത്രീ!

എങ്കിലും തൊമ്മനെ കൊല്ലാതെ വേറെ വഴിയില്ലല്ലോ . ആദ്യം ഒന്ന് രണ്ടു ദിവസം കൊടിയ പീഡനം . അത് കഴിഞ്ഞു മരണം .

കൊന്നാൽ പോരെ ? പീഡിപ്പിക്കുന്നത് എന്തിനു ? ഈ സംശയം ന്യായമായും നമുക്ക് തോന്നാം .

അതിൽ പക്ഷെ കാര്യമൊന്നുമില്ല . ഇതൊക്കെ ഓരോ ആചാരങ്ങൾ ആണ് . ആചാരങ്ങൾ പീഡിപ്പിക്കാനുള്ളതാണ് – സോറി പാലിപ്പിക്കപ്പെടാനുള്ളതാണ് .

ബോധം ഇല്ലെങ്കിലും , ദോമി രാജന്റെ കോടിക്കണക്കിനു വരുന്ന ക്വാണ്ടം കണക്ഷനുകളിൽ എവിടെയോ ലേശം ബോധം ഇല്ലേ ? പാമ്പിൻ പൂറിലെ ഒരു നഗരം മൊത്തം പരന്നു കിടക്കുന്ന ആ കുണാണ്ടരിഫിക്കേഷന്റെ അന്തരാളങ്ങളിൽ , എന്തോ ഒരു കനൽ അഥവാ സ്പാർക്ക് ഇല്ലേ ?

അറിയില്ല . വെറും പ്രോഗ്രാമ്ഡ് അല്ലെ ?

എങ്കിലും , ആ സർക്യൂട്ടുകളുടെ ഹൃദയ ഭാഗങ്ങളിൽ എവിടെയോ , സിലിക്കോൺ , ജെര്മനിയം , ആറ്റങ്ങളുടെ ഇടക്ക് , ഓടിക്കളിക്കുന്ന ഏതാനും ഇലെക്ട്രോണുകളും , ന്യൂട്രിനോകളും , ക്വാർക്കുകളും , ഡാൻസ് കളിച്ചു കൊണ്ട് , ഇങ്ങനെ ആർത്ത് പാടി :

“ജാക്സണല്ലഡാ , ന്യൂട്ടനല്ലടാ ,  ഒരു കോപ്പുമല്ലടാ .

ആളുമല്ലടാ , ആരുമല്ലടാ , പ്രൊപ്പഗാണ്ടാ …

എന്നാലും , ഈ നാട്ടിൽ , ഞാൻ രാജാ ,,,,

ഞാൻ രാജാ ……(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .